/indian-express-malayalam/media/media_files/uploads/2023/06/Drishyam-feat.jpg)
Entertainment Desk/ IE.Com
ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ പൂർത്തിയായെന്നും മലയാളവും ഹിന്ദിയും ഒരേ സമയം ചിത്രീകരിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സംവിധായകൻ ജീത്തു ജോസഫ്. ചിത്രത്തെ കുറിച്ചുള്ള ഒരു ചർച്ചകളും അണിയറപ്രവർത്തകർക്കിടയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു."മൂന്നാം ഭാഗത്തിന്റെ തിരക്കഥ തയാറായിട്ടുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ചിത്രത്തെ കുറിച്ചുള്ള ഒരു തീരുമാനങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല," പ്രമുഖ ഓൺലൈൻ മാധ്യമത്തോട് ജീത്തു ജോസഫ് പറഞ്ഞതിങ്ങനെയാണ്.
"പുറത്ത് നിന്നുള്ളവരിൽ നിന്ന് ദൃശ്യം മൂന്നിന്റെ തിരക്കഥ കേൾക്കുന്നുണ്ടെന്ന വാർത്തകളും തെറ്റാണ്. ആ കഥയുടെ പല ഭാഗങ്ങളിൽ നിന്നായി വികസിച്ചാൽ മാത്രമെ ചിത്രം മുന്നോട്ട് പോകുകയുള്ളൂയെന്ന് ഞാൻ പറഞ്ഞതാണ്," അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.
"ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ട്. പക്ഷെ അതൊരു തിരക്കഥ എഴുതാൻ പറ്റുന്ന രീതിയിലായിട്ടില്ല. ചിത്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളൊന്നും തന്നെ എടുത്തിട്ടില്ല. ഹിന്ദിയും മലയാളും ഒന്നിച്ച് ചിത്രീകരിക്കുമെന്ന വാർത്തയും തെറ്റാണ്," ജീത്തു കൂട്ടിച്ചേർത്തു.
ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാൻ പോകുന്നെന്നും മലയാളവും ഹിന്ദിയും ഒരുമിച്ചായിരിക്കും ഷൂട്ട് ചെയ്യുക എന്ന വാർത്ത പിങ്ക് വില്ല വെബ്സൈറ്റിൽ ചൊവ്വാഴ്ച്ചയാണ് പ്രത്യക്ഷപ്പെട്ടത്.
കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ചിത്രം കൊറിയൻ റീമേക്കിനൊരുങ്ങുനെന്ന വാർത്ത പുറത്തുവന്നിരുന്നു. കൊറിയന്‍ നിര്‍മ്മാണ കമ്പനിയായ ആന്തോളജി സ്റ്റുഡിയോസും ഹിന്ദി നിര്‍മ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിന്റെ ആദ്യ ഭാഗം നിര്‍മ്മിച്ചത് പനോരമ സ്റ്റുഡിയോസായിരുന്നു. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ഏറെ പ്രശംസകള്‍ ലഭിച്ച പാരസൈറ്റ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച സോങ് കാങ് ഹൊ ആയിരിക്കും റീമേക്കില്‍ എത്തുക. കിം ജീ വൂനാണ് സംവിധാനം നിര്‍വഹിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രം നേരത്തെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. വിവിധ ഭാഷകളില്‍ ഒരേ പോലെ വിജയം നേടാന്‍ ദൃശ്യത്തിന് കഴിഞ്ഞിരുന്നു. 2013-ലായിരുന്നു ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. രണ്ടാം ഭാഗം ആമസോണ്‍ പ്രൈമിലൂടെ 2021-ലും പ്രേക്ഷകരിലേക്ക് എത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us