scorecardresearch

തൊട്ടടുത്ത കടയില്‍ പോയാല്‍ കിട്ടുമെന്നു തോന്നുന്ന സാരിയായിരിക്കണം, എന്നാല്‍ നൂറു കടകളില്‍ പോയാലും കിട്ടുകയുമരുത്; 'മണിച്ചിത്രത്താഴിലെ' ശോഭനയുടെ സാരികൾക്ക് പിന്നിലെ കഥ

'കസാബ്ലാങ്ക'യെന്ന എക്കാലത്തെയും മികച്ച ക്ലാസ്സിക് ചിത്രത്തിലെ ഇൻഗ്രിഡ് ബെർഗ്മാന്റെ കോസ്റ്റ്യൂമുകളാണ് 'എന്റെ സൂര്യപുത്രി'യ്ക്കുള്ള കോസ്റ്റ്യൂം ഒരുക്കാൻ ഫാസിലിന് റഫറൻസ് ആയത്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ല്‍ നായികയുടെ വേഷത്തിന്റെ ഡിസൈന്‍ പൂര്‍ണിമ ജയറാം അയച്ചു കൊടുത്ത ഒരു ഫോട്ടോയില്‍ നിന്നായിരുന്നു. 'നോക്കെത്താദൂരത്ത് കണ്ണും നട്ടി'ലെ നദിയയുടെ വേഷമാകട്ടെ, മുംബൈയില്‍ വളര്‍ന്ന നദിയുടെ സെലെക്ഷനും.

'കസാബ്ലാങ്ക'യെന്ന എക്കാലത്തെയും മികച്ച ക്ലാസ്സിക് ചിത്രത്തിലെ ഇൻഗ്രിഡ് ബെർഗ്മാന്റെ കോസ്റ്റ്യൂമുകളാണ് 'എന്റെ സൂര്യപുത്രി'യ്ക്കുള്ള കോസ്റ്റ്യൂം ഒരുക്കാൻ ഫാസിലിന് റഫറൻസ് ആയത്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ല്‍ നായികയുടെ വേഷത്തിന്റെ ഡിസൈന്‍ പൂര്‍ണിമ ജയറാം അയച്ചു കൊടുത്ത ഒരു ഫോട്ടോയില്‍ നിന്നായിരുന്നു. 'നോക്കെത്താദൂരത്ത് കണ്ണും നട്ടി'ലെ നദിയയുടെ വേഷമാകട്ടെ, മുംബൈയില്‍ വളര്‍ന്ന നദിയുടെ സെലെക്ഷനും.

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
ശോഭന, മണിച്ചിത്രത്താഴ്, ഫാസില്‍, faasil, fazil, fasil, director fazil, manichithrathazhu, shobhana, shobana manichithrathazhu, fashion in films, മണിച്ചിത്രത്താഴ്

Director Fazil on designing costumes for his film manichithrathachu Sobhana

മലയാളി എക്കാലവും മനസ്സില്‍ കൊണ്ട് നടക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'മണിച്ചിത്രത്താഴ്'. അതിലെ ഓരോ രംഗവും ഡയലോഗും ഗാനങ്ങളും എല്ലാം സിനിമാസ്വാദകര്‍ക്ക് മനപ്പാഠമാണ്. റിലീസ് ചെയ്തു ഇരുപത്തിയഞ്ചു വര്‍ഷം പിന്നിടുമ്പോഴും 'മണിച്ചിത്രത്താഴി'നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.

Advertisment

'മണിചിത്രത്താഴി'ലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ ശോഭനയുടെ ചിത്രത്തിലെ കോസ്റ്റ്യൂം (വസ്ത്രാലങ്കാരം) ഏറെ ശ്രദ്ധ നേടിയിരുന്നു. ഫാസിലിന്റെ എല്ലാ ചിത്രങ്ങളിലും എന്ന പോലെ 'മണിച്ചിത്രത്താഴി'ലും കോസ്റ്റ്യൂമിന് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. വേലായുധന്‍ കീഴില്ലമാണ് 'മണിചിത്രത്താഴി'ന്‍റെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത്‌. ശോഭനയുടെ ഗംഗ എന്ന കഥാപാത്രം ധരിച്ചിരുന്ന സാരികള്‍ തെരഞ്ഞെടുക്കുന്നതില്‍ ശോഭനയ്ക്കും പങ്കുണ്ടായിരുന്നു. സംവിധായകന്‍ ഫാസിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാംഗ്ലൂരില്‍ നിന്നും സിനിമയ്ക്കാവശ്യമുള്ള വേഷങ്ങള്‍ വാങ്ങിയത്. ആര്‍ട്ടിസ്റ്റുമായി ചര്‍ച്ച ചെയ്തു മാത്രം തന്‍റെ സിനിമകളിലെ കോസ്റ്റ്യൂം തീരുമാനിക്കാറുള്ള സംവിധായകനാണ് ഫാസില്‍. ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ചിത്രങ്ങളിലെ 'ഫാഷന്‍ എലെമെന്റിനെ' കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

"ആർട്ടിസ്റ്റില്ലാതെ എനിക്ക് കോസ്റ്റ്യൂമിനെ കുറിച്ചൊരു ചിന്തയുമില്ല. ഫസ്റ്റ് പ്രിഫറൻസ് അവരാണല്ലോ, അവരാണല്ലോ അത് ധരിക്കേണ്ടത്. ആർട്ടിസ്റ്റുകളുമായിട്ടാണ് എന്റെ കമ്മ്യൂണിക്കേഷൻ, നോക്കെത്താദൂരത്തിലെ ഓരോ ഡ്രസ്സും ഞാൻ നദിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്താണ് തീരുമാനിച്ചത്. അതു പോലെ തന്നെ സൂര്യപുത്രിയിലേതും, അമലയുമായി സംസാരിച്ചാണ് ഓരോ ഡ്രസ്സിലേക്കും എത്തിയത്."

വസ്ത്രാലങ്കാരത്തിന്റെ കാര്യത്തില്‍ താന്‍ ഏറ്റവും വലിയ ചലഞ്ച് കൊടുത്തിട്ടുള്ളത് നടി ശോഭനയ്ക്കാണ് എന്നും ഫാസില്‍ പറഞ്ഞു. 'മണിചിത്രത്താഴി'ലെ ഗംഗ എന്ന കഥാപാത്രത്തിന്റെ വേഷങ്ങളെ സംബന്ധിച്ചായിരുന്നു അത്. ഗംഗ കൂടുതൽ സമയവും സാരിയും ബ്ലൗസും ധരിക്കുന്ന ആളാണ്, പാട്ടിനിടെ ഒന്നു രണ്ടിടത്ത് ചുരിദാർ ധരിക്കുന്നുണ്ട്. പിന്നെ നാഗവല്ലിയായി മാറുന്ന കോസ്റ്റ്യൂം. ഇതില്‍ വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു വെല്ലുവിളി.

Advertisment

"ചിത്രത്തിന്റെ ഡിസ്കഷനുമായി ഞാൻ ചെന്നൈയിലുള്ളപ്പോള്‍ ശോഭന വിളിച്ചിട്ട് ഞാൻ ബാംഗ്ലൂർ പോവുകയാണ് എന്നു പറഞ്ഞു. ബാംഗ്ലൂരിൽ സാരിയുടെ നല്ല സെലക്ഷൻ കാണും, അവിടുന്ന് വല്ലതും എടുക്കണോ എന്നായിരുന്നു ശോഭന ചോദിച്ചത്. തീർച്ചയായും എടുക്കണം എന്നു ഞാൻ പറഞ്ഞപ്പോൾ സാറിന്റെ മനസ്സിൽ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്നു ചോദിച്ചു. 'വളരെ സിമ്പിൾ ആയിരിക്കണം, തൊട്ടടുത്ത കടയിൽ പോയാൽ കിട്ടുമെന്നു തോന്നുന്ന സാരിയായിരിക്കണം, എന്നാൽ നൂറു കടകളിൽ പോയാലും കിട്ടുകയുമരുത്. അങ്ങനത്തെ സാരികളാണ് നമുക്ക് വേണ്ടത്' എന്നായിരുന്നു എന്റെ മറുപടി. ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു," ഫാസിൽ ഓർക്കുന്നു.

