‘മാറ്റമില്ലാതെ സംഭവിക്കുന്ന ഒന്നാണ് മാറ്റം’ എന്ന പഴഞ്ചൊല്ലിന് അപവാദമാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. അഞ്ചു പതിറ്റാണ്ടോളമായി അഭിനയരംഗത്ത്‌ സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. എന്നാല്‍ അതിലും പ്രധാനമാണ് അദ്ദേഹത്തിനു അഭിനയത്തോടുള്ള ആര്‍ജ്ജവം.

മമ്മൂട്ടി തന്നെ പല അവസരങ്ങളിലും അത് പറഞ്ഞിട്ടുമുണ്ട് – സിനിമയോടും അഭിനയത്തോടുമുള്ള പാഷനാണ് തന്നെ ഇവിടം വരെ എത്തിച്ചത് എന്ന്.  ചെറുപ്പക്കാരെപ്പോലും അസൂയപ്പെടുത്തുന്ന ഓജസ്സിനു ഉടമയായ അദ്ദേഹത്തിനെ ഡ്രൈവ് ചെയ്യുന്നത് സിനിമയോടുള്ള അടങ്ങാത്ത ആവേശമാണ്.  അത് തന്നെയാണ് മമ്മൂട്ടിയുടെ ഓരോ ചിത്രം വരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നത്.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘മാമാങ്കം’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയ പശ്ചാത്തലത്തിലും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പറയാനുള്ളത് കാലം മങ്ങലേല്‍പ്പിക്കാത്ത ആ ‘മെയ്യഴകിനേയും മുഖശ്രീയേയും’* കുറിച്ച് തന്നെയാണ്, ഒപ്പം മാറ്റം തട്ടാത്ത ആ ആര്‍ജ്ജവവും.

കഴിഞ്ഞ ആഴ്ചയാണ് മമ്മൂട്ടി നായക വേഷത്തില്‍ എത്തുന്ന ‘മാമാങ്കം’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തത്.  വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക.

mammootty, mammootty films, Mammootty age, Mammootty maamaankam, മമ്മൂട്ടി, മാമാങ്കം, mammootty photos, Maamaankam, Pazhassi Raja, Oru Vadakkan Veeragatha

നവാഗതനായ  സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു.  കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്.  അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.

mammootty, mammootty films, Mammootty age, Mammootty maamaankam, മമ്മൂട്ടി, മാമാങ്കം, mammootty photos, Maamaankam, Pazhassi Raja, Oru Vadakkan Veeragatha

മമ്മൂട്ടി അഭിനയിച്ച പ്രധാന പീരീഡ്‌ ചിത്രങ്ങളായ ‘ഒരു വടക്കന്‍ വീരഗാഥ’, ‘കേരളവര്‍മ പഴശ്ശി രാജ’ എന്നിവയിലെ കഥാപാത്രങ്ങളുടെ ഫോട്ടോകളും ചേര്‍ത്താണ് ആരാധകര്‍ പ്രിയനായകന്റെ വര്‍ഷങ്ങളിലൂടെയുള്ള മാറ്റത്തെ, അല്ലെങ്കില്‍ മാറ്റമില്ലായ്മയെ ചൂണ്ടിക്കാട്ടുന്നത്.  ‘ഒരു വടക്കന്‍ വീരഗാഥ’ 1989ലും കേരളവര്‍മ പഴശ്ശി രാജ 2009ലുമാണ് നിര്‍മ്മിക്കപ്പെട്ടത്.

എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘ഒരു വടക്കൻ വീരഗാഥ,’ വടക്കൻ പാട്ടുകളില്‍ പരാമര്‍ശിക്കുന്ന ആരോമല്‍ ചേകവരുടേയും ചതിയന്‍ ചന്തുവിന്റെയും ഉണ്ണിയാര്‍ച്ചയുടെയും കഥയ്ക്ക് എം ടി നല്‍കിയ പുതിയ ഭാഷ്യമായിരുന്നു. അനാഥനായ ചന്തുവിന്റെ വീക്ഷണകോണില്‍ നിന്നും ചേകവ ചരിതം പറഞ്ഞ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. അത് കൂടാതെ, മികച്ച തിരക്കഥ – എം.ടി. വാസുദേവൻ നായർ, മികച്ച കലാസംവിധാനം – പി. കൃഷ്ണമൂർത്തി, മികച്ച വസ്ത്രാലങ്കാരം – നടരാജൻ എന്നീ ദേശീയ പുരസ്കാരങ്ങളും ഈ ചിത്രം കരസ്ഥമാക്കി.

Read More: National Film Awards 2019: ‘പേരന്‍പി’ലെ മമ്മൂട്ടി: മലയാളം ഉറ്റുനോക്കുന്ന ദേശീയ പുരസ്‌കാരം

എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘കേരള വർമ്മ പഴശ്ശിരാജ.’ മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ചെലവേറിയ ചലച്ചിത്രങ്ങളില്‍ ഒന്നാണ് (ഏകദേശം 27 കോടി). ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പഴശ്ശിരാജയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ എടച്ചേന കുങ്കനായി തമിഴ് നടന്‍ ശരത്കുമാര്‍ എത്തിയിരുന്നു. ചിത്രത്തിന് ആ വര്‍ഷത്തെ ദേശീയ പുരസ്കാരങ്ങളില്‍ മികച്ച മലയാള ചിത്രം, സ്പെഷ്യല്‍ ജൂറി പുരസ്‌കാരം-പദ്മപ്രിയ, മികച്ച പശ്ചാത്തല സംഗീതം-ഇളയരാജ, മികച്ച ശബ്ദലേഖനം-റസൂല്‍ പൂക്കുട്ടി എന്നിവ നേടി.

മമ്മൂട്ടി വീണ്ടും പീരീഡ്‌ സിനിമയില്‍ എത്തുമ്പോള്‍ ഈ രണ്ടു മുന്‍കാല ചിത്രങ്ങള്‍ നല്‍കിയ അനുഭവത്തെ ഓര്‍ക്കുകയും സമാനമായ അഭിനയമികവിന് കാത്തിരിക്കുകയുമാണ് ആരാധകര്‍.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook