ഒരു മഴ പെയ്തു തോര്‍ന്ന്, ഒന്നു ദീര്‍ഘനിശ്വാസം വിട്ടുണര്‍ന്ന ഏതോ നിമിഷത്തിലാണ്, ഒറ്റയൊറ്റ മഴത്തുള്ളികള്‍ ദേശാടനപ്പക്ഷികളായി വന്നു പോവുന്ന പുല്നാമ്പുകളുടെ തണുപ്പു പോലെ സന്തൂര്‍ ജീവിതം തൊട്ടത്.
കൗമാരമായിരുന്നു അത്. പാട്ടുവഴിയില്‍ പുതിയ ഈണങ്ങള്‍ക്കൊപ്പം പല വഴിക്കു വന്ന പുരാതന ഭംഗികളും പൗരാണിക സ്മൃതികളും വിഭ്രമിപ്പിച്ച കാലം. കേട്ട പാടെ, സന്തൂര്‍ ഉള്ളിലുറഞ്ഞു. ശതതന്ത്രികളുടെ മീട്ടലില്‍ കാതോരം മയങ്ങി. പിന്നിങ്ങോട്ട് പതിറ്റാണ്ടുകളായി സന്തൂറുമുണ്ട് ഉള്ളില്‍. അഭൗമമായ സ്വരഭംഗി, ധ്യാനമൗനത്തിനും അനന്തശബദ്ഘോഷങ്ങള്ക്കുമിടമുള്ള അത്ഭുതവാദ്യം. ഉള്ളിലെ കനലിനും കണ്ണീരിനും ഇടക്ക് ജീവശ്വാസം പോലുള്ള ശ്രുതി ഭാവം.
പ്രാക്തനമായ എന്തോ ചിലതുണ്ട് സ്വരങ്ങളില്‍. ആദിമമനുഷ്യന്റെ സ്വപ്നഭാരം. അവന്റെ സങ്കല്പ്പത്തിനു തൊടാനാവുന്നത്രയും കുറുകിയ ഭാവിയെക്കുറിച്ചുള്ള സങ്കല്‍പ്പം. സ്വരങ്ങള്‍ കടഞ്ഞ് അവന് മെനഞ്ഞെടുത്ത ഭാവനയുടെ ശില്‍പ്പം. അതാവണം സ്വരങ്ങളിങ്ങനെ കൂട്ടു ചേര്‍ന്നൊഴുകുന്നത്. മേഘങ്ങള്‍ തൊട്ടു തൊട്ടു പെയ്യും പോലെ, അടിപ്പച്ച കാണുന്ന തെളിനീരുറവയില്‍ വര്ണമത്സ്യങ്ങള് പുളയും പോലെ, മഞ്ഞും മഴയും ഒന്നിച്ചു വന്ന് ലോകത്തിന് മൂടുപടമിടും പോലെ. അതാവണം സ്വരങ്ങളിങ്ങനെ നിത്യം നിറഞ്ഞു തുളുമ്പുന്നത്. ഭാവനയുടെ ആകാശം പോലെ അനേകം ഷേഡുകളിലും ആഴങ്ങളിലും ഭാവങ്ങളിലും രാഗങ്ങളുടെ സഞ്ചാരം. കാലത്തിനും അപ്പുറം അവയങ്ങനെ മനോഹരവും ഏകാന്തവും ദു:ഖഭരിതവുമായി പ്രവഹിച്ചു കൊണ്ടേയിരിക്കും.
പണ്ഡിറ്റ് ശിവ് കുമാര്‍ ശര്‍മ്മ, സന്തൂറിന്റെ ശതതന്ത്രികളില്‍ അങ്ങ് തീർത്ത സംഗീതഭേദങ്ങളില് ശരത്കാലത്തിന്റെ പലായനവും മഞ്ഞിന്റെ നിശ്ചലതയും വസന്താഗമത്തിന്റെ ആനന്ദവുമെല്ലാം ഇങ്ങനെ കലങ്ങിയൊഴുകുന്നതെങ്ങനെയാണ്?
സങ്കടപ്പെയ്ത്തുകളുടെ ഘനനാദം
കശ്മീരിന്റെ മണ്ണില്‍ നിന്നു തന്നെ കേള്‍ക്കണം നൂറു തന്ത്രികള്‍ നിറയ്ക്കുന്ന അങ്ങയുടെ രാഗവിസ്മയം. മഞ്ഞു മൂടിയ ഈ ഉയരങ്ങളുടെ, ഇരുള് നിഴല്‍ വീണ മണ്ണിന്റെ, വെയില്‍പ്പൂക്കളുടെ, വെളിച്ചം കുടിച്ചു വീര്‍ത്ത തടാകങ്ങളുടെ, കുറുമ്പോടെയിളകുന്ന അരുവികളുടെ, പല നിറം ചാലിച്ച കിളികളുടെ, പച്ചയുടെ സപ്തവര്ണങ്ങള് ഉറയുന്ന കാടിന്റെ, മുന്നിലേക്ക് നോക്കുമ്പോള്‍ മഞ്ഞു മാത്രം കാണുന്ന സങ്കടപ്പെയ്ത്തുകളുടെ ഘനനാദമാണ് അങ്ങയുടെ സന്തൂര്‍.
നൂറു തന്ത്രികളുള്ള ശതതന്ത്രി വീണ. സൂഫിയാന സംഗീതത്തിന്റെ കൂട്ടുവാദ്യമാണത്. കാലം പാട്ടിന്റെ ഏതോ ഓരത്തേക്ക് മാറ്റിവെച്ച സംഗീതോപകരണം. അതിനെയാണ് പണ്ഡിറ്റ്ജി താങ്കള്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ഉമ്മറത്തേക്ക് കൊണ്ടു വന്നത്. അങ്ങയുടെ വിരല്‍ത്തുമ്പിലൂടെയാണ് സന്തൂറെന്ന ഈ വാദ്യം, കശ്മീരിന്റെ ഏകാന്തവീഥികളില്‍ നിന്നും ആദ്യം ഇന്ത്യയുടെയും പിന്നീട് ലോകത്തിന്റെയും ഹൃദയതന്ത്രികള്‍ മീട്ടിത്തുടങ്ങിയത്.
ചെസ്നട്ട് തടിയില്‍ തൊടുത്തുറപ്പിച്ച തന്ത്രികളില്‍ നിന്ന് സന്തൂര്‍, പഴയ സില്ക്കു റൂട്ട് പോലെ, സംഗീതത്തിന്റെ പ്രാചീനമായ ഏതൊക്കെയോ വഴികളിലൂടെയാണ് കശ്മീരിന്റെ വാദ്യമായി മാറിയത്. വീണ മുതല്‍ ഇറാനിയന്‍ സതൂര്‍ വരെ ഏതെല്ലാമോ മനോഹര തന്ത്രിവാദ്യങ്ങളുടെ ഉറ്റബന്ധുത്വം സന്തൂറിനുണ്ട്. മല മുകളിലെ ഏകാന്തവാസികളായ സൂഫികളുടെ ധ്യാനത്തിലും, വേനല്‍ക്കാലത്ത് മല കയറിപ്പോയ ആട്ടിടയന്മാരുടെ പാട്ടിലും തുടങ്ങി, ഗുഹാക്ഷേത്രങ്ങളിലെ ശൈവാരാധനയിലൂടെ വളര്‍ന്ന് ഇറാനിലേക്കും ഇറാഖിലേക്കും പിന്നെ തുര്‍ക്കിയിലേക്കും സഞ്ചരിച്ച ആദിമ വാണിജ്യ പാതകളിലെ സഞ്ചാരികള്‍ ദുര്‍ഘട മലമ്പാതകള്‍ താണ്ടുന്നതിനിടെ വിശ്രമിച്ചപ്പോള്‍, തീ കാഞ്ഞു പാടിയ പാട്ടുകളുടെ താളമേളങ്ങള്ക്കു ചുവടൊപ്പിച്ച്, നൂറ്റാണ്ടുകള്‍ നടന്നാണ് സന്തൂര്‍ ഇന്നത്തെ രൂപമെടുത്തത്.
കശ്മീരിലെ അനേകം ഖരാനകളിലെ സൂഫിയാന എന്ന മിസ്റ്റിക്ക് സ്വഭാവമുള്ള ശാസ്ത്രീയ സംഗീത വഴി-അത് പശ്ചിമേഷ്യയോളം നീളുന്നു-സന്തൂറിനെ കൂട്ടുവാദ്യമാക്കി ഒപ്പം ചേര്‍ത്തു. പിന്നീട് ഉമാദത്ത് ശര്‍മയുടെ മകന് വരേണ്ടി വന്നു, ഭഗീരഥനെപ്പോലെ മല മുകളിലെ അതിസുന്ദര സംഗീതധാരയെ ഭൂമിയിലേക്ക് ഒഴുക്കിയിറക്കാന്.
ആ സംഗീതത്തിന്റെ ആധുനിക ചരിത്രവും അതിമനോഹരമാണ്. ഹരിപ്രസാദ് ചൗരസ്യയും ശിവ്കുമാര്‍ ശര്‍മയും സക്കീര്‍ ഹുസൈനും കൂടി ലോകത്തെ ശ്വാസമടക്കി പിടിച്ചു നിറുത്തി. ദാല്‍തടാകത്തിലെ കുഞ്ഞോളങ്ങളുടെ നാദം. ചീനാര്‍ ഇലകളുടെ മര്‍മരം. ഹിമാലയന്‍ ബുള്‍ബുളിന്റെ താരാട്ടു പാട്ട്, ഗഗനചാരിയായ ഗിരിനിരയില്‍ മഞ്ഞു പെയ്യുന്ന ഓംകാരം, പായല്‍ പിടിച്ച ഗാഢവനപ്രദേശത്തെ വിശുദ്ധ ഖബറുകളില്‍ നിന്ന് വാനോളം ഉയരുന്ന പ്രാര്‍ഥന. ഇതെല്ലാം ശതതന്ത്രികളിലൂടെ നിറഞ്ഞു പരന്നൊഴുകി.
പണ്ഡിറ്റ് ജി, സത്യത്തില്‍ എന്തായിരുന്നു അങ്ങയുടെ മനസ്സിലെ ധ്യാന തീവ്രത? എവിടെയാണ് അതിന്റെ ഉറവകള്‍?
ഉച്ചവെയിലൊരു രാഗം
വല്ലാത്തൊരു മധ്യാഹ്നമായിരുന്നു അത്. തണുത്തും നീലിച്ചുമിരിക്കുന്ന കശ്മീരിന്റെ ഇരുട്ട് വാതില്ക്കല് എത്തി നോക്കി. അവിടെ ഉച്ച വെയില് ചായുന്ന നേരം ഒരു ജലച്ചായച്ചിത്രം പോലെ നിശ്ചലമാണ്. ഒരു മരപ്പാത്രത്തില്‍ ചെസ് നട്ടുകള്‍, മധുരം നിറഞ്ഞ കടും ചായ.
നിശ്ശബ്ദതയില്‍ ആണ്ടുമുങ്ങിയിരിക്കുകയായിരുന്നു ഞങ്ങള്‍. പറയാനേറെയുണ്ടെങ്കിലും, താഴ്വരയെക്കുറിച്ച് പഠിക്കുകയും നിരന്തരം എഴുതുകയും ചെയ്ത കൂട്ടുകാരി നഫീസ പതിവിലുമേറെ മൗനിയായിരുന്നു. തറയില്‍ നിവര്‍ത്തിയിട്ട നിസ്ക്കാരപ്പടത്തില് ഒതുങ്ങിയിരുന്ന് അവള് നടു ചായ്ക്കാന്‍ ഒരു കുഷ്യന് നീട്ടി.
