കങ്കണ റണൗട്ടിൻെറ അഭിപ്രായങ്ങൾ എന്നും മാധ്യമ ശ്രദ്ധ നേടാറുണ്ട്.’ബൂൽ ബുലയ്യ 2′, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിനെ ഈ വർഷം പിടിച്ചുയർത്തിയത് തബു ആണെന്നാണ് കങ്കണ തൻെറ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. അൻപതുകളിൽ നിൽക്കുന്ന തബു ഇത്ര നല്ല പ്രകടനങ്ങൾ കാഴ്ച്ചവയ്ക്കുമ്പോൾ അത് അംഗീകരിക്കപ്പെടണമെന്നാണ് കങ്കണ പറയുന്നത്.
“‘ബൂൽ ബുലയ്യ 2’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങൾ മാത്രമാണ് ഈ വർഷം വിജയിച്ചത്. രണ്ടു ചിത്രങ്ങളിലും സൂപ്പർ സ്റ്റാർ തബു അഭിനയിച്ചിട്ടുണ്ട്. അവരുടെ കഴിവിനെക്കുറിച്ച് പറയാതിരിക്കാനാവുന്നില്ല. അൻപതുകളിലും മുൻ നിരയിൽ തന്നെ നിൽക്കുന്ന അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല” കങ്കണ കുറിച്ചു.
അജയ് ദേവ്ഗൺ, ശ്രിയ ശരൺ, ഇഷിത ദത്ത, തബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘ദൃശ്യം 2’ നവംബർ 18 നാണ് തിയേറ്ററുകളിലെത്തിയത്. 36.97 കോടിയാണ് ചിത്രത്തിൻെറ ഇതുവരെയുളള കളക്ഷൻ. അതേ സമയം 266 കോടിയാണ് ‘ബൂൽ ബുലയ്യ 2’ സ്വന്തമാക്കിയത്. കിയാര അധ്വാനി, കാർത്തിക് ആര്യൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
‘ബോല’, ‘ഖൂഫിയ’,’കുട്ടേയ്’ എന്നിവയാണ് തബുവിൻെറ പുതിയ ചിത്രങ്ങൾ. ‘എമർജൻസി’യാണ് കങ്കണയുടെ റിലീസിനെത്തുന്ന അടുത്ത ചിത്രം. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.