/indian-express-malayalam/media/media_files/uploads/2018/12/kerala-film-festival-iffk-2018-dates-delegate-pass-films-film-list-buddhadeb-dasgupta-nandita-das-chief-guests-for-opening-1.jpg)
kerala film festival iffk 2018 dates delegate pass films film list buddhadeb dasgupta nandita das chief guests for opening
ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി നടത്തുന്ന 2018ലെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയേറാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. ഇത്തവണ മേളയ്ക്ക് മുഖ്യാതിഥികളായെത്തുന്നത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു പേരാണ്. ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്തയും, നടിയും സംവിധായകയുമായ നന്ദിതാ ദാസും. ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഇരുവരുടേയും സിനിമകളും പ്രദര്‍ശിപ്പിക്കപ്പെടും.
ബുദ്ധദേവ് ദാസ്ഗുപ്തയുടെ 'ദി ഫ്‌ലൈറ്റ്' എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. പറക്കാന്‍ കൊതിക്കുന്ന ഒരു മെക്കാനിക്കിന്റെ കഥയാണ് 'ദി ഫ്‌ളൈറ്റ്' പറയുന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് തകര്‍ന്ന ജാപ്പനീസ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചേര്‍ത്തു വച്ച് അതിനെ പുനർനിര്‍മിക്കാന്‍ ബച്ചു മണ്ഡല്‍ തീരുമാനിക്കുന്നു. തകര്‍ന്ന സ്വപ്‌നങ്ങളും പേറി അലഞ്ഞു തിരിയുന്ന ഒരു കൂട്ടം ആത്മാക്കളാണ് ബച്ചുവിന്റെ ഈ കണ്ടുപിടിത്തത്തെ തിരിച്ചറിയുന്നത്. പിന്നീട് ആ പ്രദേശത്ത് നടക്കുന്ന, ജീവന് തന്നെ ഭീഷണിയാകുന്ന വിചിത്രമായ ചില സംഭവങ്ങളെ തുടര്‍ന്ന് അധികാരികള്‍ ബച്ചുവിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബുദ്ധദേബ് ദാസ് ഗുപ്ത തന്നെയാണ്. ചന്ദന്‍ റോയ് സന്യാല്‍, പര്‍ണോ മിത്ര, സുദീപ്‌തോ ചാറ്റര്‍ജി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബുദ്ധദേബ് ദാസ്ഗുപ്തയുടെ അഞ്ച് ചിത്രങ്ങള്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച ബെര്‍ലിന്‍ ബെയര്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗാളി ചിത്രങ്ങളെ ഏറെ സ്‌നേഹത്തോടെ സ്വാഗതം ചെയ്ത മലയാളികള്‍ക്ക് ബുദ്ധദേബ് ദാസ് എന്നും പ്രിയപ്പെട്ട സംവിധായകനാണ്.
നടിയും സംവിധായികയുമായ നന്ദിതാ ദാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'മന്റോ' എന്ന ചിത്രമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദക്ഷിണേഷ്യയിലെ വിഖ്യാത എഴുത്തുകാരില്‍ ഒരാളായിരുന്ന സാദത്ത് ഹസന്‍ മെന്റോയുടെ ജീവിതത്തെക്കുറിച്ചാണ് നന്ദിത ഈ സിനിമയിലൂടെ പറയുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് നവാസുദീന്‍ സിദ്ദിഖിയാണ്.
മന്റോയുടെ ജീവിതത്തിലെ ഏറ്റവും ക്ഷുബ്ധവും പ്രധാനപ്പെട്ടതുമായ നാലു വര്‍ഷങ്ങളാണ് (1946-50) ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം രാജ്യത്തിന്റെ വിഭജനം നടക്കുകയാണ്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ തന്റെ പ്രിയപ്പെട്ട മുംബൈ വിട്ട് പാകിസ്താനിലേക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്നു. ലാഹോറില്‍ അദ്ദേഹം സുഹൃത്തുക്കളില്‍ നിന്നെല്ലാം ഒറ്റപ്പെടുകയും, തന്റെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോകുകയും ചെയ്യുന്ന മന്റോ, അശ്ലീലം എഴുതുകയാണ് എന്നാരോപിക്കപ്പെട്ടു വിചാരണ നേരിടുകയാണ്. മന്റോയുടെ കൂടിവരുന്ന മദ്യപാനം കുടുംബത്തെ കടബാധ്യതയിലേക്ക് തള്ളിവിടുകയും ജീവിതം കൂടുതല്‍ ദുസ്സഹമാകുകയും ചെയ്യുന്നു. അതേ സമയം താന്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങള്‍ മന്റോയുടെ രചനകള്‍ക്ക് വിഷയങ്ങളാകുകയും ചെയ്യുന്നു. വളര്‍ന്നു വരുന്ന രണ്ടു രാജ്യങ്ങളുടെ, അടിപതറുന്ന രണ്ടു നഗരങ്ങളുടെ, അതെല്ലാം മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് 'മന്റോ'.
'ഫയര്‍' എന്ന ദീപാ മേഹ്ത സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നന്ദിതാ ദാസിന് ഏറെ ആരാധകരുള്ള സ്ഥലമാണ് കേരളം. സ്വവര്‍ഗാനുരാഗം പ്രമേയമായ 'ഫയര്‍' ഇന്ത്യയില്‍ ധാരാളം എതിര്‍പ്പുകള്‍ നേരിട്ടപ്പോള്‍ തുറന്ന മനസ്സോടെ സിനിമയെ സമീപിച്ച ചുരുക്കം ചില ഇടങ്ങളില്‍ ഒന്നാണ് കേരളം. 'ഫിരാക്' എന്ന നന്ദിതയുടെ ആദ്യ സംവിധാന സംരംഭത്തിനെയും മലയാളി സിനിമാ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയ്ക്ക് ആ വര്‍ഷം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഐഎഫ്എഫ്‌കെയില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Read More: IFFK 2018: സമഗ്ര സംഭാവനയ്ക്കുള്ള മാജിദ് മജിദിയ്ക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.