scorecardresearch

കൽപ്പന ചേച്ചിയുടെ മരണവാർത്ത ‘കാണേണ്ട’ എന്ന് അച്ഛൻ ആംഗ്യം കാണിച്ചു; ജഗതിയുടെ മകൻ പറയുന്നു

ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജഗതിയോട് സ്ക്രീനിൽ മത്സരിച്ചുനിൽക്കാൻ എന്നും കൽപ്പനയെ ഉണ്ടായിരുന്നുള്ളൂ

Jagathy Sreekumar, Kalpana, Jagathy Kalpana super hit comedy scene, Jagathy Kalpana hit comedy, Jagathy Sreekumar response on Kalpana death, ജഗതി ശ്രീകുമാർ, കൽപ്പന, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഐഇ മലയാളം

“വൈഷ്ണവജനതോ തേരേ സഖിയേ…” എന്ന പാട്ടുമായി അഭയാർത്ഥിവേഷത്തിൽ, കിണ്ണംകട്ട കള്ളനും കള്ളിയുമായി ജഗതിയും കൽപ്പനയും സ്ക്രീനിലെത്തുമ്പോൾ നേർത്തൊരു ചിരിയോടെയല്ലാതെ മലയാളിക്ക് ആ രംഗം കണ്ടിരിക്കാനാവില്ല. ഓർമയിൽ പോലും ചിരിയുണർത്തുന്ന എത്രയെത്ര സീനുകളാണ് ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചത്. പ്രേംനസീർ- ഷീല, മോഹൻലാൽ- ശോഭന, മമ്മൂട്ടി- സുഹാസിനി, ജയറാം- പാർവ്വതി എന്നിങ്ങനെ പ്രിയതാരജോഡികൾ നിരവധിയേറെയുണ്ടായപ്പോഴും എന്നെന്നും അഭിമാനത്തോടെ ഓർക്കാവുന്ന ഒരേ ഒരു ഹാസ്യജോഡിയെ മലയാളികൾക്ക് എന്നുമുണ്ടായിരുന്നുള്ളൂ. അത് ജഗതിയും കൽപ്പനയുമാണ്. ജഗതിയോട് സ്ക്രീനിൽ മത്സരിച്ചുനിൽക്കാൻ എന്നും കൽപ്പനയെ ഉണ്ടായിരുന്നുള്ളൂ എന്ന് പറയേണ്ടി വരും. ജഗതിയും പലപ്പോഴും അക്കാര്യം അഭിമുഖങ്ങളിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

അപ്രതീക്ഷിതമായൊരു റോഡപകടം ജഗതിയുടെ അഭിനയജീവിതത്തിന് സുദീർഘമായൊരു ഇടവേള സമ്മാനിക്കുകയും ഒരു സുപ്രഭാതത്തിൽ മലയാളികളെ മൊത്തം ഞെട്ടിച്ചുകൊണ്ട് കൽപ്പന മരണത്തിനൊപ്പം പോവുകയും ചെയ്തതോടെ ഇരുവരും ഒന്നിച്ചുള്ള സിനിമകൾ എന്ന പ്രേക്ഷകരുടെ സ്വപ്നങ്ങൾ കൂടിയാണ് പൊലിഞ്ഞത്. അപകടത്തെ തരണം ചെയ്ത് സിനിമയിലേക്കുളള രണ്ടാംവരവിന് ജഗതി ഒരുങ്ങുമ്പോൾ ഒപ്പത്തിനൊപ്പം നിന്ന് മത്സരിച്ച് അഭിനയിക്കാൻ വെള്ളിത്തിരയിൽ കൽപ്പനയില്ല.

അപകടത്തിനു ശേഷം ബോധത്തിനും അബോധത്തിനുമിടയിലുള്ള അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും കൽപ്പനയുടെ വിയോഗ വാർത്ത ജഗതിയെ വേദനിപ്പിച്ചിരുന്നു എന്നു തുറന്നുപറയുകയാണ് ജഗതിയുടെ മകൻ രാജ്‌കുമാർ. “കൽപ്പന ചേച്ചി മരിച്ച വാർത്ത ടിവിയിൽ കണ്ടപ്പോൾ ‘കാണേണ്ട’ എന്ന് അച്ഛൻ ആംഗ്യം കാണിച്ചു,” ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ രാജ് കുമാർ പറഞ്ഞു. കലാഭവൻ മണിയുമായും പ്രത്യേക അടുപ്പം ഉണ്ടായിരുന്നുവെന്നും ആ മരണവാർത്തയും അച്ഛനെ വേദനിപ്പിച്ചിരുന്നുവെന്നും രാജ് കുമാർ കൂട്ടിച്ചേർക്കുന്നു.

അപകടത്തെ തുടർന്ന് വീട്ടിൽ കിടപ്പിലായ നാളുകളിൽ ജഗതിയുടെ കാര്യങ്ങളെല്ലാം വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്ന വ്യക്തികളാണ് കലാഭവൻ മണിയും കൽപ്പനയും. “എല്ലാ വർഷവും പപ്പയെ വെല്ലൂരിലെ ആശുപത്രിയിൽ കൊണ്ടുപോകണം. ഒന്നു രണ്ടാഴ്ച അവിടെ ചികിത്സയുണ്ട്. അവിടെ പോകാൻ കാരവാൻ തന്നിരുന്നത് മണിച്ചേട്ടനാണ്,” രാജ് കുമാർ ഓർക്കുന്നു.

ഏഴു വർഷം മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് തിരിച്ചുവരുന്ന സന്തോഷത്തിലാണ് കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. അച്ഛനെ അഭിനയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്നത് മകൻ തന്നെയാണ്. മകൻ രാജ്കുമാർ ആരംഭിക്കുന്ന ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്‌സ് എന്ന പരസ്യ കമ്പനിയുടെ പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. അഭിനയത്തിൽ സജീവമാകുന്നതുവഴി താരത്തിന്റെ​ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാകുമെന്നും തിരിച്ചുവരവിന് വേഗത കൂടുമെന്നും ജഗതിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞതായി കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

Read more: ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jagathy sreekumar response on kalpanas death evergreen hit pair