scorecardresearch
Latest News

എന്നെ ഞാനാക്കിയ ബോംബെ: ബോംബെ ജയശ്രീ പറയുന്നു

ബോംബെയില്‍ തുടങ്ങി ചെന്നൈയില്‍ എത്തിയ സംഗീതജീവിതത്തെക്കുറിച്ച്, ഗുരുവായ ലാല്‍ഗുഡി ജി ജയരാമനെക്കുറിച്ച്, തന്റെ സംഗീത വഴികളെക്കുറിച്ച്, സംഗീതജ്ഞ ബോംബെ ജയശ്രീ സംസാരിക്കുന്നു

bombay jayashri
bombay jayashri ramanth

ജീവിക്കുന്ന നഗരവും ചുറ്റുപാടുകളും ഒരു കലാകാരനെ അല്ലെങ്കില്‍ കലാകാരിയെ എങ്ങനെ പരുവപ്പെടുത്തും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ബോംബെ ജയശ്രീ. ജനിച്ചു വളര്‍ന്ന നഗരത്തെ പേരിനൊപ്പം ചേര്‍ത്ത് പിടിച്ചു കൊണ്ട് നടക്കുന്ന കലാകാരി. അവര്‍ ബോംബെ വിട്ടിട്ടു വര്‍ഷങ്ങളായി, ബോംബെ മുംബൈയുമായി. എങ്കിലും ഉള്ളിലെ ബോംബെ പ്രഭ മങ്ങാതെ നില്‍ക്കുന്നുവെന്ന് ജയശ്രീ പറയുന്നു.

മഹാനഗരം പകര്‍ന്നു കൊടുത്ത ജനകീയതയുടെയും ‘Cosmopolitanism’ത്തിന്റെയും മൂല്യങ്ങളെക്കുറിച്ച്, ഹിന്ദി സിനിമാ ഗാനങ്ങള്‍ കേട്ട് വളര്‍ന്ന കാലത്തെക്കുറിച്ച്, ഇപ്പോഴത്തെ വീടായ മദ്രാസ്‌ തുറന്നു കൊടുത്ത സംഗീത വഴികളെക്കുറിച്ച്, തന്നെ പഠിപ്പിച്ച ഗുരുവിനെക്കുറിച്ച്  ബോംബെ ജയശ്രീ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു.

“അറുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെയുള്ള കാലഘട്ടത്തിലെ ഹിന്ദി സിനിമാ ഗാനങ്ങള്‍ കേട്ടും അവയെ അതിരറ്റു സ്നേഹിച്ചുമാണ് വളര്‍ന്നത്‌.  മുഹമ്മദ്‌ റാഫി, ലതാ മങ്കേഷ്ക്കര്‍, ആശാ ഭോസ്‌ലെ എന്നിവരെയൊക്കെ ഞാന്‍ എന്റെ ഗുരുക്കന്‍മാരായിത്തന്നെയാണ് കരുതുന്നത്.

ഞാന്‍ കേട്ട അവരുടെ ഗാനങ്ങളിലൂടെ അമൂല്യമായ പലതും പഠിച്ചിട്ടുള്ളതു കൊണ്ടാണങ്ങനെ.  സംഗീതത്തിന്റെ ‘beauty, aesthetics’ എന്നിവ അനുഭവിക്കാന്‍ ഇപ്പോഴും ഞാന്‍ ‘tune’ ചെയ്യുന്നത് ഇവരിലേയ്ക്ക് തന്നെയാണ്”, കുട്ടിക്കാലം മുതല്‍ അമ്മ സീതയുടെ ശിക്ഷണത്തില്‍ കര്‍ണാടക സംഗീതം അഭ്യസിച്ച ജയശ്രീ പറയുന്നു.  അതിനു ശേഷം ടി.ആര്‍.ബാലാമണി എന്ന സംഗീതാധ്യാപികയുടെ കീഴില്‍.  അവിടെ തുടങ്ങി കര്‍ണാടക സംഗീത ലോകത്ത് മൂന്ന് പതിറ്റാണ്ടുകള്‍.  ശുദ്ധ സംഗീതത്തിലും പരീക്ഷണങ്ങളിലും അവര്‍ ഒരു പോലെ വ്യാപൃതയായി.  മദ്രാസിലെ ഏറ്റവും മികച്ച സഭകള്‍ തുടങ്ങി ഓസ്കാര്‍ വേദി വരെ എത്തി.  പക്ഷേ ഇന്നും ഓര്‍മ്മപ്പെടുത്തലിന്റെ ഒരു ചെറു ‘nudge’ മതി, ജയശ്രീയെ ബോംബെയിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍.  അന്ന് കേട്ട ഗാനങ്ങളെക്കുറിച്ച്  അവരെ വാചാലയാക്കാന്‍.

Bombay Jayashri Ramnath
ബോംബെ ജയശ്രീ രാമനാഥ്. ചിത്രം: പി.സനത് കുമാര്‍

“അറുപതുകളിലേയും എഴുപതുകളിലേയും ഗാനങ്ങള്‍ ആണ് കൂടുതല്‍ ഇഷ്ടം.  എസ്.ഡി.ബര്‍മ്മന്‍, സലില്‍ ചൗധരി, മദന്‍ മോഹന്‍ എന്നിവരുടെ ഗാനങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്.  അതുപോലെ തന്നെ തമിഴില്‍ എം.എസ്.വിശ്വനാഥന്‍, ഇളയരാജ, മലയാളത്തില്‍ എം.എസ്.ബാബുരാജ്‌, ദേവരാജന്‍ മാസ്റ്റര്‍ എന്നിവരുടെ ഗാനങ്ങള്‍ വളരെ ഇഷ്ടമാണ്”.

ബോംബെയില്‍ ജീവിച്ചിട്ടും, ഹിന്ദി സിനിമാ ഗാനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിട്ടും, എന്ത് കൊണ്ടോ ജയശ്രീ എന്ന ഗായിക ബോളിവുഡിലേയ്ക്കല്ല എത്തിയത്, പകരം മദ്രാസിലേയ്ക്ക്, വിഖ്യാത സംഗീതഞ്ജന്‍ ലാല്‍ഗുഡി ജി.ജയരാമന്റെ അടുത്തേയ്ക്കാണ് എത്തിയത്.

“സിനിമയില്‍ പാടണം എന്ന് ബോംബയില്‍ ഉള്ള സമയത്ത് തോന്നിയിട്ടില്ല.  കേള്‍ക്കുന്നത് തന്നെ സന്തോഷമായിരുന്നു, പാടുന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല.  മാത്രമല്ല, നേരത്തേ പറഞ്ഞ പോലെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന അറുപതുകളിലേയും എഴുപതുകളിലേയും ഗാനങ്ങള്‍ പോലെയായിരുന്നില്ല ഞാന്‍ പാടി തുടങ്ങിയ കാലത്തെ (എണ്‍പതുകള്‍, തൊണ്ണൂറുകള്‍) ഗാനങ്ങള്‍.  ബോളിവുഡ് അതില്‍ നിന്നും തന്നെ മാറിപ്പോയിരുന്നു. പിന്നെ അവിടെ നിന്നും മദ്രാസിലേയ്ക്ക് ഞങ്ങള്‍ എത്തിയിരുന്നു അപ്പോഴേക്കും.  എന്റെ ഗുരുനാഥന്‍ ലാല്‍ഗുഡി ജയരാമന്റെ അടുക്കല്‍ നിന്ന് സംഗീതം പഠിച്ചും തുടങ്ങിയിരുന്നു”.

ജീവിതത്തിന്റെ ഏറ്റവും അര്‍ത്ഥവത്തായ ഒരു കാലത്തിന്റെ തുടക്കമായിരുന്നു ഗുരുവിനൊപ്പമുള്ള ആ ദിനങ്ങള്‍ എന്ന് ബോംബെ ജയശ്രീ ഓര്‍ക്കുന്നു.  ജീവിത അവസാനം വരെ അമൂല്യമായി സൂക്ഷിക്കേണ്ട പലതും പകര്‍ന്നു കിട്ടിയ സമയം.

“ബോംബെയില്‍ നിന്നും പറിച്ചു നടപ്പെട്ടപ്പോള്‍ അൽപ്പം സങ്കടമുണ്ടായിരുന്നു.  ബോംബെ പോലെയല്ല മദ്രാസ്‌.  രണ്ടു നഗരങ്ങളുടെ ‘vibe’കള്‍ തമ്മിലുള്ള അന്തരം സാരമായി ബാധിച്ചിരുന്നു.   പക്ഷേ ഇവിടെയെത്തിയപ്പോള്‍ സംഗീതം കുറേയും കൂടി അടുത്തു വന്നു.  കുറേയും കൂടി ‘accessible’ ആയി.  അത് ആഴത്തില്‍ പഠിക്കാനും അറിയാനും കഴിഞ്ഞു.  ധാരാളം പ്രഗല്‍ഭരുടെ സംഗീതം കേള്‍ക്കാനും നേരിട്ട് അനുഭവിക്കാനും സാധിച്ചു.  എല്ലാറ്റിനുമുപരി എന്റെ ഗുരുവും കുടുംബവും എന്നെ ദത്തെടുത്ത്, അവരുടെ കൂടെക്കൂട്ടി.  പിന്നെയങ്ങോട്ട് ‘music took care’ എന്ന് പറയാം”.

ലാല്‍ഗുഡിയുടെ കീഴിലുളള പഠനം തന്നെ വേറെയൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. അദ്ദേഹവുമൊത്ത് ചെലവഴിക്കാന്‍ സാധിച്ച ഓരോ ദിവസവും ഓരോ നിമിഷവും മറക്കാനാവാത്ത പാഠങ്ങളാണ് പകര്‍ന്നു തന്നതെന്ന് ജയശ്രീ പറയുന്നു.   വയലിന്‍ വാദനത്തില്‍ പ്രാവീണ്യമുള്ള അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് ഉപകരണ സംഗീതത്തില്‍ ആകൃഷ്ടയായിട്ടുണ്ടോ എപ്പോഴെങ്കിലും എന്ന ചോദ്യത്തിന് അവര്‍ ഇങ്ങനെ മറുപടി പറയുന്നു.

“അങ്ങനെ തോന്നിയിട്ടില്ല.  പാടണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ.  അദ്ദേഹത്തിന്റെ സംഗീതത്തിന്റെ സൗന്ദര്യവും മൂല്യവുമെല്ലാം ശബ്ദത്തിലൂടെ കൊണ്ട് വരാനാണ് എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളതും”.

സംഗീതമാണ് തന്റെ ലക്ഷ്യവും മാര്‍ഗ്ഗവും വിശ്വാസവും എന്ന് ഉറച്ചു വിശ്വസിക്കുന്ന ജയശ്രീ കര്‍ണാടക സംഗീതം മാത്രമല്ല, എല്ലാത്തരം സംഗീതത്തേയും ഒരു പോലെ സ്വീകരിക്കുന്നു എന്നും വെളിപ്പെടുത്തുന്നു.

“എല്ലാത്തരം സംഗീതവും ശബ്ദങ്ങളും ഇഷ്ടമാണ്.  ഓരോന്നിനും ഓരോ സൗന്ദര്യമാണ്.  അത് മനസ്സിലാക്കി ആസ്വദിക്കാറുമുണ്ട്.  ‘form’ ഒരിക്കലും ആസ്വാദനത്തിന് തടസമാകാറില്ല”.

സംഗീതജീവിതത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമായി എന്തിനെ വിശേഷിപ്പിക്കും എന്ന ചോദ്യത്തിന് അങ്ങനെ വെല്ലുവിളിയായിട്ടല്ല ചെയ്ത കാര്യങ്ങളെ കണ്ടിട്ടുള്ളത് എന്നും സന്തോഷത്തോടെയും സ്നേഹത്തോടെയും സമാധാനത്തോടെയുമാണ് ഇതുവരെ ചെയ്തതെല്ലാം ചെയ്തിട്ടുള്ളത് എന്നും ജയശ്രീ വിശദീകരിക്കുന്നു.

“സംഗീതത്തോട് അത്ഭുതം കലര്‍ന്ന ആരാധനയാണ് എനിക്ക്.  സംഗീതത്തെ ഞാന്‍ അതിരറ്റു സ്നേഹിക്കുന്നുമുണ്ട്.  അതുകൊണ്ട് ആ ഒഴുക്കില്‍, അതിന്റെ സൗന്ദര്യമാസ്വദിച്ചു കൊണ്ട് വെറുതെ ഒഴുകാനാണ്‌ ശ്രമിച്ചിട്ടുള്ളത്.  അതുകൊണ്ട് തന്നെ എന്റെ സംഗീതത്തിന് ഒരു പ്രത്യേക ശൈലി ഇല്ല എന്നും പറയേണ്ടി വരും”.

‘വസീഗരാ’, ‘നറുമുഗയേ’, മലയാളത്തില്‍ ‘പ്രണയസന്ധ്യ’ തുടങ്ങിയ പോപ്പുലര്‍ സിനിമാ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ബോംബെ ജയശ്രീ ചില സിനിമകള്‍ക്കും, ഹ്രസ്വ ചിത്രങ്ങള്‍ക്കും നൃത്തനാടകങ്ങള്‍ക്കുമൊക്കെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുമുണ്ട്.  അതിനെയെല്ലാം ‘വളരെ അര്‍ത്ഥവത്തായ അനുഭവങ്ങള്‍’ എന്നും ഓസ്കാര്‍ നോമിനേഷന്‍ വേളയില്‍ അമേരിക്കയിലെ കൊഡാക് തിയേറ്ററില്‍ എത്തിയ അനുഭവത്തെ ‘surreal’ എന്നും അവര്‍ വിശേഷിപ്പിക്കുന്നു.  ‘ലൈഫ് ഓഫ് പൈ’ എന്ന ചിത്രത്തിലെ ‘കണ്ണേ കണ്മണിയേ’ എന്ന് തുടങ്ങുന്ന താരാട്ട് പാട്ടിലൂടെയാണ് അവര്‍ ലോക സിനിമയിലെ തന്നെ പരമോന്നത പുരസ്കാരങ്ങളില്‍ ഒന്നായ ‘അക്കാദമി’ അവാര്‍ഡുകള്‍ക്കായി നോമിനേറ്റ് ചെയ്യപ്പെടുന്നത്.  മൈക്കേല്‍ ഡാന എന്ന സംഗീത സംവിധായകനൊപ്പം ബോംബെ ജയശ്രീയും ചേര്‍ന്നാണ് ഈ ഗാനത്തിന് ഈണം നല്‍കിയത്.

കേരളത്തില്‍ പാലക്കാട് വേരുകളുള്ള ബോംബെ ജയശ്രീ മലയാളത്തില്‍ എസ്.പി.വെങ്കിടേഷ്, ജോണ്‍സന്‍, എം.ജയചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സഹകരിച്ചിട്ടുണ്ട്.

“ഒരുപാട് അവധിക്കാലം കേരളത്തില്‍ ചെലവഴിക്കാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് ഞാന്‍.  കേരളത്തില്‍ ധാരാളം യാത്ര ചെയ്തിട്ടുമുണ്ട്.  ഇവിടെയുള്ള പ്രതിഭാധനരായ കലാകാരന്മാരുടെ കൂടെ ജോലി ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്.  സംവിധായകന്‍ ജയരാജിന്റെ ‘പൈതൃകം’, ‘കുടുംബസമേതം’ എന്നീ ചിത്രങ്ങളില്‍ ജോണ്‍സൺ മാസ്റ്റര്‍, എസ്.പി.വെങ്കിടേഷ് എന്നിവര്‍ക്കൊപ്പം, ശ്യാമപ്രസാദിന്റെ ‘ഒരേ കടലി’ല്‍ ഔസേപ്പച്ചന്‍, ഏറ്റവുമടുത്തായി വിനോദ് മങ്കരയുടെ ‘കാംബോജി’ എന്ന ചിത്രത്തിന് വേണ്ടി എം.ജയചന്ദ്രനോടൊപ്പം എന്നിങ്ങനെ”.

സംഗീതത്തിലെ വ്യത്യസ്ത പാതകള്‍ തിരഞ്ഞെടുക്കുമ്പോഴും ഈ സംഗീതജ്ഞ ഓര്‍ക്കുന്നത് ഗുരുവിന്‍റെ വാക്കുകള്‍ തന്നെയാണ്.

“അദ്ദേഹം ഇപ്പോഴും പറഞ്ഞിരുന്നു, ‘സംഗീതത്തിന് ഒരുപാട് വഴികള്‍ ഉണ്ട്, അതില്‍ ഏതു വേണമെങ്കിലും, എത്ര വേണമെങ്കിലും തിരഞ്ഞെടുക്കാം.  പക്ഷേ അതിനോട് നീതിപുലര്‍ത്താന്‍ സാധിക്കണം’ എന്ന്”.

ഇപ്പോഴും എല്ലാക്കാലത്തും ഒരു സംഗീത വിദ്യാര്‍ഥിയാണ് എന്ന് പറയുമ്പോഴും ഒരു പറ്റം ശിഷ്യരെ സംഗീതം അഭ്യസിപ്പിക്കുന്നുമുണ്ട് ബോംബെ ജയശ്രീ.  തിരക്കുകള്‍ക്കിടയില്‍ ഇതിനു വേണ്ടി സമയം കണ്ടെത്തുന്നതിനെ കുറിച്ച് ജയശ്രീ ഇങ്ങനെ പറയുന്നു

“ഇപ്പോഴും പഠിക്കുകയും പഠിച്ച കാര്യങ്ങള്‍ തന്നെ വീണ്ടും പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍.  അതുകൊണ്ട് തന്നെ പഠനം, അതിന്റെ പകര്‍ന്നു കൊടുക്കല്‍ എന്നിവ കലാസപര്യയില്‍ പ്രധാനപ്പെട്ടതാണ് എന്ന് കരുതുന്നു.  പഠനത്തിന്റെ, അറിയലിന്റെ സന്തോഷം നിരന്തരം അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് എന്റെ അടുക്കല്‍ പഠിക്കാന്‍ വരുന്നവരും ആ സന്തോഷത്തെ അറിയാനും മനസ്സിലാക്കാനും പഠിക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു”.

വലിയ മത്സരങ്ങളുടെ ഈ കാലത്ത് പ്രതിഭയ്ക്കൊപ്പം തന്നെ ഒരു സംഗീതകാരന്, കഠിനാധ്വാനവും കലയോടുള്ള ആത്മാര്‍ഥതയും വേണം എന്നും അവര്‍ വിശസിക്കുന്നു.

ബോംബെ ജയശ്രീയുടെ ഇപ്പോഴത്തെ മനോനിലയെ പ്രതിഫലിപ്പിക്കുന്ന ഒരു ഗാനമുണ്ടെങ്കില്‍ അതെന്തായിരിക്കും എന്ന ചോദ്യത്തിന് ‘ലാല്‍ഗുഡി ജി ജയരാമന്‍ എന്ന അവരുടെ ഗുരു കമ്പോസ് ചെയ്ത ‘കന്ദന്‍ സെയല്‍ അൻട്രോ’ എന്ന ഗാനമാണ് അവര്‍ തിരഞ്ഞെടുത്തത്.

“നാട്ടക്കുറിഞ്ചി രാഗത്തിലുള്ള ഒരു ഗാനമാണത്.  അനുപല്ലവിയിലെ വരികള്‍ ഇങ്ങനെയാണ്,’ വന്ദ വാഴ്‌വും, വളര്‍ പുകഴും, സുന്ദര രൂപന്‍ സുകുമാരന്‍ സെയല്‍, കന്ദന്‍ സെയല്‍’.  (ഇത് വരെയുള്ള ജീവിതവും, പ്രശസ്തിയുമെല്ലാം, സുന്ദര രൂപനായ ഈശ്വരന്റെ ചെയ്തികളാണ്.  എനിക്കുള്ളതെല്ലാം നിന്റെ അങ്ങയുടെ അനുഗ്രഹമാണ്, കുമരാ).”

ഇഷ്ടരാഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സഹാന എന്ന് ഉടനടി മറുപടി വന്നു.

“സഹാനയെ ഒരു രാഗമെന്നതില്‍ ഉപരി ഒരു ഭാഷയെന്ന് വിശേഷിപ്പിക്കാം.  ആ രാഗത്തിന്റെ സംവേദന ശേഷി എനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്.  സഹാന രാഗം എന്നോട് സംസാരിക്കും, എനിക്ക് സഹാനയിലൂടെ സംസാരിക്കാനും സാധിക്കും.”

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Interview singer bombay jayashri ramnath