ഹൃദ്യവും വ്യത്യസ്തങ്ങളുമായ പ്രമേയങ്ങളിലൂടെ തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് റാം. 2007ലെ ‘കറ്റ്രത് തമിഴ്’ എന്ന ആദ്യ ചിത്രം മികച്ച തുടക്കമായിരുന്നെങ്കിലും, രണ്ടാമത്തെ സിനിമയ്‌ക്കായി ആറു വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നു. 2013ൽ പുറത്തിറങ്ങിയ ‘തങ്ക മീൻകൾ’ മികച്ച പ്രേക്ഷക പ്രതികരണത്തിനൊപ്പം ദേശീയ ചലച്ചിത്ര അവാർഡുകളും വാരിക്കൂട്ടി. മികച്ച തമിഴ് ഫീച്ചർ ഫിലിം, മികച്ച ബാലതാരം, മികച്ച ഗാനരചയിതാവ് എന്നിങ്ങനെ മൂന്നു അവാർഡുകളാണ് ചിത്രം നേടിയത്.

വീണ്ടും ഒരു അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2017ൽ പുറത്തിറങ്ങിയ ‘തരമണി’ രാജ്യാന്തര ഫിലിം ഫെസ്റ്റുകളിൽ മികച്ച പ്രതികരണം നേടി. 2018ൽ ‘പേരൻപ്’ എന്ന സിനിമയിലൂടെ റാം തന്റെ വിജയഗാഥ ഒരിക്കൽക്കൂടി ആവർത്തിക്കുകയാണ്. റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോള്‍ തന്നെ ചിത്രത്തിനും റാമിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് ഷാങ്ഘായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിലും പ്രദര്‍ശിപ്പിച്ച ചിത്രം ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

‘അമുദവൻ’ എന്ന ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അഞ്ജലി, സമുദ്രക്കനി എന്നിവർക്കൊപ്പം ട്രാൻസ്ജെൻഡറായ അഞ്ജലി അമീറും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിര്‍വഹിച്ചു. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലും ചെന്നൈയിലുമായാണ് ‘പേരന്‍പി’ന്റെ ചിത്രീകരണം നടന്നത്.

‘പേരൻപി’ന്റെയും മമ്മൂട്ടിയുടേയും വിശേഷങ്ങളുമായി സംവിധായകൻ റാം ഇന്ത്യൻ എക്‌‌സ്‌പ്രസ് മലയാളത്തോടൊപ്പം…

10 വർഷങ്ങൾക്കു മുൻപ് മനസ്സിൽ രൂപപ്പെട്ട ‘പേരൻപി’ന്റെ കഥ

‘പേരന്‍പി’ന്റെ കഥ 10 വർഷങ്ങൾക്കു മുൻപേ മനസ്സിൽ രൂപപ്പെട്ടതാണ്. ഒരു ആശയം മനസ്സിൽ രൂപപ്പെട്ടതോടെ സ്പാസ്ടിക്ക് ആയ കുട്ടികളെ നേരിൽ ചെന്നു കണ്ടു. അവരെക്കുറിച്ചുളള വിവരങ്ങൾ ശേഖരിച്ചു. അവരുമായി നിരന്തരം ഇടപഴകി, അവരുടെ ചലനങ്ങളും പ്രവൃത്തികളും ശ്രദ്ധിച്ചു. അവരുടെ ഫോട്ടോകൾ പകർത്തി. അവരുടെ ലോകത്തിലേക്ക് ഞാൻ ഇറങ്ങിച്ചെല്ലുകയായിരുന്നു.

അവരെ കണ്ടപ്പോഴാണ് പ്രകൃതി എത്ര മാത്രം ക്രൂരമാണെന്ന് എനിക്ക് മനസ്സിലായത്. അവരുമായി കൂടുതൽ അടുത്തപ്പോഴാണ് ഞാൻ ഒരു കാര്യം ഉറപ്പിച്ചത്. അവരെക്കുറിച്ച് ഒരു സിനിമ ഞാന്‍ ഉറപ്പായും ചെയ്യണമെന്ന്. അവർ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളും അവരുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനകളും ലോകത്തിനു മുന്നിൽ തുറന്നു കാട്ടണമെന്ന്.

