നവ്യ നായരെ പോലുള്ള കറക്കപ്രിയര്‍ക്ക് ലോക്ക്ഡൗണ്‍ ദിനങ്ങള്‍ പ്രയാസം തന്നെയാണ്. എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷം വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവിടാനും ചിന്തിക്കാനും, പിന്നെ ഒരു ലോക്ക്ഡൗണ്‍ വന്നാല്‍ തീരാവുന്ന അഹങ്കാരമേ മനുഷ്യനുള്ളൂ എന്ന തിരിച്ചറിവിനുമുള്ള സമയം കൂടിയാണ് ഈ ദിവസങ്ങൾ. എങ്കിലും നിര്‍ബന്ധപൂര്‍വമുള്ള ‘വീട്ടിലിരുത്തം’ ഇടയ്‌ക്കൊക്കെ നവ്യയെ വിഷമിപ്പിക്കും.
“സിനിമയില്‍ വന്നശേഷം ആദ്യമായാണ് ഇത്രയധികം ദിവസം വീട്ടിലിരിക്കുന്നത്. അതിനു മുമ്പ് മകന്‍ ജനിച്ച സമയത്തും. അന്ന് അവന്‌റെ കാര്യങ്ങള്‍ നോക്കുന്ന തിരക്കും കുറേ വേദനകളും രാത്രിയിലെ ഉറക്കമില്ലായ്മയുമായി സമയം പോകുമായിരുന്നു. ഇപ്പോള്‍ പക്ഷെ ആവശ്യത്തിലധികം സമയമുണ്ട്. എന്‌റെ വീട് ഗ്രാമപ്രദേശത്താണ്. രാവിലെ എണീറ്റ് കുറേ നടക്കും. വീട്ട് ജോലികള്‍ ചെയ്യും. ഓരോ സാധനങ്ങളും അതാത് സ്ഥാനത്തിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഉമ്മറത്തിരിക്കുമ്പോള്‍ നെയില്‍ കട്ടറെവിടെ എന്ന് ചോദിച്ചാല്‍ ഏത് മുറിയുടെ എവിടെ ഇരിക്കുന്നു എന്ന് ഞാന്‍ കൃത്യമായി പറയും. അടുക്കിപ്പെറുക്കലിനായി കുറേ സമയം പോകും. സിനിമകള്‍ കാണും. ഇവിടെ വൈഫൈ കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. മകനിഷ്ടമുള്ള സിനിമകള്‍ കാണുമ്പോഴേക്കും ഡേറ്റ തീരും. അതുകൊണ്ട് അവന്‌റെ കൂടെയിരുന്ന് ഏതെങ്കിലും സിനിമ കാണും. ചക്ക സീസണ്‍ ആയതുകൊണ്ട് അമ്മയ്‌ക്കൊപ്പം പലവിധ ചക്ക വിഭവങ്ങള്‍ പരീക്ഷിക്കും. മനസറിഞ്ഞ് കഴിച്ചാല്‍ തടിവയ്ക്കുമോ എന്ന പേടിയുമുണ്ട്.”

പിന്നീട് ചെയ്യാമെന്നു കരുതി മാറ്റിവച്ച കാര്യങ്ങള്‍ ചെയ്താണ് പലരും ലോക്ക്ഡൗണ്‍ കാലം തള്ളി നീക്കുന്നത്. മാറ്റിവച്ച കാര്യങ്ങളും തിരിച്ചു പിടിച്ച ശീലങ്ങളും നവ്യയ്ക്കുമുണ്ട്.
“എന്‌റെ ശീലങ്ങള്‍ എന്നും എനിക്കൊപ്പമുണ്ട്. നൃത്ത പരിശലനത്തിന് കൂടുതല്‍ സമയം കിട്ടുന്നു. വായന എപ്പോഴുമുണ്ട്. ചെടി നടും. നേരത്തേ ഉറങ്ങി നേരത്തേ ഉണരാന്‍ തുടങ്ങിയതാണ് പുതിയ ശീലം. മുമ്പ് നേരത്തേ ഉണരാറുണ്ടെങ്കിലും വൈകിയായിരുന്നു ഉറക്കം. പിന്നീട് കാണാനായി മാറ്റിവച്ച സിനിമകളും സീരീസുകളും കണ്ടു തീര്‍ത്തു. യൂട്യൂബില്‍ വീഡിയോസ് ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
വീടിന് ചുറ്റും വലിയ പറമ്പുണ്ട് ഞങ്ങള്‍ക്ക്. അത് വൃത്തിയാക്കാന്‍ ഇഷ്ടമാണ്. ഒസിഡി ഇല്ലെങ്കിലും വൃത്തി അല്‍പ്പം കൂടുതലാണ്. എപ്പോഴും വൃത്തിയാക്കലാണ്. ആവശ്യമില്ലാത്തതെല്ലാം കളയും. കത്തിക്കാന്‍ പറ്റാത്ത സാധനങ്ങള്‍ എന്തു ചെയ്യണം എന്നതൊരു പ്രശ്‌നമാണ്. ഗ്ലാസുകളില്‍ ആര്‍ട്ട് വര്‍ക്ക് ചെയ്യാം. പക്ഷെ കൈവശം ഒന്നുമില്ല. വെള്ളിയാഴ്ച വൈകുന്നേരം വന്ന് തിങ്കളാഴ്ച പോകാം എന്നു കരുതി ‘ഒരുത്തിയുടെ’ ലൊക്കേഷനില്‍ നിന്നും വീട്ടിലെത്തിയതാണ് ഞാന്‍. പിന്നെ ഇവിടെ കുടുങ്ങി.”
Read More: ‘ബിഗ് ബോസ്’ കാല ലോക്ക്ഡൗണ്‍ വച്ചു നോക്കുമ്പോൾ ഇതൊക്കെയെന്ത്! ശ്വേത പറയുന്നു
അഭിനയം മാത്രമല്ല, തിയേറ്ററില്‍ പോയി സിനിമകള്‍ കാണാനും ഒരുപാട് ഇഷ്ടമാണ് നവ്യയ്ക്ക്.
“എന്‌റെ ഏറ്റവും വലിയ സന്തോഷം തിയേറ്ററില്‍ പോയി സിനിമ കാണുന്നതാണ്. അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഗുരുവായൂര്‍ ദര്‍ശനം നടക്കുന്നില്ല. ഞാനൊരു കറക്കപ്രിയയാണ്. കുറേ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നു. എല്ലാം പൊളിഞ്ഞു. പക്ഷെ ഇത് കഴിഞ്ഞ് ഞാന്‍ ഒന്നിറങ്ങും. എല്ലാം പഴയപടിയാകാന്‍ കുറേ സമയമെടുക്കും. കേരളത്തില്‍ താരതമ്യേന പെട്ടെന്ന് ജീവിതം സാധാരണ ഗതിയിലാകും എന്ന് കരുതാം. ജീവിതം എത്ര അനിശ്ചിതമാണ്. പക്ഷെ ഞാന്‍ ആ അനിശ്ചിതത്വത്തെ ഇഷ്ടപ്പെടുന്നു. ലോകമാകെ അനിശ്ചിതമാക്കാമെങ്കില്‍ ഓരോ വ്യക്തിയുടേയും ജീവിതം എത്ര അനിശ്ചിതമായിക്കാണും. ഈ കാലം കടന്നു പോകമ്പോള്‍ മനുഷ്യര്‍ മാറുമെന്ന് നമ്മള്‍ കരുതും. പ്രളയം കഴിഞ്ഞപ്പോഴും കരുതിയിരുന്നു. പക്ഷെ മാറിയില്ല.”
നാട്ടിന്‍ പുറത്ത് ജനിച്ചു വളര്‍ന്നതുകൊണ്ട് നഗരത്തെക്കാള്‍ ഗ്രാമീണ ജീവിതമാണ് നവ്യയ്ക്ക് പ്രിയം. മനുഷ്യര്‍ വീടുകളിലേക്ക് ചുരുങ്ങിയപ്പോള്‍ പ്രകൃതിക്ക് വന്ന മാറ്റം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നവ്യ.
Read Also: ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും; ലോക്ക്‌ഡൗൺ ജീവിതത്തെ കുറിച്ച് ഇന്ദ്രൻസ്
“ദിവസവും രാവിലെ കിളികളുടെ ശബ്ദം കേട്ട് ഉണരാനും പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാനും പറ്റുന്നു. എന്‌റെ വീടിരിക്കുന്നിടത്ത് പൊതുവേ തിരക്ക് കുറവാണ്. ഇപ്പോള്‍ തീരെയില്ല. വീടിനു മുന്നിലെ പാടത്തൂടെ പോകുന്ന ഇലക്ട്രിസിറ്റി ലൈനിന് മുകളില്‍ കൂട്ടത്തോടെ ഇരിക്കുന്ന തത്തകളെ കാണാം. നഗരം വേണം, ആ ജീവിതം വേണം. പക്ഷെ ഉള്ളുകൊണ്ട് ഞാനൊരു നാട്ടിന്‍പുറത്തുകാരിയാണ്. ഇപ്പോള്‍ നഗരത്തിലാണെങ്കില്‍ എന്നിക്ക് ഭ്രാന്ത് വന്നേനെ.”
നിര്‍ബന്ധപൂര്‍വ്വം വീട്ടിലിരിക്കുകയാണെങ്കിലും നിബന്ധനകളില്ലാതെ ജീവിക്കാന്‍ കഴിയുന്നത് ലോക്ക്ഡൗണ്‍ കാലത്തെ മറ്റൊരു സന്തോഷമാണെന്ന് നവ്യ.
“ആരും നമ്മളോട് ഇന്നത് ചെയ്യണം എന്ന് പറയുന്നില്ല. പക്ഷെ ഒരു വീട്ടമ്മയുടെ ജീവിതം അങ്ങനെയല്ല. അവര്‍ക്ക് ജോലി കൂടിയിട്ടേയുള്ളൂ. നേരത്തേ ഭര്‍ത്താവ് ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിക്കഴിഞ്ഞാലെങ്കിലും കുറച്ചു നേരം കിട്ടുമായിരുന്നെങ്കില്‍, ആ സമയം ഇപ്പോളില്ല. ശരാശരി വീട്ടമ്മയ്ക്ക് ലോക്ക്ഡൗണ്‍ കഷ്ടമാകും. ഇഷ്ടമല്ലെങ്കിലും അത്യാവശ്യം നന്നായി ഞാന്‍ പാചകം ചെയ്യും. രാവിലെ എണീറ്റ് ദോശയും ഇഡലിയും ഉണ്ടാക്കുന്ന പരിപാടി ഇഷ്ടമല്ല. എന്തെങ്കിലും പരീക്ഷണങ്ങള്‍ ചെയ്യാറുണ്ട്. എനിക്ക് അഭിനന്ദനം കിട്ടും എന്നിടത്ത് മാത്രമേ പാചകമിറക്കാറുള്ളൂ. അല്ലാതെ കഷ്ടപ്പെടില്ല.”
ഏറെ ഉത്കണ്ഠകള്‍ ഉള്ള തനിക്ക് ഒന്നിരിക്കാനും ചിന്തിക്കാനുമുള്ള സമയമാണ് ലോക്ക്ഡൗണ്‍ തന്നത്. അഭിനയത്തില്‍ ആ സ്വഭാവം സഹായകരമാണെങ്കിലും, ജീവിതത്തില്‍ ബുദ്ധിമുട്ടിക്കാറുണ്ട്.
“ചെറിയ കാര്യങ്ങള്‍ പോലും എന്നെ വല്ലാതെ ബാധിക്കും. അത് അനാവശ്യമാണെന്നും, ഒന്ന് നിന്ന് പതിയെ തുടങ്ങിയാല്‍ മതിയെന്നുമുള്ള വലിയൊരു പാഠമാണ് ലോക്ക്ഡൗണ്‍ തന്നത്. ചില കാര്യങ്ങള്‍ കുറച്ച് കഴിഞ്ഞ് ചെയ്താലും ഒന്നും സംഭവിക്കില്ല. എന്‌റെ ഈഗോയെ ബാധിക്കുന്ന ഒന്നിനോടും ക്ഷമയോടെ പ്രതികരിക്കാന്‍ എനിക്ക് സാധിക്കാറില്ല. ഉദാഹരണത്തിന് നമ്മള്‍ ഭക്ഷണം കഴിക്കാന്‍ റെസ്‌റ്റോറന്‌റില്‍ പോയി. കുറേ നേരമായിട്ടും ഭക്ഷണം വരുന്നില്ല. വെയിറ്ററോട് നമ്മള്‍ ദേഷ്യപ്പെടും. കാരണം നമുക്കുറപ്പുണ്ട് അയാള്‍ തിരിച്ചൊന്നും പറയില്ല എന്ന്. മക്കളെ തല്ലുമ്പോള്‍ നമുക്കുറപ്പുണ്ട് അവര്‍ തിരിച്ച് തല്ലില്ല എന്ന്. എന്തൊരു അഹങ്കാരമാണത്. ഈ സമയം സ്വയം ചോദ്യം ചെയ്യാനുള്ള അവസരമാണ്. ഒന്നും ചെയ്യാനാകാതെ സ്റ്റക്കാണ്. നമ്മള്‍ ഒന്നുമല്ല എന്ന തിരിച്ചറിവ് വലുതാണ്. പൈസയും പവറുമെല്ലാം നിസ്സഹായമാകുന്ന അവസ്ഥ. എന്‌റെ ആങ്‌സൈറ്റി നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ സഹായിച്ചു. ഒരു ലോക്ക്ഡൗണ്‍ വന്നാല്‍ തീരാവുന്നതേയുള്ളൂ. എല്ലാം നമുക്ക് തരണം ചെയ്യാന്‍ പറ്റും. ഈ തിരിച്ചറിവ് ലോക്ക്ഡൗണ്‍ കഴിഞ്ഞ് എത്രനാള്‍ ഉണ്ടാകും എന്നറിയില്ല. മറ്റ് ശീലങ്ങള്‍ പൊടി തട്ടിയെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്കും, കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യനാകാനുള്ള ശ്രമത്തിനുമാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. മറ്റ് ശീലങ്ങളുണ്ടാക്കാനും വേണ്ടെന്ന് വയ്ക്കാനും എളുപ്പമാണ്. കുറേ നാളായി എന്‌റെ സമയം എനിക്ക് കിട്ടാറില്ലായിരുന്നു. ഇപ്പോള്‍ അതുണ്ട്. ചിന്തിക്കാനുള്ള സമയം തന്നെയാണ് ഏറ്റവും വിലപ്പെട്ടത്.”
ഇടയ്ക്കിടെ ഇത്തരം ലോക്ക്ഡൗണ്‍ നല്ലതാണെന്നും അത്തരം അവസ്ഥകളെ അതിജീവിക്കാന്‍ കഴിയുമെന്നുമുള്ള തിരിച്ചറിവിലേക്കെത്തിയെന്ന് നവ്യ.
“ഇതാണ് ഞാന്‍. ഇവിടെയാണ് ഞാന്‍. എത്രനാള്‍ വേണമെങ്കിലും ഈ നാട്ടിലെനിക്ക് ‘കുടുങ്ങിക്കിടക്കാം.’ എവിടെ പോയാലും തിരിച്ചെത്തുക ഇവിടേക്കു തന്നെയാകും.”
ലോക്ക്ഡൗണ്‍ എന്ന് കേള്‍ക്കുമ്പോള്‍ മാസ്‌ക് വച്ച മുഖങ്ങളും മൊബൈലില്‍ നോക്കിയിരിക്കുന്ന മനുഷ്യരുമാണ് നവ്യയുടെ മനസില്‍ ആദ്യമെത്തുന്നത്. ഈ നാളുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആദ്യം ചെയ്യാനൊരു കാര്യവും കാണാനൊരാളും എല്ലാവര്‍ക്കുമുണ്ടാകും. പക്ഷെ അത് വളരെ വ്യക്തിപരമായതിനാല്‍ പറയാന്‍ പറ്റില്ലെന്നും നവ്യ.