ലോക്ക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ചിരിയുണർത്തിയ വീഡിയോകളിൽ ഒന്നായിരുന്നു, വികൃതികുട്ടികൾക്കായുള്ള മുഖ്യമന്ത്രിയുടെ ‘പത്രസമ്മേളനം’. പല്ലു തേക്കാനും കുളിക്കാനും മടിയുള്ള കുട്ടികളെയും ലോക്ക്ഡൗൺകാലം മൊബൈലുമായി ഇരിക്കുന്ന കുട്ടികളെയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാൻ സമ്മതിക്കാതെ റിമോർട്ട് കൈക്കലാക്കി ചാനൽ മാറ്റുന്ന വികൃതിക്കുട്ടികളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം മാതാപിതാക്കളും സോഷ്യൽമീഡിയയും ഏറ്റെടുത്തതോടെ വീഡിയോ അങ്ങ് വൈറലായി. സംവിധായകനും എഴുത്തുകാരനുമായി ജിയോ ബേബിയായിരുന്നു വീഡിയോയ്ക്ക് പിറകിൽ. നാലു വയസുകാരനായ മകൻ മ്യൂസികിനെ പിടിച്ചിരുത്താൻ ജിയോയുടെയും ഭാര്യ ബീനയുടെയും മനസ്സിൽ ഉദിച്ചൊരു ഐഡിയ ആയിരുന്നു ആ വീഡിയോ.
“പൊതുവെ പ്രശ്നക്കാരനല്ല മകൻ, രാവിലെ പല്ലുതേയ്ക്കാനും കുളിക്കാനുമാണ് മടി. അതുമാത്രമേ ഉള്ളൂ പുള്ളീടെ പ്രശ്നം. ഇടയ്ക്ക് ഭാര്യ മകനോട് പറയും, മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് പല്ലുതേച്ചില്ലെങ്കിൽ പ്രശ്നമാണ് എന്നൊക്കെ. ഞങ്ങളുടെ കൂടെയിരുന്ന് ഇടയ്ക്ക് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുന്ന ശീലമുള്ളതുകൊണ്ട്, ഏയ് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ ഞാൻ കേട്ടില്ലല്ലോ എന്നൊക്കെ പറയും. അപ്പോഴാണ് ഭാര്യ പറയുന്നത്, മുഖ്യമന്ത്രി പറയുന്നതുപോലെ ഒരു ഓഡിയോ ഒന്ന് വാട്സ്ആപ്പിൽ അയച്ചു തരൂ എന്ന്. ഞാനത് അയച്ചുകൊടുത്തു.”
“അവനൊരു അനിയത്തി കൂടെ ഉണ്ട്, പത്തുമാസമേ ആയുള്ളൂ ഇളയമകൾക്ക്. മോനെ മാത്രം ശാസിക്കുന്ന രീതിയിൽ പറഞ്ഞാൽ അവനു വിഷമം ആയാലോ എന്നു കരുതി, കുഞ്ഞുകുട്ടികൾ കുറുക്കു കഴിച്ചില്ലെങ്കിലും നടപടി ഉണ്ടാവും എന്നുകൂടെ ഞാൻ ആ ഓഡിയോയിൽ ചേർത്തിരുന്നു. ഭാര്യ അതു കേൾപ്പിച്ചിട്ടും ആശാൻ വിശ്വസിക്കുന്നില്ല, ഇത് അപ്പാടെ ശബ്ദം പോലെയാ എന്നായിരുന്നു മറുപടി. ഞാൻ എന്റെ സുഹൃത്ത് എഡിറ്റർ ഫ്രാൻസിസ് ലൂയിസിനെ വിളിച്ച് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന്റെ വീഡിയോയുമായി ആ ഓഡിയോ മിക്സ് ചെയ്തു തരാൻ തരാൻ പറഞ്ഞു, മകനെ ഒന്നു വിശ്വസിപ്പിക്കാൻ. എഡിറ്റഡ് വീഡിയോ കണ്ടപ്പോഴാണ് മകനൊന്നു വിശ്വസിച്ചത്. നാളെ മുതൽ മുഖ്യമന്ത്രി പറയുന്നതുപോലെ അനുസരിച്ചോളാം എന്നു പറഞ്ഞു.” വേറിട്ട ആ വീഡിയോയ്ക്ക് പിറകിലെ കഥ ജിയോ ബേബി പറയുന്നു.
ആദ്യമൊന്നു വിശ്വസിച്ചെങ്കിലും അങ്ങനെയൊന്നും തന്നെ പറ്റിക്കാൻ പറ്റില്ലെന്ന് നാലുവയസുകാരൻ മ്യൂസിക് അപ്പനു മനസ്സിലാക്കി കൊടുത്തു. “വീഡിയോ മൂന്നു നാലു തവണ കണ്ടപ്പോൾ അവന് കാര്യം മനസ്സിലായി, അവൻ കയ്യോടെ പൊക്കി. അപ്പ തന്നെ ചെയ്തതല്ലേ എന്നു ചോദിച്ചു,” ചിരിയോടെ ജിയോ ബേബി പറയുന്നു.
‘കുഞ്ഞുദൈവം’, ‘രണ്ട് പെൺകുട്ടികൾ’ എന്നീ ചിത്രങ്ങൾക്കു ശേഷം ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ ഇരിക്കെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ലോക്ക്ഡൗൺ കാലം എറണാകുളത്ത് കാക്കനാട്ടെ ഫ്ളാറ്റിൽ കുടുംബവുമായി ചെലവഴിക്കുകയാണ് ജിയോ ഇപ്പോൾ. ലോക്ഡൗൺ കാല വിശേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് ജിയോ.
നാലുവയസുകാരനാണെങ്കിലും നിലവിലെ അവസ്ഥകളോട് മകൻ കാണിക്കുന്ന പ്രകടനം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് ജിയോ പറയുന്നത്. “എപ്പോഴും പുറത്തു പോവുന്ന, യാത്ര ചെയ്യാൻ ഇഷ്ടമുള്ള എന്റെ കൂടെ എല്ലായിടത്തും വരുന്ന ഒരാളാണ് മ്യൂസിക്. വീട്ടിലിരിപ്പ് കാലത്തും അവനെ കൊണ്ട് വലിയ ബുദ്ധിമുട്ടില്ല എന്നതാണ് സത്യം. നമ്മൾ കടന്നുപോവുന്ന അവസ്ഥയൊക്കെ ഏറെക്കുറെ കുഴപ്പമാണെന്ന് അവന് ധാരണയുണ്ട്. വൈറസ് എന്നാൽ പ്രശ്നമാണെന്നൊക്കെ അവനറിയാം. ആഷിഖിന്റെ ‘വൈറസ്’ സിനിമയൊക്കെ എപ്പോഴുമിരുന്ന് കാണുന്ന ആളാണ്. ചിലപ്പോൾ ആ കാഴ്ചകളിൽ നിന്നൊക്കെ മനസ്സിലായതാവാം. അവന് വരക്കാൻ വലിയ ഇഷ്ടമാണ്. കുറേ ക്രയോൺസ് ഒക്കെ വാങ്ങി കൊടുത്തു. ഭിത്തി മുഴുവൻ വരച്ചു വെച്ചിരിക്കുകയാണ് ഇപ്പോൾ. ഞാൻ ഹൗസ് ഓണറോട് പറഞ്ഞിട്ടുണ്ട്, ഇതെല്ലാം കഴിയുമ്പോൾ പെയിന്റടിച്ചു തരാമെന്ന്,” ചിരിയോടെ ജിയോ പറയുന്നു.

ഇപ്പോഴത്തെ മാനസികാവസ്ഥ
എന്നെ സംബന്ധിച്ചാണെങ്കിലും പുറത്തുപോവാൻ പറ്റാത്തതിന്റെ വിഷമമുണ്ട്. ഞാനിപ്പോഴാണ് സത്യത്തിൽ ജയിലിനെ കുറിച്ചൊക്കെ ആലോചിക്കുന്നത്. എത്ര സൗകര്യങ്ങൾ ഉണ്ടെന്നു പറഞ്ഞാലും ലോക്ക് ആവുക എന്നത് വളരെ സങ്കീർണമായ, മനുഷ്യരെ മാനസികമായി തളർത്തുന കാര്യമാണ്. ഇവിടെ മക്കളൊക്കെ ഉള്ളതുകൊണ്ട് സമയം പോവാൻ ബുദ്ധിമുട്ടില്ല. അമ്മയും അനിയത്തിയും ലോക്ക്ഡൗൺ കാരണം ഇവിടെ പെട്ടുപോയതുകൊണ്ട്, വീട്ടിൽ ഇപ്പോൾ ആളും ബഹളവുമൊക്കെയുണ്ട്.
ലോക്ക്ഡൗൺ സമയം ക്രിയേറ്റീവ് ആയി ഉപയോഗിക്കാവുന്ന ഒന്നാണെങ്കിലും മക്കളുടെ കാര്യങ്ങളും മറ്റുമായി തിരക്കായതിനാൽ എന്നെ സംബന്ധിച്ച് പ്രത്യേകിച്ച് ക്രിയാത്മകമായ ഒന്നും തന്നെ സംഭവിക്കുന്നില്ല. നാലഞ്ചു ചെറിയ വീഡിയോകൾ ഈ സമയത്ത് ചെയ്തിരുന്നു എന്നുമാത്രം. പിള്ളേര് ഉറങ്ങിക്കഴിഞ്ഞാണ് എന്റെ ഫ്രീ ടൈം. അപ്പോൾ ഇരുന്ന് സിനിമ കാണും. ലോകം മുഴുവൻ ഈ പ്രശ്നത്തിലൂടെ കടന്നുപോവുമ്പോഴും അതിനെ നല്ല രീതിയിൽ ട്രീറ്റ് ചെയ്യുന്ന ഒരിടത്താണ് ജീവിക്കുന്നത് എന്നതാണ് ഇപ്പോഴത്തെ വലിയ ആശ്വാസം.
ലോക്ക്ഡൗൺ കാല പാചകപരീക്ഷണങ്ങൾ
കുക്കിംഗിന്റെ കാര്യം പറയുകയാണെങ്കിൽ അല്ലെങ്കിലും കുക്ക് ചെയ്യുന്ന ഒരാളാണ് ഞാൻ. കുക്കിംഗിനോട് ക്രേസ് ഉള്ളതുകൊണ്ടൊന്നുമല്ല അത്. ആണുങ്ങൾക്ക് മാത്രം കിട്ടുന്ന ചില പ്രിവിലേജുകൾ ഉണ്ടല്ലോ, ക്ലീൻ ചെയ്യപ്പെട്ട ബാത്ത്റൂമുകൾ, കഴുകേണ്ടാത്ത പാത്രങ്ങൾ, കൈയരികിൽ കിട്ടുന്ന ചായ… ഇതൊക്കെ ഇന്ത്യയിലെ ഒരു പുരുഷനെ സംബന്ധിച്ച് വെറുതെ കിട്ടുന്ന സൗകര്യങ്ങൾ ആണ്. ബോധം വന്നു തുടങ്ങിയ കാലത്ത്, അതിലൊക്കെ ഒരു നാണക്കേട് തോന്നിയിട്ട് കുക്ക് ചെയ്തു തുടങ്ങിയതാണ്.
ലോക്ക്ഡൗൺ കാലത്ത് മിസ് ചെയ്യുന്നത്
ഇവിടെ കാക്കനാട് ഞാൻ സ്ഥിരം നടക്കാൻ പോയിരുന്ന ചില സ്ഥലങ്ങൾ ഉണ്ട്. വഴിയരികിലെ ചായക്കടകൾ, ആളുകൾ, അവരുമായുള്ള സംസാരം അതൊക്കെയാണ് ഇപ്പോൾ മിസ് ചെയ്യുന്നത്. ലോക്ക്ഡൗൺ ആയതിൽ പിന്നെ അപ്പാർട്ട്മെന്റിന് താഴെയാണ് നടപ്പ്.
ലോക്ക്ഡൗൺ കാലത്ത് ഉപേക്ഷിച്ച ശീലം
ഭക്ഷണം കഴിക്കുന്നത് വളരെ കുറച്ചിട്ടുണ്ട്. അത് വിജയകരമാവുന്നുമുണ്ട്. പൊതുവെ ഭക്ഷണത്തോട് നല്ല ക്രേസ് ഉള്ള ആളാണ് ഞാൻ. ഇപ്പോൾ ചോറ് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നു. 70 ശതമാനമൊക്കെ അതിൽ വിജയിച്ചിട്ടുണ്ട്. അതുപോലെ വൈകിട്ട് അഞ്ചിനു ശേഷം ഭക്ഷണം കഴിക്കുന്നില്ല.
ലോക്ക്ഡൗൺ പഠിപ്പിച്ച ജീവിത പാഠം
നാളത്തേക്ക് ഒരുപാട് കരുതലൊന്നുമില്ലാതെ, വലിയ പ്ലാനും പദ്ധതിയൊന്നുമില്ലാതെ ജീവിച്ച ഒരാളാണ് ഞാൻ. പലപ്പോഴും ഇങ്ങനെയാണോ വേണ്ടത് എന്നൊക്കെ തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ചുറ്റും നോക്കുമ്പോൾ, ഒരുപാട് പൈസ കയ്യിൽ ഉണ്ടായിട്ടും ആർക്കും ഈ അവസ്ഥയിൽ വലിയ കാര്യമൊന്നുമില്ലെന്ന് മനസ്സിലാവുകയാണ്. യാത്ര ചെയ്യാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിനോദങ്ങൾക്ക് പോവാനോ ഒന്നും പറ്റില്ലല്ലോ. നമ്മുടെ കയ്യിലുള്ള അസറ്റിനൊന്നും ഇപ്പോൾ വാല്യുു ഇല്ലാതായി പോവുകയാണല്ലോ. പ്ലാൻ ഒന്നും ചെയ്യാതെ, വരുന്നതിന് അനുസരിച്ച് സന്തോഷത്തോടെ ജീവിച്ചുപോവാം എന്നൊരു മനസ്സാവും മുന്നോട്ടും നല്ലതെന്ന് തോന്നുന്നു.
ലോക്ഡൗണ് കഴിയുമ്പോള് ആദ്യം ചെയ്യാനാഗ്രഹിക്കുന്നത്
സത്യം പറഞ്ഞാൽ ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നതാണ്. പുറത്തിറങ്ങുന്നതുതന്നെ വലിയ കാര്യമായിരിക്കും.
ആരെയും കാണാതെ, പുറത്തിറങ്ങാതെ ഇനിയും ഒരു മാസം കൂടി ഇരിക്കേണ്ടി വന്നാൽ?
പ്രളയത്തിന്റെ സമയത്ത് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിരുന്നു മത്സ്യതൊഴിലാളികൾ സൈന്യമാണെന്ന്. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കുന്ന ആളുകളെയെല്ലാം ഞാനൊരു ആർമിയായിട്ടാണ് കാണുന്നത്. ഇനിയും കുറച്ചുദിവസങ്ങൾ കൂടി ഇരിക്കേണ്ടി വന്നാലും ഒരു പോരാട്ടമെന്ന രീതിയിൽ ആവും ആളുകൾ കാണുക. കാരണം ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴും വലിയൊരു ലക്ഷ്യത്തിനു വേണ്ടിയാണ് നമ്മുടെ ഈ വീട്ടിലിരിപ്പ്. ആരോഗ്യപ്രവർത്തകരെയും സർക്കാരിനെയും പൊലീസ് സേനയേയും പോലെ നമ്മളും വീട്ടിലിരുന്ന് സഹകരിച്ച് ഈ പോരാട്ടത്തിന്റെ ഭാഗമാവുകയാണ്. ഇനിയും ഇങ്ങനെ മുന്നോട്ട് പോവേണ്ടി വന്നാൽ നമുക്ക് വേറെ മാർഗമില്ല. ശരിയാണ്, നമ്മുടെ മാനസിക ആരോഗ്യം പ്രശ്നമാവും, സാമ്പത്തിക പ്രശ്നങ്ങൾ വരാം. പക്ഷേ, മറ്റെന്തു ചെയ്യാനാണ്?
Read more: ലോക്ക്ഡൗണ് കാലം, തഗ് ലൈഫ് ജീവിതം; മാമുക്കോയ പറയുന്നു