/indian-express-malayalam/media/media_files/3ZvOyYkwea78QmwClKCt.jpeg)
"ഇത് വെറും അഞ്ച് മിനിറ്റ് വീഡിയോ അല്ലേ?" ഗ്രാമത്തിലെ ഒരാൾ ചോദിച്ചു.
"അല്ല, ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള സിനിമയാണ്," മറ്റൊരാൾ മറുപടി പറഞ്ഞു.
ഇന്ത്യൻ വംശജയായ ചലച്ചിത്ര നിർമ്മാതാവ് നിഷാ പഹുജ നിർമ്മിച്ച, ഓസ്‌കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ഡോക്യുമെന്ററി 'ടു കിൽ എ ടൈഗറിനെ'ക്കുറിച്ചുള്ള ചർച്ചകൾ നടക്കും എന്ന് നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്താണ് ഈ സംഭാഷണം നടക്കുന്നത് - ഝാർഖണ്ഡിലെ ഒരു ഗ്രാമത്തിലെ കൂറ്റൻ അത്തിമരത്തിന് ചുറ്റും നിർമ്മിച്ച തകർന്നു കിടക്കുന്ന ഒരു അഖ്രയിൽ (ഉയർന്ന പ്ലാറ്റ്ഫോം).
ഡോക്യുമെന്ററിയിൽ നിന്നുള്ള ക്ലിപ്പുകൾ ഓൺലൈനിലോ വാട്ട്‌സ്ആപ്പിലോ മാത്രമേ ഈ നാട്ടുകാർ കണ്ടിട്ടുണ്ട് എങ്കിലും, 2017 മെയ് മാസത്തിൽ നടന്ന ഒരു സംഭവത്തിൽ രാജ്യാന്തര സിനിമാ പ്രേക്ഷകർക്ക് എന്ത് താത്പര്യമാണ് ഉണ്ടാവുക എന്നതിൽ അവർക്ക് നിശ്‌ചയമില്ല. ഈ ചെറിയ ഗ്രാമത്തിൽ നടന്ന ഒരു വിവാഹത്തിനിടെ അതിൽ പങ്കെടുത്ത ഒരു 13 വയസ്സുകാരിയെ അവളുടെ മൂന്ന് ബന്ധുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവമാണ് അത്.
അപൂർവ്വമായി മാത്രം വെയിൽ വരുന്ന ദിവസങ്ങളിലെ സൗഹൃദസംഭാഷണങ്ങൾക്കും, എല്ലാ പ്രധാനപ്പെട്ട ഗ്രാമതല യോഗങ്ങൾക്കും നടക്കുക ഈ അഖ്രയിലാണ്. എന്നാൽ ഇപ്പോൾ 20 വയസ്സുള്ള പെൺകുട്ടിയുടെ അച്ഛന്, ഈ അഖ്ര ഭയാനകമായ ഒരു ഓർമ്മപ്പെടുത്തലാണ്. ഇവിടെയാണ് മകൾക്ക് നേരിട്ട ക്രൂരമായ ബലാത്സംഗത്തെ തുടർന്നുള്ള 'നെഗോസിയേഷനുകൾ' നടന്നത്.
ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കുന്നതിനിടയിൽ ഇരയുടെ പിതാവ് (45) പല തവണ പൊട്ടിക്കരഞ്ഞു.
“ഈ പ്രശ്‌നം പരിഹരിക്കുന്നതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത് മരിക്കാനാണ് എന്ന് എന്റെ മകൾ പറഞ്ഞു. പ്രതികൾ കുടുംബവുമായി ബന്ധമുള്ളവർ തന്നെയാണ്," ദിവസ വേതനക്കാരനായ ആ അച്ഛൻ പറഞ്ഞു
അവരിൽ രണ്ട് പേർ മകളുടെ കസിൻസും മറ്റൊരാൾ മരുമകനുമാണ്, അന്ന് 20-കളുടെ തുടക്കത്തിൽ ആയിരുന്നു എല്ലാവരും.
“ആ ബന്ധങ്ങളെല്ലാം അന്ന് അവസാനിച്ചു. അന്ന് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾ എത്ര മാത്രം തകർന്നിരുന്നു എന്ന് ഞാൻ ഓർക്കുന്നു. അവർ തന്നോട് എന്താണ് ചെയ്തതെന്ന് ഞങ്ങളോട് പറഞ്ഞപ്പോൾ ഞങ്ങളും തകർന്നു പോയി," അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ജൂലൈ 18-ന് പ്രതികൾ മൂവരെയും 25 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചെങ്കിലും, പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്ത് അഖ്‌റയിൽ വിഷയം 'തീർപ്പാക്കാൻ' വിസമ്മതിച്ചു കൊണ്ട് ആരംഭിച്ച കുടുംബത്തിന്റെ വിചാരണകൾ കൂടുതൽ നീണ്ടു.
പ്രതികളിലൊരാളും പെൺകുട്ടിയും വിവാഹച്ചടങ്ങിൽ ഒരുമിച്ച് നൃത്തം ചെയ്ത ശേഷം അവളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കോടതി രേഖകൾ പറയുന്നു. മറ്റ് രണ്ട് പ്രതികൾ അവളെ ബലാത്സംഗം ചെയ്യാൻ മാറി മാറി എത്തിയപ്പോൾ, മൂന്നാമൻ അവളെ പിടിച്ചുനിർത്താൻ സഹായിച്ചു. വിവാഹച്ചടങ്ങിലെ ഉച്ചത്തിലുള്ള സംഗീതത്തിൽ ഇരയുടെ സഹായത്തിനായുള്ള നിലവിളി മുങ്ങിപ്പോയതായി രേഖകൾ കൂട്ടിച്ചേർക്കുന്നു.
അടുത്ത ദിവസം രാവിലെ, 2017 മെയ് 10 ന്, അഖ്‌റയിൽ ഒരു ഗ്രാമതല യോഗം ചേർന്നതായി അവളുടെ അച്ഛൻ ഓർമ്മിക്കുന്നു.
“പ്രതികളിലൊരാളുമായി എന്റെ മകളുടെ വിവാഹം നടത്താൻ അവർ എന്നോട് പറഞ്ഞു. ഈ ന്യായരഹിതമായ ആവശ്യം ഞാൻ അംഗീകരിച്ചു എന്ന് തന്നെയിരിക്കട്ടെ, മറ്റ് രണ്ട് പ്രതികളുടെ കാര്യമോ? അവർ എന്റെ മകളോട് ബഹുമാനത്തോടെ പെരുമാറുമായിരുന്നോ? ആ കുറ്റകൃത്യത്തെക്കുറിച്ച് ആരും ശ്രദ്ധിച്ചില്ല എന്നതാണ് എന്നെ ശരിക്കും ദേഷ്യം പിടിപ്പിച്ചത്,” അദ്ദേഹം പറയുന്നു.
പ്രകോപിതനായ അദ്ദേഹം നേരെ ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ഡി (കൂട്ടബലാത്സംഗം), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അഞ്ച് മണിക്കൂർ എടുത്തു. അടുത്ത ദിവസം വൈദ്യപരിശോധന നടത്തി. കോടതി രേഖകൾ പ്രകാരം, "ഇത് ലൈംഗികാതിക്രമത്തിന്റെ കേസാണെന്ന് തോന്നുന്നു" എന്ന് സ്ഥിരീകരിച്ചു.
'മികച്ച ഡോക്യുമെന്ററി ഫീച്ചർ' വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട 'ടു കിൽ എ ടൈഗർ'
തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ, പ്രതികളും ചില ഗ്രാമവാസികളും കേസ് ഒഴിവാക്കാനായി പലവിധ തന്ത്രങ്ങളും പരീക്ഷിച്ചുവെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
"അവർക്ക് മൂന്ന് ചുവടുകൾ നടക്കാൻ കഴിയുമെന്ന് അവർ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു, എനിക്ക് ഒരെണ്ണം മാത്രമേ നടക്കാൻ കഴിയൂ എന്നും - അവർ എന്നെക്കാൾ മൂന്നിരട്ടി ശക്തരാണെന്ന് സൂചിപ്പിക്കുന്നതാണ്. പക്ഷേ ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല."
ഒരു സർക്കാരിതര സ്ഥാപനമായ (എൻ ജി ഓ) ശ്രീജൻ ഫൗണ്ടേഷൻ അക്കാലത്ത് ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്നു.
“ഞങ്ങൾ ഗ്രാമത്തിലെ ജെണ്ടർ വിഷയങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിയുമ്പോൾ സംവിധായിക (ഡോക്യുമെൻ്ററി ഫിലിം മേക്കർ നിഷ പഹുജ) ഞങ്ങളുടെ പ്രോഗ്രാം ഷൂട്ട് ചെയ്യുകയായിരുന്നു. അതിനു ശേഷം അവർ ഈ ഡോക്യുമെന്ററിയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു," എൻജിഒയുടെ സെക്രട്ടറി പൂജ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
'മികച്ച ഡോക്യുമെന്ററി ഫീച്ചർ' വിഭാഗത്തിൽ (Oscar) നാമനിർദ്ദേശം ചെയ്യപ്പെട്ട 'ടു കിൽ എ ടൈഗർ' എന്ന ചിത്രത്തിൽ ഗ്രാമത്തിൽ നടന്ന 'സെറ്റിൽമെന്റ്' മീറ്റിംഗുകളിൽ നിന്നുള്ള രംഗങ്ങളും ഉൾപ്പെടുന്നുവെന്ന് ഗ്രാമീണരിലൊരാൾ അവകാശപ്പെട്ടു.
ഇരകളെ കുറ്റപ്പെടുത്തുന്നത് പ്രദേശവാസികൾക്കിടയിൽ ഒരു സാധാരണ പല്ലവിയായിരുന്നപ്പോൾ, പ്രതികൾ ജയിലിലാണെന്ന വസ്തുതയിൽ ധൈര്യപ്പെട്ട മറ്റു ചിലർ, 'ഗലത് തോ ഹുവാ താ (സംഭവിച്ചത് തെറ്റായിരുന്നു)' എന്ന് അഭിപ്രായപ്പെട്ടു.
വിചാരണ വേളയിൽ, ദൃക്‌സാക്ഷികളില്ലെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ, കോടതി ഇങ്ങനെ പറഞ്ഞു: "ഇത്തരം കുറ്റകൃത്യങ്ങൾ സാധാരണയായി രഹസ്യമായാണ് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാം, അതിനാൽ ദൃക്‌സാക്ഷികളുടെ മൊഴിയിൽ നിന്ന് സ്ഥിരീകരണം ആവശ്യപ്പെടുന്നത് ഇരയെ അപമാനിക്കുന്നതിനു തുല്യമായ നടപടിയായിരിക്കും."
പിതാവിനെ സംബന്ധിച്ചിടത്തോളം, വിചാരണ എന്നത്, അദ്ദേഹത്തിന്റെ മുഴുവൻ കുടുംബത്തിനും, പ്രത്യേകിച്ച് ഇളയ മകൾക്കും രണ്ട് ചെറിയ ആൺമക്കൾക്കും ഒരു 'ശിക്ഷ' തന്നെ ആയിരുന്നു.
“കുറഞ്ഞത് 100 തവണയെങ്കിലും ഞാൻ കോടതിയിൽ പോയിട്ടുണ്ട്, ഓട്ടോയിലോ ബസിലോ അല്ലെങ്കിൽ സ്വന്തം മോട്ടോർ സൈക്കിളിലോ. ഭൂമി പണയപ്പെടുത്തി കേസ് നടത്താനായി കടം പോലും വാങ്ങി. 5 ലക്ഷം രൂപയുടെ കടം ഞാൻ ഇതുവരെ തിരിച്ചടച്ചിട്ടില്ല,” അദ്ദേഹം പറയുന്നു.
മകൾ ഇപ്പോൾ നഗരത്തിൽ 12-ാം ക്ലാസിൽ പഠിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, അവൾ ചിലപ്പോൾ തന്നോട് സംസാരിക്കാറുണ്ടെന്നും എന്നാൽ സംഭവത്തെക്കുറിച്ച് ഒരിക്കലും ചർച്ച ചെയ്യാറില്ലെന്നും കൂട്ടിച്ചേർത്തു.
സിനിമയിലും പോസ്റ്ററിലും തന്റെ മുഖം ദൃശ്യമായതിനാൽ ഡോക്യുമെൻ്ററിയെക്കുറിച്ച് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ ഇതു വരെ ഡോക്യുമെന്ററി കണ്ടിട്ടില്ല. എനിക്ക് ചീത്തപ്പേര് വന്നാലും, എന്റെ മകളെപ്പോലെ മറ്റാരും കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.