/indian-express-malayalam/media/media_files/uploads/2019/12/mammootty-1-1.jpg)
പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഡ്രൈവിംഗ് ലൈസന്‍സ്' തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സിനിമയുടെ ആദ്യദിന ഷോകള്‍ കഴിഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ഏറെ ചര്‍ച്ചയായിരിക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, ഒന്നില്‍ കൂടുതല്‍ തവണ തനിക്ക് ഓഫര്‍ ചെയ്യപ്പെട്ട ഈ സിനിമ വേണ്ട എന്ന് വച്ചത് എന്തു കൊണ്ട് എന്നതിനെ കുറിച്ചാണ്.
ഒരു സൂപ്പര്‍സ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന സിനിമയാണ് 'ഡ്രൈവിംഗ് ലൈസന്‍സ്.' സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്റെ കടുത്ത ആരാധകനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായ കരുവിള. സുരാജ് വെഞ്ഞാറമൂടാണ് കുരുവിളയായി വേഷമിട്ടിരിക്കുന്നത്. ഇരുവര്‍ക്കിടയിലും സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ മുഖ്യപ്രതിപാദ വിഷയം.
മമ്മൂട്ടിയും ലാലുമാണ് (സംവിധാകനും നടനുമായ ലാൽ) ‘ഡ്രൈവിംഗ് ലൈസന്‍സി’ലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. മമ്മൂട്ടിയോട് താന്‍ സിനിമയുടെ കഥ പറഞ്ഞെന്നും ആദ്യം മമ്മൂട്ടി സമ്മതം മൂളിയെന്നും ലാല്‍ ജൂനിയര്‍ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. മമ്മൂട്ടി ഒഴിഞ്ഞതോടെയാണ് സിനിമ പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും എത്തുന്നത്.
മമ്മൂട്ടി എന്തുകൊണ്ട് സിനിമ ഉപേക്ഷിച്ചു എന്ന സംശയം പൃഥ്വിരാജിനുമുണ്ടായിരുന്നു. ഒരിക്കൽ കൂടി മമ്മൂക്കയെ പോയി കാണാമെന്നും കഥാപാത്രങ്ങൾ പരസ്‌പരം മാറണമെങ്കിൽ അതിനും താൻ തയ്യാറാണെന്നും ജീൻ പോളിനോട് പറഞ്ഞിരുന്നതായി പൃഥ്വിരാജും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അങ്ങനെയൊരു മാറ്റത്തിനും മമ്മൂട്ടി തയ്യാറായിരുന്നില്ല. അതിനു ശേഷം, പൃഥ്വിരാജിനെയും സുരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി 'ഡ്രെെവിംഗ് ലെെസൻസ്' ഷൂട്ടിങ് ആരംഭിക്കുകയായിരുന്നു.
സ്വാഭാവികമായും, 'ഡ്രൈവിംഗ് ലൈസെന്‍സ്' സിനിമ കാണുന്ന ഏതൊരു മമ്മൂട്ടി ആരാധകനും തങ്ങളുടെ പ്രിയ താരം എന്ത് കൊണ്ട് ഇതില്‍ നിന്നും പിന്മാറി എന്നതിന്റെ ഉത്തരം കൂടി സിനിമയില്‍ തെരയും. ചിത്രത്തിലാകട്ടെ, മമ്മൂട്ടി-മോഹൻലാൽ റഫറൻസുകള്‍ ഇഷ്‌ടം പോലെയുണ്ട് താനും. പ്രത്യക്ഷമായും പരോക്ഷമായും മമ്മൂട്ടിയെയും മോഹൻലാലിനെയും ഉദ്ദേശിച്ചുള്ള പല സീനുകളും സിനിമയില്‍ കയറി വരുന്നുണ്ട്; ബോധപൂര്‍വ്വം ചെയ്തതാണോ എന്ന് സംശയം തോന്നത്തക്കവിധം ധാരാളമായി തന്നെ. ‘നരസിംഹ’ത്തിലെ ഇന്ദുചൂഡന്‍, മമ്മൂട്ടിയുടെ ‘സിബിഐ,’ രണ്ട് താരങ്ങളിലുമുള്ള പ്രത്യേകതകള്‍, മമ്മൂട്ടിക്ക് വാഹനങ്ങളോടും ഡ്രെെവിംഗിനോടുമുള്ള കമ്പം ഇവയെയെല്ലാം പല സീനുകളിലും വന്നു പോകുന്നുണ്ട്. 'നരസിംഹ'ത്തിലെ മോഹൻലാലിന്റെ മാസ് എൻട്രിയെ സുരേഷ് കൃഷ്‌ണയുടെ കഥാപാത്രത്തിലൂടെ സർക്കാസ്റ്റിക് ആയി ജീൻ പോൾ ലാൽ അവതരിപ്പിച്ച സീൻ ശ്രദ്ധേയമാണ്.
നടന്‍ സുരേഷ് കൃഷ്ണയുടെ സൂപ്പര്‍സ്റ്റാര്‍ ഭരതന്‍ എന്ന കഥാപാത്രവും, പൃഥ്വിരാജിന്റെ സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രവും, താരസംഘടനയായ 'അമ്മ'യും, ഇടവേള ബാബു അടക്കമുള്ള കഥാപാത്രങ്ങളും എല്ലാം മലയാള സിനിമയുടെ 'റിയല്‍' പശ്ചാത്തലത്തില്‍ തന്നെ കഥയെ നിര്‍ത്തുന്നു. ഒരുപക്ഷേ, പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുകയും അതിനായി കഥയിലും തിരക്കഥയിലും മാറ്റങ്ങളൊന്നും വരുത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ‘ഡ്രൈവിംഗ് ലൈസന്‍സ്’ തീര്‍ച്ചയായും മലയാളി ചര്‍ച്ച ചെയ്യാന്‍ പോകുന്ന ഒരു വിവാദ ചിത്രമാകുമായിരുന്നു.
Read Also: Valiyaperunnal Movie Review: ഷെയിന്‍ നിഗം തിളങ്ങുന്ന ‘വലിയ പെരുന്നാള്‍’ റിവ്യൂ
ഇത്തരം വിഷയങ്ങളാവുമോ മമ്മൂട്ടിയെ ഈ സിനിമയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമായത്? ഒരു വിവാദ സാധ്യത മുന്നില്‍ കണ്ടു മമ്മൂട്ടി മാറി നില്‍ക്കാന്‍ ആഗ്രഹിച്ചതാകും ഒരുപക്ഷേ, 'ഡ്രെെവിംഗ് ലെെസൻസിൽ' നിന്നുള്ള പിന്മാറ്റ കാരണമെന്നാണ് ആരാധകരില്‍ ഒരു പക്ഷം അഭിപ്രായപ്പെടുന്നത്. കൂടാതെ, പല സിനിമകളിലും മമ്മൂട്ടി, 'മമ്മൂട്ടി' തന്നെയായും സിനിമയിലെ സൂപ്പർ സ്റ്റാറായും വേഷമിട്ടിട്ടുണ്ട്. വീണ്ടും അങ്ങനെയൊരു സിനിമയിലൂടെ കഥാപാത്രത്തിൽ ആവർത്തനം വേണ്ട എന്നുള്ളതു കൊണ്ട് കൂടിയാകും അദ്ദേഹം 'ഡ്രെെവിംഗ് ലെെസൻസ്' വേണ്ടന്നു വച്ചതെന്നും മറ്റൊരു പക്ഷവും പറയുന്നുണ്ട്.
എന്തായാലും, 'ഡ്രെെവിംഗ് ലെെസൻസ്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും പരോക്ഷമായി വലിയ സാന്നിധ്യങ്ങളായി നിറയുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.