/indian-express-malayalam/media/media_files/uploads/2019/06/Mammootty-2.jpg)
സമീപ കാലത്ത് മലയാളം ഉൾപ്പെടെ എല്ലാ സിനിമാ മേഖലകളേയും പിടിച്ചു കുലുക്കിയ 'മീടൂ' മൂവ്മെന്റിനെ കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. വൈകിയാണെങ്കിലും തുറന്നു പറച്ചിലുകൾ നല്ലതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങൾ മുമ്പും സിനിമാ മേഖലയിൽ നടന്നിരുന്നു എന്നും നമ്മൾ അറിയുന്നത് ഏറെ വൈകിയാണെന്നും പറഞ്ഞ മമ്മൂട്ടി മലയാള സിനിമയിൽ നല്ല മാറ്റങ്ങൾ സംഭവിക്കുകയാണെന്നും പറഞ്ഞു. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്.
മകന്‍ ദുൽഖർ സൽമാനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: താന്‍ ദുല്‍ഖറിന്റെ പിതാവ് മാത്രമാണ് മറ്റു കാര്യങ്ങളില്‍ ഇടപെടാറില്ല എന്നായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി.
"ദുല്‍ഖര്‍ അദ്ദേഹത്തിന്റെ കരിയറുമായി മുന്നോട്ട് പോകുകയാണ്. അവന്‍ തന്നെയാണ് അവന്റെ സിനിമകളും വഴികളും തിരഞ്ഞെടുക്കുന്നത്. ഞാന്‍ അതില്‍ ഒരിക്കലും ഭാഗമല്ല. ഞാന്‍ ദുല്‍ഖറിന്റെ പിതാവ് മാത്രമാണ്," മമ്മൂട്ടി പറഞ്ഞു.
Read More: തിരക്കിനിടയില്‍ വെബ് സീരീസൊക്കെ കാണാന്‍ സമയം കിട്ടുമോ?: മമ്മൂട്ടിയുടെ മറുപടി
സിനിമയാണ് തന്റെ ഏറ്റവും വലിയ പാഷനെന്നും ജീവിതത്തില്‍ ഏറ്റവും അധികം മുന്‍ തൂക്കം നല്‍കുന്നത് സിനിമയ്ക്കാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
ഈ പാഷന്‍ തന്നെയാണ് അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ലുക്കിനും കാരണം. ശരീരവും സൗന്ദര്യവും സംരക്ഷിക്കുന്നതില്‍ അത്രയധികം ശ്രദ്ധ ചെലുത്തുന്ന താരം കൂടിയാണ് മമ്മൂട്ടി. യുവ താരങ്ങളെ പോലും അസൂയപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ സൗന്ദര്യം.
മുമ്പ് 'ഒരു വടക്കന്‍ വീരഗാഥ', 'കേരള വര്‍മ്മ പഴശ്ശിരാജ' എന്നീ പീരീഡ് ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ കളരിയും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും തന്നെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി കളരി ഗുരുക്കന്മാരെ തനിക്ക് പരിചയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'മാമാങ്കം' എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് 'മാമാങ്കം'. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക.
Read More: മമ്മൂട്ടി: മാറ്റമില്ലാത്ത ആര്‍ജ്ജവത്തിന്റെ മുപ്പതു വര്‍ഷങ്ങള്‍
നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് 'മാമാങ്കം' നിര്‍മ്മിക്കുന്നത്. അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി 'മാമാങ്കം' മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി തന്നെ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.