അച്ഛൻ കഥാപാത്രങ്ങൾ മമ്മൂട്ടി എന്ന നടന്റെ കൈയ്യിൽ എന്നും ഭദ്രമാണ്. ‘അമര’ത്തിലെ അച്ചൂട്ടിയും ‘പപ്പയുടെ സ്വന്തം അപ്പൂസി’ലെ ബാലചന്ദ്രനും തുടങ്ങി എത്രയെത്ര. മലയാള സിനിമകൾ കണ്ടു വളർന്ന സംവിധായകൻ റാമിനും അച്ഛനും മകളും തമ്മിലുളള സ്നേഹ ബന്ധത്തിന്റെ കഥ മനസ്സിൽ രൂപപ്പെട്ടപ്പോഴേ മനസ്സിലേക്കെത്തിയത് മമ്മൂട്ടി മാത്രമായിരുന്നു. ‘പേരൻപി’ലെ അമുതവൻ എന്ന കഥാപാത്രത്തിനായി മമ്മൂട്ടിയെ അല്ലാതെ മറ്റാരെയും റാമിന് ചിന്തിക്കാനായില്ല. പക്ഷേ മമ്മൂട്ടിയിലേക്ക് എത്തുന്നത് അത്ര എളുപ്പമല്ലായിരുന്നു. ആ കടമ്പ കടക്കാന്‍ റാമിനെ സഹായിച്ചത് സുഹൃത്തും നടിയുമായ പദ്മപ്രിയയാണ്.
Read More: പ്ലസ് ടുവില്‍ പഠിക്കുമ്പോഴേ അറിയാമായിരുന്നു മമ്മൂട്ടി എന്റെ നായകനാകുമെന്ന്
“പദ്മപ്രിയ എന്റെ അടുത്ത സുഹൃത്താണ്. അവർ വഴിയാണ് മമ്മൂട്ടിയെ കാണാൻ അവസരം ലഭിക്കുന്നത്. പാലക്കാട് ഷൂട്ടിങ് ലൊക്കേഷനിൽ പോയാണ് മമ്മൂട്ടിയെ കാണുന്നത്. സിനിമയെക്കുറിച്ച് പറഞ്ഞ് കേൾപ്പിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതും. അതെനിക്ക് ശരിക്കും അതിശയമായിരുന്നു. കാരണം ഞാൻ സിനിമയുടെ ഐഡിയ ആണ് പറഞ്ഞത്. തിരക്കഥ എഴുതിയിട്ടില്ലെന്നും മമ്മൂക്കയ്ക്ക് ഐഡിയ ഇഷ്ടപ്പെടുകയാണെങ്കിൽ തിരക്കഥ എഴുതാമെന്നുമാണ് പറഞ്ഞത്. പക്ഷേ അദ്ദേഹം സ്ക്രിപ്റ്റില്ലാതെ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടി നോ പറഞ്ഞിരുന്നുവങ്കിൽ ചിലപ്പോൾ ഈ സിനിമയേ ഉണ്ടാവുമായിരുന്നില്ല”, ചിത്രത്തെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിക്കവേ റാം പറഞ്ഞതിങ്ങനെ.
‘പേരന്‍പി’ന്റെ കഥാസാരം റാം പറഞ്ഞു കേട്ടപ്പോള്‍ തന്റെ മനസ്സിലേക്ക് വന്നതും മമ്മൂക്കയുടെ മുഖമായിരുന്നു എന്നും റാം എന്ന സുഹൃത്തിനു ഒരു സിനിമയ്ക്കും വേണ്ടിയാണ് ഈ കഥ മമ്മൂട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തിയത് എന്നും പദ്മപ്രിയ. അവരുടെ ആദ്യ ചിത്രമായ ‘കാഴ്ച’ തുടങ്ങി ‘രാജമാണിക്യം’, ‘ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം’, ‘കറുത്ത പക്ഷികള്‍’, ‘പഴശ്ശി രാജ’, കുട്ടിസ്രാങ്ക്’, ‘കോബ്ര’ തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു മമ്മൂട്ടി.
”ഈ സിനിമയുടെ കഥ റാം പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ രണ്ടുപേരുടെയും മനസ്സിൽ ആ കഥാപാത്രമായി വന്നത് മമ്മൂട്ടിയായിരുന്നു. കുറച്ചു മാസം കഴിഞ്ഞപ്പോൾ മമ്മൂട്ടിയെ കിട്ടാൻ പ്രയാസമാണെന്നും മറ്റാരെയെങ്കിലും നോക്കാമെന്നും റാം പറഞ്ഞു. പക്ഷേ ഞാൻ സമ്മതിച്ചില്ല, ഈ കഥാപാത്രം മമ്മൂട്ടിക്ക് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് ഞാന്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. പിന്നീടാണ് ഞാൻ മമ്മൂട്ടിക്ക് ഇക്കാര്യം സൂചിപ്പിച്ച് ഒരു മെസേജ് അയക്കുന്നത്. റാമിന് മമ്മൂട്ടിയെ കാണാൻ എന്റെ മാനേജർ മുഖേന അവസരമൊരുക്കി. മമ്മൂട്ടി ‘പേരൻപ്’ ചെയ്യാമെന്ന് സമ്മതിച്ചതായി അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. ‘പേരൻപി’ലെ ആ കഥാപാത്രത്തിന്റെ ഓരോ സീനിലും മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല”, റാമിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘തങ്കമീന്‍കള്‍’ എന്ന ചിത്രത്തില്‍ എവിറ്റ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള പദ്മപ്രിയ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് വെളിപ്പെടുത്തി.
താന്‍ അഭിനയിച്ച തമിഴ് ചിത്രമായ ‘പൊക്കിഷ’ത്തിന്റെ റിലീസ് സമയത്ത് സംവിധായകന്‍ ചേരന്റെ ഓഫീസില്‍ വച്ച് കണ്ട പരിചയത്തില്‍ നിന്നാണ് റാമും പദ്മപ്രിയയും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. നല്ലൊരു എഴുത്തുകാരനും കൂടിയായ അദ്ദേഹത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങളെ താന്‍ ഏറെ ബഹുമാനിക്കുന്നു എന്നും പദ്മപ്രിയ കൂട്ടിച്ചേര്‍ത്തു.
”റാമും ഞാനും തമ്മിൽ സിനിമകളെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ട്. റാമിന്റെ മനസ്സിലുള്ള സിനിമാ കഥകളെക്കുറിച്ച് പ്രത്യേകിച്ചും. ‘പേരൻപി’ന്റെ കഥ എന്നോട് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഫ്ലാറ്റ് ആയി. അച്ഛനും മകളും തമ്മിലുളള സ്നേഹബന്ധത്തെക്കുറിച്ചുളളതാണീ സിനിമ. ഇത്തരത്തിലുളളൊരു ബന്ധം റാമും അദ്ദേഹത്തിന്റെ മകളും തമ്മിൽ ഞാൻ കണ്ടിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് ഈ സിനിമ നന്നായി ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു”, പദ്മപ്രിയ വ്യക്തമാക്കി.
Read More: മമ്മൂട്ടിയുടെ ‘പേരന്‍പ്’ ഇവിടെയും റിലീസ് ചെയ്യണമെന്ന് ചൈനയിലെ വിതരണക്കാര്‍
മലയാളികളും തമിഴ്നാട് സ്വദേശികളും മമ്മൂട്ടി ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പേരന്‍പ്’. സ്പാസ്ടിക്ക് ആയ മകളുടെ അച്ഛന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഷംഗായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും റോട്ടഡാം ഫിലിം ഫെസ്റ്റിവലിലും നിറഞ്ഞ സദസ്സിലായിരുന്നു ‘പേരന്‍പി’ന്റെ എല്ലാ പ്രദര്‍ശനങ്ങളും. എല്ലാത്തരം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു.
വിദേശത്ത് ടാക്സി ഡ്രൈവറായ അച്ഛന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തന്മയത്വത്തോടെയുള്ള മമ്മൂട്ടിയുടെ അഭിനയം കണ്ടിരുന്നവരുടെയെല്ലാം ഹൃദയം കീഴടക്കി എന്നാണ് തമിഴകത്ത് നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍.
“നിങ്ങള്‍ എല്ലാവരും ഈ ചിത്രം കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു. ഈ ചിത്രം കണ്ടു കഴിഞ്ഞു എത്രയോ ദിവസം എന്റെ മനസ്സില്‍ തന്നെ തങ്ങി നിന്നു. മമ്മൂട്ടി സാറിന്റെ (അഭിനയത്തിലുള്ള) ഒരു മാസ്റ്റര്‍ ക്ലാസ്സ് ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകള്‍”, എന്നാണ് ചിത്രം കണ്ട ശേഷം യുവ നടന്‍ സിദ്ധാർത്ഥ് പറഞ്ഞത്.
Read More: ഇത് മമ്മൂട്ടി സാറിന്റെ മാസ്റ്റര്‍ ക്ലാസ്സ്: ‘പേരന്‍പി’നെക്കുറിച്ച് സിദ്ധാര്‍ത്ഥ്
ഇതുവരെ റിലീസ് ചെയ്ത ‘പേരന്‍പി’ന്റെ ടീസറുകള്‍, പാട്ടുകള്‍ എന്നിവയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ജന്മദിനം കൂടി ആയ സെപ്റ്റംബര്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രമായ ‘സീമ രാജ’യും ഇതേ ദിവസം റിലീസ് പ്രഖ്യാപിച്ചതുകൊണ്ട് ‘പേരന്‍പി’ന്റെ റിലീസ് തീയതി മാറ്റി. പുതിയ റിലീസ് തീയതി അറിവായിട്ടില്ല എങ്കിലും ഉടന്‍ ഉണ്ടാകും എന്നാണു കരുതപ്പെടുന്നത്.