Kerala Film Festival 2018: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കൊണ്ട് വന്ന കെടുതിയില്‍ നിന്നും നീന്തിക്കയറുകയാണ് കേരളം. മഴ ഒഴുക്കിക്കളഞ്ഞ ജീവിതങ്ങളെ പതിയെ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ് സമസ്ത മേഖലകളിലും പെട്ട മലയാളികള്‍. പ്രളയത്തിന്റെ നടുക്കത്തിലാണ്ട്, ആഘോഷങ്ങള്‍ ഒന്നുമില്ലാതെപോയ കേരളത്തിന്, വര്‍ഷമൊടുങ്ങുമ്പോള്‍ ഓര്‍ത്തു വയ്ക്കാന്‍ ഒരിത്തിരി വെളിച്ചമായി എത്തുകയാണ് മലയാളത്തിന്റെ സ്വന്തം രാജ്യാന്തര സിനിമാ മേള. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐ എഫ് എഫ് കെ) ഇരുപത്തിമൂന്നാം പതിപ്പിന് ഡിസംബര്‍ ഏഴു വെള്ളിയാഴ്ച തിരുവനന്തപുരത്ത് തിരി തെളിയും.
Read More: കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 വരെ
പ്രതിസന്ധികള്‍ ഏറെ കടന്നാണ് മേള വെളിച്ചം കാണുന്നത്. പ്രളയാനന്തര കേരളത്തിന് ഇങ്ങനെയൊരു ആഘോഷം വേണമോ എന്ന ചോദ്യമായിരുന്നു ഐ എഫ് എഫ് കെയുടെ നടത്തിപ്പിനെക്കുറിച്ച് ആദ്യം ഉയര്‍ന്നു വന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി മുടക്കമില്ലാതെ നടന്നു വരുന്ന മേളയ്ക്ക് ഒരു വര്‍ഷം മുടക്കമുണ്ടായാല്‍ രാജ്യാന്തര തലത്തില്‍ ഫെസ്റ്റിവലിന് ഇപ്പോള്‍ നിലവിലുള്ള അഫിലിയേഷന്‍സിനെ ബാധിക്കും എന്ന സിനിമാ മേഖലയിലെ പ്രമുഖരുടെ അഭിപ്രായത്തെ മാനിച്ചാണ് മേളയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം ഉണ്ടാകുന്നത്. എന്നാല്‍ പ്രളയക്കെടുതിയുടെ സാമ്പത്തിക ബാധ്യതകള്‍ പേറുന്ന കേരള സര്‍ക്കാരിന് ഐ എഫ് എഫ് കെയുടെ നടത്തിപ്പിന് സാധാരണയായി ചലച്ചിത്ര അക്കാദമിയ്ക്ക് നല്‍കാനുള്ള തുക നല്‍കാന്‍ സാധിക്കാത്ത അവസ്ഥ വന്നു. തുടര്‍ന്ന് സ്വന്തം നിലയില്‍ മേള നടത്താം എന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിക്കുകയായിരുന്നു. സ്പോണ്‍സര്‍ഷിപ്പിലൂടെയും, ഡെലിഗേറ്റ് ഫീ ഉയര്‍ത്തിയും, ചെലവു കുറച്ചുമൊക്കെയാണ് ഇക്കൊല്ലം മേള നടക്കാന്‍ പോകുന്നത്.
നവകേരള സൃഷ്ടിക്ക് കരുത്തു പകരുന്നതാകും ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ആഘോഷങ്ങള്‍ സംഘടിപ്പിച്ച് ആശ്വാസം പകരുകയും അതിലൂടെ അതിജീവനത്തിന്റെ സന്ദേശം നല്‍കുകയുമാണ് ദുരന്തങ്ങള്‍ ഉണ്ടായ രാജ്യങ്ങള്‍ ചെയ്തത്. ആ മാതൃകയാണ് കേരളം പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read More: ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ തീം ‘റീബില്‍ഡിങ്’
ഉള്ളടക്കത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ ലളിതമായ രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ലാളിത്യം നടത്തിപ്പില്‍ മാത്രമാണെന്നും പ്രൗഢമായ ചലച്ചിത്രങ്ങളാണ് മേളയുടെ ആകര്‍ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സഹായം നല്‍കുന്നില്ലെങ്കിലും സര്‍ക്കാര്‍ അധീനതയിലുള്ള തിയേറ്ററുകളും അനുബന്ധ സൗകര്യങ്ങളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ തിയേറ്ററുകള്‍ ഇത്തവണ പകുതി വാടക മാത്രമാണ് ഈടാക്കുന്നത്. ഇതിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും സ്‌പോണ്‍സര്‍ഷിപ്പും ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ഈ മേള വന്‍വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും എ കെ ബാലന്‍ അറിയിച്ചു.

