മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ‘മണിച്ചിത്രത്താഴ്’ എന്ന സിനിമ ഇരുപത്തിയഞ്ച് വർഷം തികയ്ക്കുന്ന രജത ജൂബിലി കടക്കുകയാണ്. സ്വയം നിർദ്ധാരണം ചെയ്തെടുക്കാൻ പാകത്തിലുള്ള പല തരം സൂചനകൾ ഉള്ളിലൊതുക്കിയ ഒരു ‘പസില്‍’ (കടംകഥ) പോലുള്ള ഘടനയുള്ളതിനാലാണ് ഓരോ തവണ കാണുമ്പോഴും വേറിട്ട കാഴ്ചാനുഭവം പ്രദാനം ചെയ്യാൻ ഈ സൈക്കോളജിക്കൽ-ത്രില്ലർ സിനിമയ്ക്ക് സാധിക്കുന്നത്. മധു മുട്ടത്തിന്റെ വളരെ ദുരൂഹമായ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.
കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ക്ലൈമാക്സിനോടടുത്തുള്ള ‘വിടമാട്ടെ?’ സീനിലും തുടർന്നു വരുന്ന ബാധയൊഴിപ്പിക്കൽ സീനുകളിലും മാത്രം വെളിപ്പെടുന്ന അഭിനയമുഹൂർത്തങ്ങൾ ദേശീയ പുരസ്കാരം അർഹിക്കുന്ന തരത്തിലുള്ള ഒരു മുഴുനീള റോൾ അല്ല എന്നുള്ള വാദങ്ങളും അക്കാലത്ത് ഉയര്‍ന്നു വന്നിരുന്നു.
എന്നാൽ ഗംഗ ആദ്യമായി വിലക്കപ്പെട്ട തെക്കിനിയിൽ കയറുന്നത് മുതൽ ശോഭനയുടെ സൂക്ഷ്മമായ അഭിനയമുഹൂർത്തങ്ങൾ സിനിമ രേഖപ്പെടുതുന്നുണ്ട്. മാടമ്പള്ളി തറവാട്ടിൽ വിശദീകരിക്കാനാവാത്ത ഓരോ അനിഷ്ട സംഭവങ്ങൾ ഉണ്ടായി കഴിയുമ്പോഴും ഗംഗയും സീനിൽ കടന്നു വരുന്നുണ്ട്. വിശദമായ രണ്ടാം കാഴ്ചയിൽ മാത്രം ദൃശ്യമാവുന്ന തരത്തിൽ, ആദ്യ കാഴ്ചയിൽ സസ്പെൻസിനെ വെളിപ്പെടുത്താതെ അത് ചെയ്യുക എന്നുള്ളതാണ് ഇത്തരമുള്ള ഒരു റോളിൽ അഭിനേതാവിനുള്ള വെല്ലുവിളി. കണ്ണുകളിലെ ഭാവപ്രകടനങ്ങൾ, പുരികത്തിന്റെ തുടിപ്പുകൾ, മുഖപേശികളുടെ വക്രീകരണങ്ങൾ, ചുണ്ടുകളുടെ കോട്ടൽ തുടങ്ങിയവയിലൂടെ ശോഭന അത് ഒരു പാഠപുസ്തകം പോലെ ഈ സിനിമയിൽ ചെയ്തു വച്ചിരിക്കുന്നു. അതിനാലാണ് ഗംഗ തന്നെയാണ് നാഗവല്ലിയായി മാറുന്നതെന്ന സസ്പെൻസ് അറിഞ്ഞിട്ടും നമ്മൾ വീണ്ടും വീണ്ടും ഒരു മുഷിപ്പുമില്ലാതെ ഈ ത്രില്ലർ ഇന്നും കണ്ടു കൊണ്ടിരിക്കുന്നത്.
പ്രണയത്തെയും ലൈംഗികതയെയും ജന്‍ററിനെയും ഫെമിനിസത്തെയും കുറിച്ച് പല വിധത്തിലുള്ള സാംസ്കാരിക പഠനങ്ങളും വരികൾക്കിടയിലൂടെയുള്ള വായനകളും ദ്യോതിപ്പിക്കുന്ന ഒരു ചിത്രമെന്ന നിലയ്ക്കാണ് ‘മണിചിത്രത്താഴ്’ അക്കാദമിക പഠനങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഗംഗയെന്ന കഥാപാത്രത്തെ തൽക്കാലം മറന്നു കൊണ്ട് നൂറ്റമ്പതിൽപരം വർഷങ്ങൾക്ക് മുൻപ് തഞ്ചാവൂരിൽ നിന്ന് കേരളത്തിലെത്തിയ നാഗവല്ലി എന്ന സദിർ നൃത്തക്കാരിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരു ശക്തയായ സ്ത്രീയുടെ പ്രതികാരത്തിന്റെ കഥയായും ഇത് മാറുന്നുണ്ട്.
രാമനാഥൻ എന്ന നർത്തകനുമായുള്ള പ്രണയത്തില്‍ അസൂയ പൂണ്ട് തന്നെ പ്രാപിക്കാന്‍ ആഗ്രഹിച്ചിരുന്ന ശങ്കരൻ തമ്പി എന്ന കാരണവർ തന്നെ കൊല ചെയ്തതിനോടാണ് നാഗവല്ലിയുടെ പ്രതികാരം. ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ത്രീയുടെ സ്വയംനിർണയാവകാശത്തെ തടയുന്ന പുരുഷാധിപത്യത്തിന്റെ പ്രതീകം തന്നെയാണ് ശങ്കരൻ തമ്പി. നാഗവല്ലി തന്റെ പ്രതികാരം നടത്താനായി ആധുനിക കാലത്തെ യുവതിയായ ഗംഗയുടെ ശരീരത്തെ ഒരു ഉപകരണമാക്കി ഉപയോഗിക്കുന്നുണ്ടെന്ന് മാത്രം. ശങ്കരൻ തമ്പിയെ വെട്ടിക്കൊന്ന് രക്തം കുടിച്ചതിനു ശേഷം മാത്രമേ ആ പ്രതികാരാഗ്നി അടങ്ങുന്നുള്ളൂ. നാഗവല്ലി മനോരോഗിയല്ല, മറിച്ച് എല്ലാ ജനപ്രിയ ചലച്ചിത്രങ്ങളിലും കാണുന്ന നായകനെപ്പോലെ തനിക്ക് നേരിട്ട അനീതിക്ക് കാരണമായവരോട് പ്രതികാരം ചെയ്യുന്ന ഒരു ആദർശ വ്യക്തി മാത്രമാണ്.
നാഗവല്ലിയുടെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ സ്ത്രീപക്ഷസിനിമയായി കരുതാവുന്ന ‘മണിച്ചിത്രത്താഴ്’ ആധുനിക സ്ത്രീയായ ഗംഗയുടെ വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ സ്ത്രീവിരുദ്ധസിനിമയായി വായിച്ചെടുക്കാമെന്നത് എതിരൻ കതിരവനെപോലുള്ള നിരൂപകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാഗവല്ലി ബാധ കേറുന്ന ഗംഗയുടെ മനോരോഗത്തിന് ഔദ്യോഗിക കാരണമായി സിനിമ പറയുന്നത് മാതാപിതാക്കളുടെ സ്നേഹം കിട്ടാതെ വളർന്ന അവളുടെ കുട്ടിക്കാലവും, സ്കൂൾ പഠനശേഷം അവളെ കൽക്കത്തയിലേക്ക് കൊണ്ടു പോകാനുള്ള തീരുമാനവുമാണ്. കൗമാരകാലത്ത് മിക്ക ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്വാഭാവികമായി ഉടലെടുക്കുന്ന പ്രണയബന്ധങ്ങളെ പോലും, “വീട്ടിൽ നിന്ന് സ്നേഹം കിട്ടാത്ത കൗമാരക്കാർ പ്രണയബന്ധങ്ങളിൽ ചെന്നു ചാടുന്നു” എന്ന അസംബന്ധ തിയറി ഉപയോഗിച്ച് രോഗവൽക്കരിക്കുകയാണ് കേരളത്തിലെ മന:ശാസ്ത്ര കോളമിസ്റ്റുകൾ പൊതുവെ ചെയ്യുന്നത്.
ഗംഗ തെക്കിനിയിൽ പ്രവേശിച്ച് ജനാല തുറന്നു പുറത്തേക്കുനോക്കുമ്പോൾ കാണുന്നത് താൻ ചെറുപ്പകാലം മുതലേ ആരാധിച്ച കവിയായ മഹാദേവനെയാണ്. മഹാദേവനാണ് അവിടെ താമസിക്കുന്നതെന്ന് അല്ലിയിൽ നിന്ന് അറിഞ്ഞ ഗംഗ മനപ്പൂർവമായിരിക്കാം തന്റെ പുസ്തകങ്ങൾ വയ്ക്കാൻ എന്ന പേരിൽ അവിടേക്ക് കാഴ്ചയുള്ള തെക്കിനി മുറി തിരഞ്ഞെടുക്കുന്നത്. മഹാദേവനോട് തോന്നിയ ലൈംഗികാകർഷണം നേരായ രീതിയിൽ പ്രകടിപ്പിക്കാൻ കഴിയാത്തത് തന്നെയാവാം ഒരുപക്ഷേ ഗംഗയുടെ ഉപബോധമനസ്സിൽ പഴങ്കഥയിലെ രാമനാഥനിലൂടെ മഹാദേവനെ പ്രാപിക്കാനുള്ള കുറുക്കു വഴിയായ നാഗവല്ലി ബാധയായി രൂപാന്തരപ്പെട്ടത്.
Read More: മഹാദേവനെ പ്രണയിച്ച ഗംഗ; ‘മണിച്ചിത്രത്താഴ്’ പുനര്‍വായന
താൻ തുറന്ന തെക്കിനി വീണ്ടും ചിത്രത്താഴിട്ട് പൂട്ടാൻ വരുന്ന മന്ത്രവാദി കാട്ടുപറമ്പന്റെ സംഘത്തെയാണ് അവൾ ആദ്യമായി നാഗവല്ലി രൂപം പൂണ്ട് പേടിപ്പിച്ചോടിക്കുന്നത്. തെക്കിനിയിലെ ജനാലയിലൂടെ സുന്ദരനായ മഹാദേവനെ എന്നും കണ്ടുകൊണ്ടിരിക്കുക എന്നത് തന്നെയായിരിക്കില്ലേ ഇതിന് പിന്നിലുള്ള കാരണം? ഭാര്യമാരുടെ വിവാഹേതര ബന്ധങ്ങളെ രോഗവൽക്കരിച്ച് അടിച്ചൊതുക്കി കുടുംബഭദ്രത കാത്തുസൂക്ഷിക്കുന്ന പുരുഷാധിപത്യതന്ത്രമാണ് ‘മണിച്ചിത്രത്താഴി’ലൂടെ ഗുപ്തമായി പ്രകടിപ്പിക്കപ്പെടുന്നത് എന്നാണ് ചില സിനിമാ പഠിതാക്കൾ വാദിക്കുന്നത്.
‘മണിച്ചിത്രത്താഴ്’ പോലെ മനശാസ്ത്രത്തിന് പ്രാധാന്യം കൊടുക്കുന്ന, സുരേഷ്ഗോപിയും ശോഭനയും ദമ്പതികളായി വന്ന ചിത്രമാണ് പത്മരാജന്റെ ‘ഇന്നലെ’. ‘മണിച്ചിത്രത്താഴി’ന്റെ കഥ ദമ്പതികൾ കൽക്കട്ടയിലേക്ക് തിരിച്ചു പോയതിനു ശേഷവും തുടർന്നിരുന്നെങ്കിൽ അത് അതിനുമുമ്പ് റിലീസായ ‘ഇന്നലെ’ എന്ന സിനിമയായി മാറുമായിരുന്നു എന്ന വളരെ കൗതുകകരമായ വായന മരിയ റോസ് എന്ന സിനിമാപഠിതാവ് നടത്തിയിട്ടുണ്ട്. ‘മണിച്ചിത്രത്താഴി’ൽ തന്നെ പ്രകടമായ, ഭാര്യക്ക് ഭർത്താവിനോടുള്ള ലൈംഗികമായ താൽപര്യമില്ലായ്മയാണ് ‘ഇന്നലെ’യിൽ തനിക്ക് അനുയോജ്യനായ പുതിയ കാമുകനെ (ജയറാം അഭിനയിച്ച ശരത്) കിട്ടിയപ്പോൾ അബോധമനസ്സിൽ ഭർത്താവിനെ മറന്നു പോകാൻ കാരണം എന്ന് മരിയ റോസ് സിദ്ധാന്തിക്കുന്നു.
മണിച്ചിത്രത്താഴിലെ ഗുപ്തമായ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിക്കുന്ന ഈ വായനകൾ വളരെ പ്രധാനപ്പെട്ടതാണ്. ലൈംഗിക പൊരുത്തക്കേടുകളാലും അവിഹിത ബന്ധങ്ങളാലും ഒക്കെ ആധുനിക കാലത്ത് കൂടുതൽ വിവാഹമോചനങ്ങൾ നടക്കുന്നത് ഒരു ചീത്ത കാര്യമായി കാണേണ്ടതില്ല. സ്ത്രീകൾ കൂടുതൽ ശാക്തീകരിക്കപ്പെടുമ്പോൾ അവർ പണ്ടത്തെ പോലെ ഒരു ജന്മം മുഴുവൻ എല്ലാം സഹിച്ച് ജീവിക്കാൻ തയ്യാറായെന്നു വരില്ല. ഭാര്യമാരുടെ വിവാഹേതരബന്ധങ്ങളെ കൗൺസിലിംഗ്, തുറന്ന വിവാഹം (Open Marriage), വിവാഹമോചനം എന്നിവയിലൂടെ മനഃശാസ്ത്രപരമായി പരിഹരിക്കുന്നതിന് പകരം അവയെ രോഗവൽക്കരിച്ച് അടിച്ചൊതുക്കി കുടുംബഭദ്രതയെ കാത്തു സൂക്ഷിക്കുന്നത് ജനപ്രിയ സിനിമകളുടെ ചായക്കൂട്ടുകൾക്ക് ചേരുമെങ്കിലും പ്രായോഗിക ജീവിതത്തിൽ അഭികാമ്യമായിരിക്കില്ല.
