/indian-express-malayalam/media/media_files/uploads/2018/12/Kerala-Film-Festival-IFFK-2018-Asghar-Farhadi-Everybody-Knows-Movie-Review.jpg)
Kerala Film Festival IFFK 2018 Asghar Farhadi Everybody Knows Movie Review
ഭയത്തിനും ഓർമ്മകളിലെ മുറിവുകൾക്കും ഇടയിൽ പെൻഡുലം പോലെ ആടുന്ന ചില മനുഷ്യർ. അവർക്കു ചുറ്റും ഉരുണ്ടു കൂടിയ ദുരൂഹതകളുടെ ചുരുളുകൾ പതിയെ അഴിഞ്ഞു വീഴുന്നു. ഐഎഫ്എഫ്കെ 2018 ന്റെ ഉദ്ഘാടന രാത്രി കടന്നു പോയത് ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ 'എവരിബഡി നോസി'ന്റെ ആകാംക്ഷാഭരിതമായ കാഴ്ചകൾക്കൊപ്പമാണ്.
ഒരു സ്പാനിഷ് കുടുംബത്തിൽ നടക്കുന്ന അപ്രതീക്ഷിതമായ ഒരു കിഡ്നാപ്പിന്റെയും അതു വഴി ചുരുളഴിയുന്ന ഓർമ്മകളിലെ മുറിവുകളുടെയും കഥ പറയുകയാണ് അസ്ഗർ ഫർഹാദി തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍.
Read More: IFFK 2018: അസ്ഗാന്‍ ഫര്‍ഹാദി; രാജ്യം വിടേണ്ടി വരുന്ന സിനിമയും രാഷ്ട്രീയവും
രണ്ടു മക്കളുമൊത്തു സഹോദരിയുടെ വിവാഹത്തിന് തന്റെ ഗ്രാമത്തിലെത്തുന്ന ലോറയിൽ നിന്നുമാണ് കഥയാരംഭിക്കുന്നത്. അവിടെ 'എല്ലാവർക്കും അറിയാവുന്ന' അവളുടെ പഴയ പ്രണയവും കൂട്ടുകാരനായ പാക്കോയും അയാളുടെ കുടുംബവുമെല്ലാമുണ്ട്. സഹോദരിയുടെ കല്യാണത്തിൽ സന്തോഷപൂർവ്വം പങ്കെടുത്തു തിരിച്ചു പോരാനിരിക്കുന്ന ലോറയുടെ പ്ലാനുകൾ തെറ്റിച്ചുകൊണ്ട് ദുരൂഹ സാഹചര്യത്തിൽ കൗമാരക്കാരിയായ മകൾ ഇറേനെ കാണാതാവുന്നു. അവിടം മുതൽ സസ്പെൻസിലൂടെയാണ് ഫർഹാദി പ്രേക്ഷകരെ കൊണ്ടു പോവുന്നത്.
ആരാവും ആ കിഡ്നാപ്പിംഗിനു പിറകിൽ? എന്തായിരിക്കും അതിനു പിറകിലെ ലക്ഷ്യം? സംശയത്തിന്റെ നിഴലുകൾ തലയ്ക്കു മുകളിൽ ഇരുട്ടു പരത്തുമ്പോൾ, ചേർന്നു നിൽക്കുന്നവരെ പോലും സന്ദേഹത്തോടെ നോക്കുകയാണ് ആ കുടുംബം.
നിസ്സഹായതകളിൽ പതറിപ്പോവുന്ന മനുഷ്യർ പതം പറയുന്നതുപോലെ പറഞ്ഞു പോകുന്ന ചില രഹസ്യങ്ങൾ, മറ്റുള്ളവരിലുണ്ടാക്കുന്ന വൈകാരികമായ വിക്ഷോഭങ്ങളുടെ മനോഹരമായ ആവിഷ്കാരം കൂടിയാവുകയാണ് 'എവരിബഡി നോസ്'. മികച്ച സിനിമോട്ടോഗ്രാഫിയും പ്രധാന കഥാപാത്രങ്ങളുടെ പെർഫോമൻസുമാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നത്. ആകാശക്കാഴ്ചകളാൽ പലപ്പോഴും സിനിമയുടെ ഫ്രെയിമുകളെ അതിമനോഹരമാക്കുന്നതിനൊപ്പം, കാഴ്ചയുടെ മറ്റൊരു പെർസ്പെക്ടീവ് കൂടി സമ്മാനിക്കുന്നു. പള്ളിയുടെ ബെൽ ടവ്വറിനകത്ത് കുടുങ്ങിപ്പോവുന്ന പക്ഷിയുടെ ചിറകടികൾ പോലുള്ള മനസ്സിൽ തങ്ങിനിൽക്കുന്ന നിരവധിയേറെ കാഴ്ചകൾ ചിത്രം സമ്മാനിക്കുന്നുണ്ട്.
വിവാഹത്തിനു ശേഷം പള്ളിയിൽ നിന്നിറങ്ങി ഹർഷാരവങ്ങളോടെ ചിരികളികളുമായി തെരുവിലൂടെ നടന്നുപോവുന്ന കുടുംബത്തിന്റെ ആകാശക്കാഴ്ചകളൊക്കെ അതീവ ഹൃദ്യമാണ്. മനുഷ്യരിൽ നിന്നിറങ്ങി നടക്കുന്ന നിഴലുകൾ ഓടി അവരിലേക്കു തന്നെ തിരിച്ചുകയറി ഒറ്റയാളാവുന്ന കാഴ്ചയൊക്കെ എത്ര മനോഹരമാണ്!
Read More: ഉദ്ഘാടന ചിത്രം അസ്ഗര്‍ ഫര്‍ഹാദിയുടെ 'എവരിബഡി നോസ്'
പെനിലോപ്പി ക്രൂസ്, ഹാവിയർ ബാർദിം, റിച്ചാർഡോ ഡാൻ എന്നിവരുടെ മികച്ച പെർഫോമൻസുകൾ കാഴ്ചക്കാരിലേക്കും വേദനയുടെ നോവു പടർത്തും. വിധി വേർപ്പെടുത്തി കളയുന്ന രണ്ടു പ്രണയിതാക്കൾ. അവക്കിടയിൽ, അവരോളം തന്നെ നിസ്സഹായനായി നിൽക്കേണ്ടി വരുന്ന മറ്റൊരാൾ. മനുഷ്യരെ തളർത്തി കളയുന്ന വൈകാരികതയുടെ ചതുപ്പുകളിൽ നിൽക്കുമ്പോൾ സ്പർധകളില്ലാതെ അവർ പരസ്പരം കൈതാങ്ങാവുകയാണ്.
ഇറാനിയന്‍ സംവിധായകനായ ഫർഹാദി സ്പാനിഷിലൊരുക്കിയ ആദ്യ ചിത്രമാണ് 'എവരിബഡി നോസ്'. കാൻ ചലച്ചിത്രമേളയിലും ഉദ്ഘാടനചിത്രമായിരുന്ന 'എവരിബഡി നോസ്', ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് ഐഎഫ്എഫ്കെയിൽ നടന്നത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളും ദമ്പതികളുമായ പെനിലോപ്പി ക്രൂസ്, ഹാവിയർ ബാർദിം ഒന്നിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us