കഥാപാത്രങ്ങളെ കണ്ടുപിടിക്കുന്ന വെല്ലുവിളി

‘പേരന്‍പി’ല്‍ ഞാൻ നേരിട്ട പ്രധാന വെല്ലുവിളി അതിലെ കഥാപാത്രങ്ങളെ കണ്ടുപിടിക്കുന്നതായിരുന്നു. അതിൽ തന്നെ അച്ഛൻ കഥാപാത്രത്തെയും സ്പാസ്ടിക് (മസ്തിഷ്കവാതം) ആയ കുട്ടിയുടെ കഥാപാത്രത്തെയും കണ്ടെത്താനായിരുന്നു ബുദ്ധിമുട്ടിയത്. സ്പാസ്ടിക്ക് ആയ ഒരു കുട്ടിയെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. നോർമൽ ആയ ഒരു കുട്ടിയെ കൊണ്ട് ആ കഥാപാത്രം ചെയ്യിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. ‘പേരന്‍പി’ന്റെ കഥ മനസ്സിൽ രൂപപ്പെട്ടപ്പോൾ തന്നെ അച്ഛൻ കഥാപാത്രം മമ്മൂട്ടിയെ കൊണ്ട് ചെയ്യിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. ചെറുപ്പത്തിൽ മമ്മൂട്ടിയുടെ ‘അമരം’, ‘സുകൃതം’, ‘മൃഗയ’ തുടങ്ങി നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. മമ്മൂട്ടി ചെയ്താൽ ഈ കഥാപാത്രം നന്നായിരിക്കുമെന്ന് കരുതി.

Read More: പ്ലസ് ടുവില്‍ പഠിക്കുമ്പോഴേ അറിയാമായിരുന്നു മമ്മൂട്ടി എന്റെ നായകനാകുമെന്ന്

സ്പാസ്ടിക്ക് ആയ കുട്ടിയായി സാധനയായിരുന്നു എന്റെ മനസ്സിൽ. ‘തങ്ക മീൻകൾ’ എന്ന സിനിമയിൽ സാധന ആയിരുന്നു ചെല്ലമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്നവൾക്ക് ഏതാണ്ട് 8 വയസ്സായിരുന്നു. സ്പാസ്ടിക്ക് ആയ കുട്ടിയായി സാധന നന്നായിരിക്കുമെന്ന് കരുതി. നല്ലൊരു അഭിനേതാവ് മാത്രമല്ല നല്ലൊരു വ്യക്തി കൂടിയാണവൾ. മറ്റൊരാളുടെ വേദന അവൾക്ക് മനസ്സിലാകും. ‘തങ്ക മീൻകളി’നുശേഷം ‘പേരന്‍പി’ലെ പാപ്പ ആവുന്നതിന് അവൾ വളരേണ്ടതുണ്ടായിരുന്നു.

സാധന, മമ്മൂട്ടി, റാം

പിന്നെ ഞാന്‍ അവൾ വളരുന്നതും കാത്തിരിപ്പായി. രണ്ടു വർഷങ്ങൾക്കു മുൻപ് അവൾക്ക് 13-,14 വയസ്സുളളപ്പോഴാണ് ഈ കഥയുമായി പോകുന്നത്. സ്പാസ്ടിക്ക് കുട്ടിയുടെ ബോഡി ലാംഗ്വേജ് കൊണ്ടുവരുന്നതിനായി സാധന വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. സ്പാസ്ടിക്ക് ആയ കുട്ടികൾക്കൊപ്പം അവൾ സമയം ചെലവഴിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്തു. അങ്ങനെയാണ് അവൾ അവരുടെ ബോഡി ലാംഗ്വേജ്, മാനറിസം, എന്നിവ മനസ്സിലാക്കിയത്.

‘സുകൃതം’ കണ്ടപ്പോഴേ ഉറപ്പിച്ചു, സംവിധായകനായാൽ മമ്മൂട്ടിയെ വച്ചൊരു സിനിമ

കോയമ്പത്തൂരിൽ വച്ച് എനിക്ക് 16 വയസ്സുളളപ്പോഴാണ് ‘സുകൃതം’ കാണുന്നത്. സിനിമ കണ്ടിട്ട് തിരിച്ചു ബസ്സിൽ പോകാൻ എന്റെ കൈയ്യിൽ പണം തികയില്ലായിരുന്നു. കാരണം കൈയ്യിലിരുന്ന പൈസയ്ക്കാണ് ടിക്കറ്റ് എടുത്തത്. അങ്ങനെ കിലോമീറ്ററോളം ഞാൻ സിനിമയെക്കുറിച്ച് ചിന്തിച്ചു നടന്നു. അന്നേ ചിന്തിച്ചിരുന്നു സംവിധായകനായാൽ മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്യുമെന്ന്. അത് ടീനേജ് കാലത്തെ ഒരു മോഹമായിരുന്നു. പക്ഷേ സംവിധായകനായപ്പോൾ ഞാൻ ഉറപ്പിച്ചു, മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യണമെന്ന്.

‘സുകൃതം’ സിനിമയിലൂടെ എനിക്ക് മറ്റൊരു മാസ്റ്ററെ കിട്ടി, എം.ടി.വാസുദേവൻ നായർ. ആ സിനിമയ്ക്കുശേഷം ഞാൻ എംടിയുടെ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ എഴുത്ത് എനിക്ക് വളരെ ഇഷ്ടമാണ്, എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എന്റെ ആദ്യ സിനിമ ‘കറ്റ്രത് തമിഴ്’ ലും ആ ഇൻസ്പിറേഷൻ ഉണ്ട്. മലയാളം സിനിമകൾ മാത്രമല്ല മലയാളം സാഹിത്യം, കരിമീൻ പൊളളിച്ചത്, കേരളത്തിന്റെ ഭൂപ്രദേശം എന്നിവയെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്.

മമ്മൂട്ടി, അഞ്ജലി, റാം

മമ്മൂട്ടി നോ പറഞ്ഞിരുന്നുവങ്കിൽ ‘പേരന്‍പ്’ ഒരുപക്ഷേ ഉണ്ടാവുമായിരുന്നില്ല

നടി പത്മപ്രിയ എന്റെ അടുത്ത സുഹൃത്താണ്. അവർ വഴിയാണ് മമ്മൂട്ടിയെ കാണാൻ അവസരം ലഭിക്കുന്നത്. പാലക്കാട് ഷൂട്ടിങ് ലൊക്കേഷനിൽ പോയാണ് മമ്മൂട്ടിയെ കാണുന്നത്. സിനിമയെക്കുറിച്ച് പറഞ്ഞ് കേൾപ്പിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. അതെനിക്ക് ശരിക്കും അതിശയമായിരുന്നു. കാരണം ഞാൻ സിനിമയുടെ ഐഡിയ ആണ് പറഞ്ഞത്. തിരക്കഥ എഴുതിയിട്ടില്ലെന്നും മമ്മൂക്കയ്ക്ക് ഐഡിയ ഇഷ്ടപ്പെടുകയാണെങ്കിൽ തിരക്കഥ എഴുതാമെന്നുമാണ് പറഞ്ഞത്. പക്ഷേ അദ്ദേഹം സ്ക്രിപ്റ്റില്ലാതെ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടി നോ പറഞ്ഞിരുന്നുവങ്കിൽ ചിലപ്പോൾ ഈ സിനിമയേ ഉണ്ടാവുമായിരുന്നില്ല.

Read More: ‘പേരന്‍പ്’ മമ്മൂട്ടിയിലേക്ക് എത്തുന്നതില്‍ പദ്‌മപ്രിയയ്‌ക്കും റോളുണ്ട്

എന്റെ ഗുരു ബാലു മഹേന്ദ്ര എപ്പോഴും എന്നോട് പറയുമായിരുന്നു. മമ്മൂട്ടിയെ വച്ച് ഒരു സിനിമയെങ്കിലും ഞാൻ ചെയ്യണമെന്ന്. മമ്മൂട്ടി മികച്ചൊരു നടനാണെന്നാണ് അദ്ദേഹം പറയാറുളളത്. മമ്മൂട്ടിയുടെ കൈയ്യിൽ ഒരു കഥാപാത്രം കിട്ടിയാൽ അദ്ദേഹം അത് ചെയ്തു കഴിയുമ്പോൾ നമ്മളെ ശരിക്കും അതിശയപ്പെടുത്തും. ‘പേരന്‍പി’ലൂടെ ഞാനും അത് മനസ്സിലാക്കി. അഭിനയം എന്താണെന്ന് മമ്മൂട്ടി വഴി ഈ സിനിമയിലൂടെ ഞാൻ പഠിച്ചു. സംവിധാന രംഗത്ത് ബാലു മഹേന്ദ്രയാണ് എന്റെ മാസ്റ്റർ. ആക്ടിങ്ങിൽ ഈ സിനിമയോടെ മമ്മൂട്ടി എന്റെ മാസ്റ്ററായി. ഈ സിനിമയിൽ മമ്മൂട്ടിയുടെ അഭിനയം മികച്ചതാണ്. അദ്ദേഹത്തിന്റെ എക്സ്പ്രഷൻസ്, ഇമോഷൻസ് എല്ലാം വ്യത്യസ്തമാണ്. സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞ് അതിന്റെ എഡിറ്റിങ് നടക്കുമ്പോഴാണ് മമ്മൂട്ടിയെ പോലൊരു വലിയ നടന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ ഭാഗ്യം എനിക്ക് മനസ്സിലായത്.

‘പേരന്‍പ്’ ചിത്രീകരണം

എംടി, അടൂർ തുടങ്ങി ഇന്ത്യയിലെ തന്നെ പ്രശസ്ത പല സംവിധായകരുടെ കൂടെയും മമ്മൂട്ടി വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം എനിക്ക് വർക്ക് ചെയ്യാൻ ഒരു അവസരം കിട്ടിയതിൽ സന്തോഷം. അത്രയും വലിയ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ച മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യുകയെന്നത് വെല്ലുവിളിയായിരുന്നു. കേരളത്തിൽ ‘പേരന്‍പ്’ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് അറിയാനാണ് ഞാൻ കാത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook