ആശിർവാദ് സിനിമാസിന്റെ പുതിയ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചീന’യിൽ മോഹൻലാൽ ഇട്ടിമാണിയാവുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ വൈകിട്ട് മോഹൻലാൽ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ റീലീസ് ചെയ്തു.
നവാഗതരായ ജിബിയും ജോജുവുമാണ് സംവിധായകർ. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘വെള്ളിമൂങ്ങ’, ‘ചാർലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവർത്തിച്ചവരാണ് ജിബിയും ജോജുവും.
‘ഒടിയനും’ ‘ലൂസിഫറി’നും ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചീന’. ആശിർവാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ് ‘ഇട്ടിമാണി’.
ഉണ്ണിക്കുടവയറുമായി ചിരിയോടെ നിൽക്കുന്ന ലാഫിംഗ് ബുദ്ധയാണ് പോസ്റ്ററിൽ നിറയുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. എങ്കിലും കൗതുകമുണർത്തുന്ന പോസ്റ്റർ ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
‘ലൂസിഫറി’ന്റെ ജോലികൾ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മോഹൻലാൽ ‘ഇട്ടിമാണി’യിൽ ജോയിൻ ചെയ്യുക. മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന രണ്ടു മോഹന്‍ലാല്‍ ചിത്രങ്ങളാണ് വി.എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ‘ഒടിയനും’ നടന് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫറും’. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം എന്ന ഖ്യാതിയോടെയാണ് ഒടിയന് എത്തുന്നതെങ്കില്‍, മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടു തന്നെയാണ് ലൂസിഫറിന്റെ മുഖ്യ ആകര്‍ഷണം.
‘ലൂസിഫറി’ന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ സ്റ്റീഫൻ നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവർത്തകന്റെ വേഷമാണ് ലാലിന്.
സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, മഞ്ജുവാര്യർ, സായികുമാർ, സംവിധായകൻ ഫാസിൽ, സുനിൽ സുഗത, സാനിയ ഇയ്യപ്പൻ, താര കല്യാൺ, മാലാ പാർവ്വതി എന്നിവരും ചിത്രത്തിലുണ്ട്. ബാംഗ്ലൂർ, മുംബൈ, എറണാകുളം, മൂന്നാർ, തിരുവനന്തപുരം തുടങ്ങിയവയാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.സുജിത്ത് വാസുദേവാണ് ഛായാഗ്രാഹകൻ. ദീപക് ദേവാണ് സംഗീതസംവിധായകൻ.
ഒന്നര വര്‍ഷം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷം ഒടിയനും ഡിസംബര്‍ 14ന് തീയറ്ററുകളില്‍ എത്തുകയാണ്. ശ്രീകുമാർ മേനോൻ സംവിധായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയ അവാർഡ് ജേതാവും മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണനാണ്. വി എഫ് എക്സിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ഒരു ഫാന്റസി ത്രില്ലറാണ് ‘ഒടിയൻ’. മഞ്ജു വാരിയർ, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, കൈലാഷ്, ശ്രീജയ, സന അൽത്താഫ്, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് ‘ഒടിയന്’ റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിന് മൂന്ന് മാസം മുന്‍പ് തന്നെ മുക്കം പിസി ടാക്കീസ് എന്ന തിയേറ്ററില്‍ ‘ഒടിയന്’ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയ സിനിമാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
Read More: ഒടിയന് വേണ്ടി അക്ഷമരായി ആരാധകര്‍
പാലക്കാട്, തസറാക്ക്, ഉദുമല്പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടു കാലത്തെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയ’ന് മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല.