ഇറാനിയന്‍, കൊറിയന്‍ സിനിമകള്‍ക്ക് സ്വന്തം നാട്ടിലുള്ളതിനേക്കാള്‍ ഒരുപക്ഷേ ആരാധകരുള്ള നാടാകും കേരളം. മലയാള സിനിമ ആസ്വാദകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് അക്കിരോ കുറസോവയും മാജിദ് മജീദിയുമൊക്കെ. ആ സിനിമകളെ മലയാളിയിലേക്ക് അടുപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. ജീവിത സാഹചര്യങ്ങളിലെ സാമ്യതയടക്കം പലത്. 23മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ ആണ്. ഫര്‍ഹാദിയും മലയാളികളുടെ ഇറാനിയന്‍ സിനിമാ പ്രേമം അറിഞ്ഞയാളാണ്.
അസ്ഗര്‍ ഫര്‍ഹാദിയുടെ പ്രശസ്ത സിനിമകളായ ‘എബൗട്ട് എല്ലി’,’എ സെപ്പറേഷന്‍’,’ദ പാസ്റ്റ്’, ‘ദ സെയില്‍സ്മാന്‍’ എന്നിവ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുകയും, അവയില്‍ ചിലത് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. 2009 ല്‍ ഐഎഫ്എഫ്‌കെയില്‍ ‘എബൗട്ട് എല്ലി’ ഗോള്‍ഡന്‍ ക്രൗ ഫെസന്റ് പുരസ്‌കാരം നേടിയിരുന്നു. പിന്നീട് 2011 ല്‍ ‘എ സെപ്പറേഷനും’ 2016 ല്‍ ‘ദ സെയില്‍സ്മാനും’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ‘ദി സെയില്‍സ്മാന്‍’ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയ ചിത്രമാണ്. ലോക സിനിമാ ആസ്വാദകരുടെ മുന്നിലേക്ക് ഇന്നുള്ള സ്വീകാര്യതയിലേക്ക് എത്തും മുമ്പു തന്നെ ഫര്‍ഹാദിയെ കേരളത്തിനറിയാമെന്ന് സാരം.
ഈ വര്‍ഷം ഫര്‍ഹാദിയെത്തുന്നത് ‘എവരിബഡി നോസു’മായാണ്. ഇത്തവണത്തെ കാന്‍ ചലച്ചിത്ര മേളയിലും ഉദ്ഘാടന ചിത്രമായിരുന്നു ‘എവരിബഡി നോസ്’. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിട്ടുള്ള ‘എവരിബഡി’ നോസിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് ഐഎഫ്എഫ്‌കെയില്‍ നടക്കുന്നത്.
Read More: IFFK 2018: എല്ലാവര്‍ക്കും അറിയാവുന്ന ചിലത്
ഇത്തവണ എവരിബഡി നോസ് കാനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്റെ രാജ്യമായ ഇറാനിലെ ഭരണകൂടത്തിനെതിരെയായിരുന്നു ഫര്‍ഹാദിയുടെ പ്രതിഷേധം. ഫര്‍ഹാദിയെ പോലെ തന്നെ ലോക പ്രശസ്തനായ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയ്ക്ക് ഇറാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനും കാനില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ഫര്‍ഹാദി ആവശ്യപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിന് എതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് 2010 മുതല്‍ രാജ്യം വിടാന്‍ പനാഹിയ്ക്ക് അനുമതിയില്ല.
പനാഹിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ഫെസ്റ്റിവലില്‍ തനിക്ക് പങ്കെടുക്കാനാവുന്നു എന്നത് തന്നെ സന്തോഷിപ്പിക്കുകയല്ല വേദനിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഫര്‍ഹാദി പറഞ്ഞു. ഇറാനില്‍ നിന്നുമടക്കമുള്ള മിക്ക സംവിധായകരും സിനിമാ പ്രവര്‍ത്തകരും നേരിടുന്നതാണ് ഈ വെല്ലുവിളികള്‍. ലോക സിനിമ ഇന്ന് അഡ്രസ് ചെയ്യുന്ന ട്രാന്‍സ് നാഷണാലിറ്റിയുടെ പ്രധാന വക്താക്കളിലൊരാളാണ് അസ്ഗര്‍ ഫര്‍ഹാദി. സ്വന്തം രാജ്യത്ത് വിലക്ക് അടക്കമുള്ള കാരണങ്ങള്‍ കൊണ്ട് സിനിമ ചെയ്യാന്‍ കഴിയാതെ വരികയും അതോടെ മറ്റൊരു രാജ്യത്തിലേക്ക് ചേക്കേറി അവിടെ നിന്നും തന്റെ സിനിമാ മോഹത്തിന് പിന്നാലെ പോകുന്നതാണ് ട്രാന്‍സ് നാഷണാലിറ്റിയായി അടയാളപ്പെടുത്തുന്നത്.

ഇറാനിയായ അസ്ഗര്‍ ഇത്തവണ സിനിമ ചെയ്തിരിക്കുന്നത് സ്‌പെയിനില്‍ നിന്നാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് സിനിമ വളരുന്നതും സിനിമയിലൂടെ രാഷ്ട്രീയവും സംസ്‌കാരവും കൈമാറപ്പെടുകയും ചെയ്യുന്ന രീതിയാണത്. ഇത്തവണ ഐഎഫ്എഫ്‌കെയില്‍ ഫര്‍ഹാദിയെ പോലെ തന്നെ ട്രാന്‍സ് നാഷണാലിറ്റിയുള്ള വേറേയും സംവിധായകരുണ്ട്. അല്‍ഫോന്‍സോ കുവറോണ്‍ ഒരുക്കിയ ‘റോമ’ അത്തരത്തിലൊരു ചിത്രമാണ്.
തന്റെ സിനിമയിലൂടെയും അല്ലാതേയും ശക്തമായ രാഷ്ട്രീയം പറയുന്ന സംവിധായകനാണ് അസ്ഗര്‍ ഫര്‍ഹാദി. തന്റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും പ്രതിഫലിക്കുന്നുണ്ട്. ‘സെയില്‍സ്മാന്’ ഓസ്‌കാര്‍ ലഭിച്ചപ്പോള്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ഫര്‍ഹാദി എത്തിയിരുന്നില്ല. തന്റെ രാഷ്ട്രീയ നിലാപാടായിരുന്നു അന്ന് ഓസ്‌കാര്‍ വേദിയിലെ അസാന്നിധ്യം കൊണ്ട് ഫര്‍ഹാദി വിളിച്ചു പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മനുഷ്യത്വരഹിത നിലാപാടുകളോടായിരുന്നു ഫര്‍ഹാദിയുടെ പ്രതിഷേധം. ഇറാന്‍ അടക്കമുളള ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുളളവര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ട്രാവല്‍ ബാനിനെതിരെയായിരുന്നു അന്ന് ഫര്‍ഹാദി സംസാരിച്ചത്. ലോകത്തെ നമ്മളും നമ്മളുടെ ശത്രുക്കളുമായി ട്രംപ് വേര്‍തിരിക്കുകയാണെന്ന് ഫര്‍ഹാദി അന്ന് തുറന്നടിച്ചു.
ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ‘എവരിബഡി നോസി’ല്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളും ദമ്പതികളുമായ ഹാവിയര്‍ ബാര്ഡം, പെനലോപ്പ് ക്രൂസ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു അമ്മയും മക്കളും നടത്തുന്ന യാത്രയും അതിനിടെ മകളെ തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്ന് വന്നു ചേരുന്ന അവിചാരിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജോസ് ലൂയിസ് അല്‍കെയ്ന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.