തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല ഉയരാന്‍ ഇനി വിരളിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഫെസ്റ്റിവല്ലിലെ ഉദ്ഘാടന ചിത്രമാവുക സ്പാനിഷ് സൈക്കോളജിക്കല്‍ ത്രില്ലറായ ‘എവരിബഡി നോസ് (Everybody Knows) ആയിരിക്കും. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘എവരിബഡി നോസ്.’

2018 ലെ കാന്‍ ചലച്ചിത്രമേളയിലും ഉദ്ഘാടന ചിത്രമായിരുന്നു ‘എവരിബഡി നോസ്.’ ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ആയിരിക്കും തിരുവനന്തപുരത്ത് നടക്കുക. ജോസ് ലൂയിസ് അല്‍കെയ്ന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളും ദമ്പതികളുമായ ഹാവിയര്‍ ബാര്ഡം, പെനലോപ്പ് ക്രൂസ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു അമ്മയും മക്കളും നടത്തുന്ന യാത്രയും അതിനിടെ വന്നു ചേരുന്ന അവിചാരിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ രണ്ട് വട്ടം നേടിയിട്ടുള്ള സംവിധായകനാണ് ഫര്‍ഹാദി. ഇതിനു മുമ്പും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ടവനാണ് ഫര്‍ഹാദി. 2009 ലെ ചലച്ചിത്രമേളയില്‍ അദ്ദേഹത്തിന്റെ ‘എബൗട്ട് ലില്ലി’ക്ക് ‘ഗോള്‍ഡന്‍ ക്രോ ഫെസന്റ്’ പുരസ്‌കാരവും ലഭിച്ചിരുന്നു.

2011, 2016 വര്‍ഷങ്ങളിലായി അദ്ദേഹത്തിന്റെ ‘എ സെപ്പറേഷന്‍,’  ഓസ്‌കാര്‍ നേടിയ ‘ദ സെയില്‍സ്മാന്‍’ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഡിസംബര്‍ ഏഴ് മുതലാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള ആരംഭിക്കുന്നത്. 14നായിരിക്കും മേള സമാപിക്കുക. പ്രളയം മൂലം ഫെസ്റ്റിവലില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെങ്കിലും ഇത്തവണയും മികച്ച സിനിമകള്‍ എത്തുമെന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയില്ലെന്നാണ് സംഘാടകർ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook