രാജ്യം ലോക്‌ഡൗണിലൂടെ കടന്നുപോവുമ്പോൾ കോഴിക്കോട് ബേപ്പൂരിനടുത്ത് അരക്കിണറിലെ വീട്ടിൽ വായനയും ചെടി പരിപാലനവും കൂട്ടുകാരെ ഫോൺ വിളിക്കുന്നതിന്റെയുമൊക്കെ തിരക്കിലാണ് മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയ. ലോക്‌ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ മാമുക്കോയ ട്രോളുകളും തന്റെ കഥാപാത്രങ്ങളുടെ തഗ് ലൈഫുമൊക്കെ ആഘോഷമാകുന്ന കാര്യം കണ്ടും കേട്ടും ഒരു ചെറു ചിരിയോടെ ഇരിപ്പാണ് അദ്ദേഹം.

സോഷ്യൽ മീഡിയ നിറയെ ഇപ്പോ​ൾ ഇക്കയാണല്ലോ? എന്ന ചോദ്യത്തിന് “അതൊക്കെ ഒരു സന്തോഷമാണ്. ജനങ്ങൾക്ക് ബോറടിയിൽ നിന്ന് ഇച്ചിരി സന്തോഷവും സമാധാനവും കിട്ടുമെങ്കിൽ കിട്ടട്ടെന്നെ,” എന്നായിരുന്നു മാമുക്കോയയുടെ മറുപടി. ലോക്‌ഡൗൺ കാല അനുഭവങ്ങളും ഇപ്പോൾ നഷ്ടമാകുന്ന കോഴിക്കോടൻ വൈകുന്നേരങ്ങളെ കുറിച്ചുമെല്ലാം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് അദ്ദേഹം മനസുതുറന്നു.

“ഇങ്ങനെ ആരും വീട്ടിൽ ഇരുന്ന ഒരു ചരിത്രമുണ്ടാവില്ല നമുക്ക്. ആദ്യത്തെ കുറച്ചുദിവസം നമുക്ക് വേണ്ടിയല്ലേ എന്നോർത്ത് ഇരുന്നു. പിന്നീടത് നിർബന്ധമായി. ഓരോ ദിവസം കഴിയുംതോറും നമ്മുടെ അയൽ സംസ്ഥാനങ്ങളും ലോകവുമെല്ലാം കൂടുതൽ കൂടുതൽ അപകടാവസ്ഥയിലേക്ക് പോവുകയാണെന്ന് മനസ്സിലാക്കി തുടങ്ങി. അതിനോട് സഹകരിച്ചേ പറ്റൂ എന്ന ബോധം ആളുകൾക്ക് വന്നു. പക്ഷേ ഇനിയും ഈ അവസ്ഥ തുടർന്നാൽ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങൾ കൊണ്ട് ആളുകൾ മരിക്കും. അതാണ് പേടി. സാമ്പത്തിക പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ…. ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടാണല്ലോ നമ്മുടെയൊക്കെ ജീവിതം, അതെല്ലാം മുടങ്ങിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് എല്ലാം ശരിയാവണേ എന്നൊരൊറ്റ പ്രാർത്ഥനയിലാണ്.”

ലോക്ക്ഡൗണ്‍ കാലത്ത് സമയം ചെലവഴിക്കുന്നത്

എന്തെങ്കിലുമൊക്കെ വായിക്കും. പിന്നെ വാട്സ് ആപ്പൊക്കെ നോക്കും. പഴയ പോലെ ചങ്ങാതിമാരെ​ ഒന്നും കാണാൻ പറ്റാത്തതിൽ സങ്കടമുണ്ട്. ഫോണിൽ വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കും, ആരെയൊക്കെ വിളിച്ചു, ഏതൊക്കെ പുതിയ സിനിമകൾ കണ്ടു എന്നൊക്കെ ചോദിക്കും. എല്ലാവരും ഇപ്പോൾ വീട്ടിൽ ഉള്ളതുകൊണ്ട് ലാൻഡ് ഫോണിൽ വിളിച്ചാലും കിട്ടും.

വീട്ടിൽ കുറച്ച് ചെടികളൊക്കെ ഉണ്ട്. അവയൊക്കെ നോക്കും, ​അതിന് വെള്ളമൊഴിക്കും. കിളികൾക്കും മീനുകൾക്കും തീറ്റ കൊടുക്കും. സമയം അങ്ങനെയൊക്കെ പോയികിട്ടും.

ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത്

ചങ്ങാതിമാർക്കൊപ്പമിരുന്നുള്ള കൂട്ടംകൂടിയുള്ള സംസാരം. പഴയ കഥകളൊക്കെയാണ് ഞങ്ങൾ പറയുക. കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമാണല്ലോ ഈ സൗഹൃദക്കൂട്ടായ്മകൾ. ഉറൂബ്, എസ് കെ പൊറ്റക്കാട്, കെടി മുഹമ്മദ്, ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ, എംടി, ഒളിമ്പ്യൻ റഹ്മാൻ, കെ എ കൊടുങ്ങലൂർ അങ്ങനെ എത്രപേർ… ഫുട്ബോൾ താരങ്ങൾ, സാഹിത്യകാരന്മാർ, കലാകാരന്മാർ, സംഗീതജ്ഞർ എല്ലാവരും കൂടി ഒന്നിച്ചു യോജിച്ച് ഇരിക്കുക എന്നു പറയുന്ന ഒരു സംഗതി ലോകത്ത് വേറെ എവിടെയും ഉണ്ടാവില്ല, കോഴിക്കോട് അല്ലാതെ. അതാണ് കോഴിക്കോടിന്റെ കൂട്ടായ്മ. അന്നത്തെ ഓർമകളൊക്കെ ശക്തമായി ഇപ്പോഴുമുണ്ട്. ഇപ്പോഴും ആ കഥകളൊക്കെ ഞങ്ങൾ പറയാറുണ്ട്.

ടി ദാമോദരൻ മാഷിനെ പോലുള്ളവരുടെ വേർപാടൊക്കെ ഞങ്ങളുടെ ഈ ഒന്നിച്ചുള്ള ഇരുത്തതിന്റെ ആക്കം കുറച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ആളുകളൊക്കെ തീരാനഷ്ടം തന്നെയാണ്. ഒരു വൈക്കം മുഹമ്മദ് ബഷീറിനു പകരം ആയിരം ബഷീർമാർ വന്നാലും ഒന്നുമാവില്ല. അതുപോലെ സംഗീതത്തിൽ ബാബുരാജ്. എന്തായിരുന്നു ബാബുരാജ്? അതിനു പകരം ആരും വന്നില്ല. നാടകരംഗത്ത് തിക്കോടിയൻ, വാസു പ്രദീപ്, കെടി മുഹമ്മദ് ഒക്കെ നാടകത്തിൽ ഉണ്ടായിരുന്ന നാടായിരുന്നു. ആ കാലഘട്ടമൊക്കെ പോയി. ഇനി ശേഷിക്കുന്ന ഒന്നോ രണ്ടോ പേരൊക്കെയുള്ളൂ, അവർ കൂടി പോയാൽ ആരെയെടുത്ത് കാണിക്കും കോഴിക്കോടിന്റെ സാംസ്കാരിക രംഗം എന്ന് പറഞ്ഞ്?

ലോക്ഡൗണ്‍ കഴിയുമ്പോള്‍ ആദ്യം ചെയ്യാനാഗ്രഹിക്കുന്നത്

ഇതൊക്കെ ഒന്നു കഴിയട്ടെ, നമുക്ക് ഇരിക്കണം. ഒരുപാട് പറയാനുണ്ട്, പാടാനുണ്ട്, കൂടാനുണ്ട്, ആടാനുണ്ട് എന്നൊക്കെയാണ് എല്ലാരോടും പറയുന്നത്. എല്ലാം പഴയസ്ഥിതിയിലായതിനു ശേഷം വീണ്ടും എല്ലാവരെയും കാണുക, എന്തു രസമായിരിക്കും. അതിനു വേണ്ടിയുള്ള കാത്തിരിപ്പ് നല്ലൊരു അനുഭവമല്ലേ? ചങ്ങാതിമാരുടെ വീട് അല്ലെങ്കിൽ ഫ്ളാറ്റ്, അളകാപുരി, ഹോട്ടൽ ഇംപീരിയൽ, കൊസ്മോ പൊളിറ്റൻ ക്ലബ്ബ് ഇതൊക്കെയാണ് ഞങ്ങളുടെ സങ്കേതം.

ലോക്ഡൗണ്‍ കാലത്ത് ചിരിപ്പിക്കുന്ന കാഴ്ചകൾ

നമ്മുടെ ആളുകളുടെ അനുസരണയില്ലായ്മ. പുറത്തിറങ്ങുമ്പോൾ പൊലീസ് പിടിച്ച് തല്ലിയാലും പിന്നെയും ചിരിച്ചോണ്ട് ഓടുകയാണ്. എനിക്ക് രണ്ടെണ്ണം കിട്ടിയെന്നൊക്കെയാണ് പറയുന്നത്. മൊത്തം കോമഡിയാണ്. പൊലീസിന്റെ ഡ്രോൺ ക്യാമറ കാണുമ്പോൾ മുണ്ടുപറിച്ച് തലയിൽ കെട്ടിയുള്ള ഓട്ടമൊക്കെ കാണുമ്പോൾ ചിരിവരും.

Read more: കേരളത്തിലെ ട്രോളന്‍മാരോട് പറയാനുള്ളത്: സലിം കുമാര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook