/indian-express-malayalam/media/media_files/2024/12/27/5kenksXMPKhxdxofK8eM.jpg)
Mohanlal & Pranav Mohanlal
റിയൽ ലൈഫ് ചാർളി എന്ന് ആരാധകർ വിശേഷിപ്പിക്കുന്നയാളാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. ഒരു സിനിമ ചെയ്യുക അതിനു പിന്നാലെ ഇഷ്ടാനുസരണം യാത്ര പോവുക എന്നതാണ് പ്രണവിന്റെ ശൈലി. യാത്രയോടുള്ള അഭിനിവേശവും അഭിനയവും സന്തുലിതമായി കൊണ്ടുപോവാനാണ് പ്രണവിന്റെ ശ്രമം. ചെറുപ്പത്തിൽ തനിക്കും പ്രണവിനെ പോലെ സമാനമായ ആഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നാണ് മോഹൻലാൽ പറയുന്നത്.
"ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെപ്പോലെ തന്നെ പ്രണവും സ്‌കൂളിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. അവന് അവന്റേതായ തത്ത്വങ്ങളുണ്ട്. അധികം സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കൂടുതൽ യാത്ര ചെയ്യാനും ഇടയ്ക്ക് സിനിമ ചെയ്യാനും അവൻ ആഗ്രഹിക്കുന്നു; അത് അവൻ്റെ തിരഞ്ഞെടുപ്പാണ്. ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല - അവൻ അവൻ്റെ ജീവിതം ആസ്വദിക്കട്ടെ. സിനിമയെ പിന്തുടരാനുള്ള എൻ്റെ സ്വപ്നം പങ്കുവെച്ചപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത്, ‘ആദ്യം, നിങ്ങളുടെ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കൂ, എന്നിട്ട് നിങ്ങൾ ആഗ്രഹിക്കുന്നതെന്താണോ അതു ചെയ്യുക’ എന്നാണ്. ഞാനും അങ്ങനെ തന്നെ. നമ്മൾ എന്തിന് നമ്മുടെ കുട്ടികളെ നിയന്ത്രിക്കണം? പ്രണവിൻ്റെ പ്രായത്തിൽ എനിക്കും സിനിമ ഉപേക്ഷിച്ച് ലോകം ചുറ്റാൻ ആഗ്രഹമുണ്ടായിരുന്നു. എൻ്റെ സ്വപ്നങ്ങൾ കൂടി സാക്ഷാത്കരിക്കാൻ അവനു കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്," സുഹാസിനി മണിരത്‌നവുമായുള്ള ഒരു ചാറ്റിനിടെ മോഹൻലാൽ പറഞ്ഞു.
തമ്പി കണ്ണന്താനത്തിൻ്റെ ഒന്നാമൻ (2002) എന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് അരങ്ങേറ്റം കുറിച്ചത്. പുനർജനി (2003) എന്ന ചിത്രത്തിലെ അഭിനയത്തിന് പിന്നീട് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും പ്രണവ് നേടി, അതിനുശേഷം നീണ്ട ഇടവേള എടുത്ത പ്രണവ്, അസിസ്റ്റന്റ് ഡയറക്ടറായാണ് തിരിച്ചുവരവ് നടത്തിയത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ കമൽഹാസൻ ചിത്രം പാപനാശം എന്ന ചിത്രത്തിൽ ജീത്തു ജോസഫിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്നു പ്രണവ്.
ജീത്തുവിൻ്റെ ആക്ഷൻ ത്രില്ലറായ ആദി (2018) എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് (2019), ഹൃദയം (2022), വർഷങ്ങൾക്ക് ശേഷം (2024) എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മരക്കാർ: അറബിക്കടലിൻ്റെ സിംഹം (2021), ബറോസ് എന്നീ ചിത്രങ്ങളിൽ അതിഥി വേഷങ്ങളിലും പ്രണവ് പ്രത്യക്ഷപ്പെട്ടു.
ഈ വർഷം നവംബറിൽ മോഹൻലാലിൻ്റെ ഭാര്യ സുചിത്ര നൽകിയ ഒരു അഭിമുഖത്തിൽ തങ്ങളുടെ മകൻ സ്പെയിനിലുണ്ടെന്നും അവിടെയൊരു ഫാമിൽ ജോലി ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. സ്‌പെയിനിലെ ഒരു ഫാമിലെ 'വർക്ക് എവേ' പ്രോഗ്രാമിൻ്റെ ഭാഗമായി കഴിയുകയാണ് പ്രണവ്. അവിടെ ഭക്ഷണത്തിനും താമസത്തിനും പകരമായി ജോലി ചെയ്യുന്നുണ്ടെന്ന് അവർ പറഞ്ഞു. സാമ്പത്തിക പ്രതിഫലത്തേക്കാൾ പ്രണവ് ഈ അനുഭവങ്ങളെയാണ് വിലമതിക്കുന്നതെന്നും സുചിത്ര പറഞ്ഞിരുന്നു.
അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ഫാന്റസി ചിത്രത്തിന്റെ പ്രിവ്യൂവിന് വേണ്ടി പ്രണവും എത്തിയിരുന്നു. ചെന്നൈയിൽ നടന്ന പ്രിവ്യൂ ഷോയിൽ, സഹോദരി വിസ്മയയ്ക്ക് ഒപ്പമാണ് പ്രണവ് എത്തിയത്.
Read More
- ആരായിരുന്നു ഞങ്ങൾക്ക് എംടി? അവർ പറയുന്നു
- അന്നാണ് റാണ ആദ്യമായി വീട്ടിൽ വന്നത്, ഉമ്മച്ചിയ്ക്ക് ആളെ ഒരുപാട് ഇഷ്ടമായി; ദുൽഖർ
- malayalam OTT Release: ഒടിടിയിൽ കാണാം ഏറ്റവും പുതിയ മലയാളചിത്രങ്ങൾ
- 'എന്റെ മകന് പോയി,' കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്നുവെന്ന് നടി തൃഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us