Kunchacko Boban Starrer Anjaam Pathiraa Movie Review: ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽ പെടുന്ന ഒരുപാടു ചിത്രങ്ങൾ മലയാളത്തിൽ പോയ വർഷങ്ങളിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘അഞ്ചാം പാതിര’ അതിന്റെ ആവിഷ്കാരരീതികൊണ്ടും കഥാപാത്രങ്ങളുടെ ആഴം കൊണ്ടും ഒരു പടി മുന്നിൽ നിൽക്കുന്ന ചിത്രമാണ്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് , ജാഫർ ഇടുക്കി, ഷറഫുദീൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മനുഷ്യമനസിന്റെ അനന്തമായ വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ക്രിമിനൽ പ്രവണതകളുടെ സാധ്യത എല്ലാ മനുഷ്യരിലും പല അളവുകളിൽ നിലനിൽക്കുന്നുണ്ടെന്ന് പ്രേക്ഷകരിൽ അനുഭവപ്പെടുത്താൻ ഉടനീളം സാധിച്ചുവെന്നതാണ് ചിത്രത്തിന്റെ വിജയം. കൊച്ചി നഗരത്തിൽ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അന്വേഷണത്തിൽ പോലീസിനെ സഹായിക്കാനായി എത്തുന്ന അൻവർ എന്ന ക്രിമിനോളജിസ്റ്റായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. അന്വേഷണം തുടങ്ങി വൈകാതെ തന്നെ വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥൻ അതിദാരുണമായി കൊല ചെയ്യപ്പെടുന്നതോടെ, ഒരു സീരിയൽ കില്ലർ എന്ന സാധ്യത തെളിയുന്നു.

കണ്ണുകൾ കെട്ടാത്ത നീതിദേവതയുടെ പ്രതിമയും ചെന്നായയുടെ മുഖം മൂടിയും കണ്ണുകളും ഹൃദയവും ചൂഴ്‌ന്നെടുത്ത മൃതദേഹങ്ങളുമല്ലാതെ അന്വേഷണസംഘത്തിന് മുന്നിൽ യാതൊരു തെളിവുകളും ലഭിക്കുന്നില്ല. അന്വേഷണ സംഘം പല സംശയങ്ങളുടെ പുറകെ പോകുന്നുണ്ടെങ്കിലും കൊലയാളിയെ കണ്ടെത്താൻ സഹായിക്കുന്ന ഒരു തുമ്പും കിട്ടുന്നില്ല. പക്ഷെ ഇതിനിടയിൽ അൻവർ എന്ന ക്രിമിനോളജിസ്റ്റിന്റെ കൊലയാളിയെ പറ്റിയുള്ള പല അനുമാനങ്ങളും ശരിയായി വരുന്നത് കൊലയാളിയുടെ മനോനിലയെപ്പറ്റിയുള്ള ധാരണകൾ പ്രേക്ഷകന് നല്കാൻ സഹായിക്കുന്നുണ്ട്.

‘മെമ്മറീസ്’, ‘ഗ്രാൻഡ്‌മാസ്റ്റർ’ , ‘ഗ്രാൻഡ് ഫാദർ’ തുടങ്ങിയ മലയാളത്തിൽ സമകാലികമായി വന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളുടെ സ്വഭാവം തന്നെയാണ് ‘അഞ്ചാം പാതിര’യുടെയെങ്കിലും മിഥുൻ മാനുവലിന്റെ സംവിധാന മികവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവും സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ ഹോളിവുഡ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ ആസ്വാദന നിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്‌.

അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമില്ലാതെ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന പോലീസിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകങ്ങൾ നടക്കുന്നതോടെ പ്രേക്ഷകർക്കും തോന്നിപ്പോകാം ഒരിക്കലും പിടികൂടാൻ കഴിയാത്ത അതിബുദ്ധിശാലിയായ ഒരു സൈക്കോപാത്ത് ആണോ കൊലയാളിയെന്ന്. എഴുപതുകളിൽ അമേരിക്കയെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ സീരിയൽ കില്ലർ എഡ്മണ്ട് കെമ്പെർ ആളുകളെ നിർദാക്ഷിണ്യം കൊന്നു ബോറടിച്ചിട്ടു അവസാനം പോലീസിന് പിടികൊടുക്കുന്നുണ്ട്. പിടി കൊടുത്തതിനു ശേഷം കെമ്പെർ പറയുന്നത് ഞാൻ വിചാരിച്ചതു കൊണ്ട് മാത്രമാണ് പോലീസിന് എന്നെ പിടിക്കാൻ കഴിഞ്ഞത്, ഇല്ലായിരുന്നെങ്കിൽ ഒരിക്കലും സാധിക്കില്ലായിരുന്നുവെന്നാണ്.

എഡ്മണ്ട് കെമ്പെറിനെ പോലെ അതീവ ബുദ്ധിശാലിയായ ഒരു കുറ്റവാളിയാണോ ‘അഞ്ചാം പാതിര’യിലെ കൊലപാതകിയെന്നു പ്രേക്ഷകന് തോന്നിപ്പിക്കും വിധമാണ് മിഥുൻ മാനുവൽ ചിത്രം മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാൽ രണ്ടാം പകുതിയുടെ അവസാനഘട്ടങ്ങളിൽ വളരെ സൂക്ഷ്മമായ സൂചനകളുടെ അടിസ്ഥാനത്തിൽ അൻവറിനു കുറ്റവാളിയിലേക്കു എത്താൻ സഹായകമാകുന്ന ചില തുമ്പുകൾ കിട്ടുന്നു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കേദൽ കേസിനെ അനുസ്മരിപ്പിക്കുന്ന സന്ദർഭങ്ങളിലേക്കു സിനിമ വഴിമാറുമെങ്കിലും ചിത്രം അവിടെയും അവസാനിക്കുന്നില്ല. വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കേസിൽ പോലീസ് ഉദ്യോഗസ്ഥർ കാണിച്ച അനീതിക്കെതിരെയുള്ള പ്രതികാരത്തിന്റെ കഥയായി മാറുകയാണ് ചിത്രം.

Anjaam Pathiraa Movie Review, Anchaam Pathira Movie review, Kunchacko Boban, അഞ്ചാം പാതിര, അഞ്ചാം പാതിര റിവ്യൂ, Anjaam Pathiraa review, Anjaam Pathiraa movie review in malayalam, Anjaam Pathiraa movie public review, Anjaam Pathiraa movie audience reactions, Anjaam Pathiraa movie audience review, Anjaam Pathiraa movie celebrity reactions, Anjaam Pathiraa movie review today, Kunchacko Boban, Kunchacko Boban Anjaam Pathiraa, Kunchacko Boban Anchaam Pathira, കുഞ്ചാക്കോ ബോബൻ, കുഞ്ചാക്കോ ബോബൻ അഞ്ചാം പാതിര, Indian express reviews, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

അൻവർ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബൻ എന്ന നടനിൽ ഭദ്രമായിരുന്നു. വളരെ പക്വതയോടെയാണ് അദ്ദേഹം ഈ കഥാപത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘വൈറസ്’, ‘മായാനദി’, ‘പറവ’ പോലെയുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഉണ്ണിമായ എന്ന നടിയുടെ മികച്ച മുഴുനീള വേഷമാണ് ‘അഞ്ചാം പാതിര’യിലെ പോലീസ് കമ്മിഷണർ. വളരെ ശാന്തയായ, മനഃസാന്നിധ്യമുള്ള പോലീസ് ഉദ്യോഗസ്ഥയായുള്ള ഉണ്ണിമായയുടെ പ്രകടനം അവരെ മലയാളത്തിൽ വൈവിധ്യമായ വേഷങ്ങൾ ചെയ്യാൻ പ്രാപ്തയായ ഒരു നടിയായി അംഗീകരിക്കാൻ പല സംവിധായകർക്കും പ്രചോദനം ആകുമെന്ന് കരുതാം.

ഇന്ദ്രൻസ്, പ്രിയനന്ദൻ, ഷറഫുദീൻ, ജാഫർ ഇടുക്കി എന്നിവരുടെ കാമിയോ റോളുകൾ പ്രേക്ഷകർ വേഗം മറക്കാൻ സാധ്യതയില്ല .ശ്രീനാഥ് ഭാസി ചെയ്ത കമ്പ്യൂട്ടർ ഹാക്കറിന്റെ കഥാപാത്രം അദ്ദേഹം തന്റെ തനതു ശൈലിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ അനിൽ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥാപത്രം ജിനു ജോസഫ് തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.

അതിഭാവകത്വങ്ങളില്ലാതെ, വളരെ റിയലിസ്‌റ്റിക്കായ ആഖ്യാന രീതിയിൽ ആദ്യാവസാനം വളരെ ഗൗരവകരവും തീക്ഷണവും ദുരൂഹവുമായ ഭാവം നിലനിർത്താൻ മിഥുൻ മാനുവൽ എന്ന സംവിധായകന് കഴിഞ്ഞു എന്നുള്ളതാണ് ചിത്രത്തിന്റെ വിജയം. ‘ആട് ഒരു ഭീകര ജീവിയാണ്’, ‘ഓം ശാന്തി ഓശാന’, ‘ആൻ മരിയ കലിപ്പിലാണ്’ തുടങ്ങിയ പ്രേക്ഷക സ്വീകാര്യത നേടിയ ഫീൽ ഗുഡ്, കോമഡി ചിത്രങ്ങൾ ചെയ്ത മിഥുൻ മാനുവൽ സംവിധായകനും എഴുത്തുകാരനുമെന്ന നിലയിൽ വേറിട്ടൊരു സഞ്ചാരം നടത്തുന്ന ചിത്രം കൂടിയാണ് ‘അഞ്ചാം പാതിര’.

ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകന്റെ ദൃശ്യങ്ങളും ചിത്രത്തിന്റെ തീവ്രമായ ദുരൂഹ ഭാവത്തെ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിച്ചു. മലയാള സിനിമയ്ക്കു ഒരു മുതൽക്കൂട്ടാണ് സുഷിൻ ശ്യാം എന്ന യുവ സംഗീത സംവിധായകൻ. മനസ്സിന്റെ ആഴങ്ങളിലേക്ക് കുത്തിയിറങ്ങുന്ന ചിത്രത്തിന്റെ ഗോഥിക് പശ്ചാത്തല സംഗീതം ലോക നിലവാരം പുലർത്തുന്നുണ്ട്. സൈജു ശ്രീധരന്റെ എഡിറ്റിങ് ചിത്രത്തിന്റെ ആസ്വാദനത്തിനു മുതൽക്കൂട്ടാണ്. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മലയാളത്തിൽ കണ്ട പല ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ പതിവ് രീതികൾ പിന്തുടരുന്നുണ്ടെങ്കിലും കഥാപാത്രങ്ങളെ വിശകലനം ചെയ്യുന്നതിൽ കാണിച്ച ജാഗ്രതയും ആഖ്യാനരീതിയിലും പശ്ചാത്തലസംഗീതത്തിലും പുലർത്തിയ നിലവാരവും ചിത്രത്തെ പിടിച്ചിരുത്തുന്ന ഒരു അനുഭവമാക്കി മാറ്റുന്നുണ്ട്.

Read more: Chhapaak movie review: നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി ദീപിക: ‘ഛപാക്’ റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook