scorecardresearch
Latest News

എന്റെ സ്വപ്നമായിരുന്നു ആ സിനിമ: ഫാസില്‍

അതിമനോഹരമായ കഥ, അത് കേട്ടപ്പോള്‍ തന്നെ കൈകൊടുത്ത മികച്ച നടീനടന്മാരും അണിയറപ്രവര്‍ത്തകരും. എന്നിട്ടും സംവിധായകന്‍ ഫാസില്‍ ആ ചിത്രം ഉപേക്ഷിച്ചു. തനിക്കേറെ പ്രിയപ്പെട്ട സ്വപ്നം എന്ന് ഫാസില്‍ വിശേഷിപ്പിക്കുന്ന ‘ഹർഷൻ ദുലരി’യ്ക്ക് സംഭവിച്ചത് എന്താണ് ?

fazil director, fazil, fazil movies, manichithrathazhu, madhu muttam, harshan dulari, ഫാസില്‍, ഫാസില്‍ മോഹന്‍ലാല്‍, മണിച്ചിത്രത്താഴ്, മണിച്ചിത്രത്താഴ് സിനിമ

Fasil on the Mohanlal-Sridevi film he never made: നായകന്‍ മോഹന്‍ലാല്‍, നായിക ശ്രീദേവി, സംഗീതം എ. ആര്‍ റഹ്മാന്‍, സംവിധാനം ഫാസില്‍. ഏറെ പ്രതീക്ഷകളോടെ മലയാള സിനിമാ ലോകം കാത്തിരുന്ന ഒരു ചിത്രം. പേര് ‘ഹർഷൻ ദുലരി’. അതിമനോഹരമായ കഥ, അത് കേട്ടപ്പോള്‍ തന്നെ കൈകൊടുത്ത മികച്ച നടീനടന്മാരും അണിയറപ്രവര്‍ത്തകരും. എന്നിട്ടും സംവിധായകന്‍ ഫാസില്‍ ആ ചിത്രം ഉപേക്ഷിച്ചു. തനിക്കേറെ പ്രിയപ്പെട്ട സ്വപ്നം എന്ന് ഫാസില്‍ വിശേഷിപ്പിക്കുന്ന ‘ഹർഷൻ ദുലരി’യ്ക്ക് സംഭവിച്ചത് എന്താണ് ?

തൊണ്ണൂറുകളിലാണ് ഫാസിൽ ‘ഹർഷൻ ദുലരി’എന്ന സ്വപ്നത്തിനൊപ്പം സഞ്ചരിച്ചു തുടങ്ങുന്നത്. ഗസൽ ഗായകനായ ഹർഷനും ദുലരിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഒരിക്കൽ കഥ കേട്ടവരെല്ലാം ‘ഹർഷൻ ദുലരി’യുടെ ആരാധകരായി.

മോഹൻലാലിനെയും എ ആർ റഹ്മാനെയുമെല്ലാം ഹർഷൻ ദുലരി മോഹിപ്പിച്ചു, ഈ സിനിമ ചെയ്യാതിരിക്കരുതെന്ന് ഇരുവരും ഫാസിലിനോട് ആവശ്യപ്പെട്ടു. ഏറെ മോഹത്തോടെ പിൻതുടർന്നിട്ടും സാക്ഷാത്കരിക്കാതെ പോയ ‘ഹർഷൻ ദുലരി’യെ കുറിച്ചും സങ്കടത്തോടെ ആ സ്വപ്നം ഉപേക്ഷിച്ചു കളയേണ്ടി വന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ഫാസിൽ. ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു ‘ഹര്‍ഷന്‍ ദുലരി’യെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

“എനിക്കേറെ ഇഷ്ടമുള്ള ഒരു സബ്ജെക്ട്. മോഹൻലാലിനും ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു അത്, ‘എന്നെ വെച്ച് എടുത്തില്ലെങ്കിലും വേണ്ട, ആരെയെങ്കിലും വെച്ച് സിനിമ എടുക്കണം. ഈ സിനിമ വിട്ടു കളയരുത്,’ എന്നു ലാൽ പറഞ്ഞിരുന്നു. ഒരുപാട് ശ്രമിച്ചെങ്കിലും ചലഞ്ചിൽ തോറ്റു പിന്മാറി പോയൊരു പടമാണ് ‘ഹർഷൻ ദുലരി’.

ഉഗ്രൻ സബ്ജെക്ട് ആയിരുന്നു. ആ സിനിമയെടുക്കണം എന്ന് എന്നെ കൊതിപ്പിച്ച ഒന്നാണത്. പക്ഷേ അവസാനമെത്തിയപ്പോൾ എന്റെ കയ്യിൽ ഒതുങ്ങില്ല, എനിക്കത് ചെയ്യാൻ പറ്റില്ല, ജനങ്ങളിൽ എത്തിക്കാൻ പറ്റില്ല എന്നു തോന്നി. എ ആർ റഹ്മാന്റെ അടുത്തു വരെ ഞാനാ സബ്ജെക്ട് ചർച്ച ചെയ്തതാണ്. എ ആർ റഹ്മാൻ എന്റെ കയ്യിൽ പിടിച്ചു പറഞ്ഞത്, ഐ ലൈക്ക് ദ സബ്ജെക്ട് വെരി മച്ച് എന്നാണ്,” ഫാസിൽ ഓര്‍ക്കുന്നു.

fazil director, fazil, fazil movies, manichithrathazhu, madhu muttam, harshan dulari, ഫാസില്‍, ഫാസില്‍ മോഹന്‍ലാല്‍, മണിച്ചിത്രത്താഴ്, മണിച്ചിത്രത്താഴ് സിനിമ

‘മണിചിത്രത്താഴിനു’ ശേഷം ഫാസിലിനു വേണ്ടി മധു മുട്ടം തിരക്കഥ എഴുതുന്നു. ‘ഹർഷൻ ദുലരി’ സംഭവിച്ചിരുന്നെങ്കിൽ ചിലപ്പോൾ ‘മണിചിത്രത്താഴി’നൊപ്പമോ ‘മണിചിത്രത്താഴിനു’ മുകളിലോ ശ്രദ്ധിക്കപ്പെടുമായിരുന്നു എന്നു മലയാള സിനിമാലോകം ഒന്നടക്കം പ്രതീക്ഷ അർപ്പിച്ചിരുന്ന ചിത്രം.

“എല്ലാവർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒരു അസുഖത്തെ വെച്ചാണ് ‘മണിചിത്രത്താഴി’ൽ ഞാൻ കളിച്ചത്. ഭ്രാന്ത് എന്ന രോഗാവസ്ഥ എല്ലാവർക്കും മനസ്സിലാവും. പല ലെവലിൽ നമ്മൾ അത് കണ്ട് പരിചരിച്ചതാവും. പക്ഷേ ‘ഹർഷൻ ദുലാരി’യുടെ ക്ലൈമാക്സ് എന്നു പറയുന്നത് ഒരാൾക്ക് ആത്മസാക്ഷാത്കാരം കിട്ടുന്നതാണ്. ആത്മസാക്ഷാത്കാരം കിട്ടിയവർക്കല്ലേ​ അറിയൂ അവർ അനുഭവിക്കുന്നത് എന്താണെന്ന്.

ആ ലോകം എന്താണെന്ന് എങ്ങനെയാണ് കാണിച്ചു കൊടുക്കുക ? സത്യസായി ബാബ അനുഭവിച്ചു കൊണ്ടിരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയില്ല. രമണ മഹർഷി, രജനീഷ്, എന്തിന് നമ്മടെ മാതാ അമൃതാനന്ദമയി വരെയുള്ള ആളുകൾ, അവരൊക്കെ അനുഭവിക്കുന്ന ആ തലം അവർക്കേ അറിയൂ. അത് ഒരാൾക്ക് പകർന്നു കൊടുക്കാൻ പറ്റില്ല, പറഞ്ഞു കൊടുക്കാനും പറ്റില്ല. അങ്ങനെ ആത്മസാക്ഷാത്കാരം കിട്ടി പോകുന്ന ഒരു കഥാപാത്രത്തിനെ എങ്ങനെ ഞാൻ ജനങ്ങളിൽ എത്തിക്കും എന്നറിയാതെ, സങ്കടത്തോടെ ആ സിനിമ ഡ്രോപ്പ് ചെയ്യേണ്ടി വന്നു. ഇടയ്ക്ക് സംഗീതത്തിനൊക്കെ പ്രാധാന്യം നൽകി ചെയ്യാം എന്നാലോചിച്ചു, പക്ഷേ ആത്മവിശ്വാസം കുറവായി പോയി,” ഫാസിൽ കൂട്ടിച്ചേർക്കുന്നു.

fazil director, fazil, fazil movies, manichithrathazhu, madhu muttam, harshan dulari, ഫാസില്‍, ഫാസില്‍ മോഹന്‍ലാല്‍, മണിച്ചിത്രത്താഴ്, മണിച്ചിത്രത്താഴ് സിനിമ
ഫാസില്‍, ചിത്രം. ബിനോയ്‌/ഇന്ത്യന്‍ എക്സ്പ്രസ്സ്‌

ക്രിയാത്മകമായ പരീക്ഷണങ്ങളിലൂടെ, തന്റെ കരിയറില്‍ ഉടനീളം ഒന്നിനൊന്നു വ്യത്യസ്തമായ നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഫാസില്‍. പ്രശസ്ത സിനിമോട്ടോഗ്രാഫറും സംവിധായകനുമായ പി സി ശ്രീറാമിനെ പോലെയുള്ള പ്രഗത്ഭര്‍
ഒരു കാലത്ത് ഉറ്റുനോക്കിയിരുന്നത് ഫാസില്‍ പുതിയതായി എന്താണ് മലയാള സിനിമയില്‍ കൊണ്ടു വരാന്‍ പോകുന്നത് എന്നായിരുന്നു.

അത്രയേറെ വൈവിധ്യമായ വീക്ഷണകോണുകളില്‍ ചിന്തിക്കുകയും സിനിമയെ സമീപിക്കുകയും ചെയ്യുന്ന ഫാസിലിനെ പോലൊരു മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ എല്ലാം തികഞ്ഞു വന്ന ‘ഹര്‍ഷന്‍ ദുലരി’ പോലൊരു ചിത്രം ഉപേക്ഷിക്കുന്നത് മറ്റെല്ലാറ്റിലുമുപരി സിനിമയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണ ബോധത്തിനുള്ള ഉദാഹരണമായി വേണം കണക്കിലെടുക്കാന്‍. എന്തെന്നാല്‍, മോഹന്‍ലാല്‍- ശ്രീദേവി- എ ആര്‍ റഹ്മാന്‍ തുടങ്ങിയ ബോക്‌സ് ഓഫീസിന് അനുകൂലമായ നിരവധി അനുകൂല ഘടകങ്ങള്‍ മുന്നിലുണ്ടായിട്ടും, ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള ഒരു കഥയായിരുന്നിട്ടും, സിനിമ എടുത്താല്‍ ശരിയാവില്ല എന്ന് തീരുമാനിക്കുമ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്നത് പ്രേക്ഷകരുടെ പള്‍സ് തൊട്ടറിയുന്ന ഒരു ക്രാഫ്റ്റ്മാന്റെ ജാഗ്രതയാണ്. സിനിമയെ കുറിച്ചുള്ള അഭൂതപൂര്‍വ്വമായ ജ്ഞാനത്തില്‍ നിന്നും വരുന്ന തിരിച്ചറിവു കൂടിയാണ് അത്തരമൊരു തീരുമാനം.

കേട്ട പാട്ടുകള്‍ മധുരം, കേള്‍ക്കാത്തവ അതിമധുരം എന്ന് പറയുന്നത് പോലെ, അഭ്രപാളികളില്‍ എത്താത്ത ‘ഹര്‍ഷന്‍ ദുലരി’, ഒരു മരീചികയായി, എന്നും മോഹിപ്പിക്കുന്ന സ്വപ്നമായി, മലയാള സിനിമാ ചരിത്രത്തില്‍ ഇടംപിടിക്കും എന്ന് തീര്‍ച്ച.

Read More Articles From Our Cinema Section Here

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Director fazil on mohanlal sridevi a r rahman film he never made