നാഗചൈതന്യയുടെ പുതിയ ചിത്രം ‘കസ്റ്റഡി’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനിടെ യൂട്യൂബർ ഇർഫാന്റെ ഷോയിലും നാഗ ചൈതന്യ അതിഥിയായി എത്തിയിരുന്നു. അഭിമുഖത്തിനിടെ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് നാഗചൈതന്യ പറഞ്ഞ ഏതാനും കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. തന്റെ പ്രണയബന്ധങ്ങളെ കുറിച്ചും ചില പരാമർശങ്ങൾ താരം നടത്തി.
നാഗ ചൈതന്യയുമായി സംസാരത്തിനിടയിൽ, ഇർഫാൻ തന്റെ മുൻ കാമുകിമാരിൽ ഒരാളെ കുറിച്ച് സംസാരിക്കുന്നു. ഇരുവർക്കുമിടയിൽ കാര്യങ്ങൾ ശരിയാവുന്നില്ലെന്ന് കണ്ട് നല്ല സുഹൃത്തുക്കളായി വേർപിരിയാമെന്ന് അവൾ നിർദ്ദേശിച്ചുവെന്നാണ് ഇർഫാൻ പറയുന്നത്. ഇതിനിടയിലാണ് ഇർഫാന്റെ സംസാരത്തെ തടസ്സപ്പെടുത്തി നാഗചൈതന്യ തന്റെ കാഴ്ചപ്പാട് വിശദീകരിച്ചത്. ഇത്തരത്തിലുള്ള സമീപനം തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നാണ് നാഗചൈതന്യ പറയുന്നത്. “നമുക്ക് നല്ല സുഹൃത്തുക്കളാകാം. ആ ഭാഗമാണ് എന്നെ ഏറ്റവും കൂടുതൽ പ്രകോപിപ്പിക്കുന്നത്. ഞാൻ സൗഹൃദം ആവശ്യപ്പെട്ടിട്ടില്ല.”
“എനിക്ക് ഒരു പശ്ചാത്താപവുമില്ല. എല്ലാം ഒരു പാഠമാണ്. ഞാൻ പഠിച്ച അനുഭവങ്ങളായിട്ടാണ് ഞാൻ അവയെ കാണുന്നത്. ഞാൻ ചെയ്തതിൽ ഖേദിക്കുന്ന 2-3 സിനിമകളുണ്ട്, പക്ഷേ ആവർത്തിക്കാൻ പാടില്ലാത്ത തരത്തിലുള്ള ജോലിയായാണ് അവയെ വീണ്ടും കാണുന്നത്,” എന്നും അഭിമുഖത്തിനിടയിൽ നാഗ ചൈതന്യ പറഞ്ഞു.
നാഗാർജുനയുടെ മകനും തെലുങ്ക് താരവുമായ നാഗ ചൈതന്യ സാമന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞതിനു ശേഷം നടി ശോഭിത ധൂലിപാലയുമായി ഡേറ്റിംഗിലാണ്. കഴിഞ്ഞ ആറുമാസമായി ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇരുവരും ഇതുവരെ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. കുറച്ചുനാളുകൾക്കു മുൻപ്, ഒരു റെസ്റ്റോറന്റിൽ നിന്നുള്ള ഇരുവരുടെയും ചിത്രം വൈറലായിരുന്നു. ശോഭിത ക്യാമറയിൽ നിന്ന് മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും നാഗ ചൈതന്യ ഒരു ഷെഫിനൊപ്പം പോസ് ചെയ്യുന്നതും ചിത്രത്തിൽ കാണാം.
നാഗചൈതന്യ നായകനായെത്തിയ ഏജന്റിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിലായാണ് പുറത്തിറങ്ങിയത്. കസ്റ്റഡിയ്ക്ക് മുൻപ് ആമിർ ഖാനൊപ്പം ലാൽ സിംഗ് ഛദ്ദയെന്ന ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും നാഗ ചൈതന്യ അഭിനയിച്ചിരുന്നു.