രണ്ടാമൂഴത്തില്‍ നിന്നും പിന്മാറുന്നത് സംവിധായകനുമായി വഴക്കിട്ടിട്ടല്ല, മറിച്ച് അദ്ദേഹം കരാര്‍ ലംഘനം നടത്തിയതുകൊണ്ടാണെന്ന് എം.ടി.വാസുദേവന്‍ നായര്‍. മൂന്നുവര്‍ഷം കൊണ്ട് സിനിമ തുടങ്ങുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇപ്പോൾ നാലുവര്‍ഷമായെന്ന് എംടി പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു എംടിയുടെ പ്രതികരണം. സിനിമയാക്കാന്‍ ആഗ്രഹിച്ച് മറ്റാരെങ്കിലും സമീപിക്കുകയാണെങ്കില്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും എംടി പറഞ്ഞു.
Read More:’രണ്ടാമൂഴം നടക്കും!’; എംടിയെ നേരില്‍ കണ്ട് ക്ഷമ ചോദിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍
ചിത്രത്തിനായി നല്‍കിയ തിരക്കഥ തിരിച്ചുവാങ്ങുമെന്ന് എംടി അറിയിച്ചിരുന്നു. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പിന്മാറാന്‍ തീരുമാനിച്ചത്. സിനിമയുമായി ഇനി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്.
കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തിരക്കഥയ്ക്കായി മുന്‍കൂര്‍ വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും, എന്നാല്‍ താന്‍ കാണിക്കുന്ന ആവേശം സിനിമ ചെയ്യുന്നവര്‍ക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ പരാതി. തിരക്കഥ കിട്ടുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ തുക മടക്കി നല്‍കാനാണ് തീരുമാനം.
ഇതിനു പുറകേ മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരുന്നു. ചിത്രം നടക്കുമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
“എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാത്തത് എന്റെ വീഴ്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച് തരുമ്പോഴും ഞാന്‍ ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്,” എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.