തിരുവനന്തപുരം: 23-മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം പുരസ്കാരം ഇറാനിയൻ സംവിധായകനായ മാജിദ് മജീദിക്ക്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികഞെരുക്കം അനുഭവിക്കുന്നതിനാൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകേണ്ടതില്ലെന്ന് മേളയുടെ സംഘാടകരായ കേരള ചലച്ചിത്ര അക്കാദമി  നേരത്തെ  തീരുമാനിച്ചിരുന്നു. എന്നാൽ, ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന്  ഒരു സ്പോൺസറെ ലഭിച്ചതിനാൽ ഈ വർഷവും പുരസ്കാരം കൊടുക്കാൻ തീരുമാനിച്ചതായി ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും ഐഎഫ്എഫ്കെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോൾ വേണുഗോപാൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

”ആദ്യം ലൈഫ് ടൈം അച്ചീവ്മെന്റ് ഒഴിവാക്കാം എന്നായിരുന്നു തീരുമാനം. പിന്നെ, മാജിദ് മജീദിയെ പോലെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ ഒരു ഫിലിംമേക്കറെ ജൂറിയായി ലഭിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്റെ തുക നൽകാൻ തയ്യാറായി ഒരു സ്പോൺസറും മുന്നോട്ടുവന്നു. പിന്നെ എന്തിന് അതു മാത്രമായി ഒഴിവാക്കണം എന്നു തോന്നി. മാജിദ് മജീദിയ്ക്ക് ആയിരിക്കും ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം,” ബീന പോൾ വേണുഗോപാൽ പറഞ്ഞു.

IFFK 2018: വര്‍ഷമൊടുങ്ങുമ്പോള്‍ ഓര്‍ത്തു വയ്ക്കാന്‍ ഒരിത്തിരി വെളിച്ചം: കേരള രാജ്യാന്തര ചലച്ചിത്രോത്സവം വെള്ളിയാഴ്ച മുതല്‍

ലോക പ്രശസ്ത ഇറാനിയൻ സംവിധായകനാണ് മാജിദ് മജീദി. ‘ചിൽഡ്രൻ ഒാഫ് ഹെവൻ’, ‘ദ കളർ ഓഫ് പാരഡൈസ്’, ‘ബാറൻ’, ‘സോംഗ് ഓഫ് സ്‌പാരോസ്’ തുടങ്ങിയ സിനിമകളിലൂടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം. പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കി മാജിദ് മജീദി ഒരുക്കിയ ‘മുഹമ്മദ്: മെസഞ്ചർ ഓഫ് ഗോഡ്’ എന്ന ചിത്രവും ഇത്തവണ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കും.

 

മാജിദ് മജിദിയുടെ അധ്യക്ഷതയിലുള്ള രാജ്യാന്തര ജൂറിയാണ് ഇത്തവണത്തെ ഐഎഫ്എഫ്കെ പുരസ്കാരങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ഇത് കൂടാതെ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച സിനിമ, ഫിപ്രസ്ക്കി, നെറ്റ്പ്പാക്ക് എന്നീ പുരസ്കാരങ്ങളും ഐഎഫ്എഫ്കെ നല്‍കും. മേളയുടെ അവസാന ദിനമായ ഡിസംബര്‍ 13നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.

72 രാജ്യങ്ങളില്‍ നിന്നുള്ള 164 സിനിമകള്‍, 386 സ്ക്രീനിംഗുകളിലായാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമാ ഇന്ന്, മലയാളം സിനിമാ ഇന്ന്, ലോക സിനിമ, പോട്ട്പുരി ഇന്ത്യ, ഇന്‍ഗ്മാര്‍ ബെര്‍ഗ്മാന്‍, മിലോസ് ഫോര്‍മാന്‍ പാക്കേജുകള്‍, മലയാളി ചലച്ചിത്രകാരന്‍ ലെനിന്‍ രാജന്ദ്രന്റെ സിനിമകളുടെ റെട്രോസ്പ്പെക്റ്റിവ്, മിഡ്നൈറ്റ്‌ സ്ക്രീനിംഗ്, ജൂറി ചിത്രങ്ങള്‍ എന്നിവ കൂടാതെ അതിജീവനത്തിന്റെ കഥകള്‍ പറയുന്ന ‘ദി ഹ്യൂമന്‍ സ്പിരിറ്റ്‌’ എന്ന പ്രത്യേക വിഭാഗവും ഈ വര്‍ഷത്തെ മേളയിലുണ്ട്.

Read More: IFFK 2018: നന്ദിതാ ദാസും ബുദ്ദദേവ് ദാസ്ഗുപ്തയും മുഖ്യാതിഥികള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook