scorecardresearch

ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും; ലോക്ക്‌ഡൗൺ ജീവിതത്തെ കുറിച്ച് ഇന്ദ്രൻസ്

ഉത്സവപറമ്പുകൾ ഉണ്ടെങ്കിൽ മാത്രമല്ലേ, ബലൂൺ കച്ചവടക്കാരനും ജീവിതമുള്ളൂ? ഒരുപാട് അനിശ്ചിതത്വത്തിലൂടെയാണ് ദിവസങ്ങൾ കടന്നു പോവുന്നത്

ഉത്സവപറമ്പുകൾ ഉണ്ടെങ്കിൽ മാത്രമല്ലേ, ബലൂൺ കച്ചവടക്കാരനും ജീവിതമുള്ളൂ? ഒരുപാട് അനിശ്ചിതത്വത്തിലൂടെയാണ് ദിവസങ്ങൾ കടന്നു പോവുന്നത്

author-image
Seena Sathya
New Update
indrans, ie malayalam

സിനിമാ തിരക്കുകൾക്കിടയിൽ വീണു കിട്ടിയ ലോക്ക്ഡൗൺ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് ഇന്ദ്രൻസും. പക്ഷേ, ഇന്ദ്രൻസിന് ലോക്ക്ഡൗൺ ദിവസങ്ങൾ സന്തോഷം നൽകുന്നില്ല. ലോകത്ത് ദിനവും ആയിരക്കണക്കിന് മനുഷ്യർ മരിച്ചു വീഴുമ്പോൾ താൻ എങ്ങനെയാണ് സന്തോഷിക്കുകയെന്ന് ഇന്ദ്രൻസ് ചോദിക്കുന്നു. ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്ന സന്തോഷം കുറച്ചു കഴിഞ്ഞപ്പോൾ പോയി. ഇപ്പോൾ വീട്ടിലിരിക്കുന്നത് ബോറടിയാണെന്നും ഇന്ദ്രൻസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Advertisment

"സന്തോഷം തരുന്ന ദിവസങ്ങൾ അല്ലല്ലോ കടന്നുപോകുന്നത്. സന്തോഷിക്കാൻ ഇത് ഉത്സവകാലമോ ഓണക്കാലമോ അല്ലല്ലോ? ആളുകൾ മരിച്ചു പോകുന്ന അസുഖമല്ലേ ലോകത്ത് പരക്കുന്നത്. അതിനാൽ എനിക്ക് സന്തോഷമൊന്നും ഇല്ല. പിന്നെ കുടുംബക്കാരെല്ലാം പലയിടത്താണ്. അവരെ കാണാനൊന്നും പറ്റുന്നില്ല. അതുകൊണ്ടുളള വിഷമമവും ഉണ്ട്," ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസിന്റെ വീട്ടിൽ ഭാര്യയും മകനും മരുമകളും ഉണ്ട്. മകൾ ഭർത്താവിനൊപ്പം വർക്കലയിലാണ് താമസം.

Read Also: ‘തിങ്കളാഴ്ച തിരിച്ചു പോകാമെന്ന് കരുതി വന്നതാ ഞാൻ; ദേ ഇവിടെ കുടുങ്ങി’

ലോക്ക്ഡൗണിലെ ഓരോ ദിവസവും സുഹൃത്തുക്കളെ വിളിച്ചും വായിച്ചും ടിവി കണ്ടും വാർത്തകൾ കേട്ടുമാണ് ഇന്ദ്രൻസ് തളളി നീക്കുന്നത്. "രാവിലെ എന്നും പത്രം വായിക്കും. സിനിമയിലെ സുഹൃത്തുക്കളായ പലരെയും വിളിച്ച് വിവരങ്ങൾ തിരക്കും. ഉച്ചവരെ അങ്ങനെ പോകും. ചിലപ്പോൾ ഏതെങ്കിലും പുസ്തകം എടുത്ത് വായിക്കും. അതു കഴിയുമ്പോൾ മാറ്റം എന്തെങ്കിലും വന്നിട്ടുണ്ടോയെന്നറിയാൻ ചാനൽ വച്ചുനോക്കും. ഇടയ്ക്ക് ചെടികളെയൊക്കെ പരിചരിക്കും. ഒരു ആഘോഷമായി കാണാനാവുന്നില്ല, ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും."

Advertisment

പല താരങ്ങളും പാചക പരീക്ഷണം നടത്തുമ്പോൾ താൻ അതിലേക്ക് കൈവയ്ക്കാറില്ലേയെന്നാണ് ഇന്ദ്രൻസ് പറയുന്നത്. "പാചകം എനിക്ക് അറിയില്ല. പിന്നെ ഭക്ഷണത്തോട് എനിക്ക് താൽപര്യമില്ല. അതിനാൽ തന്നെ പാചകത്തിൽ കൈ വച്ചില്ല." വെജിറ്റേറിയൻ ഭക്ഷണത്തോടാണ് താൽപ്പര്യമെന്നും മുട്ടയല്ലാതെ മറ്റൊരു നോൺവെജ് ഭക്ഷണവും കഴിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പാചകപരീക്ഷണങ്ങൾ മരുമകളും ഭാര്യയും ചേർന്നാണ്. മരുമകൾ സ്വാതി ബാംഗ്ലൂരിൽ ആയിരുന്നു, നമ്മൾ കണ്ടിട്ടില്ലാത്ത ഓരോ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കി കൊണ്ടുവരും."

ലോക്ക്ഡൗൺ കാലത്ത് ചില നല്ല ശീലങ്ങൾ പൊടിതട്ടിയെടുക്കാൻ കഴിഞ്ഞതായും ഇന്ദ്രൻസ് പറയുന്നു. "വായന മുൻപ് ഒരുപാട് ഇല്ലായിരുന്നു. ഇപ്പോൾ വായനാശീലം കൂടിയിട്ടുണ്ട്. കൂട്ടുകാർ തന്നതും ഇഷ്ടപ്പെട്ട് വാങ്ങിച്ചതുമായ പുസ്തകങ്ങൾ ഉണ്ടായിരുന്നു. അവയൊക്കെ ഇപ്പോൾ വായിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷത്തെ കുറേ ഓണപ്പതിപ്പുകൾ വീട്ടിലുണ്ടായിരുന്നു. അതിൽ പലതും തുറന്നു നോക്കി വായിക്കുന്നത് ഇപ്പോഴാണ്. ഇഷ്ടപ്പെട്ട് വാങ്ങിച്ച ഒരു തയ്യൽമെഷീൻ ഉപയോഗിക്കാതെ ഇരിക്കുകയായിരുന്നു. അതൊക്കെ എണ്ണയിട്ട് മിനുക്കി ഇടയ്ക്ക് എന്തെങ്കിലുമൊക്കെ തയ്ച്ചുനോക്കുന്നുണ്ട് ഇപ്പോൾ. ലോക്ക്ഡൗണിൽ ആകെ കിട്ടിയ ആശ്വാസമെന്നു പറയുന്നത് അതൊക്കെ തന്നെയാണ്."

"കൊറൊണ എന്ന രോഗം ലോകം മൊത്തം ബാധിച്ചത് സങ്കടമുണ്ടാക്കിയ കാര്യമാണ്. ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഒന്നല്ലേ. ആദ്യമൊക്കെ എനിക്കും വല്ലാത്ത ആധിയായിരുന്നു. അതെവിടെ വന്നെത്തി നിൽക്കുമെന്നതിനെക്കുറിച്ച് പിടിത്തമില്ലല്ലോ. സ്വസ്ഥതയില്ലാത്ത ദിവസങ്ങളായിരുന്നു. പക്ഷേ ഇപ്പോൾ കുറഞ്ഞുവെന്നും ചെറിയ ആശ്വാസമുണ്ടെന്നു പറയുന്നതും കേൾക്കുമ്പോൾ മനസിന് സന്തോഷം."

"ഇത് പരിചയമില്ലാത്ത അവസ്ഥയല്ലേ, നാളെ പേരക്കുട്ടികളോടൊക്കെ ഈ കഥകൾ പറഞ്ഞാൽ അപ്പൂപ്പൻ തള്ള് പറയല്ലേ എന്നാവും കുട്ടികൾ പറയുക. വീടുകളിൽ അടച്ചിരുന്ന് രാജ്യത്തെ രക്ഷിച്ചു എന്നൊക്കെ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാനാണ്?" (ചിരിക്കുന്നു)

Read more: ഇതൊക്കെ സിമ്പിൾ അല്ലേ? ചലഞ്ചുകളെയൊന്നും വെറുതെ വിടാതെ നവ്യ നായർ

രാജ്യം കടന്നുപോവുന്ന അവസ്ഥകൾ സിനിമാമേഖലയെയും വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന സിനിമകളെ കുറിച്ച് അനിശ്ചിതത്വമുണ്ടെന്നും സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു. "ഉത്സവപറമ്പുകൾ ഉണ്ടെങ്കിൽ മാത്രമല്ലേ, ബലൂൺ കച്ചവടക്കാരനും ജീവിതമുള്ളൂ? ഒരുപാട് പ്രതീക്ഷ നൽകുന്ന കഥാപാത്രങ്ങളും സിനിമകളുമൊക്കെ ഉണ്ടായിരുന്നു, അതൊക്കെ ഇനി എങ്ങനെ വരുമെന്ന് അറിയില്ല."

