/indian-express-malayalam/media/media_files/uploads/2021/11/Senna-Hegde-interview.jpg)
'തിങ്കളാഴ്ച നിശ്ചയം' എന്ന കുഞ്ഞു മലയാള ചിത്രത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് സിനിമാപ്രേമികള്‍. കാഞ്ഞങ്ങാട്ടുകാരനായ സെന്ന ഹെഗ്ഡെ എന്ന സംവിധായകന്‍ തന്റെ ജീവിത പരിസരത്തുനിന്ന് തന്നെ കണ്ടെത്തിയ കഥ, നാട്ടുംപുറങ്ങളിലെ ബന്ധങ്ങളും മനോഹാരിതയും ഒട്ടും ചോരാതെ സിനിമയില്‍ ആവിഷകരിച്ചപ്പോള്‍ പുതുമയും ഊഷ്മളതയും ചേര്‍ന്ന അനുഭവമായി മലയാളിക്കത്. തന്റെ അടുത്ത ചിത്രത്തെക്കുറിച്ചും 'തിങ്കളാഴ്ച നിശ്ചയം' വന്ന വഴികളെക്കുറിച്ചും തന്നിലെ സിനിമാക്കാരനെക്കുറിച്ചുമൊക്കെ സെന്ന സംസാരിക്കുന്നു.
'അടുത്ത സിനിമ എഴുതികൊണ്ടിരിക്കുന്നു. എല്ലാം ഒത്തു വന്നാല്‍ ജനുവരി ആകുമ്പോള്‍ തുടങ്ങണമെന്ന് വിചാരിക്കുന്നു,' സെന്ന ഹെഗ്ഡെ പറഞ്ഞു തുടങ്ങി.
അടുത്ത സിനിമയും കാഞ്ഞങ്ങാട്ടാണോ ചിത്രീകരണം എന്ന സ്വാഭാവിക ചോദ്യത്തിന് ഓരോ സിനിമയുടെയും കഥയ്ക്കനുസരിച്ച് ലൊക്കേഷന്‍ നിശ്ചയിക്കുമെന്ന് മറുപടി. 'തിങ്കളാഴ്ച നിശ്ചയം' സമ്മാനിച്ച അഭൂതപൂര്‍വമായ വിജയം സെന്ന എന്ന സംവിധായകനെ, എഴുത്തുകാരനെ ബാധിച്ചിട്ടേയില്ല. അതുകൊണ്ട് തന്നെ, ഏറെ സ്വീകാര്യത നേടിയ ചിത്രത്തിനുശേഷം ഉള്ള അടുത്ത സിനിമ എന്നതില്‍ വലിയ ടെന്‍ഷനോ ഉത്തരവാദിത്തമോ ആയി അദ്ദേഹം കാണുന്നില്ല.
''അത്ര വലിയ കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല. സിനിമ ഓടിയാല്‍ വളരെ നല്ലതാണ്. കുറേ ആളുകള്‍ നല്ല അഭിപ്രായങ്ങള്‍ പറയും. ആളുകള്‍ നമ്മുടെ സിനിമ ആസ്വദിക്കും. അത് ഓടിയില്ലങ്കില്‍ കുറച്ച് ബുദ്ധിമുട്ടാകും. അപ്പോള്‍ കുറച്ചധികം എഫര്‍ട്ട് എടുത്ത് അടുത്ത സിനിമ ചെയ്യും. അതില്‍ വലിയ ടെന്‍ഷനോ ഉത്തരവാദിത്തമോ തോന്നാറില്ല. ഒരു സിനിമ വിജയിച്ചാല്‍ രണ്ട് സ്റ്റെപ്പ് മുന്‍പോട്ട് പോയി. അത് മോശമായാല്‍ രണ്ട് സ്റ്റെപ്പ് പിന്നിലേക്കു പോയി. അത്ര മാത്രമേ ഉള്ളൂ,''അദ്ദേഹം പറഞ്ഞു.
Also Read:റാംജി റാവു തട്ടികൊണ്ടുപോയ നിഷമോൾ ഇവിടെയുണ്ട്
കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസത്തിനു ശേഷം പത്തിരുപത് കൊല്ലം അമേരിക്കയിലായിരുന്ന സെന്ന 2014ല്‍ ജോലി വിട്ട് നാട്ടിലെക്കെത്തി, ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെ. ആദ്യ ചിത്രമായ '0-41*'ന് പ്രതീക്ഷിക്കാത്ത രീതിയില്‍ വലിയ പബ്ലിസിറ്റി ലഭിച്ചതോടെ കന്നടത്തില്‍ ഒരു ചിത്രം കൂടി ചെയ്തു. ആ സിനിമയും നന്നായി തന്നെ പ്രദര്‍ശിപ്പിച്ചു, ഓ ടി ടി റിലീസും ലഭിച്ചു. അതിനു ശേഷമാണ് സെന്ന 'തിങ്കളാഴ്ച നിശ്ചയ'ത്തിലേക്ക് എത്തുന്നത്.
''നമ്മുടെ നാട്ടിലൊക്കെ സാധാരണ നടക്കുന്നതാണ് തിങ്കളാഴ്ച നിശ്ചയത്തിന്റ കഥ. ഞാന്‍ ആളുകളെ ഒത്തിരി നിരീക്ഷിക്കും. അവരുടെ തമാശകള്‍, സ്വഭാവം എല്ലാം കൃത്യമായി നിരീക്ഷിക്കും. മനുഷ്യന്റെ ഇമോഷന്‍ എങ്ങനെയെന്ന് മനസിലാക്കി, അത് ഡെവലപ്പ് ചെയ്യും. അത്തരത്തില്‍ കണ്ട കുറേ രീതികള്‍ ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കി. എന്റെ വീടിന്റെ അടുത്ത് ഈ സിനിമയില്‍ പറയുന്ന പല സംഭവങ്ങളും നടന്നിട്ടുണ്ട്. കല്യാണ നിശ്ചയത്തിന്റെ തലേന്ന് പെണ്ണ് ഒളിച്ചോടുന്നതും പിന്നീട് ആളുകള്‍ കൂടി വിളിച്ചുകൊണ്ടുവന്ന് രജിസ്റ്റര്‍ മാരേജ് ചെയ്യിക്കുന്നതുമെല്ലാം നാട്ടിലെ ചുറ്റുപാടുകളില്‍ നടന്നിട്ടുണ്ട്. ഞാന്‍ അവതരിപ്പിച്ചത് ഒരു പുതുമ നിറഞ്ഞ കഥയല്ല. പല മലയാള സിനിമകളിലും നമ്മള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടിട്ടുണ്ട്. ചുറ്റുമുള്ള സംഭവങ്ങള്‍ ഞാന്‍ തിരക്കഥയിലേക്കു അവതരിപ്പിച്ചപ്പോള്‍ പുതുമ കൊണ്ടുവരാന്‍ നോക്കി,'' സെന്ന പറഞ്ഞു.
ബേസിക് സ്റ്റോറിക്ക് അധികം സമയം വേണ്ടിവന്നില്ല. രണ്ടു മൂന്ന് ദിവസം കൊണ്ട് ഫസ്റ്റ് ഡ്രാഫ് സ്റ്റോറിയും തയാറാക്കി. അതിനുശേഷം കുറേ സമയമെടുത്തു. എഴുത്തില്‍നിന്നു കുറേ മാറ്റങ്ങള്‍ വരുത്തി. ഷൂട്ടിങ്ങ് സമയത്ത് വരെ ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. 2019 മുതലാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. 2020 ജനുവരി വരെ ഷൂട്ടിങ് നടത്തി. പിന്നീട് എഡിറ്റ് ചെയ്യാനാണ് അധികം സമയം ആവശ്യമായി വന്നത്.
Also Read:ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ; ഡാൻസ് വീഡിയോയുമായി നവ്യ
നമ്മള്‍ ആളുകളിലേക്കു പലതും ചെയ്യാന്‍ ഫോഴ്സ് ചെയ്യുന്നതും ഉപദേശിക്കുന്നതും ഒരു പക്ഷേ അവര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് വരില്ല. തമാശയിലൂടെ പറയുമ്പോള്‍ അത് ശരിയാണല്ലോയെന്ന് ചിന്തിക്കുകയും ആ്‌ളുകള്‍ ഏറ്റെടുക്കുകയും ചെയ്യും. ആളുകളെ ചിരിപ്പിക്കാന്‍ പറ്റുമെങ്കില്‍, അതുവഴി അവര്‍ക്ക് എന്തെങ്കിലും മനസിലാക്കാന്‍ സാധിക്കുമെങ്കില്‍ തമാശ മികച്ച ഒരു മാര്‍ഗമാണ്. അത് എഴുതാന്‍ അത്ര എളുപ്പമല്ല. പക്ഷേ മനസിലാക്കാന്‍ എളുപ്പമാണ്. അങ്ങനെയാണ് ഹ്യൂമര്‍ തിരഞ്ഞെടുത്ത്.
മൊത്തത്തില്‍ ഓഡിഷന്‍ ചെയ്തിട്ടാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. നാല്, അഞ്ച് ഓഡിഷന്‍ മാത്രമാണുണ്ടായിരുന്നത്. വര്‍ക്ക് ഷോപ്പുകള്‍ ഉണ്ടായിരുന്നില്ല. നേരെ ഷൂട്ടിങ്ങിലേക്കാണു പോയത്. രണ്ടു ദിവസം തമ്മില്‍ പരിചയപ്പെടാനുള്ള മീറ്റിങ് മാത്രമാണ് ഉണ്ടായിരുന്നത്. അതിനു ശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്. അഭിനേതാള്‍ക്കു സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തിരുന്നില്ല. സീന്‍ മാത്രമാണ് പറഞ്ഞ് കൊടുത്തത്. ഒരോ സീനിലെയും ഇമോഷന്‍ പറഞ്ഞ് കൊടുത്തു. അതിനനുസരിച്ച് അവര്‍ അഭിനയിച്ചു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണെങ്കിലും വിമലയാണ് കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. വളരെ കണ്‍ട്രോള്‍ഡായ അഭിനയമായിരുന്നു അവരുടേത്.
''ഞാന്‍ കാഞ്ഞങ്ങാട്ടുകാരനാണ്. പുറത്തുപോയി സിനിമ ചെയ്യാന്‍ ഒരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് രണ്ടു സിനിമയുടെയും ലൊക്കേഷന്‍ കാഞ്ഞങ്ങാടായത്. ഇവിടെയാണ് നമ്മുടെ നാട്, നമ്മുടെ ഭാഷ എല്ലാം. ഏതെങ്കിലും ഒരു സമയത്ത് നമ്മുടെ നാട്ടില്‍നിന്ന് ഒരു സിനിമ പുറത്തിറങ്ങണമല്ലോ. എല്ലാം പുറത്തുപോയി ചെയ്യുകയെന്നത് ബുദ്ധിമുട്ടാണ്. നാട്ടില്‍നിന്ന് ചെയ്യുമ്പോള്‍ ഇവിടെയുള്ളവര്‍ക്ക് അവസരം കൊടുക്കാന്‍ നോക്കും. ചെയ്യാന്‍ കഴിയുന്ന സിനിമകളെല്ലാം കാഞ്ഞങ്ങാട് തന്നെ ചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ അടുത്ത സിനിമ കാഞ്ഞാട്ടായിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഓരോ സിനിമയുടെയും കഥയ്ക്കനുസരിച്ച് ലൊക്കേഷന്‍ നിശ്ചയിക്കും,'' സെന്ന ഹെഗ്ഡെ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us