/indian-express-malayalam/media/media_files/uploads/2019/04/Mohanlal-1.jpg)
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമായ 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യുടെ ലൊക്കേഷന്‍ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ ചിത്രത്തിന് 40,000 ല്‍ പരം ലൈക്ക് സ്വന്തമാക്കാനായിട്ടുണ്ട്.
Read More: നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന് മോഹൻലാൽ പറഞ്ഞു: രാധിക ശരത്കുമാർ
മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറിനേയും ചിത്രത്തില്‍ കാണാം. 1985 ല്‍ പുറത്തിറങ്ങിയ 'കൂടുംതേടി' എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും 'വാചാലമെന്‍ മൗനവും' എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ നിന്നും ലഭിക്കുന്ന സൂചന പ്രകാരം പള്ളിയിലെ രംഗം ഷൂട്ട് ചെയ്യുന്നതിനിടിയുള്ള ഫോട്ടോയാണിത്.
'ഒടിയന്‍, 'ലൂസിഫര്‍', 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'വെള്ളിമൂങ്ങ', 'ചാര്‍ലി' തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് 'ഇട്ടിമാണി'.
Also Read: മോഹൻലാൽ 'ഇട്ടിമാണി'യാവുന്നു
കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത 'കനലി'നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് 'ഇട്ടിമാണി'യില്‍.
അതേസമയം, മോഹന്‍ലാല്‍ സംവിധായകാനായി മാറുന്ന ബറോസ്സ് എന്ന ത്രിഡി ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വാസ്‌കോ ഡഗാമയുടെ നിധി ശേഖരത്തിന്റെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.