/indian-express-malayalam/media/media_files/uploads/2023/05/Naga-Chaitanya-Samantha-Ruth-Prabhu.jpg)
Naga Chaitanya & Samantha Ruth Prabhu
നാഗചൈതന്യയുടെ പുതിയ ചിത്രം 'കസ്റ്റഡി' റിലീസിനൊരുങ്ങുകയാണ്. പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിനിടയിൽ മുൻഭാര്യ സാമന്ത റൂത്ത് പ്രഭുവിനെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സാമന്തയുടെ മികച്ച ഗുണമായി തോന്നിയത് എന്താണെന്ന ചോദ്യത്തിനാണ് നാഗചൈതന്യ ഉത്തരമേകിയത്.
“സാമന്ത ഒരു ഗോ-ഗെറ്ററാണ്, കഠിനാധ്വാനി. അവളുടെ ദൃഢനിശ്ചയം അതിശയകരമാണ്. അവൾക്ക് എന്തെങ്കിലും വേണമെങ്കിൽ, അവൾ അത് നേടിയെടുക്കും, ”എന്നായിരുന്നു നാഗചൈതന്യ മറുപടി നൽകിയത്. സാമന്തയുടെ സമീപകാലത്തിറങ്ങിയ ഓ ബേബി, ദി ഫാമിലി മാൻ സീസൺ 2 തുടങ്ങിയ പ്രൊജക്റ്റുകൾ തനിക്കേറെയിഷ്ടപ്പെട്ടുവെന്നും അഭിമുഖത്തിനിടെ നാഗചൈതന്യ പറഞ്ഞു.
അതേ സംഭാഷണത്തിൽ, വിവാഹത്തോടെ വ്യക്തിപരമായ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നിർഭാഗ്യകരമാണെന്നും എന്നാൽ ജീവിതത്തിന്റെ ആ ഘട്ടത്തോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. വാർത്താ റിപ്പോർട്ടുകൾ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സൃഷ്ടിച്ച് പൊതുസമൂഹത്തിനു മുന്നിൽ നിന്നും ആ ബഹുമാനം ഇല്ലാതാക്കുകയാണെന്നും നാഗചൈതന്യ വിമർശിച്ചു. "എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് അത്തരം വാർത്തകൾ. പരസ്പര സമ്മതത്തോടെ കോടതി ഞങ്ങൾക്ക് വിവാഹമോചനം നൽകിയിട്ട് ഏകദേശം ഒരു വർഷമായി. തലക്കെട്ടുകൾക്ക് വേണ്ടി മാത്രം ഈ വിഷയം വലിച്ചിഴച്ച്, മൂന്നാമതൊരാളെയും മറ്റ് പേരുകളെയും അവരുടെ കുടുംബത്തെയുമെല്ലാം ഇതിലേക്ക് വലിച്ചിഴച്ച് ഊഹങ്ങൾ പരത്തുന്നു, ഒരു കാരണവുമില്ലാതെ ഒരു തെറ്റും ചെയ്യാത്ത മൂന്നാം കക്ഷിയെ ഇതിലേക്ക് വലിച്ചിഴക്കുന്നു. എനിക്കതിൽ അൽപ്പം വിഷമം തോന്നി. ഇതോടെയെങ്കിലും ആ ഊഹാപോഹങ്ങൾ അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
2017ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. 2021 ൽ ഇരുവരും പരസ്പരം വേർപിരിഞ്ഞതായി സംയുക്ത പ്രസ്താവന നടത്തി. കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സാമന്ത, മുൻ ദമ്പതികൾ തമ്മിലുള്ള സാഹചര്യം സൗഹാർദ്ദപരമല്ലെന്നും എന്നാൽ ഭാവിയിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്നും പറഞ്ഞു. “ഞങ്ങളെ രണ്ടുപേരെയും ഒരു മുറിയിൽ ഇരുത്തിയാൽ, മൂർച്ചയുള്ള വസ്തുക്കൾ മറച്ചുവയ്ക്കണം, ഇപ്പോൾ അതാണ് അവസ്ഥ," എന്നായിരുന്നു സാമന്ത പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.