scorecardresearch

'ബിഗ് ബോസ്' കാല ലോക്ക്ഡൗണ്‍ വച്ചു നോക്കുമ്പോൾ ഇതൊക്കെയെന്ത്! ശ്വേത പറയുന്നു

ഞാന്‍ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടാറില്ല. ഈ നിമിഷം, കൂടിവന്നാല്‍ നാളത്തെ ദിവസം, പരമാവധി മേയ് മൂന്ന്-അത്രയൊക്കെയേ വേവലാതിയുള്ളൂ. അതിനപ്പുറത്തേക്ക് ഞാന്‍ ചിന്തിക്കാറില്ല

ഞാന്‍ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടാറില്ല. ഈ നിമിഷം, കൂടിവന്നാല്‍ നാളത്തെ ദിവസം, പരമാവധി മേയ് മൂന്ന്-അത്രയൊക്കെയേ വേവലാതിയുള്ളൂ. അതിനപ്പുറത്തേക്ക് ഞാന്‍ ചിന്തിക്കാറില്ല

author-image
Sandhya KP
New Update
Swetha Menon, Shwetha Menon, ശ്വേതാ മേനോൻ, Lockdown, ലോക്ക്ഡൗണ്‍, Lockdwon experience, ലോക്ക്ഡൗണ്‍ അനുഭവങ്ങൾ, iemalayalam, ഐഇ മലയാളം

"ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ആദ്യം എന്താണ് ചെയ്യുക?"

ശ്വേതാ മേനോന്‍ ഒരു നിമിഷം ആലോചിച്ചു: "ഞാനെന്‌റെ പുരികം ത്രെഡ് ചെയ്യും," തുടര്‍ന്ന് പരിചിതമായ ആ പൊട്ടിച്ചിരിയും.

Advertisment

'ഒരു പൂവെടുത്ത് ചെവിയില്‍ വച്ചിട്ട് റോഡില്‍ കൂടി ഒന്നോടിയാലോ എന്നാലോചിച്ചിരിക്കുകയാണ് ഞാന്‍,' എന്ന മോഹന്‍ലാല്‍ ഡയലോഗ് മിക്കവരുടേയും വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകളാകുന്ന ഈ 'അടച്ചുപൂട്ടല്‍' കാലത്ത്, ശ്വേത വ്യത്യസ്തയാണ്. കുടുംബത്തോടൊപ്പം കിട്ടുന്ന ഓരോ നിമിഷവും ആഘോഷിക്കുകയാണവര്‍. മകളെ ലാളിക്കാനും തനിക്ക് അമ്മയുണ്ടാക്കി തന്നിരുന്ന പലഹാരങ്ങള്‍ മകള്‍ക്കായി ഉണ്ടാക്കാനും സാധിക്കുന്നതിന്‌റെ സന്തോഷത്തിലാണ് താരം.

"വീട്ടിലിരിക്കാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനും ഏറെ ഇഷ്ടമാണ് എനിക്ക്. അതു കൊണ്ട് ലോക്ക്ഡൗണില്‍ എനിക്ക് ബോറടിയില്ല. മുമ്പത്തെക്കാള്‍ ഏറെ സമയം കിട്ടുന്നു എന്ന സന്തോഷമുണ്ട്. ഈ ലോക്ക്ഡഔണ്‍-കൊറോണ കാലത്തിനും ശേഷമുള്ള നമ്മുടെ ജീവിതം ഒരിക്കലും പഴയതാകില്ല എന്നെനിക്ക് നന്നായി അറിയാം. അതിനാല്‍ മകള്‍ക്കും ശ്രീയ്ക്കുമൊപ്പമുള്ള നേരം കഴിയുന്നത്ര ആഘോഷിക്കുകയാണ്.

ഞാന്‍ ജനിച്ചു വളര്‍ന്നത് മുംബൈയിലാണ്. കുട്ടിക്കാലത്ത് സമൂസ, ഗുലാബ് ജാമൂന്‍, വട പാവൊക്കെയായിരുന്നു പ്രിയം. പിന്നീട് അതൊക്കെ ഉണ്ടാക്കാന്‍ പഠിച്ചു. എന്നാല്‍ ജോലിത്തിരക്കില്‍ മകള്‍ക്കായി അതൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഈ ദിവസങ്ങളില്‍ അതെല്ലാം ഉണ്ടാക്കി നല്‍കി അവളെ ലാളിക്കുന്നുണ്ട്."

Advertisment

ഭര്‍ത്താവ് തന്നെക്കാളേറെ പാചകം ആസ്വദിക്കുന്ന ആളാണ് എന്ന് ശ്വേത. കൃഷിയും പൂന്തോട്ട പരിപാലനവുമാണ് ശ്രീവത്സന്‌റെ മറ്റ് ഹോബികള്‍.

"ജീവിതം മാറിയിട്ടുണ്ട്. ഇപ്പോള്‍ നാല് ദിവസം കൂടുമ്പോള്‍ ഞാനോ ശ്രീയോ സാധനങ്ങള്‍ വാങ്ങി വരും. പുറത്തു പോകുന്നതിനെക്കാള്‍ പ്രയാസം അതിനുള്ള തയ്യാറെടുപ്പാണ്. തിരക്കൊഴിഞ്ഞപ്പോള്‍ മറ്റു വീടുകളിലേത് പോലെ ഞങ്ങളുടേതും ഒരു സാധാരണ ജീവിതമായി. ഞാനും ശ്രീയും വഴക്കടിക്കും. പിന്നീട് സ്‌നേഹിക്കും. മകള്‍ക്കൊപ്പം കളിക്കും. ശ്രീയുടെ ഗാര്‍ഡനിങ് ആസ്വദിക്കും. വീട് വൃത്തിയാക്കാനും അടുക്കിപ്പെറുക്കാനും സമയം കിട്ടുന്നുണ്ട്. നമ്മുക്കൊക്കെ ജീവിതം സത്യത്തില്‍ എത്ര മനോഹരമാണ്. എല്ലാ സൗകര്യങ്ങളുമുണ്ട്. വലിയ അനുഗ്രഹങ്ങളുണ്ട്. പക്ഷെ നാമത് കാണാതെ പോകുന്നു. കറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഉള്‍പ്പെടെ നാം നന്ദിയോടെ സ്മരിക്കേണ്ട എത്രയെത്ര കാര്യങ്ങള്‍."

publive-image ശ്വേത ഭർത്താവ് ശ്രീവത്സനും മകൾ സബൈനയ്ക്കുമൊപ്പം

Read More: എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ; മാലാ പാർവ്വതി പറയുന്നു

"ഞാന്‍ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടാറില്ല. ഈ നിമിഷം, കൂടി വന്നാല്‍ നാളത്തെ ദിവസം, പരമാവധി മേയ് മൂന്ന്-അത്രയൊക്കെയേ വേവലാതിയുള്ളൂ. അതിനപ്പുറത്തേക്ക് ഞാന്‍ ചിന്തിക്കാറില്ല. എന്നുവച്ച് എനിക്ക് ഉത്കണ്ഠ ഇല്ല എന്നല്ല. ഒരുപാട് ഉത്കണ്ഠപ്പെട്ടിട്ടെന്ത് കാര്യം. ലോകത്തിന് വേണ്ടി നമുക്കിപ്പോള്‍ ചെയ്യാനാകുന്ന ഏറ്റവും വലിയ കാര്യം, സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നതനുസരിച്ച് വീട്ടിലിരിക്കുക എന്നതാണ്. ഇപ്പോള്‍ വീട്ടിലിരുന്നാല്‍ വൈകാതെ പുറത്തിറങ്ങാം.

ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാന്‍. കുടുംബാംഗങ്ങളോട് പഴയ കഥകള്‍ പറഞ്ഞിരിക്കുന്നതും, മകളുടെ കളിചിരികളാസ്വദിക്കുന്നതും വലിയ സന്തോഷങ്ങളാണ്. അവള്‍ സാമാന്യം പക്വതയുള്ളൊരു കുട്ടിയാണ്. അതുകൊണ്ട് എന്‌റെ ലോക്ക്ഡൗണ്‍ കാലം ആനന്ദകരമാണ്. ഷൂട്ടും സഹപ്രവര്‍ത്തകരും സ്റ്റുഡിയോയും, സൂര്യ 'ജോഡി നമ്പര്‍ വണ്ണു'മെല്ലാം മിസ് ചെയ്യുന്നുണ്ട്.  പക്ഷേ അതില്‍ വിഷമിച്ചിട്ട് കാര്യമില്ല," ശ്വേത പറയുന്നു.

ഉറ്റവരുടെ അടുത്തേക്ക് നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം കണ്‍മുന്നില്‍ കണ്ട ശ്വേതയെ സംബന്ധിച്ച് ലോക്ക്ഡൗണ്‍ കാലത്തെ ഏറ്റവും സങ്കടകരമായ കാഴ്ചയും അത് തന്നെയാണ്.

"ഞങ്ങള്‍ താമസിക്കുന്നതിനടുത്ത് കോട്ടയത്തുകാരായ കുറച്ച് മലയാളി തൊഴിലാളികളുണ്ട്. നാട്ടില്‍ പോകാനാകാതെ വിഷമിക്കുകയാണവര്‍. അവര്‍ക്ക് രണ്ടു നേരത്തെ ഭക്ഷണം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഞാന്‍ അവരോട് സംസാരിച്ചിരുന്നു. ഈ സമയത്താണ് നമ്മുടെ അച്ഛനും അമ്മയും നാടും വീടുമൊക്കെ എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയുക. എനിക്ക് വലിയ വേദന തോന്നി. എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ ഞാനവരോട് പറഞ്ഞു. മറ്റെന്താണ് ചെയ്യാനാകുക?

കോവിഡ്-19 ബാധിച്ച ഒരു മലയാളി നഴ്‌സിനോടും ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. പതിനഞ്ചു ദിവസമായി അവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ട്. അവര്‍ പരിചരിച്ച ഒരു രോഗിയില്‍ നിന്നാണ് അസുഖം ബാധിച്ചത്. അതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മളെത്ര സുരക്ഷിതരാണെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയുന്നു. പിന്നെ ഞാനെങ്ങനെ എന്‌റെ ജീവിതത്തെ കുറിച്ച് പരാതി പറയും?," ശ്വേത ചോദിക്കുന്നു.

Swetha Menon, Shwetha Menon, ശ്വേതാ മേനോൻ, Lockdown, ലോക്ക്ഡൗണ്‍, Lockdwon experience, ലോക്ക്ഡൗണ്‍ അനുഭവങ്ങൾ, iemalayalam, ഐഇ മലയാളം

Read More: മകനെ മുഖ്യമന്ത്രിയുടെ ശബ്ദത്തിൽ ‘വിരട്ടിയ’ അപ്പൻ... ജിയോ ബേബിയുടെ ലോക്ക്‌ഡൗൺ വിശേഷങ്ങൾ

ലോക്ക്ഡൗണ്‍ പഠിപ്പിച്ച പാഠമെന്താണെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ശ്വേതയുടെ ഉത്തരം:

"കൃഷി, കൃഷി, കൃഷി. ഞാനെത്ര നല്ല കര്‍ഷകയാണെന്ന് തിരിച്ചറിയാനും കൃഷിയുടെ പ്രാധാന്യം പഠിക്കാനും എനിക്കീ ലോക്ക്ഡൗണ്‍ വേണ്ടി വന്നു. ഞങ്ങളിവിടെ വഴുതന, കറിവേപ്പില, മല്ലി, ഉലുവ, പയറ് തുടങ്ങിയതൊക്കെ വളര്‍ത്തി തുടങ്ങി. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുകയാണ്. ഓരോ ദിവസവും ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നു. നമുക്കിപ്പോള്‍ ജനാലകള്‍ തുറന്നിടാനുള്ള സ്വാതന്ത്ര്യമുണ്ട്. നാളെ അതില്ലാതായാലോ. ക്വാറന്‌റൈനില്‍ കഴിയുന്ന രോഗികളെ കുറിച്ച് ആലോചിക്കൂ. അവരെത്ര ബുദ്ധിമുട്ടുന്നു. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി കൂടിയല്ലേ അവര്‍ അടച്ചിരിക്കുന്നത്."

പക്ഷേ ലോക്ക്ഡൗണ്‍ ശ്വേതയ്ക്ക് പുതിയ കാര്യമല്ല.  'ബിഗ്‌ ബോസ്‌' പരമ്പരയുടെ ആദ്യ സീസണില്‍ 'ബിഗ്‌ ബോസ്സ്' ഹൗസില്‍ ദിവസങ്ങളോളം ലോക്കായിപ്പോയ ആളാണ് ശ്വേതാ മേനോന്‍.

"ജീവിതത്തില്‍ മുമ്പും ഞാന്‍ ലോക്ക്ഡൗണ്‍ അനുഭവിച്ചിട്ടുണ്ട്. ബിഗ്‌ബോസിന്‌റെ ആദ്യ സീസണില്‍ 35 ദിവസമാണ് പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്. അതൊക്കെ വച്ചു നോക്കുമ്പോള്‍ ഇതൊക്കെയെന്ത്?," വീണ്ടും ആ പൊട്ടിച്ചിരി.

Lockdown

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: