ഒരേ സ്വപ്നത്തിലേക്ക് ഒരുപാട് പേർ ഒന്നിച്ചുനടക്കുമ്പോഴാണ് ഓരോ സിനിമയും യാഥാർത്ഥ്യമാക്കുന്നത്. ‘ഓള്’ എന്ന സ്വപ്നത്തിലേക്കുള്ള ഷാജി എൻ കരുണിന്റെ യാത്രയിലും സമാനചിന്തകളോടെ കൂടെ നടന്ന കുറച്ചുപേർ ഉണ്ടായിരുന്നു. എന്നാൽ രാജ്യാന്തര തലത്തിൽ നിരവധി ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയതിനു ശേഷം ‘ഓള്’ കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ, കൂടെ നടന്നൊരാൾ ഇപ്പോൾ ഷാജി എൻ കരുണിനൊപ്പമില്ല- ഷാജി എൻ കരുൺ തന്നെ കണ്ടെത്തിയ, കൈപ്പിടിച്ചു ഉയർത്തിയ പ്രതിഭാശാലിയായ ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ.
Read Here: IFFI 2018, Olu Movie Review: ഭാവന കൊണ്ട് അഭ്രവിസ്മയം തീര്ക്കുന്ന ഓള്
‘ഓള്’ എന്ന സിനിമയുടെ അഭിമുഖത്തിനായി വിളിക്കുമ്പോൾ ഷാജി കരുൺ ആദ്യം സംസാരിച്ചു തുടങ്ങിയതും എം ജെ രാധാകൃഷ്ണനെ കുറിച്ചാണ്.
“രാധാകൃഷ്ണനെ എനിക്ക് പരിചയപ്പെടുത്തുന്നത് രാജീവ് അഞ്ചൽ ആണ്. ‘പഞ്ചവടി പാല’ത്തിൽ സിനിമോട്ടോഗ്രാഫറായി ഞാൻ ജോലി ചെയ്യുമ്പോൾ അവിടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി വന്നതായിരുന്നു രാധാകൃഷ്ണൻ. രാജീവ് ആയിരുന്നു ആ ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. അവർ ഒരേ നാട്ടുകാരായിരുന്നു. പിന്നീട് ഞാൻ ‘പിറവി’ ചെയ്യുന്പോഴും ചിത്രത്തിന്റെ ഫോട്ടോ എടുത്തതെല്ലാം രാധാകൃഷ്ണൻ ആയിരുന്നു. ‘സ്വം’ സംവിധാനം ചെയ്തപ്പോൾ അതിൽ ഹരി നാരായണൻ ആയിരുന്നു സിനിമോട്ടോഗ്രാഫർ. ഹരി നാരായണന്റെ അസിസ്റ്റന്റായി രാധാകൃഷ്ണനും ചിത്രത്തിൽ പ്രവർത്തിച്ചു,”എം ജെ രാധാകൃഷ്ണനുമായി ഉണ്ടായിരുന്ന മൂന്നര പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദത്തെ കുറിച്ച് ഷാജി എൻ കരുൺ പറയുന്നു.
“എൻ എഫ് ഡി സി (NFDC- National Film Development Corporation of India) യ്ക്ക് സിപി പത്മകുമാർ ചെയ്യുന്ന ഒരു പ്രൊജക്റ്റിന്റെ ഛായാഗ്രഹണം ഞാൻ ചെയ്യാം എന്നു ഏറ്റിരുന്നു. എന്നാൽ ആ സമയമായപ്പോൾ ചില അപ്രതീക്ഷിത തിരക്കുകൾ കാരണം എനിക്കത് ചെയ്യാൻ പറ്റാതെ വന്നു. അന്ന് ഞാൻ പകരം നിർദ്ദേശിച്ചത് രാധാകൃഷ്ണനെ ആയിരുന്നു. രാധാകൃഷ്ണൻ സ്വതന്ത്രമായി സിനിമോട്ടോഗ്രാഫി ചെയ്ത ആദ്യ പ്രൊജക്റ്റ് അതായിരുന്നു.”
“രാധാകൃഷ്ണന്റെ കമ്പോസിഷനാണ് എടുത്തു പറയേണ്ടൊരു കാര്യം. ഓരോ ഫ്രെയിമും തീരുമാനിക്കുന്നതിൽ ഒരു കൗതുകമുണ്ട് ആൾക്ക്, അത് സ്റ്റിൽ ഫോട്ടോഗ്രാഫി ആണെങ്കിൽ പോലും. ആ കഴിവ് ആവും അയാളിലെ ഛായാഗ്രഹകന്റെ മികവായി മാറിയത്. ‘ഓളി’ന്റെ ഛായാഗ്രഹണത്തെ കുറിച്ചു പറയുകയാണെങ്കിൽ, അതൊരു സങ്കീർണ്ണമായ സിനിമയാണ്. ഫാന്റസിയും റിയാലിറ്റിയും ഇട കലരുന്ന ഒന്ന്. പെയിന്റിങ് പോലുള്ള ഫ്രെയിമുകൾ. ‘ഓളി’ന്റെ പ്രമേയം ആവശ്യപ്പെടുന്ന ഒരു അലൗകികത (Spiritualism) ഉണ്ട്. അതും കൂടെ ചിത്രത്തിന്റെ ദൃശ്യഭാഷയിൽ വരേണ്ടതുണ്ടായിരുന്നു. വെളിച്ചം എന്ന ആശയത്തെ അവലംബിച്ചാണ് ഈ ചിത്രത്തിന്റെ ഫോട്ടോഗ്രാഫിയെന്നു പറയാം.”
“ഫോട്ടോഗ്രാഫി, കാഴ്ചകൾ വെറുതെ ഒപ്പിയെടുക്കുന്നതു മാത്രമല്ല. ഫോട്ടോഗ്രാഫി മനുഷ്യന്റെ കണ്ണുപോലെയാണ്, അതിന് കാഴ്ചകളെ അനുഭവവേദ്യമാക്കുന്ന രീതിയിലേക്ക് പകർത്താൻ കഴിയണം. ‘ഓളി’നെ സംബന്ധിച്ച് പറഞ്ഞാൽ രാധാകൃഷ്ണന് അതിനു കഴിഞ്ഞിട്ടുണ്ട്.”
താങ്കളുടെ പതിവു ചിത്രങ്ങളേക്കാൾ വിഷ്വൽ എഫക്റ്റ്സിനു (VFX) കൂടുതൽ പ്രാധാന്യമുണ്ടല്ലോ ‘ഓളി’ൽ?
അതെ. ‘ഓളി’ൽ ഫോട്ടാഗ്രാഫിയ്ക്കൊപ്പം തന്നെ കുറേ ഭാഗങ്ങളിൽ വി എഫ് എക്സും ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് പറയാനുള്ള വിഷയത്തിന് സപ്പോർട്ട് നൽകുന്ന ടൂൾസ് എന്ന രീതിയിലാണ് വിഷ്വൽ എഫക്റ്റ്സ് ഉപയോഗിച്ചത്. ചിലപ്പോഴൊക്കെ സിനിമ അത്തരം ടൂൾസ് ആവശ്യപ്പെടുന്നുണ്ട്. ഓരോ സിനിമയ്ക്കും അത്തരം ടൂളുകൾ വേണമോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനം. ആവശ്യമില്ലെങ്കിൽ ഉപയോഗിക്കാൻ പാടില്ല.
‘ഓള്’ കുറച്ചേറെ ഫാന്റസി കലർന്ന ഒരു വിഷയമല്ലേ പറയുന്നത്. എന്താണ് ഇത്തരമൊരു വേറിട്ട സമീപനം?
ഓരോ മനുഷ്യന്റെ ഉള്ളിലും ഫാന്റസിയുണ്ട്. ടി ഡി രാമകൃഷ്ണന്റെ തിരക്കഥയാണ് ‘ഓള്’. രാമകൃഷ്ണന്റെ എഴുത്തുകളിലും നല്ലൊരളവിൽ ഫാന്റസിയുടേതായൊരു പരിസരമുണ്ട്.
പൊതുവിൽ യൂറോപ്യൻ സിനിമകൾക്ക് ഒക്കെ ഒരു ഗ്രാമറുണ്ട്. നമ്മുടെ സിനിമകളിൽ നമ്മളത് മറക്കുകയാണ് പലപ്പോഴും. വളരെ പെട്ടെന്ന് ആളുകളിലേക്ക് എത്തുന്ന കാര്യങ്ങളാണ് നമ്മുടെ ചിത്രങ്ങൾ പലപ്പോഴും അടിസ്ഥാനമാക്കുന്നത്. ഉദാഹരണത്തിന്, വയലൻസ്. അത് ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാവുന്ന ഒന്നാണ്. മറ്റൊന്ന് ഹാസ്യമാണ്. പണ്ട് കുഞ്ചൻ നമ്പ്യാരുടെയൊക്കെ ഹാസ്യം കുറച്ചു കൂടി ഉയർന്ന ബുദ്ധി (higher intelligence) ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു, ഇപ്പോൾ അതില്ല. ഇപ്പോഴത്തെ ഹാസ്യസിനിമകളിലെ കഥാപാത്രങ്ങൾ നമ്മളേക്കാൾ ബുദ്ധി കുറഞ്ഞ ആളുകളായിരിക്കും.
ഹാസ്യം, വയലൻസ് അതിനെയൊക്കെ അഡ്രസ്സ് ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോൾ കൂടുതലും കൊട്ടിഘോഷിക്കപ്പെടുന്നത്. ‘ഓള്’ മനുഷ്യർക്കിടയിലെ ഫാന്റസി, സ്വപ്നങ്ങൾ അതിനെയൊക്കെ അഡ്രസ്സ് ചെയ്യുന്ന സിനിമയാണ്. മനുഷ്യന്റെ ഉപബോധ മനസ്സിനെ സംബോധന ചെയ്യുന്ന ചിത്രങ്ങളും നമുക്ക് ആവശ്യമാണ്. വിദേശത്തെ ചില ചലച്ചിത്രമേളകളിൽ ‘ഓള്’ ഉദ്ഘാടന ചിത്രമായിരുന്നു. മേളകളിൽ പലതിലും ‘ഹയർ ഇന്റലിജൻസി’നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരെ കിട്ടി ഈ സിനിമയ്ക്ക് എന്നതാണ് ഒരു സന്തോഷം.
ഫാന്റസി, സ്വപ്നങ്ങൾ ഇവയൊക്കെ സാര്വ്വലൗകികമായി ആളുകൾക്ക് മനസ്സിലാവുന്ന വിഷയങ്ങളാണ്. പിന്നെ ജലം, ബുദ്ധിസം, ചന്ദ്രൻ പോലുള്ള മോട്ടീഫുകളും ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്, അതും യൂണിവേഴ്സൽ ആയി മനസ്സിലാവുന്ന ബിംബങ്ങളാണ്. ‘പ്ലാറ്റോണിക് ലവി’നെ കുറിച്ചും ‘ഓള്’ സംസാരിക്കുന്നുണ്ട്.
വിഷ്വൽ മീഡിയയുടെ പുതിയ സാധ്യതകൾ കണ്ടെത്തുക, കാഴ്ചാനുഭവം ഒരുക്കി അതുപയോഗിച്ച് പുതിയ വൊക്കാബലറി, സിനിമയ്ക്ക് പുതിയൊരു ഗ്രാമർ ഒക്കെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സിനിമയെന്ന കലാരൂപം വലുതാകാനുള്ള സംഭാവനകളും ഫിലിംമേക്കറുടെ ഭാഗത്തു നിന്നുണ്ടാവണം. ആളുകൾ ഇതെങ്ങനെ ഏറ്റെടുക്കും എന്നറിയില്ല. എന്നാലും ഒരു ഫിലിം മേക്കറെന്ന രീതിയിൽ ഞാനത് ചെയ്യേണ്ടതാണെന്ന് തോന്നി, ആർക്കെങ്കിലും അടുത്തൊരു സ്റ്റെപ്പ് എടുക്കാൻ, പുതിയ തുടക്കങ്ങൾക്ക് അത് ധൈര്യം പകർന്നാലോ?
എന്തുകൊണ്ട് ഷെയ്ൻ നിഗം?
ഞാൻ ‘ഓളി’ന് വേണ്ടി ഒരു മുഖം അന്വേഷിക്കുമ്പോൾ ഷെയ്ൻ നായകനായി വന്നിട്ട് രണ്ടു വർഷങ്ങൾ ആവുന്നേ ഉണ്ടാവുകയുള്ളൂ. ഷെയ്നിന് ഒരു പ്രത്യേക പ്രസൻസ് ഉണ്ട്, ആർദ്രതയും ആത്മീയതയുമുണ്ട്. ജന്മനാ അവനിൽ ഉള്ളതാണത്. അങ്ങനെയൊരു അഭിനേതാവിന് ഇത്തരം കഥാപാത്രത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഷെയ്ൻ നിശബ്ദനായി നിന്നാൽ പോലും ആ മുഖവും ഭാവങ്ങളും നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്യും. ഷെയ്നും ഈ കഥാപാത്രത്തിനും നമ്മൾ ‘ഹാലോ’ (പ്രകാശവലയം) എന്നൊക്കെ പറയുന്ന ഒന്നുണ്ട്. നമുക്ക് ലൗഡ്നെസ്സ്(ബഹളം) ആവിഷ്കരിക്കാൻ എളുപ്പമാണ്. എന്നാൽ ഈ പറഞ്ഞ സട്ടിലിറ്റി (subtlety) കൊണ്ടുവരിക എളുപ്പമല്ല. അതാണ് ഷെയ്നിന്റെ പ്ലസ്. ഷെയ്നിനെ തിരഞ്ഞെടുക്കാനുള്ള കാരണവുമതാണ്. വലിയ പ്രതിഫലം ഒന്നും ഓഫർ ചെയ്യാനില്ലാത്ത ചിത്രമായിരുന്നു ഇത്, എന്നിരുന്നാലും സഹകരണത്തോടെ ആദ്യം മുതൽ അവസാനം വരെ ഷെയ്ൻ പിന്തുണ തന്നു.
മായ എന്ന കഥാപാത്രത്തിലേക്ക് എസ്തറിനെ കണ്ടെത്തുന്നതും അതുപോലൊരു തെരെഞ്ഞെടുപ്പായിരുന്നോ?
മുന്നിൽ ഒരാളെ കാണാതെ അയാളോട് പ്രണയം പ്രകടിപ്പിക്കുക, സംസാരിക്കുക, ആ ഭാവങ്ങൾ വരുത്തുക അതൊന്നും ഈസിയല്ല. ഒപ്പം 14 വയസ്സുള്ള ഒരു പെൺകുട്ടി കടന്നുപോവുന്ന ജീവിതാനുഭവങ്ങളും ഗർഭിണിയാവുമ്പോഴുള്ള മാനസിക വിഹാരങ്ങളുമെല്ലാം അഭിനയിച്ചു ഫലിപ്പിക്കുകയും വേണം. അതിന് അങ്ങേയറ്റം ഇന്റലിജന്റ് ആയൊരു അഭിനേത്രിയ്ക്കേ കഴിയൂ. ഒപ്പം ‘ഓളി’ലെ മായ എന്ന കഥാപാത്രം ആവശ്യപ്പെടുന്ന ഒരു നിഷ്കളങ്കതയുണ്ട്, അതും എസ്തറിനുണ്ടായിരുന്നു.
Read more: ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടു വന്ന ‘ഓള്’: ഷെയ്ൻ നിഗം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook