ജീവിതത്തിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഭീതികളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് ലോകം കടന്നു പോവുന്നത്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജോലിയും ദിനചര്യകളും ഒക്കെ മാറിമറിഞ്ഞ ഒരു അവസ്ഥയാണ് ലോകമെമ്പാടും. വീടുകളില്‍ തന്നെ ഒതുങ്ങി കൂടുകയാണ് മനുഷ്യരെല്ലാം.
ഭീതിയുടെ ഈ കാലം കുടുംബത്തിന്റെ സ്നേഹത്തിന്റെ തണലില്‍ ചെലവിടാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. അത്തരത്തില്‍ ഒരു ഭാഗ്യം കടാക്ഷിച്ചതിന്റെ സന്തോഷവും ലോക്ക്ഡൌണ്‍ ദിനങ്ങള്‍ എങ്ങനെ അര്‍ത്ഥവത്തായി ചെലവഴിക്കുന്നു എന്നും ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിക്കുകയാണ് അഭിനേത്രി മാലാ പാര്‍വ്വതി.
“എന്റെ അമ്മ ഒരു ഡോക്ടര്‍ ആണ്. ഡോ. ലളിത എന്നാണു പേര്. ഗൈനക്കോ;ളോജിസ്റ്റ് ആണ്. ഓർമ വെച്ച നാൾ മുതൽ എപ്പോഴും ജോലി തിരക്കില്‍പ്പെട്ട അമ്മയെയാണ് കണ്ടിരുന്നത്. രാവിലെ പോയാൽ പലപ്പോഴും രാത്രിയാകും അമ്മ തിരിച്ചെത്താൻ. അമ്മ പാചകം ചെയ്യുന്നതൊന്നും കണ്ടിട്ടേയില്ല.
ഇപ്പോള്‍ കരിയറില്‍ ആദ്യമായി അമ്മ അങ്ങനെ റെഗുലര്‍ ആയി ആശുപത്രിയില്‍ പോകുന്നില്ല. ലോക്ക്ഡൌണ്‍ കാരണം വീട്ടില്‍ തന്നെയാണ്. എന്റെ ഭർത്താവും (അഡ്വക്കേറ്റ് ബി സതീശന്‍) അതെ, രാവിലെ പോയാൽ രാത്രി വൈകി വന്നു കൊണ്ടിരുന്ന ആളാണ്. ഫാമിലി ടൈം എന്നു പറയുന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ കുറവായിരുന്നു. ഇപ്പോൾ എല്ലാവരും നാലു നേരവും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ഒരു വീടായി മാറി. അമ്മയും അച്ഛനും ഭർത്താവും മകനും എല്ലാവരുമായി ഇങ്ങനെ ഒരുപാട് സമയം ചെലവഴിക്കുന്നതൊക്കെ ജീവിതത്തിൽ ആദ്യമായിട്ടാണ്,” ലോക്ക്ഡൗൺ കാല ജീവിതത്തെക്കുറിച്ച് മാലാ പാർവ്വതി പറഞ്ഞു തുടങ്ങി.
ലോക്ക്‌ഡൗൺകാല ജീവിതം
പൊതുവെ ഞാനൊരു ‘ഹോം പേഴ്സണാണ്.’ പുറത്തു പോവുക, പാർട്ടിയ്ക്ക് പോവുക അത്തരം പരിപാടികളൊക്കെ കുറവാണ്. എന്റെ സുഹൃത്തുക്കളെല്ലാം വീട്ടിൽ വരികയാണ് പതിവ്. ഇവിടെയാണ് എല്ലാവരുടെയും ഹബ്ബ്. അതു കൊണ്ട് വീട്ടിൽ എത്ര നേരം ഇരുന്നാലും എനിക്ക് ബോറടിക്കില്ല. സത്യം പറഞ്ഞാൽ ഇപ്പോൾ, പതിവിലും കൂടുതൽ തിരക്കാണ്. കുടുംബം മൊത്തം ഇവിടുണ്ട്. സഹായത്തിന് ആളില്ല. പാചകം, വീട് വൃത്തിയാക്കൽ, തുണിയലക്കൽ ഒക്കെയായി തിരക്കാണ്. എല്ലാവരും ചേർന്നാണ് ഇതൊക്കെ ചെയ്യുന്നത് എന്നതാണ് മറ്റൊരു സന്തോഷം. ജോലികളൊക്കെ തീർന്നാൽ, എല്ലാവരും കൂടി ഷട്ടിൽ കളിക്കും. വൈകുന്നേരം ആറു മണിയാകുമ്പോൾ, എല്ലാ ജോലികളും മാറ്റിവച്ച് ടിവിയുടെ മുന്നിലെത്തും, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാൻ.
ഇതൊക്കെ ഒരനുഭവമാണ്. ജീവിതത്തിൽ മുൻപൊരിക്കലും ചെയ്ത കാര്യങ്ങളല്ല ഞാനിപ്പോൾ ചെയ്യുന്നത്. രാവിലെ എണീറ്റ് എല്ലാവർക്കും ഭക്ഷണമുണ്ടാക്കി കൊടുക്കുക, തുണി കഴുകുക എന്നതൊന്നും എനിക്ക് ശീലമില്ല. അമ്മ ഹോസ്പിറ്റൽ കാര്യങ്ങളുമായി തിരക്കിലായതു കൊണ്ട്, എപ്പോഴും സഹായത്തിന് ആരെങ്കിലും ഉണ്ടാവുന്ന ഒരു വീടായിരുന്നു ഇത്.
ലോക്ക്ഡൗണ്‍ കാലത്തെ മിസ്സിംഗ്
സുഹൃത്തുക്കൾ ആരും ഇപ്പോൾ വീട്ടിൽ വരുന്നില്ല, ആരെയും കാണാൻ കഴിയുന്നില്ല അതാണ് ഏറ്റവും വലിയ മിസ്സിംഗ്. ഞങ്ങളെല്ലാവരും കൂടെ സിനിമയ്ക്ക് പോകുന്ന ഒരു ചടങ്ങുണ്ട്. ഒറ്റയ്ക്ക് പോവുന്ന ശീലമേയില്ല, എട്ടും പത്തും പേരടങ്ങുന്ന ഒരു വലിയ സംഘമായിട്ടാണ് സിനിമ കാണാൻ പോക്ക്. അതൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.
ലോക്ക്ഡൗണ്‍ കാലത്തെ ഭീതി
ഓരോ നിമിഷവും കടന്നു പോവുന്ന അവസ്ഥകളെ കുറിച്ച് ബോധവാന്മാരാണ് ഇപ്പോൾ. മകൻ ചിലപ്പോൾ മിൽക്ക് ഷേയ്ക്കോ വാങ്ങിയാലോ എന്നൊക്കെ പറയുമ്പോൾ ഭർത്താവ് പറയും, മനുഷ്യർ പലയിടത്തും ഭക്ഷണത്തെ കുറിച്ചോർത്ത് ടെൻഷനടിക്കുമ്പോൾ അതൊക്കെ ആർഭാടമാണെന്ന്. കടന്നു പോവുന്ന ഓരോ നിമിഷവും ഓർമ്മപ്പെടുത്തലാണ്. ആഢംബരമോ ആർഭാടമോ ഇല്ലാതെ, നാളെ വരാൻ പോകുന്ന വലിയൊരു സാമ്പത്തികപ്രതിസന്ധി മുന്നിൽ കണ്ടാണ് മുന്നോട്ട് പോവുന്നത്. 24 മണിക്കൂറും വാർത്തകൾ കേൾക്കുന്നത് ഇപ്പോഴൊരു ശീലമായിട്ടുണ്ട്. ചുറ്റുമെന്താണ് നടക്കുന്നതെന്ന് അറിയാനുള്ള ആവലാതിയാണ്. മറ്റെങ്ങോട്ടും പോവാൻ ആവില്ലല്ലോ, വേറെ എവിടെ നിന്നും രക്ഷ വരാനുമില്ല. എല്ലാവരും ഒന്നിച്ച്, മുൻകരുതലുകളെടുത്ത് നേരിടുക മാത്രമേ തരമുള്ളൂ.
ആ ഭീതികൾക്കിടയിലും കേരളത്തിൽ ആണ് ജീവിക്കുന്നത് എന്നതാണ് അഭിമാനം. ഇവിടെ സർക്കാരും ആരോഗ്യപ്രവർത്തകരും എടുക്കുന്ന മുൻകരുതലുകൾ കാണുമ്പോൾ സുരക്ഷിതത്വം തോന്നും. ജോഷി സാർ സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കളുടെയോ ടെക്നീഷ്യന്റെയോ മാനസികാവസ്ഥയിലും സുരക്ഷിതത്വത്തിലുമാണ് കേരളത്തിലെ ഇപ്പോൾ എന്നു ഞാൻ വീട്ടിൽ പറയും. ജോഷി സാറിന്റെ ലോക്കേഷനിൽ ഒന്നിനും ഒരു സംശയവുമുണ്ടാവില്ല, എല്ലായിടത്തും സാറിന്റെ നോട്ടമെത്തും. നമ്മൾ സാറ് പറയുന്നതു അനുസരിച്ചാൽ മതി. അതു പോലെയാണ് നമ്മുടെ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് ജീവിക്കുന്നതും.
Read more: മകനെ മുഖ്യമന്ത്രിയുടെ ശബ്ദത്തിൽ ‘വിരട്ടിയ’ അപ്പൻ… ജിയോ ബേബിയുടെ ലോക്ക്‌ഡൗൺ വിശേഷങ്ങൾ
പാചക അനുഭവങ്ങൾ
കുക്ക് ചെയ്യാൻ ഭയങ്കര മടിയുള്ള ആളാണ് ഞാൻ. മടിയെന്നതിനേക്കാൾ ശീലമില്ലായ്മയാണ് പ്രശ്നം. പാചകം ചെയ്തു വഴക്കമില്ലാത്തതിനാൽ ആത്മവിശ്വാസവും കുറവായിരുന്നു. വീട്ടിൽ ആളുള്ളതു കൊണ്ട് അതിന്റെ ആവശ്യവും വന്നിട്ടില്ല. പക്ഷേ പാചകത്തിൽ എനിക്കൊരു കൈത്തിട്ടമുണ്ടെന്ന് എനിക്ക് മുൻപും മനസ്സിലായിട്ടുണ്ട്. ‘പതിനെട്ടാം പടി’ സിനിമയിൽ ബീഫ് കറി ഉണ്ടാക്കുന്ന ഒരു സീനുണ്ട്. അതു ഞാൻ തനിയെ ഉണ്ടാക്കിയതാണ്. ഷൂട്ട് കഴിഞ്ഞപ്പോഴേക്കും എല്ലാവരും കൂടി ഒരു ചരുവം ബീഫ് കറി തീർത്തു. എല്ലാർക്കും അതിഷ്ടമായിരുന്നു.
പക്ഷേ, ‘ഇഷ്ക്’ സിനിമയിലെ ദോശ സീൻ എന്നെ കുഴക്കിയ ഒന്നാണ്. എത്ര ചുട്ടിട്ടും ശരിയാവുന്നില്ല. ‘ദോശ ഉണ്ടാക്കാൻ അറിയൂല,ല്ലേ?’ എന്ന് അത്ഭുതത്തോടെ ആർട്ടിലെ ആളുകൾ കുട്ടികൾ ചോദിക്കുന്നുണ്ടായിരുന്നു. ചെയ്ത് വഴക്കമില്ലായ്മ ആയിരുന്നു എന്റെ പ്രശ്നം. നിരന്തരം നിന്ന് ചെയ്ത് കൈവഴക്കം ഇല്ല. വല്ലപ്പോഴും എന്തെങ്കിലും സ്പെഷ്യൽ ഡിഷ് ഉണ്ടാക്കാൻ കയറുന്നതാണ് എന്റെ അടുക്കള പരിചയം. ഇപ്പോൾ പക്ഷേ ഫുൾടൈം കുക്കിംഗ് ആണ്.
കഴിഞ്ഞ ദിവസം ഞാനൊരു അവ്‌ലോസ് പൊടി ഉണ്ടാക്കി. കായവും കുരുമുളകും ജീരകപ്പൊടിയുമൊക്കെയിട്ട് അൽപ്പം പരിഷ്കരിച്ച് വേറെ ഒരു സ്വാദ് കൊടുത്തു. അത് കഴിച്ചിട്ട് മകൻ അനന്തകൃഷ്ണന്‍ അത്ഭുതത്തോടെ, ‘അമ്മയൊരു കുക്കായിരുന്നു അല്ലേ?’ എന്ന് ചോദിച്ചു. 26-ാം വയസിലാണ് അവനത് തിരിച്ചറിയുന്നത്, അതിന് ലോക്ക്‌ഡൗൺ വേണ്ടി വന്നു. (ചിരിക്കുന്നു). ഇതു വരെ കാണാത്ത എന്റെ ‘ഒരു വേർഷൻ’ അവനിപ്പോഴാണ് കാണുന്നത്, ഞാനുമതെ.

അടുക്കള സ്ത്രീകളുടെ മാത്രം ചുമതലയാണ് എന്നൊന്നും ചിന്തിക്കുന്ന ഒരാളല്ല എന്റെ അച്ഛൻ (സി വി ത്രിവിക്രമന്‍). അദ്ദേഹം എപ്പോഴും പറയും, ‘മൂന്ന് ജനറേഷനിലുള്ള സ്ത്രീകളെങ്കിലും അടുക്കളയിൽ ഒന്നും കയറാതെ ഇരിക്കണം, അപ്പോഴേ സ്വാതന്ത്ര്യം എന്താണെന്നു മനസ്സിലാക്കി, മനസ്സു കൊണ്ട് നിങ്ങൾ ഫ്രീ ആവുള്ളൂ. അല്ലെങ്കിൽ ഇത് എന്റെ പണിയാണെന്ന് മനസ്സു കൊണ്ട് തോന്നി കൊണ്ടിരിക്കും,’ എന്ന്. അതു കേട്ട് വളർന്നതു കൊണ്ടാവാം ഇതൊന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്നായിരുന്നു എന്റെയൊരു ലൈനും.
പക്ഷേ, ഇപ്പോൾ കുക്കിംഗ് എനിക്കൊരു ആഘോഷമാണ്. രാവിലെ എണീറ്റ് അച്ഛന് സാമ്പാറുണ്ടാക്കുക, തിയ്യലും അവിയലും ഉണ്ടാക്കി കൊടുക്കുക. അച്ഛനിഷ്ടപ്പെട്ട കൊടംപുളിയിട്ട മീൻകറി വെയ്ക്കുക ഇതൊക്കെയാണ് പണി. ‘ഇച്ചിരി കൂടെ ചാറു താ മോളേ…,’ എന്നൊക്കെ അച്ഛൻ പറയുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. ഇത് വരെ ഇങ്ങനെ ഒന്നും ചെയ്തു കൊടുക്കാൻ പറ്റിയിരുന്നില്ല.
അച്ഛന്റെ പെങ്ങളുടെ വീട്ടിൽ കുറച്ചുകാലം നിന്നപ്പോഴാണ് ഞാൻ പാചകം കണ്ട് മനസ്സിലാക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തൊക്കെ കണ്ടു മനസ്സിലാക്കിയ കാര്യങ്ങൾ ഇപ്പോഴും ഓർമയിലുണ്ടെന്നത് എനിക്കൊരു അത്ഭുതമായിരുന്നു. അവലോസു പൊടി വറുക്കുന്നതൊക്കെ അന്ന് കണ്ട ഓർമയാണ്.
