പ്രളയമുഖത്തെ രക്ഷാപ്രവർത്തനത്തിടെ ജീവൻ നഷ്ടപ്പെട്ട ലിനുവിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും. ഫെയ്സബുക്ക് പോസ്റ്റിലൂടെ ലിനുവിന് ആദരാഞ്ജലി അർപ്പിച്ച മമ്മൂട്ടി, ലിനുവിന്റെ കുടുംബാംഗങ്ങളെയും ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്തു.
ശനിയാഴ്ച രാവിലെ ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ പോയപ്പോഴാണ് ലിനു അപകടത്തിൽപ്പെട്ടതും മരണപ്പെടുന്നതും. രക്ഷാപ്രവർത്തനത്തിനായി രണ്ടു സംഘമായി തോണികളിൽ പുറപ്പെട്ടതായിരുന്നു ലിനുവും സംഘവും. എന്നാൽ തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read Also: ‘എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം’; ലിനുവിന്റെ അമ്മയെ മമ്മൂട്ടി വിളിച്ചു
കടുത്ത മഴയിൽ ലിനുവും മാതാപിതാക്കളും താമസിക്കുന്ന വീടിനു പരിസരത്തും വെള്ളം കയറിയതിനെ തുടർന്ന് ചെറുവണ്ണൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ലിനുവിന്റെ കുടുംബം മാറിയിരുന്നു. കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപമാണ് ലിനുവിന്റെ വീട്. ക്യാമ്പിൽ നിന്നും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനായുള്ള യാത്രയ്ക്കിടെയായിരുന്നു ലിനുവിന്റെ മരണം. ലിനുവിന്റെ മൃതശരീരം ദുരിതാശ്വാസക്യാമ്പില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
നടൻ ഉണ്ണി മുകുന്ദനും ലിനുവിന് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കച്ചവടത്തിനായി എത്തിച്ച വസ്ത്രങ്ങൾ മുഴുവൻ ദുരിതം അനുഭവിക്കുന്നവർക്കായി എടുത്ത് നൽകി വാർത്തകളിൽ നിറഞ്ഞ മാലിപ്പുറം സ്വദേശി നൗഷാദിനെയും മമ്മൂട്ടി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
“കടയിലുള്ള സാധനങ്ങളൊക്കെ എടുത്തു കൊടുത്തൂവെന്ന് കേട്ടു. നല്ല സന്തോഷമായ കാര്യമാണ് ചെയ്തത്. നല്ലൊരു ദിവസമായിട്ട് ‘റാഹത്താ’യ കാര്യങ്ങള്‍ ചെയ്യുക. അതിന് പടച്ചോന് അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരു കാര്യമാണ് ചെയ്തത്. വല്യേ കാര്യമാണ്. നന്നായി വരട്ടെ. ഈദ് മുബാറക്ക്,” നൗഷാദിന് ഈദ് ആശംസിക്കാനും മമ്മൂട്ടി മറന്നില്ല.