/indian-express-malayalam/media/media_files/uploads/2018/11/Peranbu-Tamil-Moive-Review-Mammootty.jpg)
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലേറെയായി തമിഴ് സിനിമയില്‍ നടന്നു വരുന്ന നവോത്ഥാനതുല്യമായ ഒരു വലിയ മാറ്റമുണ്ട്. പ്രമേയപരവും ശൈലീപരവുമായ പരീക്ഷണങ്ങളിലൂടെ തമിഴ് സിനിമയെ കൈപിടിച്ചു നടത്തി ഉയരങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം സംവിധായകരാണ് അതിനു ചുക്കാന്‍ പിടിക്കുന്നത്. മണ്ണില്‍ ചവിട്ടി നിന്ന് കൊണ്ട്, തമിഴന് പരിചിതമായ ഭാവികത്വം കൈവിടാതെ, അവര്‍ പുതു പരീക്ഷണങ്ങളുടെ വഴി തുറന്നു. സൂപ്പര്‍താരങ്ങള്‍ മുതലിങ്ങോട്ടുള്ളവര്‍ ആ ഉദ്യമങ്ങള്‍ക്ക് കൈകൊടുത്തപ്പോള്‍ അത് തമിഴ് സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തിന് തിരി തെളിച്ചു. പ്രതിഭാധനരായ ആ സംവിധായകരുടെ കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒരു പേരാണ് 'റാം' എന്ന സംവിധായകന്റെത്.
നാല് ചിത്രങ്ങള്‍ മാത്രം കൊണ്ട് തമിഴ് സിനിമയില്‍ മാത്രമല്ല, സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരുടേയും ഹൃദയങ്ങളില്‍ ഇടം പിടച്ച സംവിധായകന്‍ റാം, മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുമായി കൈകോര്‍ത്ത ചിത്രമാണ് 'പേരന്‍പ്'. വളരെ വിരളമായി മാത്രം മറ്റു ഭാഷാ ചിത്രങ്ങളില്‍ എത്തുന്ന മമ്മൂട്ടി, റാം എന്ന സംവിധായകന്റെ സിനിമയില്‍ കണ്ടതെന്താണ് എന്ന് സ്വാഭാവികമായും ആകാംഷ തോന്നാം. മമ്മൂട്ടി എന്ന താരത്തിന്റെ, സുന്ദരനായ നടന്റെ സാധ്യതകളാണ് മറ്റു ഭാഷാ ചിത്രങ്ങള്‍, പ്രത്യേകിച്ച് തമിഴ് സിനിമ മുന്‍കാലങ്ങളില്‍ ഉപയോഗിച്ച് കണ്ടിട്ടുള്ളത് (അഴകന്‍, ദളപതി, മൗനം സമ്മതം പോലുള്ള ചിത്രങ്ങളില്‍). അതല്ലെങ്കില്‍ രൂപപരമായ സാധ്യതകളുള്ള അംബേദ്‌ക്കര്‍, വൈ എസ് ആറിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന 'യാത്ര' പോലുള്ള സിനിമകളാണ് മറ്റു ഭാഷകളില്‍ നിന്നും അദ്ദേഹത്തെ തേടിയെത്തുക. എന്നാല്‍ റാം തേടിയെത്തിയത് മമ്മൂട്ടി എന്ന താരത്തെയല്ല, മമ്മൂട്ടി എന്ന അഭിനേതാവിനെയാണ്. ഏറെക്കാലമായി മലയാളി കാണാന്‍ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ അഭിനയ പ്രഭാവത്തെയാണ്.
ഇത് കാണാന്‍ തന്നെയായിരിക്കണം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌ഐ) കഴിഞ്ഞ ദിവസം 'പേരന്‍പ്' പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞത്. തന്റെ മുന്‍കാല ചിത്രങ്ങളായ 'കട്രത് തമിഴ്', 'തങ്കമീന്‍കള്‍', 'തരമണി' എന്നിവയിലൂടെ ഇന്ത്യന്‍ പനോരമ പ്രേക്ഷകര്‍ക്ക് പരിചിതനായിരുന്നു റാം.
Read More: മമ്മൂട്ടി ഇല്ലെങ്കില്‍ 'പേരന്‍പ്' ഇല്ല: സംവിധായകന്‍ റാമുമായി അഭിമുഖം
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷങ്കായ് ഫിലിം ഫെസ്റ്റിവല്‍ - ചൈന എന്നിവിടങ്ങളില്‍ മികച്ച പ്രതികരണങ്ങളോടെ സ്വീകരിക്കപ്പെട്ട, റിലീസ് ഡേറ്റ് ഇതു വരെ തീരുമാനിക്കപ്പെട്ടിട്ടില്ലാത്ത 'പേരന്‍പി'ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരുന്നു ഐഎഫ്എഫ്‌ഐയില്‍. തിക്കിലും തിരക്കിലും ഒരുവിധം ഞാനും തിയറ്ററിനകത്ത് കയറിപറ്റി.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായ അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമയുടെ പ്രമേയം. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്‍. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്.
പ്രകൃതിയുമായ് കണക്റ്റ് ചെയ്ത് 12 അധ്യായങ്ങളായാണ് റാം കഥ പറയുന്നത്. പ്രകൃതിയ്‌ക്കൊപ്പമായിരുന്നു തുടക്കം മുതലേയുള്ള സിനിമയുടെ സഞ്ചാരം. ആ സഞ്ചാരത്തില്‍ ചിത്രം പ്രേക്ഷകരേയും ഒപ്പം കൂട്ടുന്നു. അനവധി വൈവിധ്യങ്ങളുടെ ശേഖരമായി തുടരുമ്പോളും പ്രകൃതിയ്ക്കു മുന്നില്‍ എല്ലാ ജീവജാലങ്ങളും തുല്യരാണ് എന്നൊരു വിലപിടിച്ച സന്ദേശം റാം 'പേരന്‍പി'ലൂടെ പ്രേക്ഷകരെ ഓര്‍മപ്പെടുത്തുന്നുണ്ട്. മനുഷ്യന്‍ അവനവനിലേക്ക് ഒതുങ്ങുമ്പോള്‍, ബന്ധങ്ങള്‍ തുണയില്ലാത്ത അച്ഛനും മകള്‍ക്കും കൂട്ടാകുന്നത് പ്രകൃതിയുടെ മറ്റു ചില സൃഷ്ടികള്‍ തന്നെയാണ്.
Read More: 'പേരന്‍പ്' മമ്മൂട്ടിയിലേക്ക് എത്തുന്നതില്‍ പദ്‌മപ്രിയയ്‌ക്കും റോളുണ്ട്
മമ്മൂട്ടി എന്ന ഹീറോയുടെ ആരാധകരെയല്ല, മമ്മൂട്ടി എന്ന നടനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയാവും 'പേരന്‍പ്' കൂടുതല്‍ സന്തോഷിപ്പിക്കുക. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയിലെ നടന്റെ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് വീണ്ടും സാക്ഷിയാകാന്‍ കഴിഞ്ഞു എന്നതാണ് 'പേരന്‍പ്' സമ്മാനിച്ച പ്രധാനപ്പെട്ട അനുഭവം. തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ മമ്മൂട്ടി എപ്പോളെല്ലാം ഇതര ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടോ, അപ്പോളെല്ലാം കഥാപാത്രത്തിലേക്ക് തന്നെ തെരഞ്ഞെടുത്ത സംവിധായകന്റെ യുക്തിയ്ക്ക് കൈയ്യടി വാങ്ങിക്കൊടുക്കാതെ മടങ്ങിയിട്ടില്ല അദ്ദേഹം. 'പേരന്‍പും' ആ പതിവ് തെറ്റിക്കില്ല.
റാമിന്റെ തന്നെ 'തങ്കമീന്‍കളി'ല്‍ അഭിനയിച്ച സാധനയാണ് 'പേരന്‍പി'ല്‍ മമ്മൂട്ടിയുടെ കഥാപാത്രമായ അമുദന്റെ മകളായ പാപ്പയെ അവതരിപ്പിച്ചതും. സ്പാസ്റ്റിക് പരാലിസിസ് എന്ന അവസ്ഥയുള്ള പെണ്‍കുട്ടിയായി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുക തന്നെയായിരുന്നു സാധന. മമ്മൂട്ടിയുടെ അഭിനയത്തിന് ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് 'പേരന്‍പി'ല്‍ സാധന കാഴ്ച വച്ചത്. മലയാളി കൂടിയായ ട്രാന്‍സ് പെര്‍സണ്‍ അഞ്ജലി അമീര്‍, മീര എന്ന കഥാപാത്രമായി മികച്ചു നിന്നു. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് മീര.
നഗരവും മഞ്ഞും കാടും കണ്ണീരുമെല്ലാം തന്റെ ക്യാമറയിലേക്ക് അതി മനോഹരമായി പകര്‍ത്തിയ ഛായാഗ്രാഹകന്‍ തേനി ഈശ്വറിന്റെ പേര് പരാമര്‍ശിക്കാതെ പോയാല്‍ 'പേരന്‍പ്' അപൂര്‍ണമാകും. അത്ര ഹൃദയസ്പര്‍ശിയാണ് ഓരോ രംഗവും. യുവന്‍ ശങ്കര്‍രാജയുടെ സംഗീതവും എടുത്ത് പറയേണ്ടതാണ്. സിനിമയോട് അത്രമേല്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന പശ്ചാത്തല സംഗീതവും മനോഹരമായ പാട്ടുകളും.
'പേരന്‍പി'നെക്കുറിച്ച് ചിലപ്പോള്‍ ഒന്നും പറയാനാകില്ല, കാരണം അത് അനുഭവിച്ചറിയേണ്ടതാണ്. അതേ സമയം, ഒരുപാട് പറയണമെന്നും തോന്നും. കാരണം ആ ചിത്രം അതര്‍ഹിക്കുന്നുണ്ട്. എങ്കിലും, ഇനിയും റിലീസ് ചെയ്യാത്ത സിനിമയുടെ കഥയെ കുറിച്ച് വെളിപ്പെടുത്തരുതെന്ന് സംവിധായകന്‍ തന്നെ പറഞ്ഞതു കൊണ്ട് സിനിമയുടെ കഥയെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ തോന്നുന്നില്ല. മികച്ചൊരു സിനിമാനുഭവം ആഗ്രഹിക്കുന്നവരെല്ലാരും തീയറ്ററില്‍ തന്നെ ഈ ചിത്രം എക്‌സ്പീരിയന്‍സ് ചെയ്യണം. 'മമ്മൂട്ടി സര്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ നടക്കില്ലായിരുന്നു'വെന്ന് പറയുന്ന സംവിധായകന്‍ 'പേരന്‍പി'ലൂടെ മറ്റൊരു ദേശീയ അവാര്‍ഡ് മലയാളത്തിന്റെ പ്രിയ നടനില്‍ എത്തിച്ചാലും അത്ഭുതപ്പെടാനില്ല. സിനിമ കഴിഞ്ഞിറങ്ങി സംവിധായകനെ കെട്ടിപ്പിടിക്കാന്‍ തോന്നിയത്രയും ഹൃദയത്തോട് അടുത്ത് നിന്നു 'പേരന്‍പ്'.
ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത സജേഷ് പാലായ്
ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനു വേണ്ടി തയ്യാറാക്കിയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us