/indian-express-malayalam/media/media_files/2024/10/21/kGTvFHOegLpIfAODI63O.jpg)
Bougainvillea Movie: ക്രൈം ത്രില്ലറുകളുടെ കാലമാണല്ലോ ഇത്. അത്തരം സിനിമകള്‍ കാണാനിരിക്കുമ്പോള്‍, സിനിമാ കാണല്‍ എനിയ്ക്കു പറഞ്ഞിട്ടുള്ളതല്ല എന്ന് തോന്നിപ്പിയ്ക്കുന്ന ഒരു ആദ്യ പതിനഞ്ചു മിനിട്ടില്‍ കുരുങ്ങിപ്പോകാറാണ് പതിവ്.
കഥയുടെ ഒരു പിടിപാടും കിട്ടില്ല ആദ്യം ഒരു കഥാത്തുമ്പും ഒരു ഫ്രെയിമും മുന്നോട്ടു കൊണ്ടു പോവില്ല . ആര്, ഏത്, എന്ത്, എങ്ങനെ എന്നൊന്നുമറിയാതെ അന്തംവിട്ടിരിക്കലാണ് തുടക്കസമ്മാനം. ബുദ്ധി പൊതുവേ കുറഞ്ഞ എന്നെപ്പോലുള്ള പ്രേക്ഷകരുടെ അനുഭവമാവാം ഇത് എന്നു കരുതി ക്രൈം ത്രില്ലറുകള്‍ ഒഴിവാക്കാറാണ് പതിവ്.
എന്നിട്ടും 'ബൊഗെയ്ന്‍വില്ല' കാണാന്‍ തുനിഞ്ഞിറങ്ങുകയാണുണ്ടായത്. അതും ആദ്യ ഷോ തന്നെ. റിവ്യൂകള്‍ വരും മുമ്പേ കാണണം എന്നതായിരുന്നു ലക്ഷ്യം. പലരുടെയും വിലയിരുത്തലുകള്‍ കണ്ട് മോഹിതയായി സിനിമകള്‍ക്ക് പോകുമ്പോഴൊക്കെ കടുത്ത നിരാശയാണ് പൊതുവേ ഫലം.
ഞാന്‍ ഞാനാണല്ലോ, മറ്റാരുമല്ലല്ലോ ഞാന്‍, എനിയ്ക്ക് എന്റെ ഇഷ്ടം , അനിഷ്ടം എന്ന നിലപാടോടെ സിനിമ കാണണമെങ്കില്‍ ആദ്യ ഷോ തന്നെ കണ്ടിരിക്കണം എന്നാണിപ്പോള്‍ തോന്നാറ്.
അങ്ങനെ ഈ ക്രൈം ത്രില്ലറിന്റെ ആദ്യ ഷോയ്ക്ക് തന്നെ സന്നിഹിതയാവുന്ന നേരം സംവിധായകന്‍ അമല്‍ നീരദ് ക്രൈംത്രില്ലര്‍ വഴിയില്‍ കാണിച്ചേക്കാവുന്ന വഴിമാറിനടക്കലുകളോ കഥാകൃത്തും തിരക്കഥാകൃത്തുമായ ലാജോ ജോസിന്റെ കന്നിസിനിമാച്ചുവടോ ഒന്നും ആയിരുന്നില്ല ഉള്ളുകള്ളികളില്‍ പ്രധാനം. അതിലെല്ലാം നെടുനായകത്വം വഹിച്ച് ഒറ്റയാളേ ഉണ്ടായിരുന്നുള്ളു - ജ്യോതിര്‍മയി.