സിനിമകൾ പ്രേക്ഷകരിൽ അവശേഷിപ്പിക്കുന്ന ആസ്വാദനത്തിന്റെയും വൈകാരികതയുടെയും തലത്തിന് അപ്പുറത്തേക്ക് അതു സംഗീതത്തിന്റെ ലോകത്തും ഫാഷന്റെ ലോകത്തുമൊക്കെ ഉണ്ടാക്കുന്ന ചില പ്രതിഫലനങ്ങൾ ഉണ്ട്. തന്‍റെ സിനിമകളിലൂടെ കേരളത്തിന്‍റെ ഫാഷന്റെ ലോകത്ത് ട്രെൻഡുകൾ തീർത്തു കൊണ്ടിരുന്ന ഫാസിൽ. തന്റെ ഓരോ ചിത്രങ്ങളിലും ഏറ്റവും ട്രെൻഡിയായ കോസ്റ്റ്യൂമുകൾ പരിചയപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു. 'നോക്കെത്താദൂരത്തിലെ' നദിയയുടെയും 'സൂര്യപുത്രിയിലെ' അമലയുടെയും 'മണിച്ചിത്രത്താഴിലെ' ശോഭനയുടെയും 'അനിയത്തിപ്രാവിലെ' ശാലിനിയുടെയുമെല്ലാം കോസ്റ്റ്യൂമുകൾ ഒരുകാലത്ത് ക്യാമ്പസുകളിലും ചെറുപ്പക്കാർക്കുമിടയിലുമൊക്കെ സൃഷ്ടിച്ച തരംഗം ചെറുതല്ല.

'കസാബ്ലാങ്ക'യെന്ന എക്കാലത്തെയും മികച്ച ക്ലാസ്സിക് ചിത്രത്തിലെ ഇൻഗ്രിഡ് ബെർഗ്മാന്റെ കോസ്റ്റ്യൂമുകളാണ് 'എന്റെ സൂര്യപുത്രി'യ്ക്കുള്ള കോസ്റ്റ്യൂം ഒരുക്കാൻ ഫാസിലിന് റഫറൻസ് ആയത്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ല്‍ നായികയുടെ വേഷത്തിന്റെ ഡിസൈന്‍ പൂര്‍ണിമ ജയറാം അയച്ചു കൊടുത്ത ഒരു ഫോട്ടോയില്‍ നിന്നായിരുന്നു. 'നോക്കെത്താദൂരത്ത് കണ്ണും നട്ടി'ലെ നദിയയുടെ വേഷമാകട്ടെ, മുംബൈയില്‍ വളര്‍ന്ന നദിയുടെ സെലെക്ഷനും.

"ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കാവുന്ന ക്ലാസ്സിക് സിനിമയാണ് 'കസാബ്ലാങ്ക'. കസാബ്ലാങ്ക ബ്ലാക്ക് ആൻഡ് വെയിറ്റ് ആയിരുന്നു. അതില്‍ കോട്ട് പോലുള്ള ജാക്കറ്റുമിട്ട് ഹീറോയിൻ നിൽക്കുന്ന ഒരു ഫോട്ടോയുണ്ട്. അതു ഞാൻ അമലയെ കാണിച്ചു, ആ വെറൈറ്റി ഒന്ന് ചെയ്യാൻ പറഞ്ഞു. അമല കൂടെ താൽപ്പര്യമെടുത്തു ചെയ്തതാണ് സൂര്യപുത്രിയിലെ കോസ്റ്റ്യൂം. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിനു വേണ്ടി പൂർണിമ ജയറാമിനെ ഞാൻ തീരുമാനിക്കുന്നത്, പൂർണിമ എനിക്ക് അയച്ചു തന്ന ഫോട്ടോയിലെ ആ മുഖവും ധരിച്ച ഡ്രസ്സും കൂടെ കണ്ടിട്ടാണ്. ഒരു പ്ലെയിൻ ബ്ലൗസ്, കയ്യിലൊരു ബോർഡർ, സാരിയിലും ബോർഡറുണ്ട്. പൂർണിമയെ തിരഞ്ഞെടുത്തപ്പോൾ ആ സാരിയും ബ്ലൗസും ഫോളോ ചെയ്യാൻ പറഞ്ഞു. നോക്കെത്താദൂരത്തിലെ ഗേളിയായി ഞാൻ നദിയയെ ഫിക്സ് ചെയ്തു. സന്ദർഭവശാൽ നദിയ ബോംബെയിൽ വളരുന്ന പെൺകുട്ടിയായിരുന്നു. ബോംബെയിൽ വളരുന്ന നദിയയെ ഞാൻ കേരളത്തിലേക്ക് കൊണ്ടുവന്നപ്പോൾ ആ ഫാഷനും കൂടെ പോന്നു. ബോംബെയിലെ ഫാഷനും കേരളത്തിലെ ഫാഷനും തമ്മിൽ വ്യത്യാസമുള്ള കാലമാണ്. ഇനി അടുത്ത ഫാഷൻ സ്റ്റൈൽ/ട്രെൻഡ് എന്തെന്ന് കേരളത്തിലെ പെൺകുട്ടികൾ ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നോക്കെത്താദൂരത്തിൽ മഞ്ഞ ചുരിദാറുമായി നദിയ വരുന്നത്. പ്ലെയിൻ മഞ്ഞ ചുരിദാർ നല്ലതാണല്ലോ, പരീക്ഷിക്കാവുന്നതാണല്ലോ എന്ന് മറ്റുള്ളവർക്കും തോന്നാൻ തുടങ്ങി. അത് കാലത്തിന്റെ കൂടി ഒരു കോമ്പിനേഷനാണ്. അതുകൊണ്ടാണ് നദിയയുടെയും അമലയുടെയുമെല്ലാം കോസ്റ്റ്യൂം കോളേജ് കുട്ടികൾക്കിടയിൽ ട്രെൻഡായി മാറിയത്. അനിയത്തി പ്രാവിലെ കോസ്റ്റ്യൂമും ഫയൽ പിടിക്കുന്ന രീതിയൊക്കെ ട്രെൻഡായി മാറിയതും," ഫാസിൽ വിശദമാക്കി.

madhubala Madhubala in Howarh Bridge (Source: Photo by Express Archive)

ഒന്നിനൊന്നു മികച്ച നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഫാസില്‍, വേഷവിധാനത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിട്ടുള്ളത്‌ മുന്‍കാല ഹിന്ദി ചലച്ചിത്രതാരമായ മധുബാലയെയാണ്. മധുബാലയുടെ വേഷങ്ങളുടെ പാറ്റേൺ എടുത്ത് ആർട്ടിസ്റ്റിനെയും കോസ്റ്റ്യൂം ഡിസൈനറെയും കാണിച്ച്, ഡിസൈൻ ചെയ്തെടുത്തൊക്കെ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട് എന്നും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി.

"മധുബാലയുടെ കോസ്റ്റ്യൂം സെൻസ് അപാരമായിരുന്നു. അവരുടെ പടങ്ങളൊക്കെ അന്ന് ബ്ലാക്ക് ആൻഡ് വൈറ്റിൽ മാത്രമേ കിട്ടുമായിരുന്നുള്ളൂ. സ്ട്രൈപ്പ്സ് ഉള്ള ചുരിദാറുകൾ, ക്രോസ് പാറ്റേൺ ഡ്രസ്സുകളൊക്കെയാണ് ഉപയോഗിക്കുക. അതിന്റെ കളർ കോമ്പിനേഷനൊന്നും നമുക്ക് പിടികിട്ടുകയില്ല. അതിന്റെ പാറ്റേൺ എടുത്ത് ആർട്ടിസ്റ്റിനെയും കോസ്റ്റ്യൂം ഡിസൈനറെയും കാണിക്കും, എന്നിട്ട്ഡിസൈൻ ചെയ്തെടുത്തൊക്കെ ഞാൻ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്."

കോസ്റ്റ്യൂമിന്റെ കോമ്പിനേഷൻ എന്നതും താന്‍ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യംമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി ഉദാഹരണത്തിന് ഒരു സീനിൽ നായികയുടെ കോസ്റ്റ്യൂം ഡാർക്ക് ബ്ലൂ ആണെങ്കിൽ നായകന് ഒന്നുകിൽ ലൈറ്റ് ഡ്രസ്സ്, അല്ലെങ്കിൽ കോൺട്രാസ്റ്റ് ഡ്രസ്സ് ഒക്കെ ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

faasil, fazil, fasil, director fazil, manichithrathazhu, shobhana, shobana manichithrathazhu, fashion in films, ഫാസില്‍, ശോഭന, മണിച്ചിത്രത്താഴ് ഫാസില്‍

പ്രമേയത്തിന്റെ കാര്യത്തിലായാലും മേക്കിംഗിന്റെ കാര്യത്തിലായാലുമൊക്കെ പരീക്ഷണങ്ങൾക്ക് മടിയില്ലാത്ത സംവിധായകരിൽ ഒരാൾ കൂടിയാണ് ഫാസിൽ. ഒന്നിനൊന്നു വ്യത്യസ്തമായ പ്രമേയങ്ങൾ നിറഞ്ഞ, എല്ലാം ഒരു സംവിധായകൻ തന്നെ എടുത്ത ചിത്രങ്ങളാണോ എന്നു അമ്പരപ്പിക്കുന്നതു പോലുള്ള ഒരു ഫിലിമോഗ്രാഫി സ്വന്തമായിട്ടുള്ളയാൾ. മലയാള സിനിമയിലെ ട്രെൻഡ് സെറ്ററെന്നോ പരീക്ഷണങ്ങളുടെ രാജാവെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഫാസിലിനും താൻ ചെയ്ത ചില കാര്യങ്ങളിൽ മനസ്താപം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറയുന്നു.

"അപ് റ്റു ഡേറ്റ് ആയ ഫാഷനിലേക്ക് ഞാനങ്ങനെ പോവാറില്ല. എനിക്ക് ഇപ്പോഴും ഏറ്റവും ദെണ്ണമുള്ള കാര്യം, 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ൽ മോഹൻലാലിനും ശങ്കറിനുമൊക്കെ ഞാൻ ബെൽബോട്ടം പാന്റ് കൊടുത്തു എന്നുള്ളതാണ്. അങ്ങനെയൊന്ന് കൊടുക്കാൻ പാടില്ലായിരുന്നു. അത് തൽക്കാലികമായ ഫാഷനാണ്, പിന്നീട് അത് ഫെയ്ഡ് ഔട്ടായി പോവും."

മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിക്കാറുണ്ടെങ്കിലും ചില ഫാഷനുകൾ ട്രെൻഡായി മാറുന്നത് അതാതു കാലങ്ങളുടെ ചില അനുകൂല സാഹചര്യങ്ങൾ കൊണ്ടു കൂടിയാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

Read Here: എന്റെ സ്വപ്നമായിരുന്നു ആ സിനിമ: ഫാസില്‍

Fashion Shobana Fazil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: