scorecardresearch

സിനിമാ മേഖല ഇനി എങ്ങോട്ട്?; നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആദ്യഘട്ട ചര്‍ച്ച ഇന്ന്

കോവിഡ് ബാധ ഉളവാക്കിയ അപ്രതീക്ഷിത പ്രതിസന്ധിയില്‍ നിന്നും എങ്ങനെ കരകയറാം എന്നതിന്റെ ആദ്യഘട്ട ചര്‍ച്ചയാവും ഇന്ന് നിര്‍മ്മാതക്കള്‍ കൂടുന്ന ഓണ്‍ലൈന്‍ സൂം മീറ്റിങ്ങിൽ ചര്‍ച്ചയാവുക‌

കോവിഡ് ബാധ ഉളവാക്കിയ അപ്രതീക്ഷിത പ്രതിസന്ധിയില്‍ നിന്നും എങ്ങനെ കരകയറാം എന്നതിന്റെ ആദ്യഘട്ട ചര്‍ച്ചയാവും ഇന്ന് നിര്‍മ്മാതക്കള്‍ കൂടുന്ന ഓണ്‍ലൈന്‍ സൂം മീറ്റിങ്ങിൽ ചര്‍ച്ചയാവുക‌

author-image
Entertainment Desk
New Update
Amazon Prime, ആമസോൺ പ്രൈം Jayasurya, ജയസൂര്യ, Vijay Babu, വിജയ് ബാബു, Malayalam Film, മലയാള സിനിമ, Producers Association, നിർമാതാക്കളുടെ സംഘടന, Exhibitors Federation, തിയേറ്റർ ഉടമകളുടെ സംഘടന, liberty Basheer, ലിബർട്ടി ബഷീർ, Renji Panicker, രഞ്ജി പണിക്കർ, IE Malayalam, ഐഇ മലയാളം

കൊറോണ വ്യാപനത്തെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന്റെ ഭാഗമായി സ്തംഭനത്തിലായ മലയാള സിനിമാ മേഖലയുടെ മുന്നോട്ടുള്ള വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടന ഇന്ന് യോഗം ചേരും. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കല്‍, യാത്രാ വിലക്ക് തുടങ്ങിയവ നിലവില്‍ ഉള്ളതിനാല്‍ ഓണ്‍ലൈനില്‍ സൂം മീറ്റിങ്ങില്‍ ആവും ചര്‍ച്ചകള്‍ നടക്കുക.

Advertisment

"മറ്റെല്ലാ മേഖലകളെയും പോലെ സിനിമാ വ്യവസായവും ഈ ലോക്ക്ഡൗണ്‍ കാരണം ബാധിക്കപ്പെട്ടിട്ടുണ്ട്. രണ്ടര മാസത്തോളമായി തിയേറ്ററുകള്‍ അടച്ചിട്ട്. സിനിമകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ഇനി അങ്ങോട്ട്‌ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള ആദ്യഘട്ട ചര്‍ച്ചയാണ് ഇന്ന് നടത്താന്‍ ഉദ്ദേശിക്കുന്നത്," കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ രഞ്ജിത് രജപുത്ര ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ്‌ ബജറ്റ് ചിത്രം 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം' ഉള്‍പ്പടെ അന്‍പതോളം സിനിമകളാണ് ലോക്ക്ഡൗണ്‍ കാരണം റിലീസ്-നിര്‍മ്മാണ പ്രതിസന്ധിയിലായത്. ഇവയുടെ റിലീസ് സാധ്യതകള്‍ എന്തൊക്കെയാണ്? ഷൂട്ടിങ് ഉള്‍പ്പടെയുള്ള സിനിമാ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എങ്ങനെയൊക്കെ നടത്താം? തുടങ്ങിയ വിഷയങ്ങളാവും പ്രധാനമായും യോഗം ആദ്യ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുക.

തിയേറ്റര്‍ ഇനി എപ്പോള്‍ തുറക്കും? തുറന്നാല്‍ തന്നെ പണ്ടത്തെപ്പോലെ സജീവമായി ആളുകള്‍ തിയേറ്ററുകളിലേക്ക് വരുന്ന സാഹചര്യം ഉണ്ടാകുമോ എന്നൊക്കെയുള്ള ഉത്‌കണ്‌ഠകളുടെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയായ സിനിമകള്‍ തിയേറ്റര്‍ റിലീസ് കാക്കാതെ നേരിട്ട് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ എത്തിക്കാനുള്ള തീരുമാനങ്ങള്‍ ചില നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടിട്ടുണ്ട്. ആ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ വിഷയവും ഇന്നത്തെ നിര്‍മ്മാതാക്കളുടെ യോഗം ചര്‍ച്ച ചെയ്യും.

Advertisment

Read More: ജയസൂര്യ ചിത്രം ആമസോൺ പ്രെെമിൽ റിലീസ് ചെയ്യും; മലയാളത്തിൽ ആദ്യം

ഡിജിറ്റലും തിയേറ്ററും

കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് സിനിമാ തിയേറ്ററുകൾ അനിശ്ചിതകാലം അടച്ചിടുന്ന സാഹചര്യത്തിലാണ് റിലീസിനായി നിർമാതാക്കൾ ഓവർ ദ ടോപ് (ഒടിടി) വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാനാരംഭിച്ചത്. നിലവിൽ ഇന്ത്യയിൽ മലയാളം അടക്കമുള്ള ഭാഷകളിലെ ഏഴ് ഇന്ത്യൻ സിനിമകൾ ഒരു ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും പ്രധാന വേഷത്തിലെത്തുന്ന 'ഗുലാബോ സിതാബോ,' വിദ്യാബാലൻ നായികാ വേഷത്തിലെത്തുന്ന ബയോപിക് 'ശകുന്തളാ ദേവി' എന്നിവയാണ് ബോളിവുഡിൽ നിന്നും ഡിജിറ്റൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. തമിഴിൽ നിന്ന് ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പൊൻമഗൾ വന്താള്‍,' കീർത്തി സുരേഷ് നായികയാവുന്ന 'പെൻഗ്വിൻ' എന്നീ ചിത്രങ്ങളും 'ഫ്രഞ്ച് ബിരിയാണി,' 'ലോ' എന്നീ കന്നഡ ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ജയസൂര്യയും അതിഥി റാവു ഹൈദരിയും പ്രധാന വേഷത്തിലെത്തുന്ന 'സൂഫിയും സുജാതയും' ആണ് മലയാളത്തിൽ നിന്ന് ഡിജിറ്റൽ റിലീസിനൊരുങ്ങുന്നത്.

ഡിജിറ്റല്‍ റിലീസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ വലിയ വിവാദം ഉടലെടുത്തിരുന്നു. നടൻ സൂര്യയുടെ 2ഡി എന്റർടെയ്‌ൻമെന്റ് നിര്‍മ്മിച്ച ‘പൊന്‍മകള്‍ വന്താള്‍’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് പ്രഖ്യാപിച്ചതിന് പിറകേയാണ് തമിഴ്നാട്ടിൽ വിവാദങ്ങൾ ആരംഭിച്ചത്. സൂര്യ സഹകരിക്കുന്ന ഒരു സിനിമയും തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് തമിഴ്നാട്ടിലെ തിയേറ്ററുടമകള്‍ പ്രഖ്യാപിച്ചിരുന്നു. സൂര്യക്ക് പിന്തുണയുമായി നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു.

മലയാളത്തിൽ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന 'സൂഫിയും സുജാതയും' ചിത്രം ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചതും വിവാദമായിരിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തെ ഒരു നിർമാതാവ് എന്ന നിലയിൽ തരണം ചെയ്യേണ്ടതുള്ളതിനാല്‍ ആണ് ചെറിയ ബഡ്‍ജറ്റിലൊരുങ്ങുന്ന ചിത്രങ്ങൾക്ക് ഡിജിറ്റൽ റിലീസ് സാധ്യത തേടുന്നത് എന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ്‌ ബാബു വിശദീകരിച്ചു.

"ഇപ്പോഴത്തെ ഒരു പ്രത്യേക സാഹചര്യത്തിലാണ് ഞാൻ 'സൂഫിയും സുജാത'യും ആമസോൺ പ്രൈം വഴി ഡിജിറ്റൽ റിലീസിനെത്തിക്കാൻ ഒരുങ്ങുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന 'ആട് 3' പോലുള്ള ചിത്രങ്ങൾക്ക് ഇത് പോലെ ഡിജിറ്റൽ റിലീസ് സാധ്യമല്ല. 25 കോടി രൂപയോളം മുടക്കി ചെയ്യുന്ന ചിത്രമാണ്, അത് തീയേറ്ററിലൂടെയാകും റിലീസ്," ഏഷ്യാനെറ്റ്‌ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ്‌ ബാബു പറഞ്ഞു.

എന്നാല്‍ തിയേറ്ററുകളും സമാനമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തിയേറ്റര്‍ റിലീസ് ഒഴിവാക്കിക്കൊണ്ടുള്ള ഒ ടി ടി റിലീസ് തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ അടിയാകുമെന്ന് ഫിലിം എക്സിബിറ്റേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മാത്രമല്ല, ജയസൂര്യയുടെയോ വിജയ്‌ ബാബുവിന്റെയോ ഇനി വരുന്ന ചിത്രങ്ങള്‍ ഒന്നും തന്നെ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തങ്ങള്‍ അനുവദിക്കില്ല എന്നും നിലപാടെടുത്തു. ഏഷ്യാനെറ്റ്‌ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"തീയേറ്റര്‍ ഉടമകളെ സംബന്ധിച്ച് വല്ലാത്തൊരു അവസ്ഥയാണ്. മലയാളസിനിമയിലെ പ്രധാനപ്പെട്ട ഒരു പ്രൊഡ്യൂസര്‍ തന്‍റെ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ കൊണ്ടുക്കൊടുത്താല്‍ ഞങ്ങള്‍ എന്താണ് ചെയ്യുക. ഞങ്ങള്‍ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാട് (വിലക്ക്) സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വില്‍ക്കുന്ന അവസ്ഥയുണ്ടാവും. നല്ലൊരു വിഭാഗം തീയേറ്റര്‍ ഉടമകളും മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരാണ്. അവരൊക്കെ ആത്മഹത്യയുടെ വക്കിലേക്ക് പൊയ്പ്പോവും. ചിത്രീകരണം പൂര്‍ത്തിയാക്കിയ 42 സിനിമകളാണ് ഇപ്പോള്‍ ഉള്ളത്. തീയേറ്ററുകള്‍ തുറക്കുന്നതിന് മുന്‍പ് സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പോയാല്‍ പിന്നെ തീയേറ്ററുകള്‍ ബാക്കിയുണ്ടാവില്ല."- ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ്‌ വീഡിയോ സ്ട്രീമിങ് പ്ളാറ്റ്ഫോമുകളും സിനിമാ തിയേറ്ററുകളും ഒരുപോലെ നിലനില്‍ക്കുന്ന സന്തുലിതമായ അവസ്ഥയുണ്ടാകണമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ അഭിപ്രായപ്പെട്ടു.

''ബാധ്യതകളുള്ള നിര്‍മാതാക്കള്‍ക്ക് നെറ്റ് സ്ട്രീമിങ് പ്ളാറ്റ് ഫോം പ്രയോജനപ്പെടുത്താനാകണം. പുതിയ സിനിമകളുടെ ഒടിടി റിലീസിന്റെ പേരില്‍ നിര്‍മാതാക്കളും തിയറ്ററുടമകളും ഏറ്റുമുട്ടുന്നത് ഇൻഡസ്ട്രിക്ക് ഗുണം ചെയ്യില്ല. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം." - രഞ്ജി പണിക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

Read More: 'ജീവിതം വീണ്ടെടുത്തിട്ടു പോരേ സിനിമ'; സിനിമകളുടെ ഓൺലൈൻ റിലീസിൽ ലിജോ ജോസ് പെല്ലിശ്ശേരി

സൂഫിയും സുജാതയും

ഫ്രൈഡേ ഫിലിംസ് ബാനറിൽ ഒരുങ്ങുന്ന പന്ത്രണ്ടാമത്ത സിനിമയാണ് 'സൂഫിയും സുജാതയും.' ജയസൂര്യയുടെ നായികയായി അദിതി റാവു ഹൈദരി അഭിനയിക്കുന്ന  ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നാരണിപ്പുഴ ഷാനവാസ് ആണ്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

(With inputs from Dhanya Vilayil)

Cinema Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: