/indian-express-malayalam/media/media_files/uploads/2018/11/olu-review-2-1.jpg)
Shane Nigam Starrer 'Olu' Movie Review: വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഓള്', ബലാത്സംഗത്തിന് ഇരയായി, കായലില്‍ ഉപേക്ഷിക്കപ്പെട്ട മായ (എസ്തര്‍ അനില്‍) എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. അവളും അവളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞും അതിശയകരമായ രീതിയില്‍ വെള്ളത്തിനടിയില്‍ തന്നെ 'സര്‍വൈവ്വ്' ചെയ്യുകയാണ്.
പൗര്‍ണമി രാത്രികളില്‍, അവള്‍ക്കു വെള്ളത്തിന് മീതെയുള്ള ലോകം കാണാന്‍ കഴിയും. അത്തരത്തില്‍ ഒരു രാത്രിയിലാണ്, വള്ളത്തില്‍ തുഴഞ്ഞു പോകുന്ന വാസു (ഷെയിന്‍ നിഗം) എന്ന ചിത്രകാരനെ അവള്‍ കാണുന്നത്. ചിത്രകാരനെന്ന നിലയില്‍ തീര്‍ത്തും വിരസമായ ജീവിതം ജീവിക്കുന്ന അയാള്‍ വ്യത്യസ്ഥവും മഹത്തരവുമായി എന്തെങ്കിലും ചെയ്യണം എന്നും ആഗ്രഹിക്കുന്നു. മായയും വാസുവും തമ്മില്‍ ഉടലെടുക്കുന്ന പ്രണയവും അത് വാസുവിന്റെ ചിത്രരചനയിലും ജീവിതത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രം പ്രതിപാദിക്കുന്നത്.
Read Here: ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടു വന്ന 'ഓള്':ഷെയ്ൻ നിഗം
Olu movie review: A compelling tale
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്ന കഥയില്‍ പുരാതനമായ വിശ്വാസങ്ങളും, മതവും, ആചാരങ്ങളും, പുരാണങ്ങളും എല്ലാം ഇടകലര്‍ന്ന് കിടക്കുന്നു. കേന്ദ്ര കഥാപാത്രത്തിന് ദേവതാ സമാനമായ ഒരു പരിവേഷം സങ്കല്‍പ്പിച്ച് നല്‍കുന്നതിലൂടെ, അവളുടെ വിധിയെത്തന്നെ മാറ്റിയെഴുതുകയാണ് സിനിമ. ബലാത്സംഗം ചെയ്തവര്‍ അവള്‍ക്കു കരുതി വച്ചതില്‍ നിന്നും തീര്‍ത്തും വിഭിന്നമായ ജീവിതാവസ്ഥയില്‍ അവളെ കൊണ്ടെത്തിച്ച്, അവളെ 'എംപവര്‍' ചെയ്യുന്നുമുണ്ട് സിനിമ.
ചിത്രകാരന്റെ ഭാവനയിലും നായികയുടെ ദേവതാ സങ്കല്‍പ്പത്തിലുമൊക്കെ അടിസ്ഥാന മൂലകമായി, ഉണ്മയായി നിറഞ്ഞു നില്‍ക്കുന്നുണ്ട് പ്രകൃതിയുടെ ജീവനും സൗന്ദര്യവും. ജലത്തിനകത്തുള്ള അവളുടെ ഭ്രമാത്മകമായ ജീവിതവും, അതിനു പുറത്തെ കേരളത്തിലെ ദൃശ്യഭംഗിയാര്‍ന്ന കായലോര ജീവിതവുമെല്ലാം മനോഹരമായി 'ഡീറ്റയില്‍' ചെയ്യപ്പെട്ടിട്ടുണ്ട് ചിത്രത്തില്‍. ഇതേ സൗന്ദര്യാത്മകതയിലും ഫാന്റസിയിലും കുടുങ്ങി ചിത്രം വാസുവിന്റെയും മായയുടെയും കഥയില്‍ നിന്നും വഴുതിപ്പോകുകയും ചെയ്യുന്നുണ്ട് ചിത്രം പലപ്പോഴും.
Shaji N Karun Directorial 'Olu' Movie Review: ഷാജി എന്‍ കരുണിന്റെ പൂര്‍വ്വകാല ചിത്രങ്ങളില്‍ നിന്നും വേറിട്ട് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ധാരാളമായി ഉപയോഗിച്ചിട്ടുള്ള ചിത്രമാണ് 'ഓള്'. ദൃശ്യാവിഷ്ക്കാരത്തിന് ഏറെ പ്രധാന്യമുള്ള കഥയില്‍, ജലത്തിനുള്ളിലെ കാഴ്ചകള്‍ പ്രത്യേകിച്ചും, കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായമില്ലാതെ ഇത്രയും മികവോടെ വരച്ചു കാട്ടാന്‍ കഴിയില്ല എന്നിരിക്കെത്തന്നെയും, പകര്‍ത്തപെട്ട ദൃശ്യങ്ങളെയും ടെക്നോളജിയെയും മനോഹരമായി ബ്ലെന്ഡ് ചെയ്യുന്നതില്‍ ഷാജി എന്‍ കരുണ്‍ എന്ന കലാകാരനും എം ജെ രാധാകൃഷ്ണന്‍ എന്ന ഛായാഗ്രാഹകനും വിജയിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ മുന്‍കാല ചിത്രങ്ങളില്‍ ഒന്നായ 'വാനപ്രസ്ഥ'ത്തിന്റെ നിര്‍മ്മാതാവായിരുന്ന പിയര്‍ അസ്സോലിന്‍ ഒരിക്കല്‍ കൂടി ഷാജിയുമായി കൈകോര്‍ത്ത ചിത്രവും കൂടിയാണ് 'ഓള്'.
ശ്രദ്ധേയമായ ഒരാശയമാണ് 'ഓള്' മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ആ ആശയം അഭ്രപാളികളിലേക്ക് എത്തുമ്പോള്‍ ചിലയിടങ്ങളില്‍ പാളുന്നുമുണ്ട്. എങ്കിലും ചിത്രത്തിന്റെ 'ആർറ്റിസ്ട്രി' എടുത്തു പറയേണ്ടത് തന്നെ. 'ഓളി'ലെ ഒരു സംഭാഷണത്തില്‍ പറയുന്നത് പോലെ, 'കഥയില്‍ സത്യമന്വേഷിക്കാന്‍ പോകരുത്. വിശ്വസിക്കുക, അത്ര തന്നെ'.
ഓളിന്റെ തിരക്കഥ ടി ഡി രാമകൃഷ്ണന്‍, സംഗീതം ഐസക് തോമസ് കൊട്ടുകപ്പള്ളി, കലാസംവിധാനം ബോബന്‍, ഗാനങ്ങള്‍ ശ്രീവത്സന്‍ ജെ മേനോന്‍, വരികള്‍ മനോജ് കുറൂര്‍, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ഗോവയില്‍ നടക്കുന്ന ഇന്ത്യാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമകാലിക ഇന്ത്യന്‍ സിനിമാ വിഭാഗമായ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായിരുന്ന 'ഓള്' കൊല്‍കൊത്ത ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
Read More: ഷെയ്ൻ നിശബ്ദനായി നിന്നാൽ പോലും ആ മുഖം കമ്മ്യൂണിക്കേറ്റ് ചെയ്യും: ഷാജി എൻ കരുൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.