/indian-express-malayalam/media/media_files/uploads/2019/08/mohanlal-linu.jpg)
രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിന്റെ അമ്മയ്ക്ക് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ എഴുതിയ കത്ത് ആരുടെയും ഹൃദയം സ്പർശിക്കും.
" ആ മകൻ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസ്സും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ," ലിനുവിന്റെ അമ്മയ്ക്ക് എഴുതിയ കത്തിൽ മോഹൻലാൽ കുറിച്ചു.
കത്തിന്റെ പൂർണരൂപം
പ്രിയപ്പെട്ട അമ്മയ്ക്ക്,
അമ്മ ക്യാമ്പിലായിരുന്നു എന്ന് അറിയാം. ക്യാമ്പിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകൻ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാൾക്കു വേണ്ടി ജീവിക്കാൻ വലിയ മനസ്സു വേണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസ്സും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ. ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടുപോയത്. വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. ഇതുപോലെ ഒരു മകനെ സമൂഹത്തിന് നൽകിയതിനു മറ്റൊരു മകൻ എഴുതുന്ന സ്നേഹവാക്കുകൾ ആയി ഇതിനെ കരുതണം.
സ്നേഹത്തോടെ,
പ്രാർത്ഥനയോടെ
അമ്മയുടെ മോഹൻലാൽ
ലിനുവിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകാനും മോഹൻലാൽ ചെയർമാനായിട്ടുളള വിശ്വശാന്തി ഫൗണ്ടേഷൻ തീരുമാനിച്ചു. ഫൗണ്ടേഷൻ പ്രതിനിധിയായെത്തിയ മേജർ രവിയാണ് ഇക്കാര്യം ലിനുവിന്റെ വീട്ടുകാരെ അറിയിച്ചത്. ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജർ രവി ചെറുവണ്ണൂരിലെ ലിനുവിന്റെ വീട് സന്ദർശിച്ചത്. ലിനുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മേജർ രവി ലിനുവിന്റെ കട ബാധ്യതകൾ തീർക്കാനുളള സഹായം വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് അറിയിച്ചു. അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും ലിനുവിന്റെ അമ്മയ്ക്ക് കൈമാറി.
Read Also: ‘ഒപ്പമുണ്ട്, തളരരുത്’; പുഷ്പലതയോട് മമ്മൂട്ടി പറഞ്ഞു
ലിനുവിന്റെ കുടുംബത്തിന് ജയസൂര്യയും സഹായം നൽകിയിട്ടുണ്ട്. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. നടൻ മമ്മൂട്ടിയും ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. ‘ഒപ്പമുണ്ട്, തളരരുത്’ എന്ന് മമ്മൂട്ടി പുഷ്പലതയോട് പറഞ്ഞു. എന്ത് ആവശ്യമുണ്ടായാലും തന്നെ അറിയിക്കണമെന്നും മമ്മൂട്ടി ഫോണിലൂടെ പറഞ്ഞതായി ലിനുവിന്റെ കുടുംബം പങ്കുവച്ചു.
ശനിയാഴ്ച രാവിലെ ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ പോയപ്പോഴാണ് ലിനു അപകടത്തിൽപ്പെട്ടതും മരണപ്പെടുന്നതും. രക്ഷാപ്രവർത്തനത്തിനായി രണ്ടു സംഘമായി തോണികളിൽ പുറപ്പെട്ടതായിരുന്നു ലിനുവും സംഘവും. എന്നാൽ തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read more: രക്ഷാപ്രവർത്തനത്തിടെ ജീവൻ വെടിഞ്ഞ ലിനുവിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.