2001ല്‍ കൈരളി ചാനലില്‍ 18 ഭാഗങ്ങളായി വന്ന, എന്‍ മോഹനന്റെ 'അവസ്ഥാന്തരങ്ങള്‍' എന്ന കഥയെ ആസ്പദമാക്കി ജൂഡ് അട്ടിപ്പേറ്റി അതേ പേരില്‍ ചെയ്ത സംവിധാനം ചെയ്ത സീരിയല്‍ ഉദ്വേഗത്തോടെ കണ്ടിരുന്ന നാളുകളില്‍ നെടുമുടിയുടെ അനായാസ അഭിനയത്തോടൊപ്പത്തിനൊപ്പം മത്സരിച്ചു പിടിച്ചു നിന്ന പെണ്‍കുട്ടിയാരെന്ന് തിരഞ്ഞപ്പോള്‍ മനസ്സിന്റെ ഫ്രെയിമുകളില്‍ പതിഞ്ഞ പേരാണെനിയ്ക്ക് ജ്യോതിര്‍മയി.
മൂന്നോ നാലോ സിനിമകളില്‍ തിളങ്ങി, 'മീശമാധവ'നിലെ 'ചിങ്ങമാസം' എന്ന ചടുലനൃത്തത്തില്‍ നിറഞ്ഞു നിന്ന്, പിന്നെ എങ്ങോ മാഞ്ഞു പോകാന്‍ തക്കവണ്ണം ചെറുതല്ല അവരുടെ അഭിനയപ്രതിഭ എന്ന് എപ്പോഴും ഒരു നിലവിളിയിലായിരുന്നു അവരെ ഓര്‍ക്കുമ്പോഴൊക്കെ. അവര്‍ ദേശീയ അവാര്‍ഡിന്റെ സ്പെഷ്യൽ മെന്‍ഷനില്‍ 'ഭവം' എന്ന സിനിമയിലൂടെ എത്തിയിട്ടാണ് മാഞ്ഞു പോയതെന്നൂ കൂടി അറിഞ്ഞപ്പോഴെല്ലാം അമല്‍ നീരദിന്റെ ഭാര്യ എന്ന ചട്ടക്കൂട്ടില്‍ അവരുടെ ഉള്ളിലെ അഭിനയക്കനല്‍ എങ്ങനെ അടങ്ങിയൊതുങ്ങി ഇരിക്കുന്നു എന്ന് പരാതിയും സങ്കടവും ദേഷ്യവും തോന്നിയിരുന്നു.
ഒരിക്കല്‍ അമലിന്റെ അച്ഛന്‍ സി ആര്‍ ഓമനക്കുട്ടന്‍ സാറിനെ കണ്ടപ്പോള്‍, ജ്യേതിര്‍മയിയോട് അഭിനയിക്കാന്‍ പറയണം എന്ന അപേക്ഷ സാറിന്റെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇപ്പോ ഓമനക്കുട്ടന്‍ സാറില്ല. ജ്യോതിർമയി അഭിനയത്തിലേയ്ക്ക് തിരിച്ചു വരണമെന്ന് ഏറ്റവും കൂടുതലാഗ്രഹിച്ചിരുന്നതെന്ന് പല 'ബൊഗെയ്ന്‍വില്ല' പ്രമോഷന്‍ ഇന്റര്‍വ്യൂകളിലും അവര്‍ എടുത്തു പറഞ്ഞ അവരുടെ അമ്മയുമില്ല ഇപ്പോള്‍.
പക്ഷേ അവര്‍ തിരിച്ചു വന്നിരിയ്ക്കുന്നു ഏറ്റവും മനോഹരമായി, ഏറ്റവും ഗംഭീരമായി, ഏറ്റവും ഉള്‍ക്കാമ്പോടെ, ഏറ്റവും വിസ്മയിപ്പിച്ച്. 'ബൊഗെയ്ന്‍വില്ല' സംവിധാനം ചെയ്ത അമല്‍ നീരദിനോടല്ല , താന്‍ ചെയ്തില്ലെങ്കില്ലെങ്കില്‍ ഈ സിനിമ തന്നെ ഞാനുപേക്ഷിയ്ക്കും എന്നു ജ്യോതിര്‍മയിയോട് പറഞ്ഞ അമല്‍ നീരദിനോടാണ് ഏറെ പ്രിയം തോന്നുന്നത്.