ലോക്ക്ഡൗണ്‍ പഠിപ്പിച്ച ജീവിത പാഠങ്ങള്‍
മകൻ അനന്തു നാലിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു ഹിന്ദു പത്രത്തിനു വേണ്ടി ഒരു കുട്ടിക്കുറിപ്പ് എഴുതിയിരുന്നു. കാടിനു നടുവിൽ ഒരു മ്യൂസിയം. അതിനകത്ത് പല രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യരെ കൂട്ടിൽ ഇട്ടിരിക്കുന്നു. സിംഹവും കടുവയുമൊക്കെ സ്വതന്ത്രരായി കൂട്ടിൽ കിടക്കുന്ന മനുഷ്യരെ നടന്നു കാണുന്നു. അതായിരുന്നു ആ കുറിപ്പിന്റെ സാരാംശം.
ഇപ്പോൾ അതൊക്കെ തന്നെയാണ് മനുഷ്യരുടെ അവസ്ഥയെന്ന് തോന്നും. ഒരു തരത്തിൽ നല്ലതാണ്, പ്രകൃതിയെ മറന്ന് ജീവിക്കുകയായിരുന്നു നമ്മൾ. നമ്മളെന്തൊക്കെയാണ് പ്രകൃതിയോട് ചെയ്തു കൊണ്ടിരുന്നത്? എന്നൊക്കെ ആലോചിക്കാനുള്ള സമയം കൂടിയാണ് ഇത്. മനുഷ്യർ എല്ലാം നേടിയവരാണെന്നാണ് പൊതുവെ പറയുക, പക്ഷേ ഇപ്പോൾ നോക്കൂ. ഒരു വൈറസ് കാരണം നമ്മളെല്ലാവരും ലോക്കായി പോയി. പരസ്പരം തൊടാൻ പോലും ആളുകൾ ഭയക്കുന്നു.
ലോക്ക്ഡൗണിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസില്‍ വരുന്ന വിഷ്വല്‍
ഒരച്ഛൻ കുഞ്ഞിനെ അമ്മയെ കാണിക്കാനായി ബൈക്കിൽ കൊണ്ടു പോയൊരു വാർത്ത കണ്ടിരുന്നില്ലേ, ബാംഗ്ലൂരിൽ. അമ്മയെ ദൂരെ നിന്ന് കണ്ട് കരയുന്ന കുഞ്ഞും മകൾക്ക് അരികിലേക്ക് വരാനാവാതെ കണ്ണു നിറഞ്ഞ് ഒരു അമ്മയും. മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കാഴ്ചയാണത്. എന്തെങ്കിലുമൊരു സാഹചര്യം കൊണ്ട് ആ അമ്മയ്ക്ക് തിരിച്ചുവരാൻ കഴിയാതെ പോയാൽ ആ കുട്ടിയുടെ ട്രോമ എന്തായിരിക്കും.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഒരുപാട് പേരുടെയും പ്രതിനിധിയാണ് ആ നേഴ്സ്. ആ അമ്മ ഒന്നു തൊട്ടാൽ, ഒന്നെടുത്താൽ, കെട്ടിപിടിച്ചാൽ, അമ്മയുടെ ചൂടൊന്നു തട്ടിയാൽ തീരാവുന്ന സങ്കടമേ ആ കുട്ടിയ്ക്ക് ഉണ്ടാവൂ. പക്ഷേ അതിനു കഴിയാത്ത അവസ്ഥ. അമ്മയുടെ അവഗണനയായേ ആ കൊച്ചുകുഞ്ഞിന് തോന്നൂ. എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ്? വല്ലാതെ സങ്കടം തോന്നി ആ കാഴ്ച കണ്ടപ്പോൾ.
Read more: ലോക്ക്ഡൗണ്‍ കാലം, തഗ് ലൈഫ് ജീവിതം; മാമുക്കോയ പറയുന്നു