72 രാജ്യങ്ങളില്‍ നിന്നുള്ള 164 സിനിമകള്‍, 386 സ്ക്രീനിംഗുകളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമാ ഇന്ന്, മലയാളം സിനിമാ ഇന്ന്, ലോക സിനിമ, പോട്ട്പുരി ഇന്ത്യ, ഇന്‍ഗ്മാര്‍ ബെര്‍ഗ്മാന്‍, മിലോസ് ഫോര്‍മാന്‍ പാക്കേജുകള്‍, മലയാളി ചലച്ചിത്രകാരന്‍ ലെനിന്‍ രാജന്ദ്രന്റെ സിനിമകളുടെ റെട്രോസ്പ്പെക്റ്റിവ്, മിഡ്നൈറ്റ് സ്ക്രീനിംഗ്, ജൂറി ചിത്രങ്ങള്‍ എന്നിവ കൂടാതെ അതിജീവനത്തിന്റെ കഥകള്‍ പറയുന്ന ‘ദി ഹ്യൂമന്‍ സ്പിരിറ്റ്’ എന്ന പ്രത്യേക വിഭാഗവും ഈ വര്‍ഷത്തെ മേളയിലുണ്ട്.
IFFK 2018: സമകാലിക സിനിമാ ലോകത്തിലേക്ക് തുറക്കുന്ന ജാലകം
ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ ഭൂണ്ഡങ്ങളാണ് ഐ എഫ് എഫ് കെയുടെ ഫോക്കസ്. മത്സര വിഭാഗത്തില്‍ ഈ രാജ്യങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ മാത്രമാണ് തെരഞ്ഞെടുക്കുക. സുവര്‍ണ്ണ-രജത ചകോര പുരസ്കാരങ്ങൾക്കായി ഈ വിഭാഗത്തിലെ 14 ചിത്രങ്ങള്‍ മത്സരിക്കും. ഇതില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നുള്ളവയാണ്. ഇന്ത്യന്‍ സംവിധായിക അനാമിക ഹസ്കര്‍ ഉള്‍പ്പടെ നാല് വനിതാ സംവിധായികമാരുടെ ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജിദിയുടെ അധ്യക്ഷതയിലുള്ള രാജ്യാന്തര ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണ്ണയിക്കുക. ഇത് കൂടാതെ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച സിനിമ, ഫിപ്റസ്ക്കി, നെറ്റ്പ്പാക്ക് എന്നീ പുരസ്കാരങ്ങളും ഐ എഫ് എഫ് കെ നല്‍കും. മേളയുടെ അവസാന ദിനമായ ഡിസംബര്‍ 13നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.
രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ സമകാലിക ലോക സിനിമകളുടെ വിഭാഗമാണ് ഐ എഫ് എഫ് കെയുടെ ആകര്‍ഷണം. കാന്‍, വെനീസ്, ബെര്‍ലിന്‍, ലൊക്കാര്‍ണോ തുടങ്ങിയ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ പകുതിയോളം ചിത്രങ്ങളും ഇന്ത്യയില്‍ ആദ്യമായാണ് (ഇന്ത്യാ പ്രീമിയര്‍) പ്രദര്‍ശിപ്പിക്കുന്നത്. ഹിരോകാസു കൊറിയെദാ, കോയന്‍ ബ്രദര്‍സ്, ലാര്‍സ് വോണ്‍ ട്രയര്‍, നൂരി ബില്ഗെ സെയ്ലന്‍, നവോമി കവസേ, ജാഫര്‍ പനാഹി, ആമോസ് ഗിതായ്, ബ്രില്ല്യന്‍റ്റ് മെന്‍ഡോസ, ജിയാ ഷന്‍കേ, സ്പൈക് ലീ, ഗസ്പേര്‍ നോയ്, പാവേല്‍ പവെലോവ്സ്കി, ശുഭ ശിവകുമാരന്‍, കിം കി ടുക്, മിയാ ഹാന്‍സെന്‍ ലവ്, ഒളിവിയര്‍ അസ്സയാസ്, കാര്‍ലോസ് രേയ്ഗദാസ് തുടങ്ങിയവരെ ഏറ്റവും പുതിയ ചിത്രങ്ങള്‍ മേളയുടെ ആകര്‍ഷണമാകും.
ലൊക്കാര്‍ണോ മേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ ‘റേ ആന്റ് ലിസ്’, വെനീസ് മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് ഖൈസ് നാഷിഫിനെ അര്‍ഹനാക്കിയ ‘ടെല്‍ അവീവ് ഓണ്‍ ഫയര്‍’, സാന്‍ സെബാസ്റ്റ്യനില്‍ മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ ‘റോജോ’, തുര്‍ക്കിയിലെ പരാജയപ്പെട്ട ഒരു സൈനിക അട്ടിമറിയുടെ കഥ പറയുന്ന ‘അനൗണ്‍സ്‌മെന്റ്’ എന്നിവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ‘ബോര്‍ഡര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസി, കെനിയന്‍ സംവിധായിക വനൗരി കഹ്യു, അമേരിക്കന്‍ സംവിധായനായ കെന്റ് ജോണ്‍സ്, വിയറ്റ്‌നാം സംവിധായികയായ ആഷ് മേഫെയര്‍, റുമേനിയന്‍ സംവിധായകന്‍ ഡാനിയേല്‍ സാന്റു എന്നിവരുടേതടക്കമുള്ള നവാഗത ചിത്രങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശനത്തിനെത്തും.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി മൂന്ന് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫ്രഞ്ച് സംവിധായിക ക്ലെയര്‍ ഡെനിസിന്റെ ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ ‘ഹൈ ലൈഫ്’, അലി അബ്ബാസിയുടെ സ്വീഡിഷ് ചിത്രം ‘ബോര്‍ഡര്‍’, ഫ്രഞ്ച് സംവിധായന്‍ ക്വാര്‍ക്‌സിന്റെ ‘ആള്‍ ദ ഗോഡ്സ് ഇന്‍ ദ സ്‌കൈ’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ലൊക്കാര്‍ണോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ലേപാര്‍ഡ് പുരസ്‌കാരം നേടിയ ക്ലെയര്‍ ഡെനിസിന്റെ ‘ഹൈ ലൈഫ്’ ബഹിരാകാശ ദൗത്യത്തിലേര്‍പ്പെടുന്ന ഒരു സംഘം കുറ്റവാളികളുടെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങള്‍ ചിത്രീകരിക്കുന്നു. കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിരൂപക പ്രശംസ നേടിയ ‘ബോര്‍ഡര്‍’ അയ്വിദേ ലിന്‍ഡ്ക്വീസ്റ്റിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ്. ഗന്ധം കൊണ്ട് കുറ്റവാളികളെ തിരിച്ചറിയുന്ന പ്രത്യേക സിദ്ധിയുള്ള അതിര്‍ത്തി കാവല്‍ക്കാരിയുടെ കഥ പറയുന്ന ചിത്രം അക്കാദമി പുരസ്‌കാരത്തിലെ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള സ്വീഡന്റെ ഔദ്യോഗിക നാമനിര്‍ദ്ദേശം കൂടിയാണ്. ഭിന്ന ശേഷിക്കാരിയായ സഹോദരിയും അവളെ സംരക്ഷിക്കുന്ന സഹോദരനുമാണ് ‘ആള്‍ ദ ഗോഡ്സ് ഇന്‍ ദ സ്‌കൈ’യിലെ പ്രധാന കഥാപാത്രങ്ങള്‍. സഹോദര സ്‌നേഹവും പ്രാരാബ്ധങ്ങളും വിഷയമാകുന്ന ചിത്രം കഥാപാത്രങ്ങളുടെ വിഭ്രമാത്മകമായ മാനസിക മുഹൂര്‍ത്തങ്ങളിലൂടെയും കടന്നുപോകുന്നു. ഹൈ ലൈഫ് ഡിസംബര്‍ ഏഴിന് ധന്യയില്‍ മൂന്ന് മണിക്കും ബോര്‍ഡര്‍ ടാഗോറില്‍ 2.15 നും ആള്‍ ദ ഗോഡ്സ് ഇന്‍ ദ സ്‌കൈ ഡിസംബര്‍ എട്ടിന് ന്യൂ സ്‌ക്രീന്‍ മൂന്നില്‍ 12.15 നും ആദ്യ പ്രദര്‍ശനം നടത്തും.
അതിജീവനത്തിന്റെ കഥകളുമായി ‘ഹോപ് ആന്‍ഡ് റീബില്‍ഡിംഗ്’
മനശക്തി കൊണ്ടും കൂട്ടായ പ്രവര്‍ത്തനം കൊണ്ടും പ്രതിസന്ധികളെ തരണം ചെയ്യുകയും അതുജീവനം നടത്തുകയും ചെയ്യുന്നവരുടെ കഥകള്‍ പറയുന്ന സിനിമകള്‍ അടങ്ങുന്ന പ്രത്യേക വിഭാഗമാണ് ‘ദി ഹ്യൂമന്‍ സ്പിരിറ്റ്: ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റീബില്‍ഡിംഗ്’. തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത ‘വെള്ളപ്പൊക്കത്തില്‍’ എന്ന ചിത്രം ‘ദി ഹ്യൂമന്‍ സ്പിരിറ്റ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 1924ല്‍ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അപ്പു എന്ന വളര്‍ത്തുനായയുടെ ദാരുണാന്ത്യമാണ് ചിത്രത്തിന്റെ പ്രമേയം. മായന്‍ സംസ്‌കാരത്തിന്റെ അതിജീവനം പ്രമേയമാകുന്ന മെല്‍ ഗിബ്‌സണിന്റെ ‘അപ്പോകാലിപ്‌റ്റോ’, കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കിയ ‘ബിഫോര്‍ ദ ഫ്‌ളഡ്’, ‘ബീസ്റ്റ്സ് ഓഫ് ദ സതേണ്‍ വൈല്‍ഡ്’, ‘മണ്ടേല ലോംഗ് വാക്ക് ടു ഫ്രീഡം’, ‘പോപ്പ് ഫ്രാന്‍സിസ് എ മാന്‍ ഓഫ് ഹിസ് വേഡ്‌സ്’ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ സിനിമയുടെ നേര്‍ക്കാഴ്ചകള്‍
അനാമിക ഹക്സാറിന്റെ ‘ഗോഡെ കോ ജലേബി ഖിലാനെ ലെ ജാ റിയാ ഹൂൺ’, പ്രവീൺ മോർഖലെ സംവിധാനം ചെയ്ത ഉറുദു ചിത്രം ‘വിടോ ഓഫ് സൈലൻസ്’ എന്നീ ചിത്രങ്ങളാണ് ഇന്ത്യൻ ഭാഷകളിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിൽ മലയാളി സംവിധായകൻ ബിജുകുമാർ ദാമോദരന്റെ ബഹുഭാഷ ചിത്രം ‘പെയിന്റിങ് ലൈഫ്’ പ്രദർശിപ്പിക്കും. ഇതിന് പുറമെ ബംഗാളി ചിത്രങ്ങളായ അമിതാഭാ ചാറ്റർജിയുടെ ‘ആമി ഓ മനോഹർ’, ബുദ്ധദേഭ് ദാസ്ഗുപ്ത ‘ഉറോജഹാജും’ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. കൊണാരക്ക് മുഖർജിയുടെ ബഹുഭാഷ ചിത്രം ‘അബ്രഹാം’, ദേവശിഷ് മഖിജയുടെ ‘ഭോസ്‍ലേ’, നന്ദിത ദാസിന്റെ ‘മാന്റോ’ എന്നീ ചിത്രങ്ങളും ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിൽ പ്രദർശിപ്പിക്കും. വാസന്ത് എസ് ശശിയുടെ ‘ശിവരഞ്ജിനിയും ഇന്നും സില പെങ്കളുമാണ്’ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന തമിഴ് സിനിമ.
ഇന്ത്യൻ സ്പെഷ്യൽ ഫോക്കസ് വിഭാഗമായ ‘പോട്ട്പുരി ഇന്ത്യയില്‍ പ്രിയ രാമസുബ്ബന്റെ ലഡാക്കി ചിത്രം ‘ചുസ്‍കിത്’, ബോബി ശർമ്മയുടെ ‘മിഷിങ്’, അരൂപ് മന്നയുടെ ‘ആമൃത്യൂ’, റിമ ദാസിന്റെ ‘ബുൾബുൾ ക്യാൻ സിങ്’, പാമ്പള്ളിയുടെ ‘സിഞ്ജാർ’, ഋതു സരിൻ, ടെൻസിങ് സോനം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ടിബറ്റൻ ചിത്രം ‘ദി സ്വീറ്റ് റെക്കിം’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
അഭിമാനമായി മലയാളം
മേളയിലെ ഇത്തവണത്തെ റെട്രോസ്പ്പെക്റ്റിവ് വിഭാഗത്തില്‍ പ്രധാനപ്പെട്ടത് മലയാളി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ചിത്രങ്ങളുടെ പാക്കേജ് ആണ്. ‘ലെനിന്‍ രാജേന്ദ്രന്‍: ക്രോണിക്ക്ളര്‍ ഓഫ് ഔര്‍ ടൈംസ്’ എന്ന വിഭാഗത്തില്‍ ‘മീനമാസത്തിലെ സൂര്യന്‍’, ‘സ്വാതി തിരുനാള്‍’, ‘ചില്ല്’, ‘മഴ’, ;ദൈവത്തിന്റെ വികൃതികള്‍’, ‘വചനം’ എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടും.
മത്സര വിഭാഗത്തിലേക്ക് മലയാള ചലച്ചിത്രങ്ങളായ സകരിയ മുഹമ്മദ് സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജേരിയ’, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഇ മ യൗ’ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ പന്ത്രണ്ടു സിനിമകള്‍ വേറെയുണ്ട്.
പി കെ ബിജുക്കുട്ടന്റെ ‘ഓത്ത്’, സൗബിന്‍ ഷാഹിറിന്റെ ‘പറവ’, ജയരാജിന്റെ ‘ഭയാനകം’, ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘ഉടലാഴം’, ആഷിക് അബുവിന്റെ ‘മായനദി’, വിനു എ കെയുടെ ‘ബിലാത്തിക്കുഴല്‍’, വിപിന്‍ വിജയുടെ ‘പ്രതിഭാസം’, ബി അജിത്കുമാറിന്റെ ‘ഈട’, ബിനു ഭാസ്കറിന്റെ ‘കോട്ടയം’, സുമേഷ് ലാലിന്‍റെ ‘ഹ്യൂമന്‍സ് ഓഫ് സംവന്‍’, ഗൗതം സൂര്യയുടെ ‘സ്ലീപ്‌ലെസ്സ്ലി യുവേര്‍സ്’, വിപിന്‍ രാധാകൃഷ്ണന്റെ ‘ആവേ മരിയ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. പതിനാലു ചിത്രങ്ങളില്‍ പത്തെണ്ണവും നവാഗത സംവിധായകരുടെതാണ്.

ലോക സിനിമാ ചരിത്രത്തിൽ തന്നെ പലപ്പോഴായി രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞ ഐ എഫ് എഫ് കെയെ സംബന്ധിച്ച് ഏറെ ചലഞ്ചിങ് ആയൊരു ചലച്ചിത്ര മേള കൂടിയാണ് ഇത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഏഴു ദിവസമായി കുറച്ചാണ് ഈ വര്‍ഷം മേള നടത്തുന്നത്. ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയും സ്പോണ്‍സര്‍ഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുള്ള ഫണ്ട് സ്വരൂപിക്കുന്നത്. കഴിഞ്ഞ തവണ 6 കോടി 35 ലക്ഷം രൂപയായിരുന്ന ചെലവ് ഇത്തവണ മൂന്നരക്കോടി രൂപയായി ചുരുക്കുമെന്നു ചലച്ചിത്ര അക്കാദമി നേരത്തെ അറിയിച്ചിരുന്നു. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കായിരിക്കും. മൂന്നു ദിവസത്തേക്ക് മാത്രമായി ആയിരം രൂപയുടെ പാസുകളും ഇത്തവണ ലഭിക്കും.
മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യവേദിയില്‍ വൈകുന്നേരങ്ങളില്‍ നടത്താറുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, ശില്‍പശാല, എക്സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഓപ്പണ്‍ ഫോറം തുടരും. പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിശാഗന്ധിയില്‍ ഉദ്ഘാടന ചടങ്ങ് ലളിതമായി നടത്തി ഉദ്ഘാടന ചിത്രമായ ‘എവെരിബഡി നോസ്’ പ്രദര്‍ശിപ്പിക്കും. ലളിതമായ രീതിയില്‍ നടത്തുന്ന സമാപന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
അപ്രതീക്ഷിതമായി എത്തിയ മഹാപ്രളയം തകർത്ത കേരളത്തിന്റെ പ്രളയമുറിപ്പാടുകൾ ഇനിയും ഉണങ്ങിയിട്ടില്ലാത്ത മണ്ണിൽ നിന്ന് ഇത്തവണ ഐ എഫ് എഫ് കെ ആഘോഷിക്കുമ്പോൾ അതു നല്ല സിനിമകളുടെ ഒരു ഉത്സവകാലം മാത്രമല്ല, ഒപ്പം കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ സങ്കീർത്തനം കൂടിയായി മാറുകയാണ്.