തന്റെ ജീവിതത്തിലെ 51 വർഷങ്ങൾ ഇന്ത്യൻ സിനിമയ്ക്കു വേണ്ടി സമർപ്പിച്ച നടനാണ് അമിതാഭ് ബച്ചൻ എന്ന ബോളിവുഡിന്റെ സ്വന്തം ബിഗ് ബി. എന്നാൽ അരനൂറ്റാണ്ടിലേറെയായി തുടരുന്ന ആ അഭിനയസപര്യയ്ക്ക് ഇടയിൽ ഇതാദ്യമായാണ് അമിതാഭ് ബച്ചൻ ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോവുന്നത്. ആദ്യമായി അമിതാഭ് ബച്ചന്റെ ഒരു ചിത്രം തിയേറ്റർ റിലീസ് ഒഴിവാക്കി ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു.
ലോകമാകമാനം കൊറോണ വ്യാപിക്കുകയും രാജ്യങ്ങൾ ലോക്ക്ഡൗണിലേക്ക് പോവുകയും തിയേറ്ററുകളും സിനിമാ ഇൻഡസ്ട്രിയും അനിശ്ചിതകാലത്തേക്ക് അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് അമിതാഭ് ബച്ചന്റെ പുതിയ ചിത്രം ‘ഗുലാബോ സിറ്റാബോ’ ഡിജിറ്റൽ റിലീസ് ചെയ്യാം എന്ന് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 12 ന് 200 രാജ്യങ്ങളിൽ നിന്നുള്ള ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് ചിത്രം കാണാനാവും.
അതിശയകരമായ അനുഭവം എന്നാണ് ഡിജിറ്റൽ റിലീസിനെ അമിതാഭ് ബച്ചൻ വിശേഷിപ്പിക്കുന്നത്. “1969ൽ ചലച്ചിത്രമേഖലയിലെത്തി. ഇതിപ്പോൾ 2020, 51 വർഷങ്ങൾ. ഈ കാലഘട്ടത്തിനിടെ നിരവധി വെല്ലുവിളികളും മാറ്റങ്ങളും കണ്ടു. ഇപ്പോഴിതാ മറ്റൊരു ചലഞ്ച് കൂടി… എന്റെ സിനിമയുടെ ഡിജിറ്റൽ റിലീസ്, ഗുലാബോ സിറ്റാബോ.
ജൂൺ 12ന് ആമസോൺ പ്രൈമിൽ. ഇത് അതിശയകരമാണ്, മറ്റൊരു വെല്ലുവിളിയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” ബച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. ചിത്രത്തിന്റെ റിലീസിനെ ബോളിവുഡും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
അമിതാഭ് ബച്ചനൊപ്പം യുവനടന്മാരിൽ ശ്രദ്ധേയനായ ആയുഷ്മാൻ ഖുറാനയും ചിത്രത്തിലുണ്ട്. ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ ഗുലാബോ ആയി ബച്ചനും സിറ്റാബോയായി ആയുഷ്മാനുമാനും എത്തുന്നു. ഷൂജിത് സിര്കര് ആണ് ചിത്രം സംവിധാനം ചെയ്തത്.
Read more: കൊച്ചുമകളുടെ ഗ്രാജുവേഷൻ ഡേ വീട്ടിൽ ആഘോഷിച്ച് ബച്ചൻ കുടുബം
‘ഗുലാബോ സിറ്റാബോ’യുടെ ഡിജിറ്റൽ റിലീസ് ബോളിവുഡിന്റെ സിനിമാ ചരിത്രത്തിലെ തന്നെ വലിയൊരു ചുവടുവെപ്പാണ്. ബച്ചനെ പോലുള്ള ഒരു ഇതിഹാസതാരം അഭിനയിക്കുന്ന, വലിയ മുതൽമുടക്കുള്ള അത്തരമൊരു സിനിമ ഡിജിറ്റൽ റിലീസ് നടത്താനുള്ള തീരുമാനം ബോളിവുഡിനെ സംബന്ധിച്ചും ഇന്ത്യൻ സിനിമ വ്യവസായത്തെ സംബന്ധിച്ചും വലിയൊരു മാറ്റത്തിന്റെ തുടക്കാമായി കരുതാം.
“ബോളിവുഡിലെ നായകസങ്കൽപ്പത്തെ മറ്റൊരു കാഴ്ചപ്പാടിലേക്ക് മാറ്റിയ അമിതാഭ് ബച്ചൻ, ആയുഷ്മാൻ ഖുറാന എന്നീ മുൻനിര താരങ്ങളുടെ സിനിമ നമ്മുടെ കൈയെത്തും ദൂരത്തുള്ള ഒരു പ്ലാറ്റ്ഫോമിൽ എളുപ്പത്തിൽ ലഭ്യമാവുകയാണ്. ശരിയാണ്, ഒരു തിയേറ്ററിന്റെ ഇരുട്ടിൽ സിനിമ കാണുന്നതിനു തുല്യമല്ല ആ അനുഭവം. എന്നിരുന്നാലും നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ നീക്കം, ഗുലാബോ സിറ്റാബോയുടെ ഓപ്പണിംഗ്, ഒരു ഗെയിം ചേഞ്ചറാണ്,” ഈ മാറ്റത്തെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് ഫിലിം ക്രിട്ടിക് ശുഭ്ര ഗുപ്ത എഴുതിയ കുറിപ്പ് ഇവിടെ വായിക്കാം.
Read more: The new Bollywood
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook