/indian-express-malayalam/media/media_files/uploads/2020/01/kunchako-boban-1.jpg)
പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച, മിഥുൻ മാനുവൽ സംവിധാനം ചെയ്ത, ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'അഞ്ചാം പാതിര' തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. തന്റെ അഭിനയ ജീവിതത്തിലെ തന്നെ വേറിട്ടൊരു കഥാപാത്രമായ അൻവർ ഹുസൈനിനെ കുറിച്ചും 'അഞ്ചാം പാതിര' എന്ന ചിത്രത്തിലേക്കുള്ള നാൾവഴികളെ കുറിച്ചും കുഞ്ചാക്കോ ബോബൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുന്നു.
Read Here: Anjaam Pathiraa Movie Review: പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവം; 'അഞ്ചാം പാതിര' റിവ്യൂ
'അഞ്ചാം പാതിര' എന്ന സൈക്കോളജിക്കൽ ത്രില്ലർ
സ്ക്രിപ്റ്റ് കേട്ടതിനു ശേഷം എന്റെ ആദ്യ പ്രതികരണം 'Man this is too good' എന്നായിരുന്നു. കാരണം ഞാൻ ഇത്തരം സിനിമകളുടെ ആരാധകനാണ്. മിഥുൻ ഇതിന്റെ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചപ്പോൾ ഞാനാദ്യം ചോദിച്ചത് 'ഏതു കൊറിയൻ പടത്തിൽ നിന്നാണ് ഇതിന്റെ ആശയം മോഷ്ടിച്ചത് എന്നായിരുന്നു?' അത്ര മാത്രം ആവേശമുണർത്താൻ പോന്ന ഒരു സ്ക്രിപ്റ്റ് ആയിരുന്നു 'അഞ്ചാം പാതിര'യുടേത് . മിഥുനും ഇത്തരം ത്രില്ലർ സിനിമകൾ ഇഷ്ടപെടുന്ന ആളാണ്. സ്ക്രിപ്റ്റ് കേട്ട ഉടനെ തന്നെ ഇതെനിക്ക് ചെയ്യണം എന്നാണ് തോന്നിയത്.
തിരക്കഥ മാറ്റി നിർത്തിയാൽ, ഈ ചിത്രത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഇതിന്റെ അണിയറ പ്രവർത്തകർ തന്നെയാണ്. മിഥുന്റെ ഇതുവരെയുള്ള ചിത്രങ്ങളെല്ലാം തന്നെ കോമഡിയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു. അത്തരമൊരു സംവിധായകനിൽ നിന്ന് ഇതു പോലെ പുതുമയുള്ള ഒരു പ്രമേയം വരുമ്പോൾ അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അതേ പോലെ ചിത്രത്തിലെ ക്യാമറ ചെയ്തിരിക്കുന്നത് ഷൈജുവാണ്, പശ്ചാത്തല സംഗീതം സുഷിൻ, എഡിംറ്റിംഗ് സൈജു ശ്രീധരൻ, സംഘട്ടനം സുപ്രീം സുന്ദർ, നിർമ്മാണം ആഷിഖ് ഉസ്മാൻ. ഇവരെല്ലാം തന്നെ അവരവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാരാണ്. അത് തന്നെയാണ് ഈ ചിത്രത്തെ ഇത്രയും മികച്ചതാക്കിയത്. ചിത്രത്തിലെ ബാക്കി അഭിനേതാക്കളും വളരെ അനുഭവസമ്പത്തുള്ളവരാണ്.
ചിത്രത്തിന്റെ ഡബ്ബിങ് നടക്കുന്ന സമയത്ത്, ഓരോ തവണ ഡബ്ബ് ചെയ്യുമ്പോഴും ഞാൻ കൂടുതൽ കൂടുതൽ എക്‌സൈറ്റഡ് ആയിരുന്നു. ഇത്തരം ചിത്രങ്ങളുടെ തിയേറ്റർ എക്സ്പീരിയൻസ് വളരെ പ്രധാനമാണ്. ദൃശ്യങ്ങളുടെ മികവ്, പശ്ചാത്തല സംഗീതം, എഡിറ്റിംഗ്, ക്യാമറ, എഫക്ട്സ് എല്ലാം വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഇന്നത്തെ കാലത്ത് സിനിമയുടെ സാങ്കേതിക മികവ് പ്രധാനമാണ്, 'അഞ്ചാം പാതിര' അതിന്റെ എല്ലാ സാധ്യതയും ഉപയോഗിച്ച ചിത്രമാണ്. അതു കൊണ്ടു തന്നെ എനിക്ക് ഈ ചിത്രം ആദ്യ ദിനം ആദ്യ ഷോ തന്നെ തിയേറ്ററിൽ പ്രേക്ഷകരോടൊപ്പം ഇരുന്നു കാണണം എന്ന് നിർബന്ധമുണ്ടായിരുന്നു. പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയാവുമെന്ന് അറിയാൻ ആകാംഷ ഉണ്ടായിരുന്നു. എന്നാൽ എന്റെ പ്രതീക്ഷകൾക്കപ്പുറമാണ് പ്രേക്ഷകർ ഈ സിനിമയെ സ്വീകരിച്ചത്. പ്രേക്ഷകരുടെ പ്രതികരണങ്ങൾ വിലമതിക്കാനാവാത്ത അംഗീകാരമാണ്.
മിഥുൻ മാനുവൽ എന്ന സംവിധായകന്‍
മിഥുൻ വളരെ കൂളായൊരു സംവിധായകനാണ്. തന്റെ അഭിനേതാക്കൾക്ക് വേണ്ട സ്വാതന്ത്ര്യം നൽകുന്ന സംവിധായകൻ. എന്നാൽ ചില കാര്യങ്ങളിൽ കണിശക്കാരനാണ് മിഥുൻ. ചില സന്ദർഭങ്ങളിൽ അഭിനേതാക്കളിൽ നിന്നും ഇന്ന പ്രതികരണമാണ് വേണ്ടതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. അൻവർ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ പറയുന്ന സമയത്ത് ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയിൽ നിന്നു കൊണ്ടാവണം നമ്മൾ പറയേണ്ടത്, കുഞ്ചാക്കോ ബോബൻ ആയിട്ടല്ല അവിടെ പ്രതികരിക്കേണ്ടത്. ഇതൊരു വല്യ ഉത്തരവാദിത്തമായിട്ടാണ് എനിക്ക് തോന്നിയത്. ചില സംഭാഷണങ്ങളൊക്കെ നമുക്ക് നമ്മുടെ സൗകര്യത്തിനു അനുസരിച്ചു ഒരു പ്രത്യേക സന്ദർഭത്തിൽ മാറ്റാനുള്ള സ്വാതന്ത്ര്യമൊക്കെ മിഥുൻ നൽകിയിരുന്നു, അത് കൂടുതൽ ഉത്തരവാദിത്ത ബോധമാണ് അഭിനേതാക്കളിൽ ഉണ്ടാക്കിയത്. ഈ ചെറിയ മാറ്റങ്ങൾ സംവിധായകൻ മനസ്സിൽ വിചാരിച്ചതിനേക്കാൾ നന്നാവേണ്ടതും പ്രധാനമാണ്.
ലൊക്കേഷൻ അനുഭവങ്ങൾ
ഞാൻ അത്ര സീരിയസ് ആളൊന്നുമല്ല സെറ്റിൽ. 'വൈറസ്' സിനിമയിൽ പ്രവർത്തിച്ചവരായിരുന്നു 'അഞ്ചാം പാതിര'യിലെ അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലും ഏറിയ പങ്കും. ഷൈജു, സുഷിൻ, ഉണ്ണിമായ, ജിനോ, ഇന്ദ്രൻസ് ചേട്ടൻ, ശ്രീനാഥ് ഭാസി, ഷറഫുദീൻ. ഇവരെല്ലാം തന്നെ വളരെ 'ഫൺ ലവിങ്' ആളുകളാണ്. പക്ഷേ 'അഞ്ചാം പാതിര'യുടെ സെറ്റിൽ ഈ പറഞ്ഞ ആളുകളെല്ലാം തന്നെ കുറച്ചു സീരിയസായൊരു മൂഡിലായിരുന്നു. ഈ സിനിമയുടെ ഒരു 'ഡാർക്ക്' ഭാവം ഞങ്ങളുടെ മനസ്സുകളിലും പ്രതിഫലിച്ചതാകാം ചിലപ്പോൾ. ഷൂട്ടിങ്ങിനിടയിൽ കിട്ടിയ ഒഴിവു സമയങ്ങളിൽ പോലും ആരും തമാശയൊന്നും പറഞ്ഞതായി ഓർക്കുന്നില്ല. 'അഞ്ചാം പാതിര'യുടെ ഒരു സീരിയസ് ടോൺ നമ്മുടെ മനസുകളെ ശരിക്കും ബാധിച്ചിരുന്നതായി തോന്നുന്നു. അതെനിക്കൊരു പുതിയ അനുഭവമായിരുന്നു.
അൻവർ ഹുസൈൻ റഫറൻസ്
ഉണ്ടായിരുന്നു, എനിക്ക് ഒരു മനശാസ്ത്രജ്ഞനായ സുഹൃത്തുണ്ട്. 'അഞ്ചാം പാതിര'യിലെ കഥാപാത്രത്തിനായി അദ്ദേഹത്തിന്റെ പല ഭാവങ്ങളും ശരീരഭാഷയും ഞാൻ മനസിലാക്കി വച്ചിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവം, രീതികൾ എല്ലാം സംസാരിച്ചു മനസ്സിലാക്കി. അദ്ദേഹവുമായുള്ള സംസാരത്തിൽ നിന്ന് മനസിലാക്കിയ പല കാര്യങ്ങളും അൻവർ ഹുസൈൻ എന്ന കഥാപാത്രത്തിൽ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്. കൗൺസിലിംഗ് ചെയ്യുമ്പോഴും, തന്റെ മുന്നിൽ ഇരിക്കുന്ന മനോവിഷമം ഉള്ളവരെ കേൾക്കുമ്പോഴും മനഃശാസ്ത്ര വിദഗ്ദ്ധരുടെ കണ്ണുകൾ കൂടുതൽ വികസിക്കും. കണ്ണിന്റെ ഇത്തരം ചലനങ്ങളും, ശരീര ഭാഷയുമൊക്കെ അതിശയോക്തി കലർത്താതെ എന്റെ കഥാപാത്രത്തിൽ കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. അൻവർ ഹുസൈൻ എന്ന കഥാപാത്രം ഒരു ബുദ്ധിരാക്ഷസൻ ഒന്നുമല്ല. ആദ്യമായിട്ടാണ് അദ്ദേഹം ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണത്തിൽ പങ്കാളിയാവുന്നതു തന്നെ, അതു കൊണ്ടു തന്നെ ആ കഥാപാത്രം ഒരുപാടു പരിമിതികളും സംശയങ്ങളുമുള്ള ഒരു വ്യക്തിയാണ്. അതു പോലെ ക്രിമിനോളജിയിൽ ഗവേഷണം നടത്തുന്ന ഒരാളും കൂടിയാണ് അൻവർ. പല കുറ്റവാളികളോടും ഇതിനു വേണ്ടി സംസാരിച്ചതിന്റെ അറിവും അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടുന്നുണ്ട്.
തിരക്കഥ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ
സിനിമ ഒരു കൂട്ടായ്മയുടെ ഉൽപ്പന്നമാണ്. പല ഘടകങ്ങളും ശരിയായി വരുമ്പോഴാണ് ഒരു നല്ല ചിത്രം ഉണ്ടാവുന്നത്. ഭാഗ്യവശാൽ, 'അഞ്ചാം പാതിര'യുടെ എല്ലാ ഘടകങ്ങളും നല്ല രീതിയിൽ വന്നു. തിരക്കഥയാലും സാങ്കേതിക വശമായാലും, അഭിനേതാക്കൾ, ഡിസ്ട്രിബൂഷൻ, മാർക്കറ്റിംഗ് ടീം തുടങ്ങിയെല്ലാ ഘടകങ്ങളും ഈ ചിത്രത്തിന്റെ വിജയത്തിന്റെ കാരണങ്ങളാണ്. ആരും ഒരു സിനിമ തോൽക്കണം എന്ന് വിചാരിച്ചു ചെയ്യുന്നില്ല. ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ ചില നല്ല ചിത്രങ്ങൾക്കു തിയേറ്ററിൽ വിജയം കണ്ടെത്താനാവാതെ വരാറുണ്ട്, അതു പോലെ ചില മോശം ചിത്രങ്ങൾ തിയേറ്ററിൽ വിജയം കാണുകയും ചെയ്യും. ഇതിൽ ഭാഗ്യത്തിന്റെ ഒരു ഘടകം കൂടി ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഭാഗ്യം ധീരന്റെ കൂടെയാണെന്നാണാലോ പഴഞ്ചൊല്ല്. അത് കൊണ്ട് വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യാനുള്ള ധൈര്യം ചിലപ്പോഴൊക്കെ ഭാഗ്യം കൊണ്ട് വരും.
ഒരു പ്രേമനായകനായിട്ടാണ് എന്നെ പലപ്പോഴും ആളുകൾ കാണുന്നത്, പക്ഷേ ഈ ചിത്രത്തിൽ പാട്ടുകളില്ല, പ്രണയമില്ല, ഡാൻസില്ല. ഒരു ഡാർക്ക് മൂഡിൽ പോകുന്ന ചിത്രമാണ്. ചോക്ലേറ്റ് കാമുകൻ പരിവേഷത്തിൽ നിന്ന് എനിക്ക് ചിലപ്പോൾ ഒരു 'ഡാർക്ക് ചോക്ലേറ്റ്' പരിവേഷം നല്കാൻ ഈ ചിത്രം സഹായിച്ചിട്ടുണ്ട് (ചിരിക്കുന്നു). ഈ റൊമാന്റിക് ചോക്ലേറ്റ് ബോയ് പരിവേഷത്തിൽ നിന്നും പുറത്തു കടന്നു വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാൻ ഈ ചിത്രം സഹായിച്ചതിൽ എനിക്ക് സന്തോഷത്തേക്കാൾ ഉപരി ആശ്വാസമാണ് തോന്നുന്നത്. 'അഞ്ചാം പാതിര' എന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്ന് ഞാൻ കരുതുന്നു. ഞാൻ നേരത്തെ പറഞ്ഞത് പോലെ ഒരാളെ ഒണ്ടു ഒരു സിനിമ വിജയിപ്പിക്കാനോ തോല്പിക്കാനോ ആവില്ല. 'അഞ്ചാം പാതിര'യുടെ വിജയത്തിന് പിന്നിൽ ഒരു നല്ല കൂട്ടായ്മയുടെ കഠിനാധ്വാനമുണ്ട്.
