Valiyaperunnal Movie Ratings, Reviews: ഒരു സ്വർണ കവർച്ചയും അതിന്റെ പുറകിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലുള്ളവരുടെ കഥകളുമൊക്കെ വളരെ രസകരമായി പറയുന്ന സിനിമയാണ് നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്ത ‘വലിയ പെരുന്നാള്‍’. ഷെയിൻ നിഗം, ജോജു ജോർജ്, ഹിമിക ബോസ് എന്നിവരാണ് ‘വലിയ പെരുന്നാളി’ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും, പേരറിയാത്ത ഒരു കൂട്ടം അഭിനേതാക്കൾ ഈ ചിത്രത്തിൽ ഉടനീളം കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുന്നുണ്ട്.
ഫോർട്ട് കൊച്ചി മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ‘അന്നയും റസൂലും,’ ‘പറവ’ തുടങ്ങിയ ചിത്രങ്ങളുടെ തുടര്‍ച്ചയായി വേണമെങ്കില്‍ ഈ ചിത്രത്തെ കണക്കാക്കാം. മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളും, സാമൂഹിക അവസ്ഥയും ചിത്രത്തിൽ പ്രതിഫലിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ നിവാസികളിൽ പലരും ചിത്രത്തിന്റെ ഭാഗവുമാണ്.
കടക്കെണിയിൽ പെട്ട് കഴിയുന്ന ശിവൻ എന്ന ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തെയും സ്വര്ണകച്ചവടത്തിനായി വന്ന മാർവാടി കുടുംബത്തെയും ഒരു സംഘം ആക്രമിച്ചു സ്വർണം കവർച്ച ചെയുന്നിടത്തു നിന്നാണ് ‘വലിയ പെരുന്നാള്‍’ കൊടിയേറുന്നത്. അവിടെ നിന്നും ചിത്രം നേരെ പോകുന്നത് മട്ടാഞ്ചേരിയിലെ തെരുവുകളിലേക്കാണ്. മുസ്ലിം മത വിശ്വാസികളും, ഹിന്ദുക്കളും, ഗുജറാത്തികളും, ആംഗ്ലോ ഇന്ത്യൻസും വിദേശികളുമടക്കം വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളിലും പെട്ടവർ ഒരുമിച്ചു താമസിക്കുന്ന ഫോർട്ട് കൊച്ചിക്കും മട്ടാഞ്ചേരിക്കും സിനിമയിൽ പറയുന്ന പോലെ തന്നെ സർറിയലായ ഒരു സ്വഭാവമുണ്ട്. പല തരം ഭാഷകളും സംസ്കാരങ്ങളും വിശ്വാസങ്ങളും സംഗമിക്കുന്ന കൊച്ചിയിലെ ജീവിതങ്ങളെ വളരെ അടുത്ത് നിന്ന് കാണാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട് . മഴ പെയ്യുമ്പോൾ ചോരുന്ന വീടുകളും, കുടുസുമുറികളിൽ തിങ്ങി നിരങ്ങി ജീവിക്കേണ്ടി വരുന്നവർ ഒരു വശത്തു ജീവിക്കുമ്പോൾ, മറുവശത്തു രണ്ടും മൂന്നും വീടുകൾ സ്വന്തമായുള്ള മുതലാളിമാരും ഉള്ള കൊച്ചിയുടെ സാമ്പത്തിക അസമത്വത്തിന്റെ നേർ കാഴ്ചകളും സിനിമയുടെ പശ്ചാത്തലമായി വരുന്നുണ്ട്.
സ്വന്തമായി നല്ലൊരു വീടെന്ന സ്വപനമായി നടക്കുന്ന മട്ടാഞ്ചേരിയിലെ ആക്കർ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ചേക്കു, പച്ച, അങ്ങനെ വിചിത്രമായ പേരുകൾ ഉള്ള ആക്കറിന്റെ സുഹൃത്തുക്കളായി വരുന്ന കഥാപാത്രങ്ങൾ, ഫോർട്ട് കൊച്ചിയിൽ ഒന്ന് ചുറ്റിയടിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്ന മനുഷ്യർ തന്നെയാണ്.
ആക്കറും കൂട്ടുകാരും കൂടി നടത്തുന്ന സ്വർണ കള്ളക്കടത്തും അതിന്റെ പിന്നിലെ രഹസങ്ങളും പതുക്കെ ചുരുളഴിയിച്ചാണ് സിനിമ മുന്നോട്ടു പോകുന്നതെങ്കിലും പല ഭാഗങ്ങളിലും പ്രേക്ഷകർ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആശയകുഴപ്പത്തിലാവാൻ സാധ്യതയുണ്ട്. സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പിടിക്കാൻ പോലീസുകാർ ഓടുന്ന രംഗമൊക്കെ ഇതിനൊരു ഉദാഹരണമാണ്. സ്വർണ കടത്തു പിടിക്കാൻ പുറകെ കൂടുന്ന പോലീസുകാർക്കുള്ളിലെ കള്ളക്കഥകളും വഞ്ചനയുമെല്ലാം പറയുമ്പോൾ തന്നെ, എങ്ങനെയാണു ക്രിമിനലുകളെ സാമൂഹിക നിയമ സംവിധാനങ്ങൾ നിര്മിക്കുന്നതെന്നും ചിത്രം ആക്ഷേപ ഹാസ്യത്തിന്റെ രൂപത്തിൽ കാണിക്കുന്നുണ്ട്.
ഇന്ന് മലയാളത്തില്‍ ഷെയ്ൻ എന്ന നടനല്ലാതെ അക്കർ എന്ന കഥാപത്രം ചെയ്യാൻ വേറൊരാളെയും സങ്കല്പിക്കാൻ പറ്റില്ല. എത്ര തല്ലികെടുത്തിയാലും അണയാതെ, ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീ ഉള്ളിൽ കൊണ്ട് നടക്കുന്ന അക്കർ എന്ന കഥാപാത്രത്തെ ഷെയ്ൻ അനായാസം അവതരിപ്പിച്ചിട്ടുണ്ട്. പുതുമുഖ നടി ഹിമിക ബോസും പൂജ എന്ന ആക്കറിന്റെ കാമുകിയുടെ കഥാപാത്രത്തെ മികവുറ്റതാക്കി.
ഡിമൽ ഡെന്നിസ് എന്ന സംവിധയകാൻ തന്നെയാണ് ‘വലിയ പെരുന്നാളിന്റെ’ നായകൻ. റിയലിസ്റ്റിക് ആയ ആഖ്യാനരീതിയാണ് തോന്നുമെങ്കിലും, ചിലപ്പോഴൊക്കെ വളരെ സർറിയലായ രംഗങ്ങളും എക്സ്പെരിമെന്റൽ സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സ്ഥിരം കാഴ്ച ശീലങ്ങളിൽ നിന്ന് പ്രേക്ഷകനെ വ്യതിചലിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ചിത്രം. ഡിമൽ ഡെന്നിസും തസ്‌രീഖ്അബ്ദുൽ സലാമും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പല തരത്തിലുള്ള ഭാഷ പ്രയോഗങ്ങൾ തനതു ഭാവത്തിൽ അവതരിപ്പിക്കാൻ തിരക്കഥാകൃത്തുക്കൾക്കു സാധിച്ചിട്ടുണ്ട്. എന്നാൽ സിനിമ അനാവശ്യമായി വലിച്ചു നീട്ടിയത് ചില പ്രേക്ഷകർക്കെങ്കിലും ബോറടി തോന്നാൻ സാധ്യതയുണ്ട്. ഒന്നിൽ കൂടുതൽ സമാന്തര കഥകളും, ട്വിസ്റ്റും, ബഹളങ്ങളും പ്രേക്ഷകരിൽ ആശയകുഴപ്പം സൃഷ്ടിക്കാനും സാധ്യതയുണ്ട് .
മട്ടാഞ്ചേരിയുടെയും ഫോർട്ട് കൊച്ചിയുടെയും ദൃശ്യ സാദ്ധ്യതകൾ വേണ്ടുവോളം ഉപയോഗിക്കാൻ സുരേഷ് രാജന്റെ ക്യാമറക്കു സാധിച്ചിട്ടുണ്ട്. റെക്സ് വിജയനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സന്ദര്ഭങ്ങൾക്കും ഭാവങ്ങൾക്കും അനുയോജ്യമായ വരികളും സംഗീതവുമാണ് റെക്സ് ഉപയോഗിച്ചിരിക്കുന്നത്. മോനിഷ രാജീവാണ് ചിത്രത്തിന്റെ നിർമാതാവ്.
സംഭവ ബഹുലമായ ഒരു പ്രമേയത്തെ വ്യത്യസ്തമായ ആഖ്യാന രീതികൊണ്ട് അടയാളപ്പെടുത്തുന്ന ചിത്രമാണ് ‘വലിയ പെരുന്നാള്‍.’ പക്ഷേ ഇത്തരം മാറ്റങ്ങളെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.
Read Here: Prathi Poovankozhi Movie Review: പ്രതീക്ഷയാകുന്ന സ്ത്രീപക്ഷ സിനിമ: ‘പ്രതി പൂവന്‍കോഴി’