പല അഭിനയമികവുകാരുടെയും തിരിച്ചുവരവുകള്‍ ആഘോഷിച്ചിട്ടുണ്ട് ഇടക്കാലത്ത് സിനിമ. ആഘോഷിച്ചിട്ടുണ്ട് എന്നാണോ കൊട്ടിഘോഷിച്ചിട്ടുണ്ട് എന്നാണോ പറയേണ്ടെതെന്ന് സംശയം. എല്ലാം കേട്ടു മയങ്ങി സ്‌ക്രീനില്‍ കാണാന്‍ ചെല്ലുമ്പോള്‍ ഇതിനു വേണ്ടിയാണോ ഇത്രയും കൊട്ടും കുരവയും പൊങ്ങിക്കേട്ടത് എന്നു തോന്നിപ്പോയിട്ടുണ്ട്.
അവിടെയാണ് ജ്യോതിര്‍മയി വ്യത്യസ്തയാകുന്നത്. കാലം അവരുടെ ബാഹ്യരൂപമേ മാറ്റിയിട്ടുള്ളു. രൂപമാറ്റം, പ്രായമാറ്റം എല്ലാം അവര് ഓരോരോ തൂവല്‍ കണക്കെടുത്ത് തലയില്‍ ചൂടിയിരിക്കുന്നു. അവരുടെ ഉള്ളില്‍ ഇത്രനാള്‍ പുറംലോകം കാണാതെ കിടന്ന് തിളച്ചു മറിഞ്ഞതെല്ലാം ഉരുകിയൊലിച്ച് പുറത്തു വന്നിരിക്കുന്നു റിത്തു എന്ന കഥാപാത്രത്തിലൂടെ.
ഓര്‍മ്മ ചെന്നു പതിച്ച മറവിയുടെ കാണാക്കയങ്ങളിലൂടെ ഓര്‍മ്മയേത്, മറവിയേത് എന്നൊന്നും ഒരു പിടിപാടുമില്ലാതെ, എന്നും കാണുന്ന വിരലെണ്ണാവുന്നവരെ മാത്രം തിരിച്ചറിഞ്ഞ്, കട്ടിക്കണ്ണടയിലൂടെ കാഴ്ചകള്‍ അവയുടെ പൊരുളൊന്നുമറിയാതെ കണ്ട് നെഞ്ഞോട് ചേര്‍ത്ത്, സ്‌നേഹിയ്ക്കപ്പെടുന്നു എന്ന ഭാവാഭിനയത്തിന്റെ ഇഴകള്‍ തിരിച്ചറിയാനുള്ള ചെറുബോധം പോലുമില്ലാതെ ഗേറ്റില്‍ പിടിച്ചു അകലേയ്ക്ക് നോക്കി നില്‍ക്കുന്ന റിത്തുവിന്‍റെ ലോകത്തില്‍ ആകെ വിരിയുന്ന ബൊഗെയ്ന്‍വില്ലപ്പൂക്കള്‍, അവര്‍ വല്ലപ്പോഴുമെഴുതുന്ന ഡയറി, മക്കളെന്ന അവരുടെ മധുരസങ്കല്പം- ഒട്ടും സാധാരണമല്ലാത്ത ഒരു ജീവിതത്തിന്റെ നിസ്സഹായതയും വിഹ്വലതയും എങ്ങനെയാണ് ജ്യോതിര്‍മയി അഭിനയിച്ചു ഫലിപ്പിക്കുന്നത് എന്നു പറയാന്‍ എനിയ്ക്ക് വാക്കില്ല. അത് കണ്ടു തന്നെ അറിയണം.
Read Here: ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവ്, ത്രില്ലടിപ്പിക്കും 'ബൊഗെയ്ൻവില്ല'; റിവ്യൂ
ഓര്‍മ്മകളില്‍ പതറുന്ന ഒരുവള്‍ ജീവിതതാളത്തിനായി തൊട്ടരികത്തുള്ളവരോട് ഒട്ടി നിന്ന് തല തോര്‍ത്താന്‍ തല കുനിച്ചു കൊടുത്തും കുരിശു വരച്ചു കിടന്നുറങ്ങാന്‍ പറയുമ്പോള്‍ അതു ചെയ്തും ചോദ്യമില്ലാത്തയാളായി മാറുന്ന നിസ്സഹായതയുടെ ഇടങ്ങളാണ് സിനിമയില്‍ നിറയെ. അവളുടെ ഒരേയൊരു വരയായ കടും നിറ ബോഗെയ്ന്‍വില്ലപ്പൂക്കളെ സ്ഥിരമായി വാങ്ങുന്നയാള്‍ അവളില്‍ നിറയ്ക്കുന്ന ഒരു തരി ആത്മവിശ്വാസമോ സമാധാനമോ സന്തോഷമോ പോലെ എന്തോ ഒന്ന് - അതും മിന്നിമായുന്നുണ്ട് അവളില്‍. ഇല്ലാത്ത ആളുകള്‍ക്കായി പേരിട്ടു വച്ച മുറിയില്‍ കഥ പറഞ്ഞും വായിച്ചും കൊടുത്ത് അവള്‍ കണ്ടെത്തുന്ന ഇത്തിരിക്കുഞ്ഞന്‍ ചിരികളുമുണ്ട് അവളുടെ ലോകത്തില്‍. പൊതുവേ കോംപ്‌ളക്‌സായ, അസ്വാഭാവികമായ ആ ലോകത്തെ എത്ര ലളിത ചലനങ്ങളോടെയാണ്, എത്ര ഭാരരഹിതമായാണ്, എത്ര സ്വാഭാവികമായാണ് ജ്യോതിര്‍മയി കൈകാര്യം ചെയ്യുന്നത്.
കുഞ്ചാക്കോ ബോബനും ഫഹദും സൃന്ദയും വീണയും ഷറഫുദ്ദീനുമൊക്കെ പശ്ചാത്തലം മാത്രം. നിറഞ്ഞാടുന്നത് ജ്യോതിര്‍മയി ഒറ്റയാള്‍ മാത്രം. ഇതിനു ചേരുന്ന പേര് റിത്തുവിന്‍റെ ലോകം എന്നു തന്നെയാണെന്നു തോന്നിപ്പോകുന്നു.
താരത്യേന ഒരു ചെറുകഥപോലെ ഒതുക്കത്തോടെ ആദ്യ പകുതി കടന്നു പോകുമ്പോഴും രണ്ടാം പകുതി കഥ തീര്‍ക്കാനുള്ള തിടുക്കത്തില്‍ ചടുലമായ ഓട്ടപ്പാച്ചിലാവുമ്പോഴും കഥയുടെ പോക്ക് ആരിലേക്കാണ് മുന ചൂണ്ടുന്നതെന്ന കാര്യം സസ്പെൻസിൽ നിർത്താൻ സിനിമയ്ക്ക് ആകാതിരിക്കുമ്പോഴും ജ്യോതിര്‍മയിയുടെ അഭിനയം ഭദ്രം. പത്തു കൊല്ലം സിനിമയില്‍ വരാതെ മാറിമറഞ്ഞിരുന്ന ഒരാളാണ് ഇന്നിന്റെ അഭിനയമികവുകളെ ഒന്നുമല്ലാതെയാക്കിയത് എന്നോര്‍ക്കുമ്പോഴാണ് കനലുകള്‍ കെടാനുള്ളതല്ല, വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്ന കാലമത്രയും അത് അകനെഞ്ചില്‍ക്കിടന്ന് എരിഞ്ഞെരിഞ്ഞ് കത്തിക്കൊണ്ടേയിരിക്കും എന്നും ഒരു പഴുത് കിട്ടുമ്പോള്‍ അത് പുറത്തു വരിക തന്നെ ചെയ്യും, ഇരട്ടിയിരട്ടി ആളലോടെ, എന്നും തറപ്പിച്ചുറപ്പിച്ചു പറയാന്‍ തോന്നുന്നത്.
സിനിമ തീരുമ്പോള്‍, കുട്ടിക്കാലമെന്ന രാജ്യമാണ് ഓരോരുത്തരുടെയും സ്വഭാവനിര്‍ണ്ണയത്തിലെ കാര്യവും കാരണവും എന്ന പഴമ്പാട്ടു പാടലുണ്ടെങ്കിലും തിരക്കഥയില്‍ ഒരുപാടു പൂരണങ്ങളാവശ്യമുണ്ടെന്നു തോന്നി. രണ്ടാം പകുതിയുടെ അവസാന പകുതിയാവുമ്പോള്‍ കഥാമുഹൂര്‍ത്തങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ പന്നി, പട്ടി, കയം, സ്ത്രീ മഹത്വം എന്നിങ്ങനെ എങ്ങോട്ടെന്നില്ലാതെ പായുകയാണ്. അതു വരെ കാണിച്ച കൈയടക്കം കാറ്റത്ത് കൊഴിയുന്ന ബൊഗെയ്ന്‍വില്ലപ്പൂക്കള്‍ പോലെ നാനാവിധമായി ചിതറുകയാണ്. ചില ഒറ്റവാക്യങ്ങള്‍ കൊണ്ട് കഥ പറച്ചിലിലെ വിടവുകളടയ്ക്കാനുള്ള അതിദ്രുതനീക്കങ്ങളില്‍ പെട്ട് സിനിമയിലെ വെളിച്ചം അവസാനം മങ്ങുകയാണുണ്ടായത്. പക്ഷേ അപ്പോഴും ജ്യോതിര്‍മയി അവരുടെ പകപ്പും ഞെട്ടലും അമ്പരപ്പും തിരിച്ചറിവും സ്വയം വീണ്ടെടുക്കലും മനസാന്നിദ്ധ്യവും ഒക്കെ കൂടിക്കുഴഞ്ഞ കഥാപാത്രമായി മേല്‍ക്കൈ നേടി.
അസാദ്ധ്യമായ തിരിച്ചുവരവ് എന്നു പറയേണ്ടതില്ല എന്നു തോന്നുന്നു. അവരിവിടെ ഇല്ലായിരുന്നു എന്നാരു വിശ്വസിക്കും അവരുടെ ഒഴുകും ചലനങ്ങളും ഭാവപ്രകാശനങ്ങളും കണ്ടാല്‍? അവരുടെ അസാദ്ധ്യമായ സാന്നിദ്ധ്യം എന്നു മാത്രമേ പറയേണ്ടതുള്ളു. അവരീ കൊഴിയും ബൊഗെയ്ന്‍വില്ലപ്പൂക്കളുടെ പേരില്‍ സ്ഥായിയായ എത്ര അംഗീകാരങ്ങള്‍ നേടുമെന്ന് കാലം പറയട്ടെ.
സ്തുതിപ്പാട്ടിന്റെ ലയവും താളവും സിനിമയുടെ പ്രമോഷന് നല്ലതായി ഭവിച്ചിട്ടുണ്ടാവാം. സിനിമാഗാത്രത്തിന് ആ ചുവടുകളില്ലെങ്കിലും യാതൊന്നും സംഭവിയ്ക്കാനില്ല. പക്ഷേ സ്തുതി പറയേണ്ടതുണ്ട് ഒരാളിന്, അത് അമല്‍ നീരദിനാണ്. പത്തുകൊല്ലം കാണാമറയത്തായിരുന്ന ഒരു വെളിച്ചത്തിനെ അഭ്രപാളികളിലേയ്ക്കു തിരികെ കൊണ്ടു വന്ന് ദീപ്തമാക്കിയതിന്.
നന്ദി അമല്‍, ഇവിടെ നിലനിന്നു പോരുന്ന താരവൈവിദ്ധ്യത്തിലേയ്ക്ക് വെളിച്ചത്തിനെ കൊണ്ടു വന്നതിന്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.