indrans, ie malayalam

"കൂട്ടുകാരെയും കുടുംബക്കാരെയും നേരിൽ കാണണം," ലോക്ക്ഡൗൺ കഴിഞ്ഞാൽ ആദ്യം ചെയ്യാൻ പോകുന്നത് എന്തെന്ന ചോദ്യത്തിന് ഇന്ദ്രൻസിന്റെ മറുപടിയാണിത്. "എല്ലാവരെയും ഫോണിൽ വിളിക്കുന്നെങ്കിലും ആരെയും നേരിട്ട് കാണാൻ പറ്റുന്നില്ലല്ലോ. ലോക്ക്ഡൗൺ കഴിഞ്ഞാലുടനെ പ്രായമായ വേണ്ടപ്പെട്ട കുറച്ചുപേരുണ്ട്, അവരെയൊക്കെ പോയി കാണണം.''

Read Also: ‘ബിഗ് ബോസ്’ കാല ലോക്ക്ഡൗണ്‍ വച്ചു നോക്കുമ്പോൾ ഇതൊക്കെയെന്ത്! ശ്വേത പറയുന്നു

ലോക്ക്ഡൗണിൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ചെയ്യാനും ഇന്ദ്രൻസ് മുന്നിൽ തന്നെയുണ്ട്. ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാമെന്നുളള ഇന്ദ്രൻസിന്റെ വീഡിയോ ഒരുപാട് പേർക്ക് പ്രയോജനകരമായി. "സാമൂഹിക ക്ഷേമ വകുപ്പ് ക്ഷണിച്ചിട്ടാണ് പൂജപ്പുര സെൻട്രൽ ജയിലിൽ മാസ്ക് നിർമ്മിക്കാൻ പോയത്. എന്നെക്കൊണ്ട് കഴിയുന്ന കാര്യം മറ്റുളളവർക്ക് പകർന്നുകൊടുക്കാമെന്നു കരുതി. വീട്ടിൽ ഞാൻ മാസ്ക് തുന്നിയിരുന്നു. കൂട്ടുകാർക്കൊക്കെ കൊടുത്തു. എല്ലാവർക്കും ഇത് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്."

മാസത്തിൽ എങ്കിലും ഇനിയൊരു ലോക്ക്ഡൗൺ വേണോയെന്നു ചോദിച്ചപ്പോൾ അയ്യോ അങ്ങനെ വരാതിരിക്കട്ടെയെന്നായിരുന്നു ചിരിച്ചുകൊണ്ട് ഇന്ദ്രൻസ് പറഞ്ഞത്. "ഇപ്പോൾ തന്നെ വല്ലാത്ത ശ്വാസം മുട്ടലാണ്. എല്ലാവരും സ്വാതന്ത്രരായി പറന്നു നടക്കുന്ന സമയത്തല്ലേ ലോക്ക്ഡൗൺ വന്നത്. പലരും മടുത്തിട്ടുണ്ടാവും. ഒരിടത്തേക്കും പോകാൻ പറ്റില്ലല്ലോ. വീട്ടിൽ തന്നെയല്ലേ ഇരിക്കേണ്ടത്."

ലോക്ക്ഡൗൺ തന്നെപ്പോലെ ചിലർക്ക് മടുപ്പുണ്ടാക്കുന്നതാണെങ്കിലും മറ്റു ചിലർക്കത് സന്തോഷം നൽകുന്നുണ്ടെന്നും ഇന്ദ്രൻസ് സമ്മതിച്ചു. "ജോലി തിരക്കുകൾക്കിടയിൽ പല മാതാപിതാക്കൾക്കും കുഞ്ഞുങ്ങളുടെ ഒപ്പം ചെലവഴിക്കാൻ സമയം കിട്ടാറില്ലായിരുന്നു. പക്ഷേ ലോക്ക്ഡൗൺ കാരണം കൂടുതൽ കുഞ്ഞുങ്ങൾക്ക് അച്ഛനമ്മമാരുടെ വാത്സല്യം കിട്ടി." എല്ലാവരുടെയും സ്നേഹം കുറച്ചുകൂടി അറിയാൻ ലോക്ക്ഡൗൺ സഹായിച്ചതായും ഇന്ദ്രൻസ് പറഞ്ഞു.

Read more: ലോക്ക്ഡൗണ്‍ കാലം, തഗ് ലൈഫ് ജീവിതം; മാമുക്കോയ പറയുന്നു

Lockdown

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: