/indian-express-malayalam/media/media_files/uploads/2018/10/MT-Vasudevan-Nair-Mohanal-Randamoozham-Shrikumar-Menon.jpg)
MT Vasudevan Nair Mohanal Randamoozham Shrikumar Menon
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന മോഹന്‍ലാല്‍ ചിത്രം വൈകുന്നതിനെത്തുടര്‍ന്ന് എംടി നല്‍കിയ ഹർജി പരിഗണിക്കുന്നത് കോടതി ഡിസംബർ ഏഴിലേക്ക് മാറ്റി. രണ്ടാമൂഴവുമായി ബന്ധപ്പെട്ട കേസിൽ മധ്യസ്ഥനെ വേണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, ഇരുകക്ഷികളും ആവശ്യപ്പെട്ടാൽ ഹർജി നേരത്തെ പരിഗണിച്ചേക്കും. ചിത്രത്തിന്റെ തിരക്കഥ തിരിച്ചു വേണമെന്നാവശ്യപ്പെട്ടാണ് എംടി കോടതിയെ സമീപിച്ചത്.
മഹാഭാരതത്തിലെ ഭീമസേനനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള കഥയുടേയും അതിനെ ആസ്പദമാക്കി എംടി തന്നെ രചിച്ചിട്ടുള്ള തിരക്കഥയുടേയും സിനിമാ പകര്‍പ്പവകാശം പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് നല്‍കിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതില്‍ അകാരണമായ താമസം നേരിടുന്നതിനെച്ചൊല്ലി എംടി ആ കരാറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ശ്രീകുമാര്‍ മേനോന്‍ എംടിയുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോടുള്ള എംടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട ശ്രീകുമാര്‍ ഏതാണ്ട് ഇരുപതു മിനിറ്റോളം സംസാരിച്ചു അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എംടി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ 'രണ്ടാമൂഴ'ത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത് വന്നത്. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്മാറാൻ തീരുമാനിച്ചതെന്ന് എംടി അറിയിച്ചു. കോഴിക്കോട് മുൻസിഫ് കോടതിയിൽ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കി. അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
Read More: രണ്ടാമൂഴത്തില്‍ നിന്നും എം ടി പിന്‍മാറുന്നു; തിരക്കഥ തിരിച്ചു വാങ്ങും
ഇതേ തുടര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ വിശദീകരണവുമായി എത്തി.
"എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാത്തത് എന്റെ വീഴ്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം 'രണ്ടാമൂഴം' സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച് തരുമ്പോഴും ഞാന്‍ ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്", എന്ന് തുടങ്ങുന്ന കുറിപ്പില്‍ ശ്രീകുമാര്‍ പിന്നീട് ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു.
"ഒരുപാട് രാജ്യാന്തര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശിച്ചിരുന്നു. മുന്‍പ് സ്ഥിരമായി എംടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജക്ടിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ 'ഒടിയ'ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും".
ഇതിന്‍ പ്രകാരമാണ് ശ്രീകുമാര്‍ മേനോന്‍ കോഴിക്കോട് എംടിയെ കാണാന്‍ എത്തിയത്. സിനിമയുടെ ഇതുവരെയുള്ള പുരോഗതിയില്‍ അസംതൃപ്തനായ എംടി പക്ഷേ അയഞ്ഞില്ല. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് എംടി സംവിധായകന് നേരത്തെ അയച്ച വക്കീല്‍ നോട്ടീസ് അവഗണിച്ചതും എംടിയെ നീരസത്തിലാക്കി എന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More: ഇത് കരാര്‍ ലംഘനം; മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാം: എംടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.