ജീവിതത്തിൽ ദുരിതങ്ങൾ ഉണ്ടാകുമ്പോഴും അതെല്ലാം വളരെ ധൈര്യത്തോടെ നേരിട്ട താരമാണ് സാമന്ത റുത്ത് പ്രഭു. താരത്തിന്റെ 36-ാം പിറന്നാൾ ദിവസമാണ് നാളെ. തന്റെ ജീവിതത്തെ വർണിക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സാമന്ത.
പതിനാറാം വയസ്സിൽ പകർത്തിയ ചിത്രവും അതിൽ ഉൾപ്പെടുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് എഫക്റ്റിൽ പങ്കുവച്ച ചിത്രത്തിനു താഴെ “എനിക്ക് 16 വയസ്സായിരുന്നപ്പോൾ” എന്നാണ് താരം കുറിച്ചത്.
സാമന്ത ഏറെ സ്നേഹിക്കുന്ന തന്റെ അരുമകളായ ഹഷ്, സാഷ എന്ന പട്ടികുട്ടികളുടെ ചിത്രവും പോസ്റ്റിലുണ്ട്. ഓക്സിജൻ മാസ്ക്ക് വച്ചിരിക്കുന്ന ഒരു ചിത്രവും സാമന്ത പങ്കുവച്ചിരിക്കുകയാണ്. ഇതിന്റെ വിശദീകരണമായി ഒരു സ്ക്രീൻഷോർട്ടും ഷെയർ ചെയ്തു. ഹൈപ്പർബാറിക്ക് തെറാപ്പി ചെയ്യുകയാണ് സാമന്ത. കുറച്ചധികം നാളുകൾക്ക് മുൻപാണ് തനിക്ക് മയോസൈറ്റിസ് രോഗാവസ്ഥയാണെന്ന് സാമന്ത വെളിപ്പെടുത്തിയത്.
കുതിര സവാരി, പരസ്യ ചിത്രത്തിനായുള്ള ഷൂട്ടിന്റെ ചെറിയ ഭാഗങ്ങൾ, ഭക്ഷണം, വർക്കൗട്ട് ചിത്രങ്ങൾ എന്നിവയും പങ്കുവച്ചിട്ടുണ്ട്. ഇതിനോടൊപ്പം രബീന്ദ്രനാഥ് ടാഗോറിന്റെ വാക്കുകളും താരം ഷെയർ ചെയ്‌തു. “ഒരിക്കലും അതിന്റെ തണലിലിരിക്കില്ലെന്ന് അറിഞ്ഞിട്ടും മരം വച്ചു പിടിപ്പിക്കുന്നവനാണ് യഥാർത്ഥമായി ജീവിതത്തെ മനസ്സിലാക്കിയ വ്യക്തി.”
‘ഞാൻ ഇതെല്ലാം എങ്ങനെ നോക്കി കാണുന്നു’ എന്നാണ് ചിത്രങ്ങൾക്ക് സാമന്ത നൽകിയ അടികുറിപ്പ്. നിങ്ങൾ മാനസികമായി വളരെ കരുത്തുള്ളവരാണ്, ശക്തയായി തിരിച്ചുവരൂ സാം എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ‘ശാകുന്തളം’ ആണ് സാമന്തയുടെ അവസാനം റിലീസിനെത്തിയ ചിത്രം. ഗുണശേഖറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.