മുറിയില്‍ പിന്നെയും മൗനമുറഞ്ഞു. ഞങ്ങള്‍ ഒന്നും മിണ്ടാതെ കണ്ണാടി ജനലിനപ്പുറം മായുന്ന വെയില് വിരലുകളെ നോക്കിയിരുന്നു. നഫീസയുടെ ടേപ്പ് റിക്കോഡറില്‍ ഭീംപലാസി വെയില് നാളങ്ങള്‍ പോലെ ചിതറി. സന്തൂറില്‍ കണ്‍തുറന്നിരിക്കുന്ന തന്ത്രികള്‍ പിടഞ്ഞുപിടഞ്ഞു തുളുമ്പി.
പണ്ഡിറ്റ് ശിവ് കുമാര്‍ ശര്‍മ, കശ്മീരിന്റെ ഉച്ചവെയിലിന്റെ ചൂടും തണുപ്പും വെളിച്ചവും നിഴലും എങ്ങിനെയാണിത്ര മാന്ത്രികമായി താങ്കള്‍ സ്വരങ്ങളിലേക്ക് ആവാഹിച്ചത്?
സായാഹ്നം, മറ്റൊരു രാഗം
ശ്രീനഗറിലെ ഒരു ദിനം വൈകുന്നേരത്തിന്റെ ഒരറ്റത്തു ചെന്നു നില്‍ക്കുകയാണ്. വിജനമായ നഗരപാത. വൈകുന്നേരത്തിന്റെ പിങ്ക് ആകാശത്തില്‍ കറുപ്പ് പടര്‍ന്നു. ഇരുവശത്തേയും തടി കൊണ്ടു നിര്‍മ്മിച്ച, മധ്യകാലസ്മൃതികള് പേറുന്ന കെട്ടിടങ്ങള്‍ മൗനം പുതച്ച് മറ്റെവിടെയോ നോക്കി കണ്ണകറ്റി.
ദൂരെ പതിഞ്ഞ ഒച്ചയില്‍ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടുന്നു. ആളുകളെല്ലാം ഭയത്തിന്റെ കൂടണഞ്ഞ് വിജനമായ ആ നീണ്ട പാതയുടെ അങ്ങേയറ്റത്ത്, ചുരുളന്‍ കമ്പിവേലികള്‍ അടച്ചു കളഞ്ഞ വഴിക്കപ്പുറം, ഏറെ ദൂരെ, പേടിച്ചരണ്ട കണ്ണുകളുമായി നില്‍ക്കുന്നത് പണ്ഡിറ്റ്ജിയുടെ കൂടപ്പിറപ്പുകളാവാം.
പ്രിയപ്പെട്ട പണ്ഡിറ്റ് ജി, ഭീതിദമായ ആ സന്ധ്യക്ക് ഹമീര്‍ രാഗത്തിന്റെ അനന്തമായ ആഴം പകര്‍ന്നത് അങ്ങയുടെ നാട് കടന്നു പോവുന്ന പിടച്ചിലും നിസ്സംഗതയുമാണോ?
അന്നു രാത്രി ഗസ്റ്റ് ഹൗസിന്റെ ചില്ലു വാതിലുകള്‍ നിറഞ്ഞ ബാല്‍ക്കണിയില്‍ നിന്നു നോക്കുമ്പോള്‍ പച്ച പുല്ലുകള്‍ നിറഞ്ഞ മൈതാനത്തിനുമപ്പുറം ഒരു വരി മരങ്ങള്‍ക്ക് പിന്നിലായി ഏതോ ഖബര്സ്ഥാന്. ആരൊക്കെയാവും അവിടെ ഉറങ്ങുന്നത്? പിടിച്ചു നിന്നവരും പൊരുതിയവരും തടഞ്ഞവരും മുറിവേറ്റ് വീണവരും ഒടുവില്‍ ഒരേ ആസാദിയുടെ അനന്തതയിലേക്ക് നടന്നു പോയിരിക്കുന്നു. വഴി വിളക്കിന്റെ ചിതറിയ വെളിച്ചം മരച്ചില്ലകളില്‍ വീണു കിടക്കുന്നു. തണുത്തൊരു കാറ്റ് മലയിറങ്ങി വന്നു പോയി.
നി… രീ… ഗാ… നി… രി… സാ…
ആരെയാണ് പണ്ഡിറ്റ് ജി താങ്കള്‍ രാഗ് യമനിലൂടെ ആവാഹിച്ച് വരുത്തുന്നത്? ഈ രാത്രിയുടെ തണുപ്പിലേക്ക്, കടന്നു പോയവരുടെ ഓര്‍മകളിലേക്ക്, ഒരിലയലയുടെ മര്‍മരം.
അതിന്നന്ത്യത്തില്, പറന്നകലുന്ന കാട്ടുകിളിയുടെ ചിറകൊച്ച, വെടിമരുന്നിന് മണം.
താഴ്വര താണ്ടി മുബൈയിലെത്തിയ ഈണങ്ങൾ
എത്ര അസ്വസ്ഥമായ രാത്രിയിലും അപരിചിതമായ കിടപ്പുമുറിയിലും സിനിമാ ഗാനങ്ങൾ നൽകുന്നൊരു ആശ്വാസത്തിന്റെ പുതപ്പുണ്ട്. ഹിന്ദി ഗാനങ്ങളുടെ ഒരു ശീൽ അങ്ങനെ കശ്മീർ താഴ് വര താണ്ടി മുബൈയിലെത്തി. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യക്ക് ഒപ്പം ഈണം ചേർത്തു ശിവ് കുമാർ ശർമ ശിവ്-ഹരിയായി. സന്തൂറിന്റെ നിർമലമായ സ്വരങ്ങൾ പഹാഡി പാട്ടുകളുടെ ഹൃദ്യതാളങ്ങളുമായി ഒഴുകി ചേർന്നപ്പോൾ ജ്ധലം നദി പോലൊരു ഗാന ശാഖ വന്നണഞ്ഞു.
‘സിൽസില’ മുതൽ ദർ വരെ എത്ര ചിത്രങ്ങൾ. പണ്ഡിറ്റ് ശിവകുമാർ ശർമയുടെ ആകാശം പോലെ വലിപ്പമുള്ള മനസിലേക്ക് ശ്രുതി ചേർത്ത പാട്ടുകൾക്ക് ശബ്ദം പകർന്നവർ ലത മുതൽ അമിതാഭ് വരെ…
എത്ര കേട്ടാലും പുതുമയുള്ള ആ പാട്ടുകൾ കേട്ട് രാജായിയുടെ ചൂടിൽ കണ്ണു പൂട്ടാം… വെടിയൊച്ചകളും സ്ഫോടനങ്ങളും വിറങ്ങലിപ്പിക്കാത്ത ഒരു രാത്രിയിലേക്ക്.
പുലരിയൊരു രാഗം
രാവിലെ തടാകം ഉണര്‍ന്നത് ആഹിര്ഭൈരവിലൂടെ. കാള്‍ ഒഫ് ദി വാലി. ഹരിപ്രസാദ് ചൗരസ്യയും പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മയും ബ്രിജ്ഭൂഷണ് കബ്രയും ഒരു മെയ്യായൊഴുകിയ ആല്‍ബം. ലോകമെമ്പാടും സംഗീതത്തെ സ്്നേഹിക്കുന്നവരെല്ലാം അതു കേട്ടപ്പോള്‍ ദാല്‍ തടാകത്തിന്റെ തണുപ്പിനിടയിലൂടെ സൂര്യനെക്കണ്ടു. താഴ്വര വിളിച്ചു, പോരൂ യാത്രികാ….
ഒരു താമര, പിന്നെ ഒരായിരം ചുവപ്പും പിങ്കും താമരകള്‍. അവ സൂര്യനെ നോക്കി പകുതി കണ്മിഴിച്ചു. കശ്മീര്‍ ഉണരുകയാണ്. കഹ്വ ചായയുടെ മധുരവും ഉപ്പും കുങ്കുമപ്പൂവും ചേര്‍ന്ന അപൂര്‍വ്വ രുചിയിലേക്ക്. അനേകം പൂ മണങ്ങളിലേക്ക്. മഞ്ഞു പുതപ്പിനിടെ തിളങ്ങുന്ന വെള്ളിക്കമ്മലുകളിലേക്ക്. കണ്ണീര്‍വറ്റിയ നീള്ക്കണ്ണുകളിലേക്ക്.
മറ്റൊരു ദിവസം കൂടി. ഉള്ളിനുള്ളില്‍ നിന്നുയരുന്ന ദീര്‍ഘനിശ്വാസത്തിന്റെ ചൂടും അതിനൊപ്പം ഉയരുന്ന ഓര്‍മ്മയുടെ അറ്റത്തെ കണ്ണീര്‍തുള്ളിയും ആഹിര്‍ഭൈരവ് പകര്‍ന്നു നല്കി. ഒരു പ്രഭാതത്തെ, മുന്നിലേക്ക് തെളിയുന്ന ജീവിതത്തെ, ദാലിലെ തുഴയുടെ താളത്തില്‍ ഇതിലും കൂടുതല്‍ ആര്‍ക്കും പറയാനാവില്ല.
എത്രവഴി തുഴഞ്ഞു കാണും പണ്ഡിറ്റ് ജി, അങ്ങിത് ഞങ്ങള്‍ക്കായി പകര്‍ന്നു നല്കാന്?
പത്തുമണിപ്പൂക്കളുടെ രാഗം
സ..രി..മ..പ..ദ..നി..സ.. ജാണ്പുരി. പത്തു മണിപ്പൂക്കളുടെ രാഗമാണിത്. ചുവപ്പ്, വെളുപ്പ്, മഞ്ഞ. തേജസ്സുറ്റ സൂര്യന്മാര്. ഇടയന്മാരെല്ലാം മല കയറിക്കഴിഞ്ഞു. കുറേപ്പേര് പാടത്തെയും മലഞ്ചെരുവിലെയും കൃഷിയിടങ്ങളിലേക്ക് പോയി. ചുറ്റും വെളിച്ചത്തിന്റെ നിശ്ചലമായ തൂവെളിച്ചം. ശൂന്യമായ കണ്ണുമായി അവനെക്കാത്തിരിക്കുന്നവളുടെ വേദന മുഴുവനുണ്ട് ഈ രാഗത്തില്‍. വരും, വരുമായിരിക്കും, മലകള്‍ താണ്ടി, പുഴ കടന്ന്, കണ്ണിലെ പൂവിരിയും ചിരിയുമായി വരുമായിരിക്കും. അതൊരിക്കലും മുറിവേറ്റു വീണ ശേഷമുള്ള, കൈകാലുകള്‍ പൊള്ളിയടര്‍ന്ന ശേഷമുള്ള മയ്യത്തു കട്ടിലിലെ വരവാകാതിരിക്കട്ടെ.
എത്രയെത്ര സങ്കടങ്ങളാണ് പണ്ഡിറ്റ് ജി ഈ സ്വരങ്ങള്‍ക്കിടയില്‍?
അന്നവും നിറങ്ങളും രാഗമാണിവിടെ
രുചി, മണം, അനുഭവം. അല്‍പ്പം സംഗീതം. അത് മുള്‍ത്താനി. ഒട്ടും പിടിച്ചുലക്കാതെ ശാന്തമായ ഒരുച്ച നേരത്തിന് പിന്നണിയായി രാഗ് മുള്‍ത്താനി. സ്നേഹമൂറുന്ന ഭക്ഷണത്തിനു പിറകിലെ ഏതോ ചില നിമിഷങ്ങളെ ഓര്‍മ്മിപ്പിക്കുമത്.
കശ്മീരിലെ മട്ടന്‍ ബിരിയാണിയ്ക്ക് മലബാറിന്റെ മണമുണ്ട്. മഞ്ഞു കാറ്റില്‍ കടല്ക്കാറ്റുകലരും പോലുള്ള വമ്പന്‍ കലര്‍പ്പ്. ബസ്മതി അരിയുടെ രുചിയിലേക്ക് മട്ടനൊപ്പം ഏലക്കയും പട്ടയും കശുവണ്ടിയും പിന്നെ തൈരും മഞ്ഞളും പുതിനയും മുളകും ഗരം മസാലയും പെരുംജീരകവും എല്ലാം ചേര്‍ന്ന് മഞ്ഞുരുകി വന്ന വെള്ളത്തില്‍ വേവിച്ച് ഒരു ബിരിയാണി. ഒപ്പം, ഒരു കടുംചായ നുണഞ്ഞ്, വഴിക്കപ്പുറത്തെ വന്മലയെ നോക്കി, നോക്കിയിരുന്നാണ് ഈ ബിരിയാണി കഴിക്കേണ്ടത്.
എത്ര രുചിമാറ്റങ്ങളായിരുന്നു അങ്ങേക്ക് കടന്നു പോകേണ്ടി വന്നത് പണ്ഡിറ്റ് ജി?
നിറങ്ങളുടെ രാഗമാണ് രാഗ് ശ്രീ.
ഈ വഴികളിലൂടെ മല മുകളിലേക്ക് കയറിപ്പോകുന്നത് സ്വര്‍ഗം തേടിയുള്ള യാത്ര പോലെയാണ്. ആകാശത്തോളം ഉയരെ, അറ്റം മഞ്ഞിലും മേഘങ്ങളിലും ഉരുമ്മി നില്ക്കുന്ന വന്പര്വത നിരകള്‍. പട്ടാള ട്രക്കുകളും ഇടക്ക് ചില വാഹനങ്ങളും മാത്രം. ഒരു കാറ്റിടയ്ക്ക് വീശിപ്പോകും. അങ്ങനെയൊരു യാത്രയില്‍ മലമടക്കുകളില്‍ സൂര്യന് ചായുന്നതു നോക്കി ഒരു ചെറുമരത്തിനു സമീപം ഇരിക്കുകയായിരുന്നു. മലകള്‍ക്കു പിറകെ പിന്നെയും മലകള്‍, അവസാനമില്ലാതെ. ഇളംനീല, കടുംനീല, വെള്ള, ബ്രൗണ്‍, ചില പച്ചകള്‍. ഇത്തരം പല നിറങ്ങളില്‍ പര്‍വ്വതശ്രേണികള്‍.
മലകള്‍ക്ക് അപ്പുറം സൂര്യന് ചായുമ്പോള്‍ ഒരു രാത്രിയും രണ്ടു പകലും അവസാനിക്കുകയാണെങ്കില്‍ വീണ്ടും മീട്ടുക, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ… ഒരായിരം പകലുകളുടെ സന്ധ്യകളുടെ രാവുകളുടെ പുലരികളുടെ ഭംഗി അങ്ങയുടെ വിരൽത്തുമ്പിലൂടെ പുനർജനിക്കട്ടെ… കശ്മീരിന്റെ, ഇന്ത്യയുടെ മുറിവുകൾ ഉണങ്ങട്ടെ…