മലയാള സിനിമയില്‍ ജഗതി ശ്രീകുമാറിന്‍റെ അസാന്നിധ്യം ഇന്നും പ്രകടമാണ്. അത്രയേറെ മലയാളികളെ മനസ്സറിഞ്ഞ് ചിരിപ്പിച്ച മറ്റൊരു നടനില്ല. വാഹനാപകടത്തെ തോല്‍പിച്ച് ജീവന്‍ തിരിച്ചുപിടിച്ച അദ്ദേഹം വിശ്രമത്തിലാണ്. സിനിമാപ്രേമികളും ഇന്നും കാത്തിരിക്കുന്നുണ്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി. തിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായെത്തിയ അപകടമാണ് അദ്ദേഹത്തിന് വിനയായത്. തേഞ്ഞിപ്പാലത്ത് വച്ച് നടന്ന അപകടത്തിന് ശേഷമാണ് അദ്ദേഹം സിനിമയില്‍ നിന്നും അപ്രത്യക്ഷനായത്.
ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തുവെങ്കിലും സിനിമയിലേക്കുള്ള വരവ് ഇതുവരെയുമായിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. താരങ്ങളും സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി എത്താറുണ്ട്. ഇടയ്ക്ക് ചില പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം നവ്യ നായര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അമ്മയ്‌ക്കൊപ്പമെത്തിയാണ് താരം ജഗതിയെ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറി. “എന്‍റെ ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന നിമിഷങ്ങള്‍.. വികാരാധീനയായി ഞാന്‍”, എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പോസ്റ്റ് ചെയ്തത്.
നവ്യ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നവ്യയ്ക്കൊപ്പം ‘മാണിക്യവീണയുമായി’ എന്ന ഗാനമാണ് ജഗതി ആലപിക്കുന്നത്. പാട്ടിന് ശേഷം നവ്യ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ച് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.
വയലാർ സാംസ്കാരികവേദി ജഗതിയുടെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘മാണിക്യവീണയുമായെൻ’ എന്ന ഗാനം അദ്ദേഹം നേരത്തെയും പാടിയിരുന്നു. വീടു സന്ദര്‍ശിക്കുന്നവരോടു പോലും ആംഗ്യഭാഷയിലാണ് അടുത്തകാലംവരെ ജഗതി പ്രതികരിച്ചിരുന്നത്. അപകടത്തിൽ പരുക്കേറ്റതിനെ തുടർന്നു പൊതുചടങ്ങുകളിൽ അപൂർവ്വമായി മാത്രമേ അദ്ദേഹം പങ്കെടുക്കാറുള്ളൂ. ഈ പാട്ടുപാടിയത് ജഗതി പഴയനിലയിലേയ്ക്ക് അധികം വൈകാതെ എത്തിപ്പെടുമെന്ന സന്തോഷ വാര്‍ത്തയായിട്ടാണ് ആരാധകർ കാണുന്നത്.