/indian-express-malayalam/media/media_files/uploads/2019/05/mohanlal-mammootty-jagathy-1.jpg)
കൊച്ചി: ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് വീണ്ടും തിരശീലയില്‍. മലയാള സിനിമയുടെ സ്വന്തം അമ്പിളി ചേട്ടന്റെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ കയ്യടിച്ച് എതിരേറ്റത് മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങ് മലയാള സിനിമാ ലോകത്തിന് പ്രതീക്ഷകളേകുന്നതാണ്. ജഗതി ശ്രീകുമാര്‍ അഭിനയിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ മലയാള സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു. വാഹനാപകടത്തെ തുടര്‍ന്ന് സിനിമാ ലോകത്തുനിന്ന് ഇടവേളയെടുത്ത ജഗതി ശ്രീകുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അഭിനയവുമായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത്.
തിങ്കളാഴ്ച (മേയ് 27) വൈകീട്ട് ഏഴ് മണിയോടെയാണ് പരസ്യചിത്രത്തിന്റെ പ്രകാശനം നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വഹിച്ചത്. ഇരുവര്‍ക്കും നടുവില്‍ മന്ദസ്മിതം തൂകിക്കൊണ്ട് സാക്ഷാല്‍ ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടനവും പ്രസ്തുത ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വഹിച്ചു.
സിനിമാ ലോകത്തുള്ളവര്‍ ഒന്നടങ്കം ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നു എന്ന് പരസ്യചിത്രം പ്രകാശനം ചെയ്ത ശേഷം നടന്‍ മമ്മൂട്ടി പറഞ്ഞു. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ജഗതി മടങ്ങിവരുന്നതിന്റെ ആരംഭമാണ് ഈ പരസ്യചിത്രമെന്നും അതിന് വഴിയൊരുക്കിയ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്സിന് നന്ദി പറയുന്നതായും മമ്മൂട്ടി പറഞ്ഞു. കരുത്തോടും അഭിനയപ്രാഭവത്തോടും കൂടെ ജഗതി തിരിച്ചുവരട്ടെ എന്ന് ആഗ്രഹിക്കുന്നതായും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
Read More: കൽപ്പന ചേച്ചിയുടെ മരണവാർത്ത ‘കാണേണ്ട’ എന്ന് അച്ഛൻ ആംഗ്യം കാണിച്ചു; ജഗതിയുടെ മകൻ പറയുന്നു
ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കാന്‍ സാധിച്ച സിനിമകളെല്ലാം തന്റെ മനസിലുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ജഗതി ശ്രീകുമാറിന്റെ നാമധേയത്തില്‍ ഒരു ഷോട്ടെങ്കിലും ഉള്‍പ്പെടുത്തി പുതിയ സംരഭം ആരംഭിച്ചതിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞു. ഏഴ് വര്‍ഷമായി സിനിമയിലില്ലെങ്കിലും മലയാളികള്‍ എന്നും ജഗതിയെ കണ്ടുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരമായി പരുക്കേറ്റ ജഗതി ശ്രീകുമാറിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്‍പില്‍ എത്തിക്കാന്‍ സാധിച്ചാല്‍ അത് ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടാന്‍ കാരണമാകുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന വെല്ലുരിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളായ രാജ്കുമാറും പാര്‍വതി ഷോണും ചേര്‍ന്ന് ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്‍പില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.
Read More: ‘മാണിക്യവീണയേന്തി’ നവ്യ നായരെത്തി; ഏറ്റുപാടി ആനന്ദിച്ച് ജഗതി ശ്രീകുമാര്‍
പ്രസ്തുത ചടങ്ങില്‍ മലയാള സിനിമാലോകത്ത് നിന്ന് നിരവധി അഭിനേതാക്കള്‍ പങ്കെടുത്തു. കുടുംബാഗങ്ങളും ജഗതിക്കൊപ്പം വേദിയിലുണ്ടായിരുന്നു. സിനിമയിലേക്ക് ജഗതി ശ്രീകുമാര്‍ വേഗം മടങ്ങിയെത്തണമെന്നാണ് മലയാള സിനിമാ ലോകം മുഴുവനും ആഗ്രഹിക്കുന്നതെന്ന് ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചവര്‍ പറഞ്ഞു. ജഗതിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്ന ട്രിബ്യൂട്ട് വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.