ഉണ്ണിമായ
ഉണ്ണിമായയെ പറ്റി പറയുമ്പോൾ 'മഹേഷിന്റെ പ്രതികാരം' സിനിമയിലെ 'ചിൽ സാറാ, ചിൽ' എന്ന ഡയലോഗ് ആവും ആദ്യം ഓർമ വരുക. അത് കഴിഞ്ഞു ഉണ്ണിമായ ചെയ്ത കഥാപാത്രങ്ങളെലാം തന്നെ പതിഞ്ഞ സ്വഭാവമുള്ള, ശാന്തമായ കഥാപാത്രങ്ങളായിരുന്നു. എന്നാൽ 'അഞ്ചാം പാതിര'യിൽ വളരെ ശക്തയായ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് അവർ ചെയ്തിരിക്കുന്നത്. സംഭാഷണങ്ങൾ പറയുന്ന രീതിയിലും ശരീര ഭാഷയിലുമെല്ലാം ഒരു അധികാര ഭാവം വേണ്ട കഥാപാത്രമായിരുന്നു അത്. ഏറ്റവും മികച്ച രീതിയിൽ തന്നെ ഉണ്ണിമായ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അവരെ ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്ത മിഥുനും അഭിനന്ദനം അർഹിക്കുന്നുണ്ട്. ഉണ്ണിമായ ആ കഥാപാത്രം ചെയ്തത് വഴി പുതിയൊരു സാധ്യത കൂടി ആ സിനിമയ്ക്കു വന്നതായി എനിക്ക് തോന്നുന്നു. ഉണ്ണിമായയ്ക്കു പകരം വേറൊരാളും ആ കഥാപാത്രം ചെയുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല.
പുതിയ സിനിമകൾ?
രണ്ടു പ്രൊജക്ടുകൾ പൂർത്തിയാക്കി കഴിഞ്ഞു. കെ എം കമൽ സംവിധാനം ചെയ്ത 'പട'യാണ് അതിലൊന്ന്. സമീർ താഹിറാണ് ക്യാമറ ചെയ്തത്. വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, ഉണ്ണിമായ, സലിം കുമാർ, ടി ജി രവി തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ജിസ് ജോയ് ചിത്രമാണ് മറ്റൊന്ന്. ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ട്, സിദ്ദിഖ്, മുകേഷ്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ജോയ് മാത്യു എന്നിവരുമുണ്ട്. പുതുമുഖം അനാർക്കലി നാസർ ആണ് നായിക.
ഇപ്പോൾ ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ടിന്റെ സിനിമയാണ്. 'ചാർളി'യ്ക്കു ശേഷം മാർട്ടിൻ ചെയ്യുന്ന ചിത്രമാണ്. 'ജോസഫ്' സിനിമയുടെ തിരക്കഥാകൃത്തായ ഷാഹി കബീറാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ജോജുവും നിമിഷയുമാണ് മറ്റ് താരങ്ങൾ. 'അമ്പിളി'ക്ക് ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഞാൻ ഭാഗമാണ്. മികച്ച സംവിധായകർ, അഭിനേതാക്കൾ ഇവർക്കൊപ്പമെല്ലാം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വളരെ സന്തോഷമുണ്ട്.
അന്യ ഭാഷ ചിത്രങ്ങള്‍
തത്കാലം അന്യഭാഷ ചിത്രങ്ങളെ പറ്റി ആലോചനയില്ല. നല്ല തിരക്കഥ വന്നാൽ തമിഴിൽ ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്, കാരണം തമിഴ് എനിക്ക് വഴങ്ങുന്ന ഭാഷയാണ്. വെബ് സീരിസിന്റെ കാര്യം എടുക്കുകയാണെങ്കിൽ, വളരെ മികച്ച ഒരു ആശയം വന്നാൽ തീർച്ചയായും ആലോചിക്കാവുന്നതാണ്.
Read more: അപ്പയുടെ ‘അഞ്ചാം പാതിര’ കാണാൻ ഇസഹാക്ക് എത്തിയപ്പോൾ; ആദ്യ തിയറ്റർ അനുഭവവുമായി ചാക്കോച്ചന്റെ മകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.