ഇതു പോലെ, ആധുനികകാലത്തിനനുസരിച്ച് കൂട്ടുകുടുംബഘടനയിൽ വരുന്ന സ്വാഭാവികമായ മാറ്റങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന പ്രതിലോമമായ കാഴ്ചപ്പാടുകൾ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘തലയണമന്ത്രം’ എന്ന സിനിമയിലും കാണാവുന്നതാണ്. സാമ്പത്തിക-സാമൂഹിക വികസനങ്ങളുടെ ഫലമായി ലോകം മുഴുവൻ (പ്രത്യേകിച്ച് മലയാളി സമൂഹം) കൂട്ടുകുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്ക് രൂപാന്തരപ്പെടുമ്പോൾ, അതിനെ വൃഥാ പ്രതിരോധിച്ചു കൊണ്ട് അണുകുടുംബത്തിൽ നിന്ന് കൂട്ടുകുടുംബത്തിലേക്ക് തിരിച്ചു പോകുന്ന കാഞ്ചനമാരെ സൃഷ്ടിക്കുന്ന ‘തലയണമന്ത്രം’ ജനപ്രിയസിനിമകളിൽ ശുഭപര്യവസായിയായ ക്ലൈമാക്സ് ആണെങ്കിലും മലയാളിയുടെ നിത്യജീവിതത്തിൽ ഒരിക്കലും നടക്കാത്ത കാര്യമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പാശ്ചാത്യരാജ്യങ്ങളിൽ പോലും സ്ത്രീയുടെ ലൈംഗികാഭിലാഷങ്ങളെ രോഗവൽക്കരിച്ചു കൊണ്ടുള്ള മനോരോഗ ചികിത്സകൾ ഉണ്ടായിരുന്നു. പുരുഷാധിപത്യത്തിനോടുള്ള സ്ത്രീയുടെ എല്ലാ തരത്തിലുള്ള എതിർപ്പുകളെയും രോഗവൽക്കരിച്ച് അടിച്ചമർത്തുന്നത് ഇന്ത്യയിലെ ഫെമിനിസം നേരിടുന്ന വെല്ലുവിളി തന്നെയാണ്. എന്തായാലും, പരപുരുഷനെ കാമിക്കുന്ന ഭർത്താവിനെ കൊല്ലാൻ ശ്രമിക്കുന്ന ഗംഗയെപോലുള്ള ഒരു ഭാര്യ മലയാളി ഹെറ്ററോസെക്ഷ്വൽ പുരുഷന്മാരുടെ പേടിസ്വപ്നം തന്നെയാണ്! ഈ പേടിയെ മറികടക്കാൻ വേണ്ടിയാവാം, നകുലൻ സ്വവർഗാനുരാഗിയോ ലൈംഗികതാല്പര്യമില്ലാത്ത asexual വ്യക്തിയോ ആയതു കൊണ്ടാവാം ഗംഗ വിവാഹേതരബന്ധത്തിന് മുതിരുന്നത് എന്ന തരത്തിലുള്ള പുരുഷവായനകൾ ഈ സിനിമ ഉൽപാദിപ്പിക്കുന്നത്. നകുലൻ ഷണ്ഡൻ ആയേക്കാം എന്നതരത്തിലുള്ള വായന ‘സിനിമയുടെ സാമൂഹികവെളിപാടുകൾ’ എന്ന എതിരൻ കതിരവന്റെ പുസ്തകത്തിൽ ഉണ്ട്.
സ്വവർഗപ്രേമം പ്രത്യക്ഷമായി സിനിമയിൽ പരാമർശിക്കുന്നില്ലെങ്കിലും ചില സിനിമാപഠിതാക്കൾ ‘മണിച്ചിത്രത്താഴി’ന്റെ സ്വവർഗവായനകൾ (Gay-Lesbian Readings) നടത്തിയിട്ടുണ്ട്. പല എഴുത്തുകാരുടെ ലേഖനങ്ങൾ സമാഹരിച്ച് ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിച്ച ‘Queering India’ എന്ന പുസ്തകത്തിലെ ‘Queer Bonds: Male Friendships in Contemporary Malayalam Cinema’ എന്ന പ്രബന്ധത്തിൽ ഡോ: മുരളീധരൻ തറയിൽ ‘മണിച്ചിത്രത്താഴി’ൽ സണ്ണിയും ചന്തുവും തമ്മിലുള്ള ബന്ധത്തിന്റെ ‘ഗേ റീഡിങ്’ നടത്തുന്നുണ്ട്. ചന്തുവാണോ മാടമ്പള്ളി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നറിയാനായി സണ്ണി നടത്തുന്ന Sexual Harassment പോലെ തോന്നിപ്പിക്കുന്ന ചോദ്യം ചെയ്യലുകളും, ‘കിണ്ടി’ വിളികളും, പിന്നീട് അവർ തമ്മിൽ ഏറ്റവും അടുപ്പമുള്ള കൂട്ടുകാരായി മാറുന്നതും, ഗാനപാശ്ചാത്തലത്തിൽ നടത്തുന്ന സൈക്കിൾസവാരിയും ഒക്കെയാണ് ഇത്തരം സ്വവർഗവായനയെ പ്രോത്സാഹിപ്പിക്കുന്നത്. സണ്ണി ചിത്രത്തിന്റെ അവസാനത്തിൽ ശ്രീദേവിയോടുള്ള വിവാഹത്തിന് താല്പര്യം കാണിക്കുന്നത് ചന്തുവുമായുള്ള ബന്ധം തുടരാനായി വേണ്ടിയാണെന്നുപോലും വായന കാടു കയറുന്നുണ്ട്!
ലെസ്ബിയനോ ബൈസെക്ഷ്വലോ ആയ ഗംഗക്ക് നാഗവല്ലി എന്ന സുന്ദരിയായ നർത്തകിയോട് തോന്നുന്ന അടങ്ങാത്ത അഭിനിവേശമാണ് അവളെ നാഗവല്ലിയായി മാറാൻ പ്രേരിപ്പിക്കുന്നത് എന്ന ‘ലസ്ബിയന്‍ റീഡിംഗും’ ഉണ്ടായിട്ടുണ്ട്. മാതാപിതാക്കളുടെ സംരക്ഷണമില്ലാതെ വളർന്ന ബാലികയായ ഗംഗ പീഡോഫൈലായ മുതിർന്ന പുരുഷനിൽ നിന്നും ലൈംഗികപീഡനം നേരിട്ടതതായിരിക്കാം അവളുടെ മാനസി കപ്രശ്നങ്ങൾക്ക് കാരണം എന്ന വായനയും ഈ അടുത്ത കാലത്ത് വായിച്ചിരുന്നു. ‘മണിച്ചിത്രത്താഴി’നെ കുറിച്ച് ജിജോ തങ്കച്ചൻ എന്ന സിനിമാപ്രേമി എഴുതിയ ഇരുപത്തിയഞ്ചോളം രസകരമായ കുറിപ്പുകളും വ്യാഖ്യാനങ്ങളും #MCTSERIES എന്ന ടാഗിൽ തിരഞ്ഞാൽ ഫേസ്ബുക്കിൽ കാണാവുന്നതാണ്.
എത്രയോ മലയാളസി നിമകളിലും ട്രോളുകളിലും മീമുകളിലും ‘മണിച്ചിത്രത്താഴി’ലെ കഥാപാത്രങ്ങളും ഡയലോഗുകളും പശ്ചാത്തലസംഗീതവും സ്പൂഫ് ചെയ്യപ്പെട്ടിരിക്കുന്നു. എന്തിനേറെ പറയുന്നു, ‘The Down Troddence’ എന്ന മ്യൂസിക് ബാൻഡ് ‘Nagavally’ എന്ന പേരിൽ ഒരു ഹെവി മെറ്റൽ മ്യൂസിക് വീഡിയോ തന്നെ ട്രിബ്യൂട് ആയി ചെയ്തിട്ടുണ്ട്! മലയാളിയുടെ ജനകീയ സംസ്കൃതിയിൽ ഇത്രയേറെ അലിഞ്ഞു ചേർന്ന മറ്റൊരു ചലച്ചിത്രം വേറെയുണ്ടെന്നു തോന്നുന്നില്ല.
സാമ്പത്തികമായി വിജയിച്ച സിനിമകൾ ഇന്ത്യയിലെ വടക്കും തെക്കുമുള്ള വിവിധ ഭാഷകളിൽ റീമേക് ചെയ്യപ്പെടുന്നത് സാധാരണമാണ്. ‘മണിച്ചിത്രത്താഴ്’ ഇതു പോലെ കന്നട, തമിഴ്, തെലുഗു, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ‘മണിച്ചിത്രത്താഴി’നെ ശ്രദ്ധേയമാക്കുന്നത് ഇന്ത്യൻ സിനിമയിൽ ആദ്യമായി റീമേക്കുകൾ താരതമ്യം ചെയ്തു കൊണ്ടുള്ള ഒരു അക്കാദമിക് പ്രബന്ധം അതിനെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടു എന്നുള്ളതാണ്. പല കാലത്ത്, പല ഭാഷകളിൽ, പല ദേശങ്ങളിൽ നടന്ന ‘മണിച്ചിത്രത്താഴി’ന്റെ വിവിധ റീമേക്കുകളിൽ കഥ പ്രാദേശിക സംസ്കൃതിക്ക് അനുസരിച്ച് എങ്ങനെ മാറ്റിയിരിക്കുന്നുവെന്ന് അതിലെ Gender performanceകളെ (ആണത്ത-പെണ്ണത്ത പ്രകടനങ്ങളെ) കീറിമുറിച്ച് പരിശോധിക്കുന്ന പ്രബന്ധം നിഖിലയാണ് എഴുതിയിരിക്കുന്നത്. ജൂഡിത് ബട്ളറുടെ ജന്റർ തിയറികൾ പ്രകാരം നടത്തപ്പെട്ട ‘Gender and Filmic Remake’ എന്ന ഈ മികവുറ്റ പഠനം പല എഴുത്തുകാരുടെ ലേഖനങ്ങൾ സമാഹരിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ‘Cinemas of South India: Culture, Resistance, Ideology’ എന്ന പുസ്തകത്തിൽ ലഭ്യമാണ്.
മലയാളം-തമിഴ് എന്നീ ഭാഷാദ്വന്ദങ്ങളുടെ പാരസ്പര്യമാണ് ‘മണിചിത്രത്താഴ്’ എന്ന സിനിമയുടെ മൂലാധാരം. സിനിമയിലെ നാടകീയത അതിന്റെ ഉച്ചകോടിയിൽ എത്തുന്നത് ഡയലോഗുകൾ മലയാളത്തിൽ നിന്ന് തമിഴിലേക്ക് സ്വാഭാവികമായ പരഭാഷാപ്രവേശം നടത്തുമ്പോഴാണ്. സബ്ടൈറ്റിലിംങ് പോലും ആവശ്യമില്ലാതെ ഗംഗയിൽ നിന്ന് നാഗവല്ലിയിലേക്കുള്ള ഈ പരകായപ്രവേശം സാധ്യമാക്കുന്നത് ഈ രണ്ട് ഭാഷകൾ തമ്മിലുള്ള ദൃഢമായ പൊക്കിൾക്കൊടി ബന്ധം തന്നെയാണ്. ഇന്ത്യയിലെ മറ്റേത് ഭാഷാദ്വന്ദങ്ങൾ എടുത്താലും സംഭാഷണങ്ങളിൽ ഇത്രയും സ്വാഭാവികമായ പരഭാഷാപ്രവേശം സാധ്യമാണെന്ന് തോന്നുന്നില്ല. നാഗവല്ലി എന്ന പേരും അവളുടെ ജന്മസ്ഥലമായ തഞ്ചാവൂരും, സ്വാതിതിരുനാളിന്റെ സദസ്സിലെ നർത്തകിയും രാജാവിന്റെ പ്രേമഭാജനവുമായിരുന്ന തമിഴത്തി സുഗന്ധവല്ലിയെ ഓർമ്മിപ്പിക്കുന്നുണ്ട്.
‘ഒരു മുറൈ വന്ത് പാർത്തായാ?’ എന്ന് അവൾ കോപത്തോടും താപത്തോടും കൂടെ ഹൃദയഭേദകമായി വിലപിക്കുമ്പോൾ ആ വികാരങ്ങളെ പ്രകടമാക്കാൻ ദക്ഷിണേന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ കുന്തളവരാളി എന്ന രാഗം ഏറ്റവും അനുയോജ്യമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു . കോപത്തെ, വിഭ്രാന്തിയെ, രൗദ്രഭാവത്തെ ഒക്കെ ആവാഹിക്കുന്ന ഈ ഗാനവുമായി താരതമ്യം ചെയ്യുമ്പോൾ വിരഹഭാവം മാത്രം തുളുമ്പുന്ന റീമേക്കുകളിലെ ‘രാരാ സരസകു രാരാ’, ‘മേരെ ഡോല്നാ മേരെ പ്യാര് കേ ധുൻ’ എന്നിവ നിഷ്പ്രഭങ്ങളായി മാറുന്നു. വിഭ്രാന്തിയിലുള്ള വിരഹിണിയായ ഗംഗയായും പ്രതികാരവാംച്ഛയുള്ള ശൃംഗാരറാണിയായ നാഗവല്ലിയായും മാറിമാറി ആടുന്ന ആ ഭരതനാട്യ പദത്തിൽ ശാന്തഭാവം ഒഴികെയുള്ള മറ്റെല്ലാ നവരസങ്ങളും നർത്തകിയുടെ മുഖത്ത് മിന്നി മറയുന്നുണ്ട്.
ബിച്ചു തിരുമല ഗാനത്തിൽ വർണിച്ചത് പോലെ ‘മാണിക്യവാസകർ മൊഴികൾ നൽകി, ഇളങ്കോവടികൾ ചിലമ്പു നൽകി,’ തമിഴകം പോറ്റി വളർത്തിയ ശൃംഗാര റാണിയായ നാഗവല്ലി, മധുരാപുരി ചുട്ടെരിച്ച പ്രതികാര ദുർഗ്ഗയായ തമിഴ്പെൺമയുടെ പ്രതീകമായ കണ്ണകിയുടെ പിന്തുടർച്ചക്കാരിയാണ്. നാഗവല്ലി എന്ന അമാനുഷ രൗദ്രനായിക, ഭാവത്തിലും രാഗത്തിലും താളത്തിലും നടനത്തിലും പൂർണ്ണത കൈവരിക്കുന്നത് അവളുടെ ജന്മദേശം ക്ലാസിക്കൽ കലകളുടെ തട്ടകമായ തമിഴകമാകുമ്പോൾ മാത്രമാണ്; അവളുടെ ശാന്ത ഭാവമുള്ള അപരവ്യക്തിത്വമായ ഗംഗ ‘മലയാളത്താൻ’ ആകുമ്പോൾ മാത്രമാണ്. അതു കൊണ്ടു തന്നെയാണ് പല ഭാഷകളിലായി റീമേക്കുകൾ നടന്നുവെങ്കിലും ഒന്നു പോലും മലയാളം ഒറിജിനലിന്റെ ഏഴയലത്തെത്താൻ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞു കേൾക്കുന്നത്. ‘പറഞ്ഞു കേൾക്കുന്നത്’ എന്ന് പറയാൻ മാത്രമേ കഴിയൂ. കാരണം ഹിന്ദിയിലെയും തമിഴിലെയും ഒക്കെ റീമേക്കുകൾ കണ്ട് മനസ്സിലുള്ള ശോഭനയുടെ ഗംഗ-നാഗവല്ലി ദ്വന്ദബിംബങ്ങളുടെ പ്രോജ്ജ്വലത നേർപ്പിക്കാൻ ഞാൻ തയ്യാറല്ല. അത് അങ്ങനെ തന്നെ അവിടെ മായാതെ കിടക്കട്ടെ…
എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകൻ