/indian-express-malayalam/media/media_files/6fu8W7wm24QP4JVDRU66.jpg)
കഴിഞ്ഞ ദിവസമാണ് ‘കാതല്‍: ദി കോർ’ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. തിയേറ്റർ റിലീസ് സമയത്തു തന്നെ മികച്ച നിരൂപക പ്രശംസ നേടിയ കാതലിന്റെ ഒടിടി റിലീസും സിനിമാപ്രേമികൾ ആഘോഷമാക്കുകയാണ്. മമ്മൂട്ടിയേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ കാതലിനെ വാനോളം പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമമായ 'ദി ന്യൂയോർക്ക് ടൈംസ്' വരെ രംഗത്തെത്തിയിരുന്നു.' ദക്ഷിണേന്ത്യയിലെ മുതിർന്ന താരങ്ങളിലൊരാൾ 'ഗേ' കഥാപാത്രമായി സ്ക്രീനിലെത്തിയ സിനിമ, ആ കഥാപാത്രത്തെ സെൻസിറ്റീവായി അവതരിപ്പിച്ചെന്നും, കേരളത്തിനപ്പുറം അത് ചർച്ചയാവുകയാണ് ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ പറയുന്നത്. ഒരു ഗേ ആയ വ്യക്തി സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെയാണ് ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിച്ചത്
ഒടിടി റിലീസിനു പിന്നാലെ കേരളത്തിനു വെളിയിൽ നിന്നുള്ള സിനിമാസ്വാദകർ പോലും ചിത്രത്തെയും മമ്മൂട്ടിയേയും വാനോളം പുകഴ്ത്തി കുറിപ്പുകൾ പങ്കുവയ്ക്കുകയാണ്. ഒരു വ്യക്തിയെ സ്വയം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന മുദ്രാവാക്യമാണ് കാതൽ എന്നാണ് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത കുറിക്കുന്നത്.
'കാതൽ, ദി കോർ സ്വയം സ്നേഹിക്കാനുള്ള വളരെ ആർദ്രവും സ്‌നേഹപൂർവകവുമായ ഒരു സങ്കീർത്തനമാണ്. മമ്മൂക്ക അദ്ദേഹത്തിന്റെ വിശാലമായ ഫിലിമോഗ്രാഫിയിൽ മനോഹരമായൊരു ഏട് കൂടി ചേർത്തിരിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച ഒരു കലാകാരനിൽ നിന്നുള്ള അതിമനോഹരമായ പ്രകടനം. ജ്യോതിക ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നു, ആ സത്യസന്ധതയും സഹാനുഭൂതിയും വിസ്മയിപ്പിക്കും. ഇനിയും കൂടുതൽ തവണ അവരെ കാണാൻ കഴിയട്ടെ. മഹത്തായ സമന്വയം. എന്തൊരു സംവിധായകനാണ് ജിയോ ബേബി. ഒരുപാട് പഠിക്കാനുണ്ട്,' ഹൻസാൽ മെഹ്തയുടെ വാക്കുകളിങ്ങനെ.
Kaathal, The Core is such a tender and loving ode to love itself. @mammukka is truly having a moment in his vast filmography. What a beautiful performance from one of our absolute best. #Jyothika plays a difficult part with such honesty and empathy she moves you. Must see her… pic.twitter.com/4hUpEih7y7
— Hansal Mehta (@mehtahansal) January 5, 2024
"കാതൽ കണ്ടു. ഒറിജിനൽ മലയാളം സിനിമ തെലുങ്കിലെയും ബോളിവുഡിലെയും ബുദ്ധിശൂന്യമായ മസാല കണ്ടന്റുകളിലേക്ക് കുതിച്ചുയരുന്ന ഒരു സമയത്ത്, ഞെട്ടിപ്പിക്കുന്ന രീതിയിൽ സംവിധായകൻ ജിയോ ബേബിയും അതിശയകരമായ കഴിവുള്ള എഴുത്തുകാരായ ആദർശും പോൾസണും ചേർന്ന് കെ ജി ജോർജ്, പത്മരാജൻ, ലോഹിതദാസ്, ഭരതൻ, എംടി എന്നിവരെപ്പോലുള്ളവർ മലയാളസിനിമയ്ക്ക് സമ്മാനിച്ച ധാർമികതയും ചാരുതയും തിരികെ കൊണ്ടുവന്നു. ആ സിനിമകളാണ് മുൻപ് നമ്മളെ ലോകത്തിനുമുമ്പിൽ നമ്മൾ എന്താണെന്ന് കാണിച്ചു കൊടുത്തത്, ശരിക്കും വേറിട്ടുനിന്നത്. കാതലിൽ, ഇത്രയും സൂക്ഷ്മമായ ഒരു വിഷയത്തെ ഇവർ മൂവരും എത്ര സമർത്ഥമായി കൈകാര്യം ചെയ്തു. മാത്യുവിന്റെയും ഓമനയുടെയും പ്രണയകഥ ഭൗതികതയെ മറികടക്കുന്നു. ഓമന പോയികഴിഞ്ഞ ഏകാന്തമായ അടുക്കളയിലേക്ക് നോക്കുന്ന മാത്യുവിന്റെ ട്രാക്ക് ഷോട്ട് വളരെ വേദനാജനകവും ഉള്ളുതൊടുന്നതുമാണ്. "ഞാൻ പോരാടുന്നത് നിങ്ങളുടെ പ്രണയത്തിനു കൂടി വേണ്ടിയാണ് മാത്യൂ" എന്ന് ഓമന പറയുമ്പോൾ ഉദ്ദേശശുദ്ധിയുടെ ആ സംക്ഷിപ്തത നിങ്ങളെ മോഹിപ്പിക്കുന്നു. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും മികച്ചു നിൽക്കുന്നു. ഒരു വേനൽമഴയ്ക്കിടയിൽ മാത്യുവും തങ്കനും ആ സ്ക്വയറിൽ കണ്ടുമുട്ടുന്ന രംഗം നമ്മുടെ സിനിമയിലെ ഏറ്റവും കാവ്യാത്മക നിമിഷങ്ങളിൽ ഒന്നായി മാറും. മമ്മുക്കാ, സാധ്യമാവുന്ന എല്ലാ രീതികളിലും സിനിമയെ ധൈര്യത്തോടെ സമീപിക്കുന്ന ഒരേയൊരു നടൻ എന്ന നിലയിൽ നിങ്ങൾ എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടും. താങ്കൾ താങ്കളുടെ താരപരിവേഷം നൽകിയില്ലായിരുന്നെങ്കിൽ, ജിയോയ്ക്ക് ഇത്രയേറെ പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തിക്കാനും, എന്തിന് ഈ സിനിമ സാധ്യമാക്കാൻ പോലും കഴിയാതെ വന്നേനെ. ഈ മഹത്തായ ഉദ്യമത്തിന് ഒരു തീവ്ര സിനിമാ പ്രേമി നന്ദി പറയുന്നു," എന്നാണ് അനൂപ് മേനോൻ കുറിച്ചത്.
നവംബര്‍ 23നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. മികച്ച കളക്ഷൻ നേടാനും ചിത്രത്തിനു സാധിച്ചിരുന്നു. മമ്മൂട്ടി, ജ്യോതിക, ആര്‍.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ് കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
Read More on Mammootty Jeo Baby Film Kaathal-The Core
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.