scorecardresearch

ഇനി മൗനത്തിന്‍റെ പൂർണതയിൽ

മുപ്പത്തു മുക്കോടി ദൈവങ്ങളെ പ്രകീർത്തിക്കാൻ, ഭക്തിയിൽ, ചിലപ്പോൾ പ്രേമത്തിൽ, അതിന്‍റെ തന്ത്രികൾ നിരന്തരം പാടി...

മുപ്പത്തു മുക്കോടി ദൈവങ്ങളെ പ്രകീർത്തിക്കാൻ, ഭക്തിയിൽ, ചിലപ്പോൾ പ്രേമത്തിൽ, അതിന്‍റെ തന്ത്രികൾ നിരന്തരം പാടി...

author-image
Akhil S Muraleedharan
അപ്‌ഡേറ്റ് ചെയ്‌തു
New Update
B Sasikumar | Violinist

B Sasikumar in concert with Balabhaskar, Photo. Balabhaskar/Facebook

'The true mission of the violin is to imitate the accents of the human voice, a noble mission that has earned for the violin the glory of being called the king of instruments.'
Charles-Auguste de

Advertisment

സംഗീതം മരിക്കുന്നില്ല. സംഗീതജ്ഞൻ കടന്നു പോകുന്നു. പക്ഷേ അയാളുടെ നേർ പകുതി ഭൗതികമല്ലാത്ത എന്തോ ഒന്ന് സംഗീതത്തിൽ അവശേഷിക്കുന്നു. അങ്ങനെയാണ് അത് അനശ്വരമായി തുടരുന്നത്... അതെന്നും  അങ്ങനെ തന്നെയായിരുന്നു.

പതിനേഴാം നൂറ്റാണ്ടിൽ ഗ്രീസിൽ എവിടെയോ ജനിച്ച വയലിൻ, സിൽക്ക് റൂട്ട് വഴിയാകാം ഇന്ത്യയിലേക്ക് എത്തിയത്. അതെന്തായാലും ഇന്ത്യൻ സംഗീതത്തിൽ അതിനൊരു സുപ്രധാന സ്ഥാനം പിൽക്കാലത്തുണ്ടായി.

മുപ്പത്തു മുക്കോടി ദൈവങ്ങളെ പ്രകീർത്തിക്കാൻ, ഭക്തിയിൽ, ചിലപ്പോൾ പ്രേമത്തിൽ, അതിന്‍റെ തന്ത്രികൾ നിരന്തരം പാടി. ആ സംഗീതം നമ്മുടെ നദീ തീരങ്ങളിൽ  ആത്മീയതയുടെ പുതിയ സംസ്കാരങ്ങൾ ഉണ്ടാക്കി. ഗംഗയുടെ കരയിൽ ഉസ്താദ് ബിസ്മില്ല ഖാന്‍റെ ഷെഹനായി എങ്കിൽ അഞ്ചു നൂറ്റാണ്ട് മുൻപ് തിരുവയ്യാർ ത്യാഗരാജനാൽ അനുഗ്രഹിക്കപ്പെട്ടു.

Advertisment

കൃഷ്ണാ നീ ബേഗനേ ബാരോ.... എന്നു പാടുമ്പോൾ ഒരു കുട്ടിയോട് മോനേ അടുത്തേക്ക് വരൂ എന്ന അർത്ഥം മാത്രമേയുള്ളൂ. മനുഷ്യത്വമായതൊന്നും സംഗീതത്തിനും അന്യമല്ല. ഇന്ന്, വൃശ്ചിക മാസത്തെ ഒരു സാധാരണ ദിവസം ബി ശശികുമാറിന്‍റെ വയലിൻ നിലച്ചു. അതിന്‍റെ തന്ത്രികൾ ഇനിയൊരിക്കലും അദ്ദേഹത്താൽ ശബ്ദം കണ്ടെത്തില്ല. ഒരു മരണത്തെ നിശബ്ദമായ ഒന്നു കൊണ്ട് അടയാളം ചെയ്യേണ്ടി വരുന്നു. യൂട്യൂബിൽ ലഭ്യമായ ഏതാനും ചില വയലിൻ കീർത്തനങ്ങൾക്ക് അപ്പുറം ശശികുമാർ അവശേഷിപ്പിക്കുന്നത് തന്‍റെ വിപുലമായ ശിഷ്യ സമ്പത്ത് മാത്രമാണ്.

എന്തൊക്കെയോ ഇനിയും ബാക്കിയുണ്ട്

ചുറ്റുമുള്ള എല്ലാ പ്രശസ്തികളിൽ നിന്നും അകന്നുള്ള ആ ജീവിതം യഥാർത്ഥത്തിൽ സംഗീതത്തിന് വേണ്ടി മാത്രമായിരുന്നു. കവിതയിൽ പി കുഞ്ഞിരാമൻ നായരെന്ന പോലെയായിരുന്നു വയലിനിൽ ശശികുമാർ. അങ്ങനെ പറയേണ്ടി വരുന്നത് തന്‍റെ കലയോടുള്ള അസാമാന്യ പ്രതിപത്തി കൊണ്ടാണ്. ആളും ആരവവും ഒഴിഞ്ഞ  ഒരു കോണിൽ കഴിഞ്ഞ എഴുപത് വര്ഷങ്ങളോളം അദ്ദേഹം വയലിനിൽ തന്‍റെ അന്വേഷണം തുടർന്നു. നാദത്തിൽ തന്നെ സ്വയം കണ്ടെത്താനുള്ള ആ ശ്രമങ്ങളിൽ അദ്ദേഹം വിജയിച്ചിരിക്കാം. അതു കൊണ്ടാകാം തനിക്ക് മേൽ വന്നു വീണ പ്രശസ്തിയിൽ ഒരിക്കലും മുഖം കൊടുക്കാക്കതിരിക്കാന്‍ ശശികുമാറിന് സാധിച്ചതും.

ഇരുപതാം നൂറ്റാണ്ടിന്‍റെ ഒടുവിൽ ജനിച്ച ഒരാൾ എഴുതുമ്പോൾ അതിൽ മഹത്തായ ഈ സംഗീത പാരമ്പര്യത്തിന്‍റെയോ ഉപകരണ സംഗീതത്തിന്‍റെ ശാസ്ത്രീയതയിലേക്കോ കടക്കാൻ കഴിയില്ല. പക്ഷേ എത്രയോ വേദന നിറഞ്ഞ നിമിഷങ്ങളിൽ ആത്മാവിനെ അനുഗ്രഹിക്കാൻ അതിന് സാധിച്ചു എന്നതാണ് അതിനോടുള്ള ഭക്തി. ലാൽഗുഡി ജയരാമനും കുന്നക്കുടി വൈദ്യനാഥനും യഹൂദി മെനുഹിനും വയലിൻ കൊണ്ട് തീർക്കുന്ന അസാധാരണ ലോകങ്ങളിലേക്ക്, ഞങ്ങളുടെ യൗവന കാലത്തിൽ ഒരിക്കൽ പോലും കടന്നു വരാത്ത ഒരാളായിരുന്നു ബി ശശികുമാർ. എങ്കിലും എവിടെയോ ആരിലൂടെയൊക്കെയോ അയാൾ ഇടക്കിടക്ക് പരാമർശിക്കപ്പെട്ടു. 

പണ്ട് ഏതോ ഒരു ടെലിവിഷൻ ചാനലിൽ 'അവിരാമം' എന്ന പരിപാടിയിൽ അദ്ദേഹത്തെ പറ്റി ഒരു എപ്പിസോഡുണ്ടായിരുന്നു. അതിലെ ദൃശ്യങ്ങളിൽ വെറ്റില ചെല്ലത്തിൽ നിന്നും വെറ്റിലയെടുത്തു മുറുക്കി ചുവപ്പിക്കുന്ന ആ മനുഷ്യൻ ഒരു സന്യാസിയെപ്പോലെ തോന്നിച്ചു. ശാസ്ത്രീയ സംഗീതത്തിൽ അവഗാഹമോ അറിവോ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും തീവ്രമായ സംഗീതങ്ങൾ ഉള്ളിലുണ്ടാക്കുന്ന രസാനുഭൂതികളെ തടഞ്ഞു നിർത്താൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. 

കർണാടക സംഗീതം പലപ്പോഴും ഭക്തി നിർഭരമാണല്ലോ. തിരുവയ്യാറിലെ  നദിക്കരയിൽ രാമനെ സ്തുതിച്ചു കൊണ്ടിരുന്ന ത്യാഗരാജ സ്വാമികളുടെ അനുഭൂതിയോ വാതാപി ഗണപതിയുടെ അനുഭൂതികളോ അല്ല ഈ നൂറ്റാണ്ടിലെ ഏതോ ഭാഗത്തിരുന്ന് വീണ്ടും ഇതെല്ലാം ശബ്ദമായി ആസ്വദിക്കുമ്പോൾ ഉണ്ടാകുന്നത്. ശശികുമാർ പറയുന്ന ഒരു വാക്ക് ഞാൻ വീണ്ടും ആവർത്തിച്ചു കേൾക്കാറുണ്ട്... 

"ഇതിൽ (വയലിനിൽ) എന്തൊക്കെയോ ഇനിയും ബാക്കിയുണ്ട്. ആ അന്വേഷണത്തിൽ എനിക്ക് ഇനിയും സംതൃപ്തി വന്നിട്ടില്ല."

ആ നിഗൂഢ അനുഭൂതികളെ കണ്ടെത്താൻ തിരുവന്തപുരത്തെ ആരും അറിയപ്പെടാത്ത ഒരു മൂലയിൽ മരണം വരെ ആ സപര്യ അദ്ദേഹം തുടരുകയായിരുന്നു. അന്തരിച്ച പ്രശ്‌സ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അമ്മാവനും ഗുരുവുമായിരുന്നു ശശികുമാർ. എന്നാൽ ബാലുവിനെ അറിയുന്നവർ ഈ മഹാ പ്രതിഭയെപ്പറ്റി കേട്ടിട്ടുണ്ടോ എന്നു കൂടി സംശയമാണ്. 

കർണാടക സംഗീതവും അതിലെ ഉപകരണ സംഗീതവും അത്ര പൊതു സ്വീകാര്യതയില്ലാത്തതാകാൻ പലവിധ കാരണങ്ങൾ ഉണ്ടാകാം. എപ്പോഴോ അതിലുണ്ടായ ക്ലാസ്സ്‌ വിഭജനം ഉന്നതർക്കുള്ള ഒരു കലയായി അതിനെ മാറ്റിയിരിക്കാം.

വയലിൻ പാശ്ചാത്യ സംഭാവനയാണ്. അതിന് ഇന്നത്തെ രൂപത്തിൽ ക്ലാസ്സിക്കൽ സംഗീതത്തിൽ സ്ഥാനമുണ്ടാക്കി കൊടുത്ത മുൻ തലമുറയിലും പിൻ തലമുറയിലും പെട്ട പ്രധാന ദക്ഷിണേന്ത്യൻ സംഗീതജ്ഞരുടെ ഇടയിലാണ് ശശികുമാറിന്‍റെ സ്ഥാനം. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ  തുടങ്ങി ഈ നൂറ്റാണ്ടിലെ മഹാ സംഗീത പ്രതിഭകൾക്കൊപ്പവും വയലിൻ വായിക്കാൻ ശശികുമാറിനായി.

1949ൽ തിരുവല്ലയിലാണ് അദ്ദേഹം ജനിച്ചത്. അതും സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ. അച്ഛൻ തിരുവല്ല ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന പ്രശസ്ത സംഗീത കുടുംബത്തിലെ നാദസ്വര വിദ്വാൻ കൊച്ചു കുട്ടപ്പൻ, അമ്മ സരോജിനി. കുട്ടിക്കാലത്തു തന്നെ ലഭിച്ച ഈ സംഗീത പാരമ്പര്യം ശശികുമാറിന്‍റെ സംഗീത ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചു. 

പഠനകാലം മുഴുവൻ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ. അവിടെ നിന്നും ഗാനഭൂഷണവും ഗാനപ്രവീണയും.ചാലക്കുടി നാരായണ സ്വാമിയായിരുന്നു ശശികുമാറിന്‍റെ ഗുരു. പിന്നീട് 1971ൽ ആകാശവാണിയിൽ ചേർന്നത് മുതൽ സംഗീത ലോകത്തെ അതികായന്മാരുടെ ഇടയിലേക്ക് എത്തിപ്പെട്ട അദ്ദേഹത്തിന് പിന്നീട് തന്‍റെ മരണം വരെ സ്വന്തം ആഗ്രഹത്തിനനുസരിച് ജീവിക്കാൻ കഴിഞ്ഞു എന്നത് സാർത്ഥകമായ കാര്യമാണ്. 

B Sasikumar and Balabhaskar 1
B Sasikumar in concert with Balabhaskar, Photo. Balabhaskar/Facebook

പ്രതിഭകളുടെ ജീവിതം പല രീതിയിലാണ് ഒടുങ്ങുന്നത്. തന്‍റെ കലയിലൂടെ പൂർത്തീകരിച്ചു തീർക്കേണ്ട ഒന്നിനെ സാക്ഷാൽക്കരിക്കുക എന്നത് പൂർണതയിലേക്കുള്ള ഒന്നിന്‍റെ സ്ഥാപനമാണ്. ശശികുമാറിന്‍റെ ജീവിതം ലളിതമായി ആ ലക്ഷ്യത്തെ പൂർത്തീകരിച്ചു എന്നുറപ്പാണ്. കർണാടക സംഗീത രാഗങ്ങൾ അനുദിനം ആ മനുഷ്യന്‍റെ ജീവിതത്തെയും അദ്ദേഹം ജീവിച്ച നാലു ചുവരുകൾക്ക് ഉള്ളിലെ ലോകത്തെയും നിരന്തരം അനുഭൂതിയുടെ സങ്കീർണ്ണതകളെ പ്രകാശനം ചെയ്തിരിക്കാം. 

ഒരു സംഗീതജ്ഞൻ മരിക്കുമ്പോൾ അയാളിലൂടെ ഭൂമിയിൽ നിലനിന്ന എന്തോ സാമീപ്യം ഇല്ലാതാകുന്ന ഒരനുഭവമുണ്ടല്ലോ, അത് ജനകൂട്ടത്തിൽ പ്രതിഫലിച്ചു എന്നുവരില്ല. പക്ഷേ സംഗീത പാരമ്പര്യത്തിൽ ആ വിടവ് നിലനിൽക്കുക തന്നെ ചെയ്യും. കേരളമോ നമ്മുടെ സമൂഹമോ അദ്ദേഹത്തെ എന്നെങ്കിലും തിരിച്ചറിയാൻ ശ്രമിക്കുമെന്നോ എന്തെങ്കിലും വിധത്തിൽ ആദരിക്കുമെന്നോ പ്രതീക്ഷിക്കുന്നില്ല. പക്ഷേ കഴിഞ്ഞ ദശകങ്ങളിൽ ഈ മഹത്തായ സംഗീതം കൊണ്ട് കുറച്ചു മനുഷ്യരുടെ പട്ടിണി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന പ്രയോഗികതയെങ്കിലും നമ്മൾ ഉൾക്കൊള്ളണം. 

അത്രയും ലളിതമായി ജീവിക്കാനും പ്രകാശം പരത്താനും ലളിതമായി കടന്നു പോകാനും കഴിയുന്നവർ ഭാഗ്യവാന്മാർ. എന്തായാലും ബി ശശികുമാർ എന്ന നമ്മോടൊപ്പം ഇന്നലെ വരെയുണ്ടായിരുന്ന ആ പ്രതിഭ ഇനിയില്ല എന്ന സത്യം ഉൾക്കൊള്ളുമ്പോൾ തന്നെ അദ്ദേഹം അവശേഷിപ്പിച്ചു പോയ വയലിനിലെ അത്ഭുതങ്ങൾ പിന്നാലെ വരുന്ന തലമുറയിലെ സംഗീതജ്ഞരെ പ്രചോദിപ്പിക്കുമെന്ന് പ്രത്യാശിക്കാം.

Read Here

Musician

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: